ഭഗവാന്‍ പരമേശ്വരന്‍ തന്റെ ഢക്കാ നാദത്തിലൂടെ 14 മാഹേശ്വരസൂത്രങ്ങള്‍ അവതരിപ്പിച്ചു. അതില്‍ നിന്ന് പാണിനി അഷ്ടാദ്ധ്യായി എന്ന സംസ്‌കൃത വ്യാകരണം രചിച്ചു. അതിന് കാത്യായനന്‍ വാര്‍ത്തികവും രചിച്ചു. അവരുടെ മരണശേഷം പാണിനീയ വ്യാകരണം അവഗണനയിലായി. ഇതിനെ ഉദ്ധരിക്കാന്‍ ശിവന്റെ അപേക്ഷ പ്രകാരം വിഷ്ണു ശേഷനാഗത്തെ ഭൂമിയിലേക്കയച്ചു.
അക്കാലത്ത് ചിദംബരത്ത് ഗോണിക എന്ന ഒരു യോഗിനി ജ്ഞാനിയായ ഒരു പുത്രനെ ഇച്ഛിച്ചുകൊണ്ട് തപസ്സു ചെയ്തിരുന്നു. ഏകദേശം 3200 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന സംഭവമാണ്. ഒരു ദിവസം ഗോണിക രാവിലെ സൂര്യന് അര്‍ഘ്യം കൊടുക്കാന്‍ കൈക്കുടന്നയില്‍ (അഞ്ജലി) വെള്ളമെടുത്ത് നില്ക്കുമ്പോള്‍ ആ അഞ്ജലിയിലേക്ക് ഒരു ചെറു നാഗത്തിന്റെ രൂപത്തില്‍ ശേഷന്‍ പതിച്ചു. സര്‍പ്പ രൂപത്തിലുള്ള അവനെ കണ്ട് ഗോണിക ചോദിച്ചു :- കോര്‍ഭവാന്‍ ? (നീ ആര്?). ഇവിടെ ‘കോ ഭവാന്‍’ എന്നേ വേണ്ടൂ. ‘ര്‍’ അധികമാണ്.
ശേഷന്‍:- സപ്പോƒഹം (ഞാന്‍ സപ്പം ) ഇവിടെ ശേഷന്‍ ‘ര്‍’ കുറച്ചു. സര്‍പ്പം സപ്പമായി.
ഗോണിക :- രേഫ: ക്വ ഗത: (ര്‍ എവിടെ പോയി)
ശേഷന്‍ :- ത്വയാ അപഹൃത: (നീ കട്ടു)
ഇതു കേട്ട് ഗോണിക സന്തുഷ്ടയായി. അവനെ താഴെ ഇറക്കി. അവന്‍ പെട്ടെന്നു തന്നെ ഒരു ബാലനായി. അഞ്ജലിയില്‍ പതിച്ചതു കൊണ്ട് പതഞ്ജലി എന്ന പേരും കിട്ടി. മഹേശ്വരന്റെ അനുഗ്രഹത്താല്‍ അവന്‍ വ്യാകരണ ശാസ്ത്രത്തില്‍ പാരംഗതനായി. പ്രസിദ്ധനായി. ആയിരക്കണക്കിന് ശിഷ്യന്മാര്‍ അവിടെ ഒഴുകിയെത്തി. ഒരു ദിവസം പതഞ്ജലി ശിഷ്യരെയെല്ലാം ഒരു വിശാലമായ സ്ഥലത്തു വിളിച്ചിരുത്തി. പാണിനീസൂത്രങ്ങള്‍ക്കുള്ള എട്ടദ്ധ്യായമുള്ള, ‘അഷ്ടാധ്യായി’ ഭാഷ്യം പഠിപ്പിക്കാന്‍ ഒരുമ്പെട്ടു.
‘ഞാന്‍ തിരശ്ശീലയ്ക്കു പിറകിലാണിരിക്കുക. നിങ്ങളാരും എന്നെ കാണാന്‍ ശ്രമിക്കരുത്. അത് വലിയ ആപത്തുണ്ടാക്കും.’ ശേഷന്‍ ആയിരം ഫണമുള്ള സര്‍പ്പമായി കര്‍ട്ടനു പിറകിലിരുന്ന് ഓരോ ഫണത്തിലൂടെ ഓരോരാളെയും പഠിപ്പിച്ചു. അവര്‍ അത് കുറിച്ചു വെച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ ശിഷ്യന്മാരിലൊരുവന്‍ തിരശ്ശീലക്കു പിറകിലെന്താണെന്നറിയാനുള്ള അത്യാഗ്രഹത്താല്‍ ഒളിഞ്ഞു നോക്കി. ഇരുട്ടില്‍ അനേകം ഫണങ്ങളും അതില്‍ ജ്വലിക്കുന്ന കണ്ണുകളും അവന്‍ കണ്ടു. ഇതു മനസ്സിലാക്കിയ ശേഷന്‍ അതിക്രുദ്ധനായി തന്റെ വിഷജ്വാലയില്‍ അവരെയെല്ലാം ചുട്ടു വെണ്ണീരാക്കി. ഇതിനു തൊട്ടു മുമ്പ് ആ ശിഷ്യ സഹസ്രങ്ങളിലൊരുവന്‍ വല്ലാതെ ദാഹിച്ച് വെള്ളം കുടിക്കാന്‍ അടുത്തുള്ള നദീതടത്തില്‍ പോയിരുന്നു. അവന്‍ ഈ വിപ്ലവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അവന്‍ തിരിച്ചുവന്ന് സ്വസ്ഥാനത്തിരുന്നു. പതഞ്ജലിയുടെ കോപം ശമിച്ചിരുന്നില്ല. പഠനത്തിനിടയില്‍ ഇറങ്ങിപ്പോയതിലുള്ള കോപത്താല്‍ അവനെ ‘നീ പിശാചായി തീരട്ടെ’ എന്നു ശപിച്ചു. അവന്‍ വല്ലാതെ വശം കെട്ടു. പതഞ്ജലിയുടെ കാലില്‍ വീണു മാപ്പിരന്നു. അപ്പോഴേക്കും പതഞ്ജലിയുടെ ക്രോധം ശമിച്ചിരുന്നു.
