ഏക സിവില്‍കോഡിനായി രാജ്യസഭയില്‍ ബിജെപി എം.പി. ഡോ.കിറോഡിലാല്‍ മീണ കൊണ്ടുവന്ന സ്വകാര്യബില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയ്ക്ക് ഏകീകൃതമായ ഒരു നിയമം ബാധകമാക്കുക എന്നതാണ് ഏകീകൃത സിവില്‍കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന ഏക സിവില്‍നിയമം രാജ്യത്ത് ഇതുവരെയും നടപ്പില്‍ വരുത്താന്‍ കഴിയാതെ പോയത് രാഷ്ട്രീയ പാര്‍ട്ടികളുടെ മതപ്രീണന നയങ്ങള്‍കൊണ്ടാണ്. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഒരു ഏകീകൃത സിവില്‍കോഡ് ഇല്ലാത്തത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടുമുള്ള വഞ്ചനയാണ്. ഒരു പൊതുസിവില്‍നിയമത്തിന്റെ ആവശ്യകത പല സന്ദര്‍ഭങ്ങളിലും സുപ്രീംകോടതി ഉള്‍പ്പെടെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ പറയുന്ന അനുഛേദം 44 നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഷാബാനോ കേസിനോടനുബന്ധിച്ച് ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഢാണ് ആദ്യമായി നമ്മെ ഓര്‍മ്മിപ്പിച്ചത്. ഈ കേസിന്റെ വിചാരണയ്ക്കിടയില്‍ ശക്തമായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. തുടര്‍ന്നുവന്ന പല കേസുകളിലും കോടതി ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു. അവസാനമായി ദുബായില്‍ നിന്ന് ഭര്‍ത്താവ് ഫോണ്‍വഴി തലാക്ക് ചൊല്ലിയ ഇസ്രത്ത് ജഹാന്റെ വിവാഹമേചന കേസിലാണ് ഏക സിവില്‍കോഡിന്റെ ആവശ്യകത കോടതി എടുത്തുപറഞ്ഞത്. തുടര്‍ന്നാണ് സര്‍ക്കാരിനു കോടതി നോട്ടീസ് അയച്ചതും, പുതിയ നിയമം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചതും.
ഇന്ത്യയിലെ എല്ലാ മതവിശ്വാസികള്‍ക്കും ഒരുപോലെ ബാധകമായ ഒരു നിയമം രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും നിലനില്‍പ്പിനും പുരോഗതിയ്ക്കും അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പിന്‍താങ്ങുന്നതിനു പകരം മതപ്രീണനം മുന്നില്‍ കണ്ടുകൊണ്ട് ഈ നിയമം കൊണ്ടുവരുന്നതിനെതിരെ ചില മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്ത് വരികയാണ്. എല്ലാ വിഭാഗക്കാരെയും പ്രീണിപ്പിച്ചും സമ്മതിപ്പിച്ചും ഒരു സാമൂഹ്യ പരിഷ്‌കരണവും ഇന്നുവരെ ലോകത്തൊരിടത്തും സാധ്യമായിട്ടില്ല. ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടോ സാമൂഹ്യ സമ്മര്‍ദ്ദംകൊണ്ടോ മാത്രമേ, എവിടെയും പരിഷ്‌ക്കാരങ്ങള്‍ നടപ്പിലായിട്ടുള്ളൂ. അപ്പോഴെല്ലാം നിലനിന്നിരുന്ന അപരിഷ്‌കൃതാവസ്ഥയുടെ സുഖം അനുഭവിച്ചു കൊണ്ടിരുന്നവര്‍ പല്ലും നഖവും ഉപയോഗിച്ച് അതി നെ എതിര്‍ത്തിട്ടുണ്ട്. രാജ്യത്ത് ഹിന്ദുനിയമം പരിഷ്‌ക്കരിച്ചപ്പോഴും ആ മതത്തിലെ യാഥാസ്ഥിതികര്‍ പ്രതിഷേധിക്കുകയും വിമര്‍ശനമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഏകീകൃത സിവില്‍കോഡിനായി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും സ്വകാര്യബില്ലിനു അവതരണാനുമതി ചോദിച്ചിരുന്നു.
