ഒരു കവി അയാളുടെ വിദ്യാഭ്യാസത്തിനൊത്തല്ല എഴുതുന്നത്; അയാള്‍ സ്‌കൂളിലും കോളേജിലും പഠിച്ചിട്ടുണ്ടെങ്കില്‍പ്പോലും അവിടുന്ന് കിട്ടിയതല്ല കവിത; കവി സ്വന്തമായി കണ്ടുപിടിച്ച ജ്ഞാനമാണ് എഴുതേണ്ടത്. നോവല്‍ ഒരു കണ്ടുപിടിത്തമാണെന്ന് ഫ്രഞ്ച് എഴുത്തുകാരന്‍ മിലാന്‍ കുന്ദേര പറഞ്ഞു. അതുപോലെയാണ് കവിതയും. കവിതയെ കവി കണ്ടുപിടിക്കുകയാണ്; സ്വന്തം വഴികളിലൂടെ. അയാളുടെ വിധിയാണത്. അതിന് മുന്‍വിധികളില്ല. നടന്നു പരിചിതമായ വഴികള്‍ അതിനു ഉപകരിക്കുകയില്ല. പുതിയ വഴികള്‍ തിരയണം. സ്വന്തം അറിവിന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്ന കവിക്ക് അധികം എഴുതാനാകില്ല. ആ അറിവിനെ മാറ്റിനിര്‍ത്തിയശേഷം തന്റെ ആന്തരികാനുഭൂതികൊണ്ട് കടന്നുകാണാനാവണം. ഇതിനെ അതീന്ദ്രിയ ജ്ഞാനം (clairvoyance)) എന്ന് വിളിക്കും. അതീന്ദ്രിയമായ സിദ്ധികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഉന്നതമായ കവിതകള്‍ എഴുതാനൊക്കൂ.
ഇംഗ്ലീഷ് കവി ഷെല്ലി പറഞ്ഞു, കവികള്‍ അവതരിപ്പിക്കുന്ന വാക്കുകള്‍ അവര്‍ക്ക് മനസ്സിലാകണമെന്നില്ലെന്ന്. നമുക്ക് പിടിതരാത്ത പ്രചോദനത്തിന്റെ ദുരൂഹമായ പുരോഹിതന്മാരാണ് അവര്‍. വര്‍ത്തമാനകാലത്തിലേക്ക് ഭാവിയില്‍ നിന്ന് വന്നുവീഴുന്ന ഭീമാകാരമായ നിഴലുകള്‍ കവികളിലൂടെയാണ് പ്രതിബിംബിക്കുന്നതെന്ന് ഷെല്ലി പറയുന്നത് ഈയര്‍ത്ഥത്തിലാണ്. ഷെല്ലിയുടെ ഈ പ്രസ്താവം വിരല്‍ചൂണ്ടുന്നത്, മനുഷ്യാവസ്ഥയെക്കുറിച്ച് കവികള്‍ കൂറേക്കൂടി ആഴത്തിലും പരപ്പിലും ചിന്തിക്കുന്നതിന്, അവര്‍ക്ക് സവിശേഷമായ ഒരിന്ദ്രിയം ഉണ്ടെന്നാണ്.
ബ്രിട്ടീഷ് പെണ്‍കവി അന്നാ മെന്‍ഡല്‍സോന്‍ ഇതിനു ബലമേകുന്നവിധം കവിതയെ രഹസ്യാത്മകമാക്കുന്നു. കവിതയിലൂടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയാണ് അവര്‍ പങ്കുവയ്ക്കുന്നത്. ലോകം തന്റെ ഭാഷയെ ആക്രമിച്ച് സാധാരണമാക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു. വിപ്ലവത്തിനു കവിതവേണമെന്ന് പറയാന്‍ ഇതാണ് കാരണം. അതായത് കവിത എന്ന മാധ്യമം തന്നെ അതിജീവനത്തിനായി പാടുപെടുകയാണ്.
ഇംഗ്ലീഷ്-അമേരിക്കന്‍ കവിയായ ഡബ്ല്യു.എച്ച്.ഓഡന്‍ പറഞ്ഞത് വേറൊരു കാര്യമാണ്. ഒരു കവിയെ അഭിലഷണീയമായ രീതിയില്‍ രാഷ്ട്രത്തിന് എപ്പോഴും ഉപയോഗിക്കാന്‍ കഴിയില്ല. കാരണം കവി തന്നെ ഒരു കലാപമാണ്; ഒരു വിധ്വംസക ജീവിതമാണ്. വിപ്ലവകാലത്ത് കവി പട്ടാളക്കാരനാകുകയില്ല; എന്നാല്‍ ഗറില്ലയാകാന്‍ കഴിയും, വാക്കുകളിലൂടെ.