‘ഭയപ്പെടാതെ!. നീ ഈ വടവൃക്ഷത്തിന്റെ കൊമ്പില്‍ വസിച്ചു കൊള്ളുക. ഈ മരച്ചുവട്ടില്‍ വരുന്നവരോട് ‘പചേര്‍ നിഷ്ഠായാം കിം രൂപം?’ എന്ന് ചോദിക്കണം. അതിന് ‘പക്വം’ എന്ന ശരിയായ മറുപടി പറയുന്നവനെ കിട്ടിയാല്‍ നിനക്കു ശാപമോചനം കിട്ടും. അവനെ നീ എന്റെ മഹാഭാഷ്യം പഠിപ്പിച്ചു കൊള്ളുക.’ ഇതും പറഞ്ഞ് പതഞ്ജലി അവിടെ നിന്നും മറഞ്ഞു. അവന്‍ ബ്രഹ്‌മരാക്ഷസനായി ആല്‍ വൃക്ഷത്തില്‍ കയറിപ്പറ്റി. വളരെ കാലം അവന്‍ അതിലൂടെ വരുന്നവരോട് മേല്‍പ്പറഞ്ഞ ചോദ്യം ചോദിച്ചു. എല്ലാവരും ‘പക്തം’ എന്നു മറുപടി പറഞ്ഞു. പിന്നീട് ഒരു ദിവസം പാണിനീയ വ്യാകരണത്തില്‍ അതീവ ജിജ്ഞാസുവായ ചന്ദ്രഗുപ്തനെന്ന ഒരു പണ്ഡിതന്‍ അതു വഴി വന്നു. അവനോടും രാക്ഷസന്‍ ചോദ്യം ആവര്‍ത്തിച്ചു. ശരിയായ ഉത്തരം (പക്വം) കിട്ടി. യോഗ്യനായ ശിഷ്യനെ കിട്ടിയെന്ന് അവന്‍ സന്തോഷിച്ചു.
‘നിനക്ക് പാണിനിയുടെ വ്യാകരണം അറിയാമെന്നു തോന്നുന്നു. നിനക്ക് പതഞ്ജലിയുടെ മഹാഭാഷ്യം പഠിക്കണമെന്ന് ആഗ്രഹമുണ്ടോ?’ എന്നു ചോദിച്ചു. ചന്ദ്രഗുപ്തന്‍ തലയാട്ടി താല്പര്യം അറിയിച്ചു. മരത്തിന്റെ കീഴില്‍ ഒരു ഇരിപ്പിടം ഒരുക്കി വിദ്യാര്‍ഥിയായി ചന്ദ്രഗുപ്തന്‍ ഇരുന്നു. ബ്രഹ്‌മ പിശാച് ആലില പറിച്ച് അതില്‍ നഖം കൊണ്ട് മഹാഭാഷ്യം കുറിച്ച് താഴേക്കിടും. ശിഷ്യന്‍ ഓടിച്ചെന്ന് അത് ശേഖരിച്ച് പഠിക്കും. പിശാചിന് വേഗത കൂടുതലാണ്. അതുകൊണ്ട് ധാരാളം ഇലകള്‍ അവിടെ നിറഞ്ഞു. ചന്ദ്രഗുപ്തനും നല്ല ശിഷ്യനാണ്. അവനതൊക്കെ ശേഖരിച്ചു. ഇടയില്‍ ഒരു ആട് അതു വഴി വന്ന് ചില ഇലകള്‍ തിന്നു കളഞ്ഞു. അതു നഷ്ടമായി. പാതഞ്ജല ഭാഷ്യത്തില്‍ പലയിടത്തും ‘അജാഭക്ഷിതം ഏതത്’ (ആടു തിന്നു പോയി) എന്നെഴുതിക്കാണാം. കാരണം ഇതു തന്നെ. പതഞ്ജലി പിന്നീട് ആയുര്‍വേദത്തിലും (ചരകസംഹിത) യോഗത്തിലും (യോഗ ദര്‍ശനം) ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചു. അങ്ങിനെ വ്യാകരണത്തിലൂടെ വാക്കിന്റേയും, ആയുര്‍വേദത്തിലൂടെ ശരീരത്തിന്റേയും, യോഗത്തിലൂടെ മനസ്സിന്റേയും ദോഷങ്ങള്‍ കളഞ്ഞു. മനുഷ്യരെ മനസാ വാചാ കര്‍മണാ നിര്‍മലരാക്കിത്തീര്‍ത്തു.
അതുകൊണ്ടാണ് ഈ ശ്ലോകം.
യോഗേന ചിത്തസ്യ പദേന വാചാം
മലം ശരീരസ്യ ച വൈദ്യകേന
യോപാകരോത്തം പ്രവരം മുനീനാം
പതഞ്ജലിം പ്രാഞ്ജലിരാനതോസ്മി
(യോഗം കൊണ്ട് മനസ്സിന്റേയും വ്യാകരണം (പദേന) കൊണ്ട് വാക്കിന്റേയും വൈദ്യം കൊണ്ട് ശരീരത്തിന്റേയും മലം ദൂരീകരിച്ച മുനിശ്രേഷ്ഠനായ പതഞ്ജലിയെ ഞാന്‍ നമസ്‌കരിക്കുന്നു.)