ബ്രിട്ടീഷുകാര്‍ ഭരിച്ചത് കൊണ്ടാണ് ഭാരതത്തില്‍ റെയില്‍വേ വന്നത്. അവരാണ് കോണ്‍ക്രീറ്റ് കൊണ്ടുവന്നത്, വൈദ്യുതി കൊണ്ടുവന്നത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം ഇപ്പോഴും ഏതോ ഇരുണ്ട യുഗത്തില്‍ കഴിഞ്ഞേനെ. യുക്തിവാദികള്‍ എന്ന് വിളിക്കുന്ന ഒരു കൂട്ടം പടിഞ്ഞാറുനോക്കികളുടെ സ്ഥിരം വാദമുഖങ്ങളിലൊന്നാണിത്.
ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നാവുന്ന ഈ കാര്യങ്ങളുടെ യാഥാര്‍ഥ്യമെന്താണ്?
യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് അവിടെ പേറ്റന്റ് നിയമങ്ങള്‍ ശക്തമായത്. സാങ്കേതിക മേഖലകളില്‍ തുടര്‍ച്ചയായി കണ്ടുപിടുത്തങ്ങള്‍ നടന്നു. കണ്ടെത്തിയവര്‍ അത് സ്വന്തമാക്കാനുള്ള പേറ്റന്റുകളും നേടിക്കൊണ്ടിരുന്നു. പക്ഷേ എത്രയെന്നു വെച്ച് അറിവുകള്‍ക്ക് അതിരുകെട്ടും. ഏത് സാങ്കേതിക നേട്ടത്തിന് പിന്നിലും ഒരു സയന്‍സ് ഉണ്ടാകുമല്ലോ. ആ സയന്‍സിനെ ആര്‍ക്കും കെട്ടിമൂടി വെയ്ക്കാനുമാകില്ല. പ്രതിഭാശാലികളുടെ ചിന്താശേഷിയെയും പിടിച്ചു കെട്ടാനാവില്ല. അങ്ങനെ നിരീക്ഷണവും പ്രതിഭയുമുള്ളവര്‍ ലോകത്ത് പലയിടത്തും ടെക്‌നോളജികള്‍ വികസിപ്പിച്ചു. അതില്‍ നിന്ന് പ്രചോദനം നേടിയ പലരും അത് പ്രചരിപ്പിച്ചു. അങ്ങനെയാണ് ടെക്‌നോളജി ജനകീയമാകുന്നത്.
ഹെന്റി ഫോര്‍ഡ് ആദ്യത്തെ മോട്ടോര്‍ കാര്‍ ഓടിച്ചതിന് പിന്നാലെ നൂറുകണക്കിന് കാറുകള്‍ തെരുവിലിറങ്ങി. 1905ല്‍ റൈറ്റ് സഹോദരന്മാര്‍ ആദ്യത്തെ മെക്കാനിക്കല്‍ വിമാനം പറത്തി ഒന്നര ദശകത്തിനുള്ളില്‍ അന്നത്തെ പ്രധാന രാജ്യങ്ങളിലെല്ലാം വിമാനം പറന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇരുവിഭാഗവും നന്നായി വിമാനശക്തി ഉപയോഗിച്ചു.
1945ലെ മന്‍ഹാട്ടന്‍ പ്രൊജക്റ്റിന്റെ ഭാഗമായി അമേരിക്ക ആണവശക്തി പരീക്ഷിച്ചു. ജപ്പാനില്‍ ബോംബുമിട്ടു. ആ സാങ്കേതികത, നാല്പതുകളുടെ അവസാനം വരെ അമേരിക്കക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനി വേറെ ആര്‍ക്കും ലഭിക്കാതിരിക്കാന്‍ അവര്‍ എല്ലാ പഴുതുകളും അടക്കുകയും ചെയ്തിരുന്നു.
പക്ഷേ 1948ല്‍ സോവിയറ്റ് യൂണിയന്‍ ആണവശേഷി കൈവരിച്ചു. തുടര്‍ന്ന് ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരും ആണവ ക്ലബ്ബിലെത്തി. ആണവപരീക്ഷണം നടത്തിയിെല്ലങ്കിലും അമ്പതുകളുടെ അവസാനം തന്നെ ഭാരതവും ആണവശേഷി നേടിയിരുന്നു.
