Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്

എ.ആര്‍.മോഹനകൃഷ്ണൻഎ.ആര്‍.മോഹനകൃഷ്ണൻ
19 August 2022

ആഗസ്റ്റ് 28- മഹാത്മാ അയ്യന്‍കാളി ജയന്തി

Google NewsAdd Kesari Weekly as a preferred source on Google

മഹാത്മ അയ്യന്‍കാളിയുടെ സമയത്തും അതിനു മുന്‍പും പിന്‍പും ജീവിച്ചിരുന്ന മിക്കവാറും എല്ലാ സാമൂഹ്യ നായകന്മാരുടെതിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു, അയ്യന്‍കാളിയുടെ പ്രവര്‍ത്തനത്തിന്റെ വിജയ സാധ്യത. കേരളത്തില്‍ കുറച്ചു ശതകങ്ങളായി വേരു പിടിച്ചിരുന്ന ജാതീയ ഉച്ചനീചത്വങ്ങളുടെ പ്രഭാവം പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. എന്തിനധികം തുഞ്ചത്താചാര്യന്‍ പോലും സ്വയം വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ല എന്നു കരുതുയിരുന്നതുകൊണ്ട് താന്‍ ജാതിയുടെ നിരര്‍ത്ഥകത പറഞ്ഞാല്‍ സ്വീകരിക്കാന്‍ സമൂഹം മടിച്ചേക്കുമോയെന്നു സംശയിച്ച് അവതാര പുരുഷനായ ശ്രീരാമചന്ദ്രനെക്കൊണ്ട് ശബരിയോട് ജാതി നാമാശ്രമാദികളല്ല മമ ഭജനത്തിനാധാരം എന്നു പറയിക്കുന്നത് കാണാം. നാല് ശതകങ്ങള്‍ കഴിഞ്ഞിട്ടും മാറ്റങ്ങളേറെയൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ശ്രീനാരായണ ഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും പിന്നീട് ദശകങ്ങള്‍ക്കു ശേഷം വി.ടി. ഭട്ടതിരിപ്പാടിനും ഒരു പുലയക്കുടിയില്‍ ലഭിച്ചിരുന്ന സ്വീകാര്യതയും ബഹുമാനവും സ്വസമുദായ ഭവനങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ആയിരുന്നു. എന്നാല്‍ അയ്യന്‍കാളിയെ ഉന്നതരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ ഭവനങ്ങളില്‍ സ്വീകരിച്ചിരുത്തണമെങ്കില്‍ സ്വീകരിക്കുന്നവനും സ്വീകരിക്കപ്പെടുന്നവനും ഏറെ ഉയരേണ്ടിയിരുന്നു. ആ ഔന്നത്യമാണ് ശ്രീനാരായണ ഗുരുദേവനും മന്നത്തു പത്മനാഭനും ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയും അയ്യന്‍കാളിയുമെല്ലാം കൈവരിച്ചത്. അതിന് അയ്യന്‍കാളിക്ക് ഏറെ പരിശ്രമിക്കേണ്ടിയിരുന്നു, കാരണം സമതലത്തിലൊഴുകുന്ന ജലത്തെ മലമുകളിലെത്തിക്കാന്‍ ഏറെ കുതിരശക്തി വേണ്ടിവരുമല്ലോ? ഇതു സമത്വത്തിനായുള്ള കുതിരശക്തിയായിരുന്നു. ഇതു തന്നെയാണ് മഹാത്മാ അയ്യന്‍കാളിയുടെ സവിശേഷതയും.

ജീവിതത്താളുകളിലൂടെ
മറ്റു നവോത്ഥാന നായകര്‍ക്കനുഭവിക്കേണ്ടി വന്നതിനേക്കാള്‍ ഭീകരമായ അനുഭവങ്ങളും നേരിട്ടുള്ള ശാരീരിക ആക്രമണങ്ങളും അയ്യന്‍കാളിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെയെല്ലാം സമചിത്തതയോടെ നേരിട്ട് ആ മഹാത്മാവ് വിജയിച്ചു. 1863 ആഗസ്റ്റ് 28 (കൊ.വ.1039 ചിങ്ങം 14 അവിട്ടം നക്ഷത്രം) തിരുവനന്തപുരത്തിനടുത്ത് വെങ്ങാനൂരില്‍ അയ്യന്‍മാല ദമ്പതികള്‍ക്ക് ജനിച്ച 10 മക്കളില്‍ മൂത്തതായിരുന്നു അയ്യന്‍കാളി. ഇതില്‍ രണ്ടു പേര്‍ അകാലത്തില്‍ മരിച്ചു. അവശേഷിച്ച 8 പേരില്‍ അഞ്ച് ആണും 3 പെണ്ണും. കാളിക്കു സഹോദരന്മാരായി ചാത്തന്‍, ഗോപാലന്‍, വേലായുധന്‍, വേലുക്കുട്ടി എന്നിവരും സഹോദരിമാരായി കണ്ണ, ചിന്ന, കുഞ്ഞി എന്നീ മൂന്നു പേരും. ഓമനപ്പേരായി വിളിച്ച കാളി എന്ന പേരിന്റെ കൂടെ അച്ഛന്റെ പേരായ അയ്യന്‍ കൂടി ചേര്‍ത്ത് അയ്യന്‍കാളിയായി അറിയപ്പെട്ടു. 1888 മാര്‍ച്ചില്‍ അയ്യന്‍കാളി (25 വയസ്സ്) മാഞ്ചാം കുഴി തറവാട്ടിലെ ചെല്ലമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്കു മക്കളായി നാലാണും ഒരു പെണ്ണും ജനിച്ചു. അനേകം സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ആ ജീവിതം 1941 ജുണ്‍ 18ന് അവസാനിച്ചു. ജീവിച്ച വര്‍ഷത്തേക്കാള്‍ പ്രധാനം വര്‍ഷിച്ച ജീവിതമാണെന്നതിനാല്‍ അതാണ് പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും.

ADVERTISEMENT

തലവിധി മാറ്റിയ തലപ്പന്ത്
കാളി കുട്ടിയായിരിക്കുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായുണ്ടായ ഒരു സംഭവമാണ് കാളിയെ മഹാത്മാ അയ്യന്‍ കാളിയാക്കുന്നതിനുള്ള വഴിത്താര തുറന്നത്. കുട്ടികളുമൊത്ത് തലപ്പന്ത് കളിക്കുമ്പോള്‍ അബദ്ധവശാല്‍ കാളി അടിച്ച പന്ത് ഒരു സവര്‍ണ്ണന്റെ പുരമുകളില്‍ വീണു. അതിന് ആ പ്രമാണിയുടെ കൈയ്യില്‍ നിന്നു കിട്ടിയ തല്ലിനു പുറമേ സ്വന്തം അച്ഛന്റെ കൈയ്യില്‍ നിന്നും കണക്കിനു കിട്ടി. ഇത് കാളിയെ ഇരുത്തി ചിന്തിപ്പിച്ചു. ദിവസങ്ങളുടെ ആലോചനയ്ക്കു ശേഷം കാളി സ്വസമുദായത്തിലെ കുട്ടികളുടെ ഒരു സംഘം തുടങ്ങി. കളികള്‍ക്കു പുറമേ കലാപരിപാടികളും ആസൂത്രണം ചെയ്തു. ഹരിശ്ചന്ദ്ര നാടകം, കാക്കരശ്ശി നാടകം എന്നിങ്ങനെ എന്തു കലാപ്രകടനമായാലും ആത്യന്തിക വിജയം ധര്‍മ്മത്തിനായിരിക്കും. ആരും അവരോധിക്കാതെ തന്നെ കാളി ‘മൂത്ത പിള്ളയും, ഊര്‍പിള്ളയു’മെല്ലാമായി. പതുക്കെ പതുക്കെ ഈ സംഘം കളരി മുതലായ കായികാഭ്യാസങ്ങളും പഠിച്ചു തുടങ്ങി.

