ലോകത്തെല്ലായിടത്തും കമ്മ്യൂണിസം ഒരു പോലെയാണ്. സമത്വസുന്ദരമായ ഒരു ലോകത്തെക്കുറിച്ച് അവര്‍ സംസാരിക്കും. അസമത്വങ്ങളുടെ ഒരു ലോകം അവര്‍ സൃഷ്ടിക്കും. അധികാരം കിട്ടുവോളം ജനകീയ ജനാധിപത്യത്തെക്കുറിച്ച് വാചാലരാകും. അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഏകാധിപത്യം അലങ്കാരമാക്കും. പാവങ്ങള്‍ക്കു വേണ്ടി സംസാരിക്കും, പണക്കാര്‍ക്കു വേണ്ടി നിലകൊള്ളും. പരസ്യമായി വര്‍ഗ്ഗീയതയ്‌ക്കെതിരെന്ന് മേനി നടിക്കും. രഹസ്യമായി വര്‍ഗ്ഗീയശക്തികളുമായി പങ്കു കച്ചവടം ചെയ്യും. അധികാരത്തിലെത്തുവോളം എല്ലാവര്‍ക്കും തൊഴിലെന്ന് പറയുന്ന സഖാക്കള്‍ അധികാരത്തിലെത്തിയാല്‍ നേതാക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കുമായി ഉദ്യോഗം വീതംവയ്ക്കും. ഇങ്ങനെ വാക്കും പ്രവൃത്തിയും, സിദ്ധാന്തവും പ്രയോഗവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ലാത്തതിനെയാണ് കമ്മ്യൂണിസമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും നാം വിളിക്കുന്നത്. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നല്‍കിയാല്‍ വിഷവും വാങ്ങിക്കഴിക്കുന്ന മലയാളി കമ്മ്യൂണിസ്റ്റ് വിഷം സേവിച്ച് മരണാസന്ന സമൂഹമായി മാറിയിരിക്കുന്നു. തൊഴിക്കുന്ന കാലില്‍ ചുംബിച്ച് കഴിയാനാണ് മലയാളിയുടെ വിധി. ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരും ഉദ്യോഗാര്‍ത്ഥികളുമുള്ള കേരളത്തില്‍ ഉദ്യോഗ നിയമനങ്ങള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കും അവരുടെ ഭാര്യയ്ക്കും ബന്ധുവിനും പിന്നെയും വല്ലതും ബാക്കി ഉണ്ടെങ്കില്‍ പെട്ടി താങ്ങികളായ ഏഴാം കൂലി സഖാക്കള്‍ക്കും മാത്രമായി സംവരണം ചെയ്ത് കഴിഞ്ഞിരിക്കുന്നു. എല്ലാ മേഖലയിലും കേരളം തോറ്റു തുന്നം പാടുമ്പോള്‍ പിണറായി ഭജനപ്പാട്ടുകാരായ സാംസ്‌കാരിക നായകന്മാര്‍ ഇരട്ടച്ചങ്കിന്റെ മാഹാത്മ്യം പാടി എച്ചില്‍ കൂനയിലെ ഉച്ചിഷ്ടത്തിന് വേണ്ടി കടിപിടികൂടുകയാണ്. തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട കേരളത്തില്‍ നിന്നും ഭാവിതലമുറ നാടുവിടുമ്പോള്‍ മദ്യവ്യാപാരവും മയക്കുമരുന്ന് കച്ചവടവുമായി ഭീകരവാദികള്‍ കളം നിറയുകയാണ്. നീതി നിഷേധങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ പ്രതിപക്ഷത്തിനു പോലും കഴിയാത്ത സാഹചര്യത്തില്‍ വയോവൃദ്ധനായ ഒരു ഗവര്‍ണ്ണര്‍ ഭരണകൂട അനീതികള്‍ക്കെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുന്ന അവസ്ഥയാണ് വര്‍ത്തമാനകാല കേരളത്തിന്റെ മുഖചിത്രം.