ഷാബാനോ കേസിന്റെ വിധി വന്നപ്പോള്‍ ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് സി.പി.എം രംഗത്ത് വന്നിരുന്നു. അവര്‍ ഏകീകൃത സിവില്‍കോഡിന്റെ പ്രാധാന്യത്തെ അന്ന് ഊന്നിപ്പറഞ്ഞതുമാണ്. ഈ വിഷയത്തിലുള്ള ഇ.എം.എസിന്റെ അഭിപ്രായത്തിനെതിരെ അന്ന് മുസ്ലീം യാഥാസ്ഥിതികര്‍ ”രണ്ടു കെട്ടും നാലു കെട്ടും ഇ.എം.എസിന്റെ മോളെയും കെട്ടും” എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ മുസ്ലീം മതമൗലികവാദികളെ പിന്തുണച്ച് മുസ്ലീം വോട്ട് നേടാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസും സി.പി.എമ്മും.
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ഉറപ്പിക്കുന്നതിനും, മതവിശ്വാസങ്ങളെയും നിയമങ്ങളെയും സംയോജിപ്പിക്കുന്നതിനും വര്‍ഗ്ഗീയതയെയും തീവ്രവാദത്തെയും ഇല്ലാതാക്കുന്നതിനും പ്രയോജനപ്പെടുന്ന ഏകീകൃത സിവില്‍ നിയമത്തെ സി.പി.എം പിന്‍താങ്ങുകയാണ് വേണ്ടിയിരുന്നത്. തുല്യനീതിയും ലിംഗസമത്വവും ഉറപ്പു നല്‍കുന്ന ഒരു നിയമത്തെ എതിര്‍ക്കുന്നവര്‍ മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഏകീകൃത സിവില്‍ കോഡുകൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തിന്റെ ഏകീകൃത സിവില്‍ ഐക്യമാണ്. ഇന്ത്യയ്ക്കാകമാനം ബാധകമായൊരു ഏകീകൃത സിവില്‍കോഡ് രൂപീകരിക്കുമ്പോള്‍ അതൊരു മതേതര സിവില്‍ കോഡായിരിക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം ഏകീകൃത നിയമത്തെതന്നെ എതിര്‍ത്ത് ന്യൂനപക്ഷങ്ങളെ ഇളക്കിവിട്ട് തങ്ങളോടു അടുപ്പിക്കാനുള്ള കുടിലതന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. ബി.ജെ.പി. നിയമം കൊണ്ടുവരുന്നതുകൊണ്ടു മാത്രം ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കുന്ന ബില്ലിനെ എതിര്‍ക്കേണ്ടതുണ്ടോ? പുരുഷന്മാര്‍ക്ക് ഒറ്റയടിക്ക് മൂന്നുതവണ തലാഖ് പറഞ്ഞ് വിവാഹമോചനം നടത്തുന്ന ക്രൂരമായ സമ്പ്രദായം അവസാനിപ്പിച്ച,് മുസ്ലീം സ്ത്രീകള്‍ക്ക് സുരക്ഷയും, നീതിയും ഉയര്‍ച്ചയും പ്രദാനം ചെയ്യുന്ന മുത്തലാഖ് നിരോധിച്ച നിയമത്തിനെതിരെ മുസ്ലീം യാഥാസ്ഥിതിക്കാരെ പ്രീണിപ്പിക്കാനായി സി.പി.എം ഇപ്പോഴും മുത്തലാഖ് നിരോധനം അപരാധമാണെന്ന് പ്രസംഗവേദികളില്‍ ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കുന്നു, ഇത് വര്‍ഗ്ഗീയവത്ക്കരിക്കേണ്ട വിഷയമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ യോജിപ്പിന്റെയോ വിയോജിപ്പിന്റെയോ വിഷയമല്ല; ഇത് രാജ്യത്തിന്റെ ദേശീയ ഏകതയുടെയും സമത്വ ത്തിന്റെയും കാര്യമാണ്.