വെല്ലുവിളിയുമായി ഒരു വില്ലുവണ്ടി
കേരളത്തിന്റെ വടക്കേയറ്റത്ത് മലബാറില്‍ 1892 ല്‍ കണ്ട ഹൃദയഭേദകമായ കാഴ്ചയെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഏവരുടെയും മനസ്സിലുണ്ടാക്കിയ നീറ്റല്‍ ഇന്നും അടങ്ങിയിട്ടില്ല. പട്ടിക്ക് നടക്കാന്‍ സാധിക്കുന്ന വഴികളിലൂടെ നടക്കാന്‍ സാധിക്കാത്ത മനുഷ്യരെ അദ്ദേഹം കണ്ടു. അതിലേറെ വിചിത്രമായ ഒന്നു കൂടി അദ്ദേഹം കണ്ടിരുന്നുവെന്നു മാത്രമല്ല, ചെന്നൈ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയിലെ തന്റെ പ്രസംഗത്തില്‍ അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. മറ്റൊരു മതത്തിന്റെ ചിഹ്നങ്ങള്‍ ധരിച്ചു വന്നാല്‍ ഏതൊരു രാജവീഥികളും അവര്‍ക്കു മുന്നില്‍ തുറക്കുന്ന സാഹചര്യമായിരുന്നു അത്. പക്ഷേ മലയാളി ഈ അനൗചിത്യവും അയുക്തിയും സൗകര്യപൂര്‍വം മറന്നു. മലബാറില്‍ മാത്രമല്ല, കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി. അയ്യന്‍കാളിയുടെ ക്രിസ്തുമതം സ്വീകരിച്ച ബന്ധു തോമസ് വാദ്ധ്യാര്‍ക്ക് സഞ്ചാര വിലക്കുണ്ടായിരുന്നില്ല. തിരുവിതാംകൂറില്‍ പിന്നീട് മാറ്റം വന്നെങ്കില്‍ കൂടി കൊച്ചിയില്‍ ക്ഷേത്രപ്രവേശനം നിയമാനുസൃതമാകുന്ന 1948 നു മുമ്പുവരെ ക്ഷേത്രത്തിനു മുന്നിലുള്ള വഴി കൊന്തയിട്ടവരുടെ മുന്നില്‍ തുറന്നിരുന്നുവെന്ന ചരിത്ര സത്യം മറന്നുകൂടാ (പാലിയം സത്യഗ്രഹം രേഖകള്‍). സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിനടുത്തു തന്നെയാണ്, 1893 ല്‍, അയ്യന്‍കാളി എന്ന ചെറുപ്പക്കാരന്റെ കുടമണി കെട്ടിയ വില്ലുവണ്ടി പെരുങ്കാറ്റുവിളയില്‍ നിന്ന് ബാലരാമപുരം വഴി കറങ്ങി തിരിച്ചു വന്നത്. ബാലരാമപുരത്തുവച്ച് സംഘട്ടനം വരെയെത്തുന്ന ചില്ലറ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അയ്യന്‍കാളിയുടെ അരയിലെ 12 ഇഞ്ച് കഠാര ജനിപ്പിച്ച ഭീതി എതിര്‍പ്പിന്റെ മൂര്‍ച്ച കുറച്ചു. അക്ഷരാര്‍ത്ഥത്തില്‍ കുടമണിക്കിലുക്കം പരിവര്‍ത്തനത്തിന്റെ പാഞ്ചജന്യ ധ്വനിയായി പരിണമിച്ചു. ഈ സമയത്ത് അയ്യന്‍കാളിയുടെ വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷം മാത്രമേ ആയിരുന്നുള്ളൂ. സ്വന്തം ഭര്‍ത്താവ് മഹാരാജാവിനെ പോലെ വില്ലുവണ്ടിയില്‍ രാജനഗരി ചുറ്റിക്കറങ്ങി സ്വന്തം തറവാട്ടു മുറ്റത്ത് തിരിച്ചെത്തുമ്പോള്‍ ആ സ്വാധി എത്ര അഭിമാനിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും അന്നുണ്ടായ ആ അഭിമാനബോധം തന്നെയായിരിക്കും, ശത്രുക്കളില്‍ നിന്ന് മക്കളെ രക്ഷിക്കാനായി കുഴിയിലിട്ടു കൊണ്ട് ഓലക്കീറുകൊണ്ട് മൂടി പുറത്തു പോകേണ്ടി വന്നപ്പോഴും ആ പതിവ്രതാരത്‌നം പതറാതിരിക്കാനിടയാക്കിയത്.

കഠാരയുടെ കരുത്താണ് അന്ന് അയ്യന്‍കാളിയെ രക്ഷിച്ചതെങ്കില്‍ സദാനന്ദ സ്വാമിയുടെ ഉപദേശപ്രകാരം മഹാരാജാവിന്റെ പൂജപ്പുരയിലേയ്ക്കുള്ള എഴുന്നള്ളത്തിനെ എതിരേല്‍ക്കാന്‍ സ്വസമുദായത്തിലെ മുഴുവന്‍ അംഗങ്ങളെയും കൂട്ടിക്കൊണ്ടുപോയപ്പോള്‍ തുണയായെത്തിയത് മറ്റൊന്നാണ്. മഹാരാജാവിന്റെ തന്നെ ഫോട്ടോയായിരുന്നു അത്. മഹാരാജാവിന്റെ ഫോട്ടോ പേറിക്കൊണ്ട്, കരിമ്പടം വിരിച്ചതു പോലെ കാണപ്പെട്ട ജനസഹസ്രത്തെ എതിര്‍ക്കാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്നും, ഈ യുക്തിക്ക് കാരിരുമ്പിനേക്കാള്‍ കരുത്തുണ്ടെന്നും ലോകത്തെ കാണിച്ചു കൊടുത്ത സംഭവമായിരുന്നു അത്.

പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍
അയ്യന്‍കാളിയുടെ ജീവിതം പ്രക്ഷോഭം എന്ന വാക്കിന്റെ പര്യായമായി ഏറെക്കുറെ വിശേഷിപ്പിക്കാവുന്നതാണ്. ഏകനായി നടത്തിയ വില്ലുവണ്ടി യാത്ര നായകന് നല്‍കിയ ആത്മവിശ്വാസം അനന്യമാണ്. ആ ആത്മവിശ്വാസം അണികള്‍ക്കും വേണ്ടതുണ്ട് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അധ:സ്ഥിതര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന ആറാലുംമൂട് ചന്തയിലേയ്ക്ക് അണികളെക്കൂട്ടി യാത്ര നിശ്ചയിച്ചത്. ആ യാത്രയ്ക്ക് കായികമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. എതിര്‍ക്കാന്‍ വന്ന സവര്‍ണ്ണ സമുദായത്തിലെ യാഥാസ്ഥിതികരോടൊപ്പം മൂര്‍ച്ച കൂട്ടാന്‍ മുസ്ലീം സമുദായത്തിലെ പലരുമുണ്ടായിരുന്നു. പക്ഷേ പിന്നോട്ട് പോകാനല്ല അയ്യന്‍കാളി മുന്നിട്ടിറങ്ങിയത്. ഒപ്പം നില്‍ക്കുന്ന നേതാവിനെ സമൂഹം ആദ്യമായി കണ്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം 1912ല്‍ നെടുമങ്ങാട് ചന്തയിലും ഇതേതരത്തിലുള്ള അനുഭവം ഉണ്ടായി. ഇത്തരത്തില്‍ ചോരച്ചാലുകള്‍ നീന്തിക്കയറേണ്ട സാഹചര്യം കേരളത്തിലെ മറ്റു നവോത്ഥാന നായകന്മാര്‍ക്കുണ്ടായിട്ടില്ല. കഴക്കൂട്ടത്താകട്ടെ അയ്യന്‍കാളിയെ നേരിട്ടാക്രമിക്കാന്‍ മുസ്ലീം ഗുണ്ടകള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സി.വി.കുഞ്ഞുരാമന്റെ ബന്ധുവായ പോലീസ് ഇന്‍സ്‌പെക്ടറുടെ സമയോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. സമാന സംഭവങ്ങള്‍ വെങ്ങാനൂരിലെ തട്ടത്തെരുവ്, പള്ളിച്ചല്‍, ചെട്ടിപ്പിള്ളത്തെരുവ്, ബാലരാമപുരം, അമ്മന്‍കോവില്‍ തെരുവ്, ഓലങ്ങാനി ചന്ത, മണക്കാട് എന്നിവിടങ്ങളിലും ഉണ്ടായിട്ടുണ്ട്. പലയിടത്തും സഞ്ചാരസ്വാതന്ത്ര്യം മാത്രമല്ല, സംഘടനാ സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടു. പുല്ലാട്ട് സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള സമരത്തിന് വെള്ളിക്കര മത്തായി (പിന്നീട് വെള്ളിക്കര ചോതി) നേതൃത്വം നല്‍കി. ദീര്‍ഘകാലം നീണ്ടു നിന്ന സമരത്തിന് അയ്യന്‍കാളി ദിവാനുമായി ബന്ധപ്പെട്ടാണ് പരിഹാരമുണ്ടാക്കിയത്. ചോതി പിന്നീട് പ്രജാസഭാ മെമ്പറാവുകയും ചെയ്തു.

പ്രജാസഭാ പ്രവര്‍ത്തനങ്ങള്‍

”കയ്യന്യോന്യമണച്ചു കാവ്യ
വിഭവശ്രീ
വന്ന ഭൂദേവനൊ-
ത്തയ്യന്‍കാളിയുമപ്രജാസഭയതില്‍
മദ്ധ്യേ വിരാജിക്കുവാന്‍
വയ്യെന്നില്ലവനെന്നു ഭൂതദയയാല്‍
കാണിച്ച കല്പദ്രുമ –
ത്തയ്യഞ്ചും സമസൃഷ്ടി
വഞ്ചിവസുധാ
രാജാ വിരാജിക്കണം”

