ഒരു വ്യക്തി അതിന്റെ പ്രകടീകരണത്തിനു അറിഞ്ഞോ അറിയാതേയോ അനുഷ്ഠിക്കുന്ന തപസ്സാണ് അമ്മയുടെ ഗര്‍ഭത്തിലുള്ള വാസം. ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ ഹൃദയം, ശ്വാസകോശം, തലച്ചോറ് മുതലായ അവയവങ്ങള്‍ സൃഷ്ടിക്കുന്ന പണിപ്പുരയാണ് അമ്മയുടെ ഗര്‍ഭാശയം. അവിടെയിരിക്കുന്ന കുട്ടിയുടെ സ്ഥിതിയാണ് ഈ ആസനത്തിലൂടെ അനാവൃതമാവുന്നത്.
ചെയ്യുന്ന വിധം
പത്മാസനത്തിലിരിക്കുക. കൈകള്‍ അതാത് തുടയുടേയും ജംഘയുടെയും ഇടയിലൂടെ താഴ്ത്തുക. കൈമുട്ടുവരെ ഉള്ളിലേക്കു പോകട്ടെ. പൃഷ്ഠം നിലത്തുറപ്പിച്ചു കൊണ്ട് കാലുകള്‍ ഉയര്‍ത്തിക്കൊണ്ട്, ശ്വാസമെടുത്തുകൊണ്ട്, കൈകള്‍ മുട്ടില്‍ മടക്കി ഉയര്‍ത്തി ചെവികള്‍ പിടിക്കുക. കണ്ണുകള്‍ അടച്ചോ തുറന്നോ ആകാം. ശ്വാസം സാധാരണയാക്കി അല്പനേരം നിന്ന ശേഷം തിരിച്ചു വരിക. കാലുകള്‍ മാറ്റിപ്പിണച്ച് ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
അഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം ക്രമീകൃതമാവും. മനസ്സു ശാന്തമാവും. വൈകാരിക സന്തുലനവും സുരക്ഷിതത്വവും കൂടും. പെട്ടെന്ന് ക്രോധിക്കുന്നത് നിയന്ത്രിക്കപ്പെടും. ഉദരപേശികള്‍ക്കും നല്ലതാണ്.