കേരളാ ഗവര്‍ണ്ണറെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിന്റെ കാരണം അദ്ദേഹം സര്‍വ്വകലാശാലകളിലെ അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും ചോദ്യം ചെയ്തതാണ്. കുറെ കാലമായി കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ ഉയര്‍ന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സിപിഎം പോഷക സംഘടനകളിലെ നേതാക്കള്‍ക്കോ അവരുടെ ഭാര്യമാര്‍ക്കോ സംവരണം ചെയ്തിരിക്കുകയാണെന്ന് കാണാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കി കൊണ്ട് എല്ലാ നീതി മര്യാദങ്ങളും ലംഘിച്ച് നടക്കുന്ന ഈ അനധികൃത നിയമനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദേവസ്വം ബോര്‍ഡ് കോളേജുകളിലെ അവസ്ഥയും സമാനമാണ്. അടുത്ത കാലത്ത് 250 യോഗ്യരായ അപേക്ഷകരെ മറികടന്നാണ് സി.പി.എം നേതാവിന്റെ ഭാര്യയെ അധ്യാപികയായി നിയമിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളും സി.പി.എം ബന്ധു നിയമനങ്ങള്‍ക്കു മാത്രമുള്ള ലാവണമാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഐ.ടി.വകുപ്പില്‍ മാത്രം 187 അനധികൃത നിയമനങ്ങള്‍ നടന്നതായാണ് അറിയാന്‍ കഴിഞ്ഞത്. പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ പുതിയ തസ്തികകള്‍ വരെ ഉണ്ടാക്കുന്ന തിരക്കിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്‍മാര്‍. സി ഡിറ്റില്‍ 51 പേരെ അനധികൃതമായി നിയമിച്ചിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
താത്കാലിക നിയമനത്തിന്റെ മറവില്‍ നടക്കുന്ന അട്ടിമറികള്‍ കേരളത്തിന്റെ ചരിത്രത്തില്‍ നാളിതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത നീതി നിഷേധങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളില്‍ നിയമിക്കപ്പെടാനുള്ള അടിസ്ഥാന യോഗ്യത സി.പി.എം അംഗമായിരിക്കുക എന്നതു മാത്രമായിരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജോലി ഒഴിവുകള്‍ നികത്താന്‍ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് ഇന്ന് അങ്ങാടിപ്പാട്ടായി മാറിയിരിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷകളും എഴുതി തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് സ്വജന നിയമനങ്ങള്‍ കൊണ്ട് സി.പി.എം കേരളത്തെ വെല്ലുവിളിക്കുന്നത്. താത്ക്കാലിക, കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന് വിടാതെ എ.കെ.ജി സെന്ററിനു വിടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. മുപ്പത്തഞ്ച് ലക്ഷത്തിനു മേലെ തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന നാട്ടിലാണ് യോഗ്യരെ തെരുവില്‍ നിര്‍ത്തി അയോഗ്യ സഖാക്കളെ നിയമിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മിഷനുകളിലും മറ്റ് വിവിധോദ്ദേശ്യ കമ്പനികളിലും കരാര്‍ നിയമനങ്ങള്‍ പാടില്ലെന്ന് പല കാലത്തും എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ പുല്ലുവിലയാണ് കല്‍പ്പിച്ചിട്ടുള്ളത്. ബോര്‍ഡ്, കോര്‍പ്പറേഷന്‍, കിഫ്ബി പോലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും മാര്‍ക്‌സിസ്റ്റ് പിന്‍വാതില്‍ നിയമനമാണ് നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നത്. ‘എവിടെ എന്റെ തൊഴില്‍’ എന്നു ചോദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ദില്ലിക്ക് പോയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ പാര്‍ട്ടി ഓഫീസ് വഴി തന്നെയെന്ന് ഉറപ്പാക്കാനുള്ള കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറാന്‍ മറന്നിരുന്നില്ല. കമ്യൂണിസ്റ്റ് വഞ്ചനയില്‍ തൊഴിലും ജീവിതവും വഴിമുട്ടിയ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിന്റെ തെരുവുകളില്‍ തീയായി പടരുന്ന കാലം വിദൂരമല്ല. ബംഗാളിലും ത്രിപുരയിലും മുടിചൂടാമന്നന്മാരായി നടന്ന സഖാക്കന്മാര്‍ക്ക് ഇന്ന് തെരുവിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അനതിവിദൂര ഭാവിയില്‍ കേരളത്തിലും നീതി നിഷേധിക്കപ്പെടുന്ന തൊഴില്‍ രഹിതന്റെ രോഷത്തില്‍ കമ്മ്യൂണിസ്റ്റ് രാവണന്‍ കോട്ടകള്‍ എരിഞ്ഞടങ്ങുന്നത് ലോകം കാണും.





