പ്രജാസഭാംഗമായി അയ്യന്‍കാളിയെ നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്ന് കവി തിലകന്‍ പണ്ഡിറ്റ് കെ. പി. കറുപ്പന്‍ എഴുതിയ ഈ അയ്യന്‍കാളി ആശംസ ഒന്നു മാത്രം മതി പ്രജാ സഭാ പ്രവേശനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍. ഇതിന് 110 വര്‍ഷങ്ങള്‍ക്കു ശേഷം അതേപോലെ മഹത്വപൂര്‍ണമായ ആവര്‍ത്തനം ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനലബ്ധിയിലൂടെ ആവര്‍ത്തിച്ചിരിക്കുന്നു. ആ അവരോധനം നിരര്‍ത്ഥകമല്ലെന്ന് അയ്യന്‍കാളി തെളിയിച്ചു. അദ്ദേഹം സ്പര്‍ശിക്കാത്ത കാലിക പ്രാധാന്യമുള്ള ഒരു വിഷയവും രണ്ടു ദശകത്തിലേറെ നീണ്ട പ്രജാസഭാ ജീവിതത്തിലുണ്ടായിരുന്നില്ല. നിരക്ഷരനായ അയ്യന്‍കാളി പ്രഥമ പരിഗണന കൊടുത്തത് വിദ്യാഭ്യാസത്തിനായിരുന്നു. തനിക്കില്ലാത്തത് സമുദായത്തിലെ മറ്റുള്ളവര്‍ക്ക് കിട്ടണമെന്നദ്ദേഹം ആഗ്രഹിച്ചു. 1912 മാര്‍ച്ചു മാസം 4 ന് പ്രജാസഭയിലെ തന്റെ പ്രസംഗത്തില്‍ ”വെങ്ങാനൂര്‍ എലിമെന്ററി പള്ളിക്കൂടത്തില്‍ പുലയ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന കാര്യത്തില്‍ എന്റെ വര്‍ഗ്ഗക്കാരുടെ നേര്‍ക്ക് ദയവായി ചെയ്തിട്ടുള്ള സഹായത്തിനായി പുലയന്മാരുടെ പ്രതിനിധിയായി ഞാന്‍ ഗവണ്മെണ്ടിന്റെ നേര്‍ക്കുള്ള കൃതജ്ഞതയെ ബോധിപ്പിച്ചു കൊള്ളുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ഏഴു പള്ളിക്കൂടങ്ങളില്‍ മാത്രമേ ഇപ്പോള്‍ പുലയര്‍ക്കു പ്രവേശനമുള്ളൂ. സംസ്ഥാനത്തെ എല്ലാ പള്ളിക്കൂടങ്ങളിലും അവര്‍ക്ക് പ്രവേശനം കൊടുക്കുന്നത് അഭിലഷണീയമായിരിക്കുമെന്ന് ഞാന്‍ ബോധിപ്പിക്കുന്നു” എന്നപേക്ഷിച്ചു. 1916 ലെ പ്രജാസഭയില്‍, തന്റെ സമുദായത്തില്‍ പെടുന്നവര്‍ ആവശ്യമായ ശുചിത്വം പാലിക്കുന്നുണ്ടെന്നും അക്കാരണത്താല്‍ വിദ്യാലയത്തില്‍ അവരെ അകറ്റരുതെന്നും അദ്ദേഹം വാദിച്ചു. വാദത്തെ സാധൂകരിക്കാനായി അടിമക്കച്ചവടം നിര്‍ത്തലാക്കിയപ്പോള്‍ വ്യവസായികാഭിവൃദ്ധിയും കാര്‍ഷികാഭിവൃദ്ധിയുമുണ്ടായതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അയ്യന്‍കാളി 1912 ഫെബ്രുവരി 26 ന് തന്റെ ആദ്യ പ്രജാസഭാ പ്രസംഗത്തില്‍ പുലയരുടെ പ്രതിനിധിയായി ഒരു പുലയനെ നിയമിച്ചതിന് മുഴുവന്‍ സാമാജികര്‍ക്കും നന്ദി പറഞ്ഞതിനു ശേഷം പുലയര്‍ക്ക് പുതുവല്‍ ഭൂമി പതിച്ചുനല്‍കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ആ പ്രസംഗത്തില്‍ എവിടെയൊക്കെ പുതുവല്‍ ഭൂമിയുണ്ടെന്നും അത് പതിച്ചു നല്‍കുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ എത്രത്തോളമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തരിശുഭൂമി പതിച്ചു തന്നാല്‍ ഞങ്ങളതില്‍ സ്വര്‍ണ്ണം വിളയിക്കാമെന്നും വാക്കു കൊടുത്തു. മാത്രമല്ല ഇതുപോലുള്ള പുതുവല്‍ ഭൂമികളില്‍ കിടപ്പാടമുണ്ടാക്കാനുള്ള അനുവാദത്തിനായും അദ്ദേഹം അപേക്ഷിച്ചു. ഇതിന്റെ ചുവടുപിടിച്ച് കാവാരികുളം കണ്ടന്‍കുമാരനും പ്രജാസഭയില്‍ ദാനപ്പതിവിനെക്കുറിച്ച് സംസാരിച്ചു. അവശ ജനങ്ങളുടെ ഉദ്ധാരണത്തിന് ഇവരുടെ ശബ്ദം പ്രജാസഭയില്‍ മുഴങ്ങിയിടത്തോളം ആരുടേതുമുണ്ടാവാനിടയില്ല. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിക്കായും ഈ രണ്ടു മഹാത്മക്കളുടെയും ശബ്ദം മുഴങ്ങി. ‘കഞ്ഞിക്കുരിയരി കിട്ടാതലയും പഞ്ഞക്കാരുടെ നാട്’ നാശത്തിന്റെ പാത പുല്‍കും എന്നവര്‍ക്ക് വ്യക്തമായിരുന്നു.

തന്റെ സമുദായത്തിന് ന്യായമായും കിട്ടേണ്ടതായ ആനുകൂല്യങ്ങളെക്കുറിച്ച് സമയാസമയങ്ങളില്‍ അദ്ദേഹം സഭയില്‍ സൂചിപ്പിച്ചു. 1912 മാര്‍ച്ചുമാസം 4ന് പ്രജാ സഭയില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം ഇതാണ്: ”പുലയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഫീസില്‍ ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടതാകുന്നു. ഞങ്ങളെക്കാള്‍ തുലോം മുന്നിട്ടു നില്‍ക്കുന്ന മുഹമ്മദന്മാര്‍ക്ക് കൊടുത്തിട്ടുള്ള ഫീസിലെ ആനുകൂല്യങ്ങള്‍ പോലും ഞങ്ങള്‍ക്കനുവദിച്ചിട്ടില്ല.” ഇതു കേട്ട ദിവാന്‍ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ പുലയസമുദായത്തിലുള്ളവരെ നിയമിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. മേല്‍ ആവശ്യത്തിന്റെ തുടര്‍ പ്രവര്‍ത്തനമെന്നോണം 1913 ഫെബ്രുവരി 22 ന് ഓരോ വകുപ്പിലും തന്റെ സമുദായാംഗങ്ങളെ നിയമിക്കാന്‍ പറ്റുന്ന ഒഴിവുകളും അതാതിന്റെ സാധ്യതയും അദ്ദേഹം പഠിച്ചവതരിപ്പിച്ചു. പുലയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ചും ആ ശബ്ദം പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു.