1980-ല്‍ അലഹബാദ് കോടതിയില്‍ സി.ആര്‍.പി.സി 125 പ്രകാരം നല്‍കിയ കേസില്‍ ഷാബാനു ബീഗത്തിനു 225 രൂപ ചിലവിനു വിധിച്ചു. ഡല്‍ഹി ജുമ മസ്ജിദിലെ ഇമാം ഈ വിധി ഞങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. അതോടെ മുസ്ലീം മതമൗലികവാദികള്‍ ഇന്ത്യ ഒട്ടുക്കും ഇളകി മറിഞ്ഞു. തുടര്‍ന്ന് ഇവരെ തൃപ്തിപ്പെടുത്താനായി 1986-ല്‍ ഭരണകക്ഷിയായ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മുസ്ലീം വനിത ജീവനാംശബില്‍ പാസാക്കി കൊടുത്ത് ഇസ്ലാംമത തീവ്രവാദികളെ സന്തോഷിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ മുസ്ലീം വര്‍ഗ്ഗീയതയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞതായി അന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു. ഇനിയും ഏകീകൃത സിവില്‍ നിയമം ഇല്ലാതെ രാജ്യത്തിന് എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാനാകും? എല്ലാ പൗരന്മാര്‍ക്കും ജാതി, മത, വര്‍ഗ്ഗ, പ്രാദേശിക ഭേദമില്ലാതെ ഒരു നിയമം ഉണ്ടാകേണ്ടത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ആവശ്യമാണ്. ഏകീകൃത വ്യക്തി നിയമം സെക്ക്യുലറിസത്തിനെതിരാണെന്ന് ചിലര്‍ വാദിക്കുന്നു. സെക്ക്യുലറിസമെന്ന കാഴ്ചപ്പാട് എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നതാണ്. ഏകീകൃത സിവില്‍കോഡിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. ഏകീകൃത സിവില്‍ കോഡ് മതത്തെയും മതവിശ്വാസത്തെയും മാറ്റി നിര്‍ത്തുന്നതാണ്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ് മുതലായ രാജ്യങ്ങള്‍ മതേതരമാണ്. അവിടെയെല്ലാം ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ട്. ഈ രാജ്യങ്ങളില്‍ മതപരമായ ചിഹ്നങ്ങളും ആചാരങ്ങളും പൊതുവേദിയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഹിജാബ് പോലുള്ള യാതൊരു മതവേഷങ്ങളും അനുവദനീയമല്ല. എന്നിട്ട് അവിടത്തെ മുസ്ലീങ്ങളുടെ ജീവിതം അപകടത്തിലായോ? എന്തായാലും ഈ രാജ്യങ്ങളിലെ പോലെ ഇത്രത്തോളം കടുത്ത ചട്ടങ്ങള്‍ ഇന്ത്യന്‍ സിവില്‍ കോഡില്‍ കാണാനിടയില്ല. ഒരു ബഹുസ്വര സമൂഹത്തിലെ സിവില്‍ നിയമങ്ങള്‍ മതനിയമം ആയിരിക്കുന്നതാണോ ഏകതാനമായ മതേതര വ്യക്തിനിയമം ആയിരിക്കുന്നതാണോ ഒരു രാജ്യത്തിന്റെ ഭദ്രതയ്ക്കാവശ്യം?