കവിയുടെ ദര്‍ശനം, യഥാര്‍ത്ഥത്തില്‍ പ്രവചനാത്മകമാകുകയാണ്. ഇക്കാര്യത്തില്‍ കവി പോലും നിസ്സഹായനാണ്. ഇടപ്പള്ളി രാഘവന്‍പിള്ള മരണത്തിന്റെ മണിനാദത്തെപ്പറ്റി എഴുതുമ്പോള്‍, ഭാവിയിലെ ആപത് സൂചനകളാണ് നിറയുന്നത്. താന്‍ അതിജീവിച്ചിട്ടില്ലാത്ത മരണത്തെ കടന്നുപോകാന്‍ കവിക്ക് കഴിയുന്നില്ല. കവിയുടെ രഹസ്യേന്ദ്രിയങ്ങള്‍ മരണവുമായി സംവാദം നടത്തുന്നു.
ഇടപ്പള്ളി അപകടകരാംവിധം പ്രശ്‌നങ്ങളുള്ള മലയാളകവിയായിരുന്നു. തന്റെ അസ്തിത്വത്തെ എപ്പോഴും ഏതോ അദൃശ്യ ശക്തി പിന്തുടരുന്നു എന്ന ചിന്ത അദ്ദേഹത്തെ എപ്പോഴും മഥിച്ചിരുന്നു. ഇടപ്പള്ളിയും ചങ്ങമ്പുഴയും ചേര്‍ന്ന് ഇടപ്പള്ളി പ്രസ്ഥാനം തന്നെ കവിതയില്‍ സൃഷ്ടിച്ചു. മരണദിനത്തിന്റെ മണിമുഴക്കം മധുരമാണെന്ന് ഇടപ്പള്ളി എഴുതിയത് ഒരു കാലഘട്ടത്തിന്റെ മാത്രമല്ല, ജീവിച്ച ജീവിതങ്ങളുടെയെല്ലാം അത്യന്തിക സാരമായിരുന്നു. ഈ സാരം തനിക്ക് മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന സ്ഥായിയിലാണ് അദ്ദേഹം പകര്‍ന്നത്. ആ വാക്കുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ അര്‍ത്ഥം ഇടപ്പള്ളി എന്ന കവി ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. തന്റെ ഐന്ദ്രിയജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും അപ്പുറത്തുള്ള ശാശ്വത സത്യത്തെക്കുറിച്ച് ഇടപ്പള്ളി ഗ്രഹിച്ചിരുന്നു.
ഇന്നത്തെ കവികള്‍ക്ക് ഇങ്ങനെ ആഴത്തിലുള്ള പ്രവാചകാനുഭവങ്ങളില്ല. അവര്‍ നിസ്സാരകാര്യങ്ങളെ സമസ്യയാക്കാനാണ് മത്സരിക്കുന്നത്.
ഗുര്‍ജിഫിന്റെ ചിന്തകള്‍
റഷ്യയിലെ പ്രമുഖ യോഗിയും ആത്മീയാചാര്യനുമായിരുന്ന ജി.ഐ.ഗുര്‍ജിഫ് (1877-1949) ദുര്‍ഗ്രഹതകളുമായി സംവാദം നടത്തിയാണ് ശ്രദ്ധേയനായത്. All and everything, The Herald of coming എന്നിവ ശ്രദ്ധേയ ഗ്രന്ഥങ്ങളാണ്.
മനുഷ്യന്‍ അവന്റെ പുരാതനവും യഥാര്‍ത്ഥവുമായ സത്യങ്ങളിലേക്ക് മടങ്ങണമെന്നും അതിനുള്ള പരിശീലനമാണ് തന്റെ ആത്മീയ പദ്ധതികളെന്നും ഗുര്‍ജിഫ് വിശദീകരിച്ചിട്ടുണ്ട്. ഗുര്‍ജിഫിന്റെ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.
-
മനുഷ്യന്റെ പ്രവൃത്തികള്‍ക്ക് പിറകില്‍ സ്ഥിരമായ ഒരു ‘ഞാന്‍’ ഇല്ല. ‘ഞാന്‍’ എന്ന വിചാരം മനുഷ്യന്റെ മിഥ്യകളിലൊന്നാണ്.
-
ചിന്തയ്ക്കും വികാരത്തിനും അനുസരിച്ച് അവനിലെ ‘ഞാന്‍’ മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ വിചാരിക്കുന്നത്, ഈ ‘ഞാന്‍’ ഒരിക്കലും മാറുന്നില്ലെന്നാണ്.