തന്റെ സമുദായാംഗങ്ങള്‍ക്ക് കിണറുകളും ആരാധനാലയങ്ങളും വേണമെന്നദ്ദേഹം അപേക്ഷിച്ചു. അതിനു മറുപടിയായി ദിവാന്‍ ‘പൊതു ആരാധനാ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നില്ല’ എന്ന മറുപടിയാണ് കൊടുത്തത്. ഇത് 1923 മാര്‍ച്ച് 21നാണെന്നോര്‍ക്കണം. വൈക്കം സത്യഗ്രഹത്തിന് ഒരു വര്‍ഷം മുമ്പ്. ക്ഷേത്രപരിസരത്തുകൂടിയുള്ള നടവഴിക്കു പോലും സമരം ചെയ്യേണ്ട കാലത്ത് ക്ഷേത്രം തന്നെ ആവശ്യപ്പെടുവാന്‍ കാണിച്ച തന്റേടം അയ്യന്‍കാളിക്കല്ലാതെ ആര്‍ക്കുണ്ടാകും? സഭ സംസാരിക്കാനുള്ളതാണെന്ന് അയ്യന്‍കാളി തെളിയിച്ചു. അതും ന്യായത്തിനും ധര്‍മ്മത്തിനും വേണ്ടി.

സദാനന്ദസ്വാമിയും ശ്രീനാരായണ ഗുരുദേവനും
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും തൈക്കാട്ട് അയ്യാവു സ്വാമിയുടെ ശിഷ്യന്മാരായിരുന്നെങ്കില്‍ അയ്യന്‍കാളിക്ക് ആ ഭാഗ്യം ലഭിച്ചിട്ടില്ല. പക്ഷേ 1909 ജൂലായ് 13ന് അയ്യാവു സ്വാമി അയ്യന്‍കാളിയോട് വരസദൃശമായ ഒരു പ്രവചനം നടത്തി. ശ്രീമൂലം തിരുനാളിനെ സന്ദര്‍ശിച്ചു വരുന്നവഴി പുത്തരിക്കണ്ടത്തുവച്ച് അയ്യന്‍കാളിയെ കണ്ട സ്വാമി ”കാളി സൗഖ്യം താനാ, ഉന്നുടയ ഫോട്ടോ രാജാക്കന്മാര്‍ വയ്ക്ക പോകിറാര്‍. ശ്രീമൂലം സഭയിലും ഉനക്കു പോകലാം.” രണ്ടു വര്‍ഷത്തിനു ശേഷം ആ പ്രവചനം സത്യമാവുകയും ചെയ്തു. 1911 ഡിസം ബര്‍ 5 ന് ആ പ്രഖ്യാപനം വന്നു. പക്ഷേ അതു കാണാന്‍ അയ്യാവു സ്വാമി ഉണ്ടായിരുന്നില്ല. പ്രവചനത്തിന് കേവലം 7 ദിവസത്തിനു ശേഷം 1909 ജൂലായ് 20ന് അയ്യാ സ്വാമി സമാധിയായി.

അയ്യന്‍കാളിയുടെ മഹാത്മാവായുള്ള ജീവിതയാത്രയില്‍ ഏറെ സ്വാധീനം ചെലുത്തിയത് സദാനന്ദ സ്വാമികളും ശ്രീനാരായണ ഗുരുദേവനുമാണ്. സദാനന്ദ സ്വാമിയുടെ ‘ബ്രഹ്‌മനിഷ്ഠാമഠം സംഘം’ വഴി അയ്യന്‍കാളിയുടെ പ്രവര്‍ത്തനപഥത്തിന് കൂടുതല്‍ തെളിമ ലഭിച്ചു. 1904 ലാണ് വെങ്ങാനൂരില്‍ ബ്രഹ്‌മനിഷ്ഠാമഠസംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വാമി അയ്യന്‍കാളിയുടെ കഴിവുകളെ തിരിച്ചറിയാന്‍ അല്പം വൈകിയെങ്കിലും പിന്നീട് മനസ്സു നിറഞ്ഞ് അനുമോദിക്കാനും പിന്തുണയ്ക്കാനും തയ്യാറായി.


ഗുരുദേവനും അയ്യന്‍കാളിയും തമ്മില്‍ ആദ്യമായി കാണുന്നത് പാച്ചല്ലുരിലെ നാരായണന്‍ വൈദ്യരുടെ വീട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ്. ”അല്ല, അയ്യന്‍കാളിയല്ലേ? നാം അങ്ങോട്ടു വരണമെന്ന് ഉദ്ദേശിച്ചിരുന്നു. കണ്ടതു നന്നായി. എന്താണ് വിശേഷങ്ങള്‍?” എന്നു ഹൃദയപൂര്‍വം സ്വീകരിക്കുന്ന ഗുരുദേവനെ നമുക്ക് കാണാം. സ്വാമിയെ നേരിട്ടു കണ്ട് സംസാരിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അയ്യന്‍കാളിയെ താമസ സ്ഥലത്തേയ്ക്ക് ക്ഷണിക്കാനും ഗുരുദേവന്‍ മറന്നില്ല. ക്ഷണപ്രകാരം ഗുരുദേവന്റെ താമസസ്ഥലത്തു ചെന്ന അയ്യന്‍കാളിയും ഗുരുദേവനുമായുള്ള സംഭാഷണത്തിന്റെ വിശദവിവരം ലഭ്യമല്ല. എന്നാല്‍ പിന്നീട് പൊന്മന കറുങ്ങയില്‍ തറവാട്ടില്‍ വച്ച് നടന്ന ഈ മഹത് വ്യക്തികളുടെ സമാഗമത്തെക്കുറിച്ച് ജൂബാ രാമകൃഷ്ണപിള്ള തന്റെ ‘അനശ്വരനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്’ എന്ന ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. സമുദായത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കപ്പെടും എന്ന ശുഭാപ്തി വിശ്വാസമാണ് അയ്യന്‍കാളിക്ക് ഈ സന്ദര്‍ശനത്തില്‍ നിന്ന് ലഭിച്ചത്.