ഒരു രാജ്യവും പങ്കുവെയ്ക്കാത്ത സാങ്കേതികവിദ്യയാണ് ആണവ സാങ്കേതികത. അമ്പതുകളില്‍ സോവിയറ്റ് യൂണിയനില്‍ നിന്നും ഈ സാങ്കേതികവിദ്യ തട്ടിപ്പറിച്ച ചൈനയും, അതേ മാര്‍ഗ്ഗത്തിലൂടെ നേടിയ പാകിസ്ഥാനും ചില അപവാദങ്ങള്‍ മാത്രം. മറ്റുള്ളവരെല്ലാം അധ്വാനിച്ച്, തപസ്സിരുന്നു നേടിയതാണത്.
അതുപോലെ, ഏറ്റവും സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയാണ് ബഹിരാകാശ രംഗം. ഇവിടെയും ഭാരതം ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ്.
അങ്ങനെ, മനുഷ്യചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ രണ്ടു സാങ്കേതിക മേഖലകളില്‍ ഭാരതം വെന്നിക്കൊടി പാറിച്ചിരിക്കുന്നത് ഒരു തരത്തിലുമുള്ള വൈദേശിക സ്വാധീനത്താല്‍ അല്ല. അതുപോലെ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ ഹരിതവിപ്ലവം, ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ പാലുല്പാദക രാജ്യമാക്കി മാറ്റിയ ധവളവിപ്ലവം ഒക്കെ ഈ രാജ്യത്തെ മഹാപ്രതിഭകളുടെ സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് ഭാരതത്തില്‍ റെയില്‍വേ വരുന്നത്. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ രാജ്യം മുഴുവന്‍ തീവണ്ടി കൂകിപ്പാഞ്ഞു. പക്ഷേ ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെ റെയില്‍വേ വികസനം സ്തംഭിച്ചു. ഒന്നാം ലോകയുദ്ധം കഴിഞ്ഞ ക്ഷീണം മാറുന്നതിനു മുമ്പ് തന്നെ രണ്ടാം ലോകമഹായുദ്ധവും ഉണ്ടായി. അക്കാലത്ത് രാജ്യത്തെ റെയില്‍പ്പാളങ്ങള്‍ വരെ യുദ്ധാവശ്യത്തിനു വേണ്ടി ഇളക്കിയെടുത്തു കൊണ്ടുപോയിരുന്നു. മൂന്നാറിലെ ഒക്കെ റെയില്‍വേ അങ്ങനെയാണ് നിന്നുപോയത്. ചുരുക്കത്തില്‍, സ്വാതന്ത്ര്യം നേടുമ്പോള്‍ നമ്മുടെ കൈയ്യിലുണ്ടായിരുന്നത് റെയില്‍വേയുടെ പൊടിഞ്ഞുതുടങ്ങിയ അസ്ഥികൂടം മാത്രമായിരുന്നു. അവിടെനിന്നാണ്, ലോകത്തിലെ രണ്ടാമത്തെ റെയില്‍വേ ശൃംഖല, ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ് എന്നീ അവസ്ഥകളിലേക്ക് റെയില്‍വേ വളര്‍ന്നത്.
പറഞ്ഞുവന്നത് ഇതാണ്, ബ്രിട്ടീഷുകാര്‍ ഇല്ലായിരുന്നെങ്കിലും ഈ രാജ്യത്ത് റെയില്‍വേയും മോട്ടോര്‍ കാറും വിമാനവും കപ്പലുമൊക്കെ ഉണ്ടാകുമായിരുന്നു. അവര്‍ നമ്മുടെ അപാരമായ വിഭവശേഷിയെ ഇത്ര ഭയാനകമായി കൊള്ളയടിച്ചില്ലായിരുന്നങ്കില്‍, ഈ നേട്ടങ്ങളൊക്കെ വളരെ മുമ്പേ തന്നെ നാം നേടുമായിരുന്നു.