-
മനുഷ്യന്‍ ഓരോ നിമിഷവും പുതിയ വ്യക്തിയാണ്. എപ്പോഴും അവന്‍ വ്യത്യസ്തനായ വ്യക്തിയാണ്.
-
മനുഷ്യന്റെ ഓരോ ചിന്തയും അവന്റെ ആകെ അസ്തിത്വത്തില്‍ നിന്ന് വേര്‍പെട്ടാണ് നില്‍ക്കുന്നത്.
-
മനുഷ്യന്‍ ‘ഞാന്‍’ എന്നു പറയുന്നത് പലതാണ്. അതിന് ഏകവചനമായിരിക്കാനാവില്ല. അത് ഓരോ സന്ദര്‍ഭത്തിലും വ്യത്യസ്തമാണ്.
-
ബോധത്തില്‍ നിന്നുണ്ടാകുന്ന സ്‌നേഹം തിരിച്ചുകിട്ടുന്നതാണ്. വൈകാരിക സ്‌നേഹം അതിന്റെ വിരുദ്ധവികാരത്തെയാണ് ജനിപ്പിക്കുന്നത്.
-
സ്‌നേഹെത്തക്കുറിച്ചുള്ളതെല്ലാം മറന്നാലേ, സ്‌നേഹിക്കാനാവൂ.
-
നിങ്ങള്‍ ഉള്ളില്‍ സ്വതന്ത്രമാകുമ്പോഴാണ്, ചുറ്റുമുള്ളവരില്‍ നിന്ന് സ്വതന്ത്രമാവുന്നത്.
-
നിങ്ങളുമായി സമരം ചെയ്യാനാണ് നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. അതുകൊണ്ട് അവസരങ്ങള്‍ക്ക് എല്ലാവരോടും നന്ദി പറയുക.
-
സ്വയം മനസ്സിലാക്കാത്തിടത്തോളം, മനുഷ്യയന്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാത്തിടത്തോളം മനുഷ്യന്‍ ഒരു അടിമയായിരിക്കും.
വായന
ഓര്‍മ്മകളിലേക്ക് വിവശതയോടെ നോക്കുകയാണ് കവി മധു ആലപ്പടമ്പ്. അദ്ദേഹത്തിന്റെ സ്‌കൂളിലേക്കുള്ള വഴി (ജന്മഭൂമി വാര്‍ഷികപ്പതിപ്പ്) എന്ന കവിത സ്‌നേഹത്താല്‍ ഓര്‍മ്മകളാല്‍ വിറകൊള്ളുന്ന ഒരു ലോകത്തെ അനാവരണം ചെയ്യുന്നു.
”തുടലുപൊട്ടിച്ചലറുന്ന കവിതപോല്‍ ഇരുളില്‍ പായുന്ന പാളത്തില്‍ ജീവിതം” എന്ന് എഴുതിക്കൊണ്ട് കവി തനിക്ക് ഈ പൂര്‍വ്വസ്മൃതികളില്ലാതെ മറ്റൊരു ജീവിതമില്ലെന്ന് വിളിച്ചു പറയുന്നു.
സിവിക് ചന്ദ്രന്റെ ‘തന്തയ്ക്ക് പിറന്നതിനാല്‍’ (പ്രവാസി ശബ്ദം) എന്ന കവിതയില്‍ മലയാള സിനിമയില്‍ കൂടക്കൂടെ ഉപയോഗിക്കുന്ന ‘തന്ത’ പ്രയോഗത്തെ നല്ലപോലെ കളിയാക്കുന്നുണ്ട്. ഒറ്റത്തന്തയ്ക്ക് പിറക്കുന്നതിനെ മലയാള സിനിമാക്കാര്‍ എന്നും വാഴ്ത്താറുണ്ട്. നല്ലതുതന്നെ. എന്നാല്‍ സിവിക്കിന്റെ കവിതയില്‍ കുറ്റസമ്മതം നടത്തുന്നത് ഇങ്ങനെ സംഗ്രഹിക്കാം.
ഒറ്റത്തന്തയ്ക്ക് പിറന്നതുകൊണ്ടാണ് ഇങ്ങനെയായത്; മറ്റൊന്നുമാകാത്തതും. മുരടനും അഹങ്കാരിയും അസഹിഷ്ണുവും മുഴുക്കഞ്ചാവായ തെമ്മാടിയും അറുത്ത കയ്യില്‍ ഉപ്പുതേയ്ക്കാത്തവനും വാചകമേളവീരനുമാവാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണത്രേ!