ആദ്യ കര്‍ഷകസമരം
1907 ല്‍ അധ:സ്ഥിതരെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനുള്ള ഉത്തരവുണ്ടായിട്ടും ആ ഉത്തരവ് പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് അയ്യന്‍കാളിക്കറിയാന്‍ കഴിഞ്ഞു. ഇതിനെതിരെയാണ് സംഘടിക്കാനറിയാന്‍ പാടില്ലെന്നു കരുതിയ സമൂഹം സംഘടിച്ച് സമരത്തിനിറങ്ങിയത്. മൂന്ന് ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ട് വച്ചത്. ഒന്ന്, തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം. രണ്ട്, ആഴ്ചയില്‍ ഒരു ദിവസം ഒഴിവു വേണം. മൂന്ന് കൂലിക്കൂടുതല്‍ വേണം. തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലും പണിമുടക്കി. ഞങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ കയറ്റിയില്ലെങ്കില്‍ ഇക്കാണുന്ന പാടത്തു മുഴുവന്‍ ഞാന്‍ മുട്ടിപ്പുല്ലു കിളിപ്പിക്കും എന്ന അയ്യന്‍കാളിയുടെ വാക്ക് വീണ്‍വാക്കായില്ല. മുതലാളിമാരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് സമരം ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. അവസാനം ദിവാന്‍ പി. രാജഗോപാലാചാരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കണ്ടള നാഗന്‍ പിള്ളയെ മദ്ധ്യസ്ഥനായി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ നിഷ്പക്ഷമായ നിലപാട് മൂലം കൂലി വര്‍ദ്ധനവ്, ആഴ്ചയില്‍ ഒരവധി, സ്‌കൂള്‍ പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ അനുകൂല നിലപാട് ഭാവിയില്‍ സ്വീകരിക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു.

പുരോഗമനത്തിന്റെ കപട മുഖങ്ങള്‍
മറയ്ക്കാനാവാത്ത ആ സൂര്യശോഭയെ മായ്ക്കാനോ മറയ്ക്കാനോ വൃഥാ പരിശ്രമിച്ച ചിലരുണ്ട്. ആയിരത്തിനടുത്ത് പേജുകള്‍ വരുന്ന കേരളത്തിന്റെ സാംസ്‌കാരിക ചരിത്ര രചയിതാവ് എന്തുകൊണ്ട് ആദ്യത്തെ കര്‍ഷക സമരം കണ്ടില്ല? കേരളത്തിലെ സകലമാന തൊഴിലാളി സംഘടനകളും സമരങ്ങളും സമര സഖാക്കളും താളുകളില്‍ നിറഞ്ഞപ്പോള്‍ അയ്യന്‍കാളിയും കര്‍ഷക സമരവും മാത്രം ഇല്ലാതെ പോയത് യാദൃച്ഛികമാവില്ലല്ലോ? പ്രശസ്ത പത്രപ്രവര്‍ത്തകനും ചിന്തകനും സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്റെ ജീവചരിത്ര കര്‍ത്താവുമായ എന്‍.പി.ചേക്കുട്ടി 2005 ഫെബ്രുവരി 28 ല്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ലേഖനത്തിന്റെ പ്രസക്ത ഭാഗം ശ്രദ്ധിക്കുക: ‘കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും പ്രമുഖ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട്, അയ്യന്‍കാളിയെക്കുറിച്ചും ദളിത് പ്രവര്‍ത്തകരെക്കുറിച്ചും, ആ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അജ്ഞനെന്നപോലെ, തീരെ പരാമര്‍ശിച്ചതായി കാണുന്നില്ല. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടിട്ടും അയ്യന്‍കാളി മുഖ്യധാരാ ചരിത്രകാരന്മാരാല്‍ വേണ്ടവിധത്തില്‍ പഠിക്കപ്പെടാതെ അവശേഷിക്കുന്നു’. സി.പി. ഐ.(എം.എല്‍) നേതാവ് പി.ജെ.ജെയിംസ് തന്റെ ‘മഹാനായ അയ്യന്‍കാളി’ എന്ന ലേഖനത്തില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളും അയ്യന്‍കാളിയുടെ സമരവീര്യവുമാണ് 1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിലേയ്ക്കു നയിച്ചത് എന്ന് സമര്‍ത്ഥിക്കുന്നു. എന്നിട്ടും ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആദര്‍ശപുരുഷനായി സ്വീകരിച്ചത് അയ്യന്‍കാളി നേടിയെടുത്ത പുലയരുടെ സ്‌കൂള്‍ പ്രവേശനത്തെ പുച്ഛിച്ച, പരിഹസിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയായിരുന്നു.