ഏകീകൃത സിവില്‍ നിയമസംഹിത നടപ്പിലാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് ഭാരത ഭരണഘടനതന്നെയാണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനുമായി നടപ്പാക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നിര്‍ദ്ദേശകതത്വങ്ങളായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ്. ഭാവിയില്‍ ഭരണകൂടങ്ങള്‍ നടത്തേണ്ട ഒരു ഉത്തരവാദിത്തമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭരണഘടനാ നിര്‍മ്മാണസഭ എകീകൃത വ്യക്തിനിയമം ഉള്‍പ്പെടുത്തിയിരുന്നു. അന്നുതന്നെ നിര്‍ദ്ദേശക തത്വങ്ങളില്‍പ്പെടുത്താതെ മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഭരണഘടന നിര്‍മ്മാണ സഭാംഗമായിരുന്ന സയിദ് കമുറുദ്ദീന്‍ വാദിച്ചിരുന്നു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഈ അഭിപ്രായമുള്ള പലരും ഉണ്ടായിരുന്നു. പാകിസ്ഥാനില്‍ പോകാതെ ഇവിടെ ജീവിക്കാന്‍ തീരുമാനിച്ച മുസ്ലീങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താനും കാലക്രമേണ ഒരു മതേതര വ്യക്തിനിയമത്തില്‍ ജീവിക്കാന്‍ ഇവര്‍ പ്രാപ്തരാകുമെന്നുള്ള നെഹ്‌റുവിന്റെ അഭിപ്രായം മാനിച്ചാണ് നിര്‍ദ്ദേശക തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം ആര്‍ട്ടിക്കിള്‍ 44-ല്‍ ഉള്‍പ്പെടുത്തിയത്.
മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോഴും ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഏല്പിച്ച ചുമതല നടപ്പിലാക്കാനാവാതെ ഭരണകൂടങ്ങള്‍ നിസ്സഹായരായി കാലം കഴിക്കുകയാണ് ചെയ്തത്. ബി.ജെ.പി. അവരുടെ പ്രകടനപത്രികകളില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ലോക്‌സഭയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം കിട്ടിയത്. അതുകൊണ്ട് ഈ നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ബി.ജെ.പിക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. മുത്തലാഖ് ഭരണഘടനയുടെ 14-ാംഅനുച്ഛേദത്തിനു, എതിരാണെന്ന് വിലയിരുത്തിക്കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് മുത്തലാഖ് നിരോധിച്ചുകൊണ്ട,് നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ആ നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പിലാക്കി. അതുപോലെ രാജ്യമാകെ ഒരു ഏകീകൃത സിവില്‍ നിയമം കൊണ്ടു വരണമെന്നുള്ള കോടതിയുടെ നിര്‍ദ്ദേശവും സര്‍ക്കാര്‍ നടപ്പിലാക്കും.
എല്ലാ മതങ്ങള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഏകവ്യക്തി നിയമം നിഷേധിക്കുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട് ദൈവം, പ്രാര്‍ത്ഥന, മതവിശ്വാസം, എന്നിവയ്ക്ക് ഏകീകൃത സിവില്‍ കോഡുമായി യാതൊരു ബന്ധവുമില്ല. ഏകീകൃത സിവില്‍കോഡ് വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിപരവും സാമൂഹ്യവുമായ വിഷയങ്ങളെ സംബന്ധിക്കുന്നതാണ്. ഈ നിയമം ഭൗതിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇവ ഏകീകരിക്കുമ്പോള്‍ അത് മതവിശ്വാസത്തെ ബാധിക്കുന്നില്ല. മതാചാര പ്രകാരം വിവാഹം നടന്നാലും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, പ്രായപൂര്‍ത്തിയായവര്‍ തമ്മിലേ വിവാഹം അനുവദിക്കൂവെന്നും ഉഭയസമ്മത പ്രകാരമില്ലാതെ വിവാഹമോചനം അനുവദിക്കില്ലെന്നും സിവില്‍കോഡില്‍ പറഞ്ഞാല്‍ അത് ദൈവവിശ്വാസത്തെയോ, മതവിശ്വാസത്തെയോ എങ്ങനെയാണ് ബാധിക്കുക? ഇതിനെ മതവിശ്വാസവുമായി ബന്ധപ്പെടുത്തുന്നതിന്റെ പിന്നില്‍ നിഗൂഢ താല്പര്യങ്ങളുണ്ട്. വ്യക്തി നിയമങ്ങളെയും മതവിശ്വാസങ്ങളെയും തമ്മില്‍ പൊരുത്തപ്പെടുത്തുന്ന ദുഷിച്ച പ്രവണത ഉണ്ടാകുന്നത് മതവിശ്വാസികളില്‍ നിന്നല്ല. മറിച്ച് കടുത്ത യാഥാസ്ഥിതിക മതവിശ്വാസികളില്‍ നിന്നാണ്.
