1993 ലാണ് മൗണ്ട് പലോമര്‍ വാനശാസ്ത്രകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ യൂജിന്‍ ഷൂമാക്കറും ഡേവിഡ് ലെവിയും വ്യാഴത്തിന് സമീപം ഒരു വാല്‍നക്ഷത്രത്തിന്റെ സാന്നിധ്യം ശ്രദ്ധിച്ചത്. പ്രപഞ്ചത്തില്‍ അലഞ്ഞുനടക്കുന്ന സാന്ദ്രത കുറഞ്ഞ പ്രപഞ്ചവസ്തുക്കളാണ് വാല്‍നക്ഷത്രങ്ങള്‍. സൂര്യന്റെയോ നക്ഷത്രങ്ങളുടെയോ സമീപമെത്തുമ്പോള്‍ മാത്രം അവയിലെ ഉപരിതലം ബാഷ്പീകരിച്ച് പിന്നില്‍ തിളങ്ങുന്ന ഒരു വാല്‍ രൂപം കൊള്ളും. അതൊരു മനോഹരകാഴ്ചയാണ്. എന്നാല്‍ ദൂരെയായിരിക്കുമ്പോള്‍ ഒരു വലിയ പാറക്കല്ല് മാത്രമാണിവ. അതുകൊണ്ടുതന്നെ അവയെ അപ്പോള്‍ നിരീക്ഷിക്കാനും ബുദ്ധിമുട്ടാണ്. പക്ഷേ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ഈ സാധനമെന്താണെന്നു വിശകലനം ചെയ്തപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഇതിനധികം പഴക്കമില്ല എന്ന്. കണ്ടെത്തുന്നതിനും പത്തുമുപ്പതു കൊല്ലങ്ങള്‍ക്ക് മുമ്പ് അലഞ്ഞുനടക്കവേ വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണത്തില്‍ പെട്ടുപോയ പാവം ഒരു വാല്‍നക്ഷത്രമായിരുന്നു അത്. അത് കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരുടെ പേര് തന്നെ അതിനു നല്‍കുകയും ചെയ്തു. ഷൂമാക്കര്‍ ലെവി.
ഇതിന്റെ ഭ്രമണപഥം നിരീക്ഷിച്ചപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി മനസ്സിലായി. ഈ വാല്‍നക്ഷത്രത്തിന്റെ വ്യാഴത്തിന് ചുറ്റുമുള്ള ഭ്രമണപഥം തുടര്‍ച്ചയായി താഴുകയാണ്, വീണ്ടും സൂക്ഷ്മമായി കണക്കാക്കിയപ്പോള്‍ 1994 ജൂലായ് 16 നും 22 നും ഇടയില്‍ അവന്‍ വ്യാഴത്തിലേക്ക് ഇടിച്ചിറങ്ങും എന്നതായിരുന്നു അത്. ആദ്യമായി രണ്ടു പ്രപഞ്ചവസ്തുക്കളുടെ ഏറ്റുമുട്ടല്‍ നേരിട്ടുകാണാന്‍ പോകുന്ന സാഹചര്യത്തില്‍ വാനശാസ്ത്രകുതുകികള്‍ സടകുടഞ്ഞുണര്‍ന്നു. അങ്ങനെ അവസാനം ഒരു പടുകൂറ്റന്‍ മത്താപ്പ് പോലെ ഷൂമാക്കര്‍ ലെവി വ്യാഴത്തിന്റെ അന്തരീക്ഷത്തെ പ്രകാശമാനമാക്കി ഭീമന്‍ ഗൃഹത്തിലേക്ക് ഇടിച്ചിറക്കി.
അന്ന് എന്നെപ്പോലുള്ള ശാസ്ത്രവിദ്യാര്‍ത്ഥികള്‍ ആദ്യം ചിന്തിച്ചത് ഇതുപോലൊന്ന് ഭൂമിയുടെ നേരെ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ്. ആയിരക്കണക്കിന് അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്ന ശക്തിയോടെയാണ് ഷൂമാക്കര്‍ ലെവി വ്യാഴത്തില്‍ ഇടിച്ചത്. അങ്ങനൊന്ന് ഭൂമിയില്‍ സംഭവിച്ചാല്‍ പിന്നെ ഭൂമി തന്നെ ബാക്കിയുണ്ടാകില്ല.
അതേത്തുടര്‍ന്ന് 1998 ലാണ് മൈക്കല്‍ ബേ അണിയിച്ചൊരുക്കിയ വിഖ്യാത ഹോളിവുഡ് സിനിമ, അര്‍മ്മഗഡന്‍ റിലീസ് ചെയ്യുന്നത്. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഒരു വാല്‍നക്ഷത്രത്തെ അവിടേക്ക് ചെന്ന് ഒരു വലിയ ന്യൂക്ലിയര്‍ സ്‌ഫോടനം നടത്തി ചിതറിച്ചു ഭൂമിയെ രക്ഷിക്കുന്നതായിരുന്നു അതിന്റെ പ്രമേയം.
ഇങ്ങിനെയൊരു അപകടസാധ്യത നിലനില്‍ക്കുന്നത് കൊണ്ടുതന്നെ അതെങ്ങനെ നേരിടും എന്നുള്ള ആലോചനയില്‍നിന്നാണ് DART (Double Asteroid Redirection Test) എന്ന വമ്പന്‍ പദ്ധതി രൂപം കൊണ്ടത്.
ഭൂമിക്കും ചൊവ്വക്കുമിടയില്‍ കറങ്ങുന്ന ലക്ഷക്കണക്കിന് ചെറുഗ്രഹങ്ങളില്‍ ഒന്നായ ദിദിമോസിനെ വലം വെയ്ക്കുന്ന ഡിമോര്‍ഫസ് എന്ന ഉല്‍ക്കയില്‍ ഒരു മനുഷ്യനിര്‍മ്മിത പേടകം ഇടിപ്പിച്ച് അതിന്റെ ഭ്രമണപഥത്തിന്റെ ഗതി മാറ്റാന്‍ കഴിയുമോ എന്നതാണ് പരീക്ഷണം. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുമ്പോള്‍ സംഭവിക്കുന്നത് പോലെ തന്നെ.
2021 നവംബര്‍ 24 DART എന്ന ബഹിരാകാശ ചാവേര്‍ ഫാല്‍ക്കണ്‍ റോക്കറ്റിലേറി യാത്രതിരിച്ചു. ഒന്‍പത് മാസത്തെ യാത്രക്ക് ശേഷം കൃത്യമായി കണക്കു കൂട്ടിയത് പോലെ മാനവരാശിയുടെ ഈ ബ്രഹ്മാസ്ത്രം ഡിമോര്‍ഫസില്‍ ഇടിച്ചിറങ്ങുന്ന ദൃശ്യം രോമാഞ്ചത്തോടുകൂടിയാണ് ആസ്വദിച്ചത്. ഈ കൂട്ടിയിടി മൂലം ഡിമോര്‍ഫസിന്റെ ഭ്രമണപഥത്തിനു എത്രത്തോളം വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നത് വരും ദിവസങ്ങളിലെ അറിയാന്‍ കഴിയൂ.
എന്തായാലും, മാനവപുരോഗതിയിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് DART പദ്ധതി.
Comments