സാങ്കേതികരംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ ഏതൊരു രാജ്യത്തിന്റെയും വികസനപ്രക്രിയയ്ക്ക് അത്യന്താപേക്ഷിതമാണ്. ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്സിന്റെ ആറാം സമ്മേളനത്തില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5 ജി അഥവാ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തിന്റെ സാങ്കേതിക രംഗത്ത് ഒരു പുതിയ യുഗത്തിന് തുടക്കമാവുകയാണ്. ഇന്റര്‍നെറ്റ് സേവന രംഗത്ത് കൂടുതല്‍ വേഗതയും കാര്യക്ഷമതയും നൂതന സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിലൂടെ ഭാരതത്തില്‍ പ്രവര്‍ത്തനസജ്ജമാകാന്‍ പോകുന്നത്.
തൊണ്ണൂറുകള്‍ക്ക് ശേഷം സാധാരണക്കാര്‍ക്കിടയിലേക്ക് രംഗപ്രവേശം ചെയ്ത മൊബൈല്‍ ഫോണുകള്‍ അനലോഗ് സംവിധാനത്തിലുള്ളവയായിരുന്നു. പരിമിതികള്‍ ധാരാളമുണ്ടായിരുന്ന ഈ സാങ്കേതികവിദ്യയില്‍ ചില പരിഷ്‌കാരങ്ങളുമായാണ് രണ്ടാം തലമുറ അഥവാ 2 ജിയുടെ കടന്നുവരവുണ്ടായത്. ഇതോടെ സാങ്കേതിക വിദ്യ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്ക് രൂപാന്തരം പ്രാപിച്ചു. സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ ജനകീയമായതും ഇടതടവില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കിയതും 3 ജിയുടെ കടന്നുവരവാണ്. 2015 ല്‍ 4 ജി സംവിധാനം ആവിഷ്‌കരിക്കപ്പെട്ടതോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സര്‍വ്വസാധാരണക്കാരായ ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയില്‍ തന്നെ ഇടംപിടിക്കുകയായിരുന്നു.
ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ വെച്ച് രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ എന്നിവര്‍ 5 ജി സാങ്കേതിക വിദ്യയുടെ പ്രദര്‍ശനം നടത്തി. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാര്‍ ദല്‍ഹിയിലിരുന്നുകൊണ്ട് പ്രധാനമന്ത്രി ഓടിച്ചത് ഈ രംഗത്ത് വരാനിരിക്കുന്ന അത്ഭുതകരമായ കുതിച്ചുചാട്ടങ്ങളുടെ കൗതുകകരമായ സൂചനകളിലൊന്നാണ്. വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യമാണ് 5 ജിയുടെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 4 ജിയില്‍ ഇന്റര്‍നെറ്റ് വേഗത എംബിപിഎസിലാണെങ്കില്‍ 5 ജി യാഥാര്‍ത്ഥ്യമാകുന്നതോടെ അത് ജിബിപിഎസിലേക്ക് കുതിക്കും. അതായത് നിലവിലുള്ള ഇന്റര്‍നെറ്റ് വേഗതയുടെ പതിന്മടങ്ങ് വേഗമാണ് വയര്‍ലെസ് സാങ്കേതികവിദ്യയുടെ ഈ അഞ്ചാം തലമുറയിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. 5 ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യും. തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡാറ്റാ നിരക്ക്, കുറഞ്ഞ ലേറ്റന്‍സി, വിശ്വസനീയമായ ആശയവിനിമയം എന്നിവ ഉറപ്പുനല്‍കുന്നതിന് 5 ജി സാങ്കേതികവിദ്യ സഹായകരമാകും. കൂടാതെ, ഇതിലൂടെ ഊര്‍ജ്ജ കാര്യക്ഷമത, സ്‌പെക്ട്രം കാര്യക്ഷമത, നെറ്റ് വര്‍ക്ക് കാര്യക്ഷമത എന്നിവയും വര്‍ദ്ധിക്കും. ഉയര്‍ന്ന വേഗതയുള്ള മൊബിലിറ്റിയും, കൂടുതല്‍ നിലവാരമുള്ള വീഡിയോ സേവനങ്ങളും, ടെലി സര്‍ജറി, ഓട്ടോണമസ് കാറുകള്‍ തുടങ്ങിയ നിരവധി സേവനങ്ങളും പുതിയ സാങ്കേതികവിദ്യയിലൂടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയെയും ഉത്തേജിപ്പിക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളിലെ മനുഷ്യ അദ്ധ്വാനം കുറയ്ക്കുന്നതിനും 5ജി സഹായകരമാകും. വിദ്യാഭ്യാസം, കൃഷി, കാലാവസ്ഥ, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിലും 5 ജിയുടെ ആവിര്‍ഭാവത്തോടെ വലിയ പുരോഗതിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുരുക്കത്തില്‍ അനന്തസാധ്യതകളുടെ നീലാകാശമാണ് 5 ജി തുറന്നു വെക്കുന്നത്.