ഭാര്യയുമായി പിണങ്ങുന്നവര്‍ അത് പരിഹരിക്കാന്‍ മാധവിക്കുട്ടിയുടെ ‘നെയ്പായസം’ എന്ന കഥ കയ്യില്‍ കരുതണമെന്ന് മുരളി കെ. കൈമള്‍ (മെട്രോ വാര്‍ത്ത വാര്‍ഷികപ്പതിപ്പ്) എഴുതുന്നു. ഭാര്യ ഉണ്ടാക്കിവച്ച നെയ്പായസം, ഭാര്യയുടെ ശവസംസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മാത്രം കണ്ടെത്തുന്ന ഭര്‍ത്താവിന്റെ കഥയാണിത്.
ഭ്രാന്തമായി സ്‌നേഹിക്കുന്ന ആണുങ്ങളുടെ മനസ്സ് എന്താണെന്ന് പരിശോധിക്കുകയാണ്. ‘മരീചിക’ എന്ന കഥയില്‍ അജിന സന്തോഷ് (ഒരുമ). പ്രേമിക്കുന്നവരെ നഷ്ടപ്പെടുമെന്ന് ചിന്ത ചിലരെ ഉന്മാദാവസ്ഥയിലെത്തിക്കാറുണ്ട്. പ്രേമിക്കുമ്പോള്‍ ബോധമുണരുകയും മറ്റെല്ലാറ്റിലും പ്രധാനമായ ഒരു യാഥാര്‍ത്ഥ്യം ഉയര്‍ന്നുവരുകയും ചെയ്യുന്നു. അതുവരെ അദൃശ്യമായിരുന്ന അനേകം വിനിമയങ്ങള്‍ കതകുതുറന്നു മനസ്സിലേക്ക് വരുകയാണ്. അതുകൊണ്ട് പ്രേമത്തില്‍ നിന്ന് തിരിച്ചുനടക്കുക പ്രയാസകരമാണ്. തീവ്രപ്രേമി ചിലപ്പോള്‍ സ്വയം മരിക്കുകയോ മറ്റുള്ളവരെ കൊല്ലുകയോ ചെയ്യാം. കാരണം അയാളുടെ മുന്‍പില്‍ താന്‍ പുതിയതായി എത്തിച്ചേര്‍ന്ന വിഭ്രാമക ജീവിതം മാത്രമേയുള്ളൂ. തന്നെ പ്രേമിച്ച് മാനസിക നിലതെറ്റിയ യുവാവിനോട് അനുതാപം തോന്നുന്ന യുവതിയുടെ കഥയാണ് ‘മരീചിക’യിലുള്ളത്.
മലയാളത്തിലെ മിക്ക എഴുത്തുകാരെയും ഇപ്പോഴും സ്വാധീനിക്കുന്നത് റിയലിസ്റ്റ് എഴുത്തുകാരായ ടോള്‍സ്റ്റോയിയും ദസ്തയെവ്‌സ്‌കിയുമാണ്. റിയലിസ്റ്റ് കഥ പറയുന്നവരെ മാത്രമേ ഇന്നത്തെ കവികള്‍ക്ക് മനസ്സിലാകുന്നുള്ളൂ എന്ന സത്യവുമുണ്ട്. ”എന്റെ യൗവ്വനകാലത്തെ എഴുത്തുകാരന്‍ ദസ്തയെവ്‌സ്‌കിയും മുതിര്‍ന്നപ്പോള്‍ ടോള്‍സ്റ്റോയിയുമാണെന്ന്” കല്പറ്റ നാരായണന്‍ (മാതൃഭൂമി) എഴുതുന്നു.
കല്പറ്റ നാരായണന്‍ മുതിര്‍ന്നത് കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷത്തിനിടയിലായിരിക്കുമല്ലോ. അപ്പോഴും വായന ടോള്‍സ്റ്റോയി തന്നെ! കഴിഞ്ഞ നൂറ്റാണ്ടിലെ യാതൊരു നവചിന്തകളുമായി താദാത്മ്യപ്പെടാന്‍ സാധിച്ചില്ല എന്നതാണ് കല്പറ്റ നാരായണന്റെ പ്രശ്‌നം. അദ്ദേഹം പലപ്പോഴും തന്റെ രാഷ്ട്രീയം നിഗൂഢമാക്കി വയ്ക്കുന്നു. ഇടയ്ക്ക് കുമാരനാശനെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ആശാന്റെയും മറ്റും നവലോക സ്വപ്‌നങ്ങളുമായി ബന്ധമുള്ള എന്തെങ്കിലും എഴുതാന്‍ കല്പറ്റയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രതിഭയുടെ കാലഘട്ടത്തിലെ കവിയല്ല അദ്ദേഹം; പ്രതിഭയ്ക്ക് ശേഷമുള്ള കാലത്തെ കവിയാണ്.