കാലത്തിനൊത്ത പുരോഗമന ചിന്താഗതി ഇസ്ലാം മതത്തില്‍ നിന്നും ഉയര്‍ന്നു വരുന്നില്ലെന്നതാണ് ഏക സിവില്‍ കോഡിനെതരായ അവരുടെ പ്രതിഷേധത്തില്‍ നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, അവര്‍ക്കിടയില്‍ യാഥാസ്ഥിതിക വീക്ഷണമുള്ള സംഘടനകള്‍ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവരുടെ കെണിയില്‍ ഇസ്ലാം മതവിശ്വാസികള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ സാമൂഹ്യവളര്‍ച്ച 21-ാം നൂറ്റാണ്ടില്‍ എത്തി നില്‍ക്കുമ്പോള്‍; മനുഷ്യര്‍ അപരിഷ്‌കൃതമായി ജീവിച്ചിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലെ നിയമങ്ങളെ ഇന്നും പിന്തുടരണമെന്ന് നിര്‍ബന്ധം പിടിക്കുന്നതു പ്രാചീന കാലത്തില്‍ തന്നെ മനുഷ്യനെ പിടിച്ചു നിര്‍ത്താന്‍ വേണ്ടിയാണ്. വ്യക്തിനിയമത്തില്‍ മാത്രം ശരിയത്ത് നിയമത്തെ മുറുകെ പിടിക്കുന്നവര്‍ ക്രിമിനല്‍ നിയമത്തില്‍ ശരിയത്തില്‍ പറഞ്ഞിരിക്കുന്നവയെ തമസ്‌ക്കരിക്കുന്നത് എന്തുകൊണ്ടാണ്? കാലും കൈയ്യുമൊക്കെ വെട്ടിയെടുക്കുന്ന, ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന, തല കൊയ്യുന്ന ശിക്ഷാ രീതികളാണ് ശരിയത്ത് നിയമം. അതായത് നമ്മുടെ ക്രിമിനല്‍ നിയമത്തിനു നേരെ വിപരീതമാണ് ശരിയത്ത് നിയമം. പല്ലിന് പല്ല്, കണ്ണിനു കണ്ണ്, കൊലയ്ക്കു കൊല എന്ന തരത്തില്‍ ശരിയത്ത് നിയമപ്രകാരം ശിക്ഷ വിധിക്കുന്നത് മതപണ്ഡിതന്മാരാണ്. ശരിയത്ത് നിയമം വേണമെന്ന് വാദിക്കുന്നവര്‍ ശരിയത്ത് ക്രിമിനല്‍ നിയമം വേണമെന്ന് വാദിക്കുന്നില്ല. ശരിയത്ത് ക്രിമിനല്‍ നിയമം നടപ്പിലാക്കണമെന്ന് ശഠിക്കുന്നവരാണ് ഐ.എസ്, അല്‍ഖ്വയ്ദ, ഹമാസ് തുടങ്ങിയ സംഘടനകള്‍. തങ്ങള്‍ നടത്തുന്നത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള യുദ്ധമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ശരീയത്ത് നിയമങ്ങളൊന്നും ലംഘിക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍, ശരിയത്തിലെ പല നിയമങ്ങളും മിക്ക മുസ്ലീം രാജ്യങ്ങളും എന്നേ പുറംതള്ളിയതാണ്. പ്രത്യേകിച്ച്, ഇന്തോനേഷ്യ മുതലായ മുസ്ലീം രാജ്യങ്ങള്‍. അവിടത്തെ വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്തു കഴിഞ്ഞു. മുസ്ലീംവിശ്വാസത്തിന്റെ വേരുകള്‍ നിലനില്‍ക്കുന്ന സൗദി അറേബ്യയില്‍ ഒരു വിവാഹമോചനം ആവശ്യമായി വന്നാല്‍ അത് പരിശോധിക്കാന്‍ നിയമവേദികള്‍ നിലവിലുണ്ട്. ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ കുടുംബകോടതി വഴി കേസ് നല്‍കി ഭാര്യയേയും ഭര്‍ത്താവിനെയും വിസ്തരിച്ച് ഉഭയസമ്മത പ്രകാരമേ വിവാഹമോചനം നടപ്പാക്കാവൂ. പാകിസ്ഥാനില്‍ പോലും ശരിയത്ത് നിയമം പരിഷ്‌ക്കരിക്കപ്പെട്ടു. മുസ്ലീം രാജ്യമായ തുര്‍ക്കിയില്‍ മതേതര നിയമമാണ് നിലനില്‍ക്കുന്നത്. അപ്പോള്‍ ഭാരതത്തില്‍ മാത്രം ഏകവ്യക്തിനിയമം പാടില്ലെന്ന് ശഠിക്കുന്നതിന്റെ പിന്നില്‍ എന്ത് യുക്തിയാണുള്ളത്? ശരിയത്ത് നിയമങ്ങളിലെ അപകടങ്ങള്‍ പുതുതലമുറ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
ശരിയത്തില്‍ നിന്ന് ഒരക്ഷരം പോലും പരിഷ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടിരുന്നപ്പോഴാണ് തലാഖ് നിര്‍ത്തലാക്കണമെന്ന് ആയിരക്കണക്കിന് മുസ്ലീം സ്ത്രീകള്‍ ആവശ്യപ്പെട്ടത്. മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി മുത്തലാഖ് നിരോധിച്ചതും അതിനെ ക്രിമിനല്‍ കുറ്റമാക്കി നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞതും. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനു മാത്രം പ്രത്യേക പദവികള്‍ നല്‍കിയിരുന്നതിനാല്‍ അവിടെ അനിയന്ത്രിതമായ ക്രമസമാധാന ലംഘനങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ ആ പ്രത്യേക പദവി എടുത്തുകളയാന്‍ കാണിച്ച ധീരമായ ഇച്ഛാശക്തി ഏക സിവില്‍കോഡിന്റെ കാര്യത്തിലും ആവശ്യമാണ്.
ഏകീകൃത സിവില്‍ നിയമം നിലവില്‍ വന്നാല്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് അതിന്റെ ഗുണം കിട്ടാന്‍ പോകുന്നത്. അതോടെ മൈസൂര്‍ കല്യാണം, അറബിക്കല്യാണം, ബാലവിവാഹം എന്നിവയില്‍ നിന്നും ഇവര്‍ മോചിതരാകും. പുരുഷാധികാരാധിഷ്ഠിതമായ ശരിയത്ത് നിയമം പരിഷ്‌ക്കരിക്കപ്പെടാതിരിക്കാനായി അത് ദൈവ നിര്‍മ്മിതമാണെന്ന വാദം ഉയര്‍ത്തുന്നതിലൂടെ ബഹുഭാര്യാത്വം ഉറപ്പിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദുരാചാരാങ്ങളും അധാര്‍മ്മിക നിയമസംഹിതകളും ഇപ്പോഴെങ്കിലും പരിഷ്‌കരണവിധേയമാക്കണം. പെണ്‍കുട്ടികള്‍ മാത്രമുള്ള പിതാവ് മരിച്ചാല്‍ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും അവകാശം. ബാക്കി അവകാശം മരിച്ച പിതാവിന്റെ സഹോദരങ്ങള്‍ക്കാണ്. ഒരു മുസ്ലീം പിതാവിന്റെ സ്വത്തിനുമേല്‍ പുത്രനും പുത്രിക്കും രണ്ടവകാശമാണ്. പുത്രന് ലഭിക്കുന്നതിന്റെ പകുതി മാത്രമേ പുത്രിക്കു ലഭിക്കൂ. ഏകീകൃത സിവില്‍ കോഡ് യഥാര്‍ത്ഥത്തില്‍ മുസ്ലീം സമൂഹത്തിന്റെ പുരോഗതിയ്ക്കാണ് സഹായിക്കുക. അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍ കോഡിനുവേണ്ടി മുന്നോട്ടു വരേണ്ടതും മുസ്ലീം സമൂഹമാണ്.