2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം മുന്നോട്ടു വെച്ച ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യ സമ്പന്നര്‍ക്ക് മാത്രമുള്ളതാണെന്നും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ലെന്നും കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിച്ചേരാന്‍ കാരണമായി. ഇതിന്റെ ഫലമായി ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു 5 ജി ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം. ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നീ നാല് തൂണുകളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇതിന് സാധിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014 ല്‍ രണ്ട് മൊബൈല്‍ നിര്‍മാണശാലകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുനൂറിലേറെ നിര്‍മാണശാലകളുണ്ടെന്നും 2014 ല്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി ഒട്ടും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് ആയിരക്കണക്കിന് കോടിയുടെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുള്ള 100 പഞ്ചായത്തുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1.7 ലക്ഷം പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ഫൈബര്‍ കണക്റ്റിവിറ്റിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 13 മഹാനഗരങ്ങളിലായിരിക്കും 5 ജി സാങ്കേതിക വിദ്യയനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാവുക. പിന്നീട് മറ്റു നഗരങ്ങളിലേക്കും ഈ സേവനങ്ങളെത്തും. കുറഞ്ഞ നിരക്കില്‍ 5 ജി സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് പുതിയ സാങ്കേതികവിദ്യ പ്രവര്‍ത്തന സജ്ജമാകുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തോതില്‍ സഹായകമാകുകയും ഇതുവഴി അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലും വലിയ ചലനമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. യുപിഎ ഭരണകാലത്ത് ഇത്തരം സാങ്കേതിക പരിഷ്‌കാരങ്ങളും പദ്ധതികളും വലിയ അഴിമതിയിലേക്കാണ് നയിച്ചത്. 2 ജി വില്‍പ്പനയിലൂടെ മാത്രം ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കൊന്നും ഇടനല്‍കാതെയാണ് സാങ്കേതിക രംഗത്തും സൈനിക രംഗത്തും ഉള്‍പ്പെടെ അതിവേഗത്തില്‍ ആധുനികവല്‍ക്കരണം സാധ്യമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌പെക്ട്രം ലേലം നടന്നത് കഴിഞ്ഞ മാസമാണ്. ഈ ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപക്ക് മുകളില്‍ ലേലം നടന്നു. 5 ജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 450 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും ഈ ദശകത്തിന്റെ അവസാനത്തോടെ 6 ജി സേവനത്തിലേക്ക് മാറാന്‍ കഴിയുമെന്നുമുള്ള പ്രധാനമന്ത്രിയുടെ ഉറച്ച വാക്കുകള്‍ വന്‍ശക്തി രാജ്യങ്ങളുടെ ഇടയിലേക്കുള്ള ഭാരതത്തിന്റെ കടന്നുവരവിനെയാണ് സൂചിപ്പിക്കുന്നത്.