കമ്മ്യൂണിസമെന്ന മയക്കുമരുന്ന് മുമ്പു തന്നെ ബാധിച്ച കേരളം ലഹരിമാഫിയയുടെ കൂടി പിടിയിലായതോടെ ‘മര്‍ക്കടസ്യ സുരപാനം’ എന്ന അവസ്ഥയിലായിരിക്കുകയാണ്. മദ്യവും മയക്കുമരുന്നും സര്‍വ്വവ്യാപകമായതോടെ സംസ്ഥാനം കുറ്റകൃത്യങ്ങളുടെ പെരുമഴയില്‍ പെട്ടിരിക്കുന്നു. മുമ്പ് യു.പിയിലേക്കും ബീഹാറിലേക്കുമൊക്കെ കണ്ണുനട്ടിരുന്നവര്‍ ഇപ്പോള്‍ തലതാഴ്ത്തിയിരിക്കേണ്ട അവസ്ഥയിലാണ്. ദൈനംദിനമെന്നോണം നടക്കുന്ന കൊലപാതകങ്ങള്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഒരു കുരുതിക്കളമാക്കി മാറ്റിയിരിക്കുന്നു. ലഹരിമാഫിയ അഴിഞ്ഞാടുന്ന വാര്‍ത്തകള്‍ എല്ലാ ജില്ലകളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് അധികാരത്തിന്റെ മറവിലാണ് ലഹരി വ്യാപാരം തഴച്ചുവളര്‍ന്നതെന്നാണ് പ്രതികളില്‍ പലരും കമ്മ്യൂണിസ്റ്റുകാരാണെന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നത്. എസ്എഫ് ഐയും ജിഹാദികളും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന സംസ്‌കാര വിരുദ്ധവും അരാജകത്വത്തിലേക്കു നയിക്കുന്നതുമായ ആഭാസ പ്രചരണങ്ങളും യുവതലമുറയെ വഴിതെറ്റിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.
സംസ്ഥാനത്ത് ലഹരിമാഫിയയുമായി ബന്ധപ്പെട്ട് നടന്ന കൊലപാതക പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് തലശ്ശേരിയില്‍ നടന്ന ഇരട്ട കൊലപാതകം. നവംബര്‍ 23 – ന് പട്ടാപ്പകലാണ് ദേശീയ പാതയില്‍ വീനസ് കോര്‍ണറില്‍ നിട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശികളായ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരമായ പരിക്കു പറ്റി ആശുപത്രിയിലാണ്. കൊലയ്ക്കു പിന്നില്‍ ലഹരിമാഫിയയാണെന്ന് പോലീസും മുഖ്യമന്ത്രി വിജയനും പറഞ്ഞതോടെ രക്തസാക്ഷി പരിവേഷം അണിയാന്‍ സിപിഎം ശ്രമിച്ചെങ്കിലും കൊന്നവരും സി പിഎമ്മുകാര്‍ തന്നെ എന്ന വാര്‍ത്ത ഡിജിറ്റല്‍ അകമ്പടിയോടെ പിന്നാലെ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലായി. കേസിലെ പ്രധാന പ്രതി ഡിവൈഎഫ്‌ഐ ലഹരിക്കെതിരെ നടത്തിയ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്ത വ്യക്തിയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും ഇയാള്‍ പ്രതിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഏത് കിരാത കൃത്യവും ചെയ്യുന്ന പ്രവര്‍ത്തകര്‍ തന്നെയാണ് ലഹരിമാഫിയക്കും നേതൃത്വം നല്‍കുന്നതെന്ന വസ്തുതയാണ് ഇതിലൂടെ പുറത്തു വരുന്നത്. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്തത് പിണറായിയിലെ കമ്പൗണ്ടര്‍ ഷാപ്പിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ്. മുഖ്യമന്ത്രിയുടെ നാടുപോലും ലഹരിമാഫിയക്ക് അധീനമാണെന്നു വരുന്നത് സംസ്ഥാനത്തിനു മുഴുവന്‍ നാണക്കേടാണ്. സിപിഎമ്മിനെ മറയാക്കി കേരളത്തില്‍ ലഹരി വ്യാപാരം തഴച്ചുവളരുകയാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എറണാകുളത്ത് മരട് നഗരസഭയിലെ നെട്ടൂരിലും ലഹരി മാഫിയയുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ അരങ്ങേറുകയുണ്ടായി. വര്‍ഷങ്ങളായി ഈ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ ലഹരിമാഫിയയുടെ പിടിയിലായിട്ടും അവര്‍ക്കെതിരെ ഒരു ചെറു വിരലനക്കാന്‍ പോലും അധികൃതര്‍ക്കു സാധിച്ചിട്ടില്ല. പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പോലും ലഹരിമാഫിയയുടെ പിടിയിലാണ്. സംസ്ഥാനത്തെ 250-ഓളം വിദ്യാലയങ്ങള്‍ ലഹരിമാഫിയക്ക് സ്വാധീനമുള്ളവയായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയ്ക്കെതിരെ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ലഹരി വിരുദ്ധ പരിപാടികള്‍ വെറും പ്രഹസനങ്ങളായി മാറുന്ന കാഴ്ചയാണ് എവിടെയും കണ്ടുവരുന്നത്. സംസ്ഥാനത്തിന്റെ പുറത്തുനിന്നു കൊണ്ടുവരുന്ന കോടിക്കണക്കിന് മയക്കുമരുന്നുകളില്‍ ചിലതെല്ലാം പിടിക്കപ്പെടുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് തടസ്സമില്ലാതെ ലഭ്യമാക്കാന്‍ മാഫിയക്ക് കഴിയുന്നുണ്ട്. പുറത്തു നിന്നു വരുന്നവ പിടിക്കപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്തിനകത്തുതന്നെ മയക്കുമരുന്ന് ഉല്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ‘ഡ്രഗ്‌സ് കിച്ചന്‍ ‘ എന്ന പേരിലറിയപ്പെടുന്ന ഈ സംവിധാനം ന്യൂജന്‍ ലഹരിയായ എംഡിഎംഎയുടെ വിതരണം ഉറപ്പു വരുത്തുന്നതിലാണത്രെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ പെരിങ്ങമ്മൂല, വിതുര തുടങ്ങിയ മേഖലകളിലെ വനവാസി ഊരുകളില്‍ അഞ്ച് കോളേജ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിനു പിന്നിലും ലഹരിമാഫിയയുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനികളെ ആകര്‍ഷിക്കുകയും അവരെ ലഹരിക്കടിമപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നു. 2008 ല്‍ നര്‍ക്കോട്ടിക്‌സ് ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 508 കേസുകള്‍ മാത്രമായിരുന്നു. 2019 ല്‍ ഇത് 7099 എന്ന ഭീമമായ സംഖ്യയിലേക്കുയര്‍ന്നു. തലസ്ഥാന ജില്ലയില്‍ മാത്രം മൂന്ന് യുവാക്കളെയാണ് ഈ വര്‍ഷം ലഹരിമാഫിയ തല്ലിക്കൊന്നത്. 2020 ല്‍ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കേരളം നാലാം സ്ഥാനത്തായിരുന്നു. അടുത്തിടെ ആലപ്പുഴ ജില്ലയിലെ കുമാരപുരത്ത് ക്ഷേത്രോത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സിപിഎമ്മുകാരായ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ചെറുക്കാന്‍ ശ്രമിച്ചതിനാണ്. ഇത്തരം സംഭവങ്ങളിലെല്ലാം സിപിഎമ്മുകാരെ രക്ഷിക്കുന്ന സമീപനമാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. കമ്യൂണിസ്റ്റ്, ജിഹാദി, ലഹരിമാഫിയ കൂട്ടുകെട്ടില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഒരു ജനകീയ മുന്നേറ്റം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.