മേരിറോയി കേസിലെ സുപ്രധാന വിധിയിലൂടെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് 1986 മുതല്‍ പിതൃസ്വത്തിന് അവകാശമുണ്ടെങ്കിലും മിക്കവാറും അതിന്റെ സ്ഥാനം പേപ്പറില്‍ തന്നെയാണ്. അതിനുകാരണവും ഏകീകൃത സിവില്‍കോഡ് നിയമത്തിന്റെ അഭാവം തന്നെയാണ്. കാനോന്‍ നിയമത്തിലെ 1008 അനുസരിച്ച് സഭാസ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണാധികാരം മാര്‍പ്പാപ്പയ്ക്കാണ്. അതായത് സ്വതന്ത്ര പരമാധികാര മതേതര രാജ്യമായ ഇന്ത്യയിലെ കത്തോലിക്കരുടെ പൊതുസ്വത്തിന്റെ മുഴുവന്‍ അവകാശവും വത്തിക്കാനിലെ പോപ്പിനാണ്. കാനോന്‍ നിയമം 1200 ല്‍ പറയുന്നത് കത്തോലിക്കരുടെ വരുമാനത്തില്‍ നികുതി ചുമത്താന്‍ രൂപതാ മെത്രാന് അവകാശവും അധികാരവും ഉണ്ടെന്നാണ്. അതായത് കാനോന്‍ നിയമപ്രകാരം ഒരു രാജ്യത്തിനകത്ത് മറ്റൊരു നിയമസംഹിതയ്ക്ക് നികുതി ചുമത്താനുള്ള അധികാരം സ്ഥാപിച്ചിരിക്കുന്നു. അപ്പോള്‍ നാം ഇന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ പരമാധികാര സ്വാതന്ത്ര്യത്തിന് ഒരു അര്‍ത്ഥവുമില്ലെന്നു വരും. ശരിയത്ത് നിയമവും കാനോന്‍ നിയമവും ഇന്ത്യയുടെ ഭരണഘടനയെയും നിയമസംഹിതകളെയും തൃണവല്‍ഗണിച്ചുകൊണ്ട് ഇവിടെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിലൂടെ മതമേതായാലും ജാതിയേതായാലും രാജ്യത്തിന്റെ പൊതുനിയമം അനുസരിച്ചു വേണം എല്ലാവരും ജീവിക്കേണ്ടതെന്ന സാമാന്യ മര്യാദ ലംഘിക്കപ്പെടുകയാണ്.
ഒരു ബഹുസ്വര സമൂഹത്തില്‍ സിവില്‍ നിയമങ്ങള്‍ മതനിയമങ്ങളായിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ മതാധിഷ്ഠിത കാഴ്ചപ്പാട് വളര്‍ത്താനേ സഹായിക്കൂ. ഏക സിവില്‍കോഡ് യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ‘ഒരു രാജ്യം ഒരു ജനത, ഒരു ദേശീയത’ എന്ന ബോധം ഓരോ പൗരനിലും അങ്കുരിച്ചുകൊണ്ടിരിക്കൂ. മതാധിഷ്ഠിത പാകിസ്ഥാന്‍ വാദം തള്ളി ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായി ജീവിക്കാന്‍ തീരുമാനിച്ച നമ്മുടെ മുസ്ലീം സഹോദരങ്ങളുടെ സംരക്ഷണത്തിന് ഏകീകൃത സിവില്‍കോഡ് നടപ്പാക്കേണ്ടത് തികച്ചും അനിവാര്യമാണ്.