എം. കൃഷ്ണന്‍ നമ്പൂതിരി ‘രാജസൂയം’ ഓണപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ പേര് ‘ആത്മീയ ദര്‍ശനം, അര്‍ണോസ് പാതിരിയുടെ കൃതികളില്‍’ എന്നാണ്? ഒന്നു ചോദിക്കട്ടെ സുഹൃത്തേ, എം.എ ക്ലാസില്‍ പഠിച്ചതല്ലാതെ വെറൊന്നും എഴുതാനില്ലേ? ഒരു കലാശാലാ ഗവേഷണത്തിന്റെ ചതുരവടിവ് വിഷയമല്ലേ മേലുദ്ധരിച്ചത്? പാതിരിയുടെ കവിതകളെ വാഴ്ത്തുമ്പോള്‍ തന്നെ, ആധുനികകാലത്ത് സംഭവിച്ചിട്ടുള്ള സൈദ്ധാന്തിക, ദാര്‍ശനിക പാഠങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതുകാണാം. ഒരു അടഞ്ഞമുറിയിലെ ചര്‍ച്ചയാണിത്. ആശയങ്ങളുടെ ചരിത്രത്തിലൂടെ സഞ്ചരിച്ചുവേണം ഇതൊക്കെ ആലോചിക്കാന്‍. പാതിരിയുടെ കാലത്തെ സാമൂഹ്യബോധവും ലോക വിജ്ഞാനവുമാണ് ആ കൃതികളിലുള്ളത്. അവിടെത്തന്നെ തളം കെട്ടി കിടക്കുകയാണ് കൃഷ്ണന്‍ നമ്പൂതിരിയുടെ യാഥാസ്ഥിതിക ചിന്തകള്‍.
നുറുങ്ങുകള്‍
-
ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞനായ ജാക്യൂസ് ദെറിദയുടെ Writing and difference എന്ന ദാര്‍ശനിക കൃതിയെപ്പറ്റി ഒരു നല്ല ലേഖനം എഴുതാന്‍ മലയാളത്തിലെ ഒരു യുജിസി പ്രൊഫസര്‍ക്കും കഴിഞ്ഞിട്ടില്ല ഇതാണ് യുജിസിയുടെ ദുഃഖം.
-
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ പ്രേക്ഷകന് ഒരു പുതിയ അനുഭവം നല്‍കുന്നു. കൂടുതല്‍ സീനുകളും രാത്രിയില്‍ ഷൂട്ട് ചെയ്തിരിക്കയാണ്. പെല്ലിശ്ശേരിയുടെ രാത്രി ഇഫക്ട് മലയാള സിനിമയുടെ കാഴ്ചയ്ക്ക് പുതിയ ഒരു പാഠം കൂട്ടിച്ചേര്‍ക്കുകയാണ്. നായിക, നായകന്‍, വില്ലന്‍, തറവാട് എന്നിങ്ങനെ ചുറ്റിക്കറങ്ങി, ആടിപ്പാടി അവസാനിക്കുന്ന നമ്മുടെ പതിവ് സിനിമയെ ഒരു വിരണ്ട പോത്തില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍.
-
സിനിമ വെറും കഥപറച്ചിലല്ല; അത് ദൃശ്യങ്ങളുടെ ആഖ്യാനമാണ്. നമ്മള്‍ കാണാത്ത ദൃശ്യങ്ങളും സമീപനങ്ങളും ഉണ്ടാകണം. പെല്ലിശ്ശേരിയുടെ പോത്ത് പല മാനങ്ങളില്‍ നിറയുന്നു. അത് പെട്ടെന്ന് നമ്മെ പിടിച്ചുലയ്ക്കുന്ന ഒരു വാര്‍ത്തയാകാം, സംഭവമാകാം, ദുരന്തമാകാം. മനുഷ്യന്‍ ഒരു യുക്തിജീവിയല്ല, വികാരജീവി എന്ന ദുരന്തമാണെന്ന് ഇത് തെളിയിക്കുന്നു. നാഗരികത വെറുമൊരു മറ മാത്രമാണെന്ന് ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
-
കിടങ്ങറ ശ്രീവത്സന്റെ ഇറ്റുവീഴുന്ന രാത്രി (കേസരി വാര്‍ഷികപ്പതിപ്പ്) എന്ന കവിത ഈ കാലത്തിന്റെ തമസ്സ് ഒരു മരണത്തിലൂടെ കാണിച്ചുതരുന്നു.