അധ:സ്ഥിതരുടെ സ്‌കൂള്‍ പ്രവേശനത്തെക്കുറിച്ച് ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിറ്റെ ദിവസം (1910 മാര്‍ച്ച് 2) സ്വദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ഈ ‘പുരോഗമനവാദി’ എഴുതിയത് ”ആചാരാദി കാര്യങ്ങളില്‍ സാര്‍വ്വജനീനമായ സമത്വം അനുഭവപ്പെടണമെന്ന് വാദിക്കുന്നവര്‍ ആ ഒരു സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗ്ഗീയ യോഗ്യതകളെ വക തിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്ന് ശഠിക്കുന്നതിനെ അനുകൂലിക്കുവാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തുവന്നിട്ടുള്ള ജാതിക്കാരെയും അതിനേക്കാള്‍ എത്രയോ ഏറെ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു” എന്നാണ്.

അയ്യന്‍കാളിയെ മാത്രമല്ല പിന്നാക്ക വിഭാഗത്തില്‍ നിന്നും ആരൊക്കെ മുന്നാക്കം വന്നിട്ടുണ്ടോ അവരെയെല്ലാം പരിഹസിക്കാന്‍ സ്വദേശാഭിമാനി മുന്നോട്ടുവന്നിരുന്നു. ‘മംഗളോദയ’ത്തില്‍ എഴുതിയ ലേഖനത്തില്‍ കവി തിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പനെ ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത്’ എന്ന ചോദ്യമുന്നയിച്ചും ‘ബാലാ കലേശം’ എന്ന രചനയുടെ പേര് കറുപ്പന്റെ സമുദായത്തെ ചേര്‍ത്താക്ഷേപിച്ച് ‘വാലാ കലേശം’ എന്നാക്കിയും പിള്ള ആക്ഷേപിച്ചു (സ്വദേശാഭിമാനിയുടെ തനിനിറം, രാമചന്ദ്രന്‍, കേസരി വാരിക, ജൂണ്‍ 24, 2022)

നവോത്ഥാനത്തിന്റെ പഥഭ്രംശവും പഥദീപ്തിയും
1892 ല്‍ സ്വാമി വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തില്‍ നിന്നും 45 വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഇത് തീര്‍ത്ഥാലയമായി പരിണമിച്ചു. 1936 നവമ്പര്‍ 12നു പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് ‘ആധുനികകാലത്തെ അത്ഭുതം’ എന്നും ‘ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖ’ എന്നുമാണ്. കേരളത്തിലേയ്ക്കു പുറപ്പെടുമ്പോള്‍ അദ്ദേഹം ‘ഹരിജനി’ല്‍ എഴുതി: ”ഞാന്‍ ഒരു തീര്‍ത്ഥാലയത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയിലാണ്.” ഈ ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേയ്ക്കുള്ള പരിണതിയ്ക്കു പിന്നില്‍ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍ ഇങ്ങനെ പലരുമുണ്ടായിരുന്നു. ഇവരുടെ പ്രവര്‍ത്തനത്തില്‍ നിഴലിച്ചത് ആദ്ധ്യാത്മികതയായിരുന്നു. ഭൗതികമായ പരിവര്‍ത്തനത്തിന്റെ അടിത്തട്ടില്‍ പലപ്പോഴും ആദ്ധ്യാത്മികതയുടെ നീരുറവയുണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിസത്തിന്റെ കടന്നുകയറ്റത്തിന്റെ ഭാഗമായി അടിസ്ഥാന വിശ്വാസത്തിന്റെ അടിക്കല്ലിളക്കുന്നതായി പുരോഗമനവും നവോത്ഥാനവും. മനുസ്മൃതിയും ഗീതയും രാമായണവും കത്തിക്കുക എന്നതായി പരിഷ്‌കൃതനാവുകയെന്നതിന്റെ പ്രത്യക്ഷ ലക്ഷണം. അങ്ങനെ തീര്‍ത്ഥാലയത്തില്‍ നിന്ന് ശവാലയത്തിലേക്കൊരു ഗതിഭ്രംശം വന്നു ചേര്‍ന്നു. ശവാലയത്തില്‍ നിന്ന് ശിവാലയത്തിലേയ്ക്കുള്ള പഥദര്‍ശകങ്ങളായി രാമായണ മാസ ആഘോഷവും ശ്രീകൃഷ്ണ ജയന്തി ആഘോഷവും എണ്‍പതുകളുടെ തുടക്കം മുതല്‍ മലയാളി മനസ്സാ വരിച്ചു തുടങ്ങിയിരിക്കുന്നു. വിധ്വംസക ശക്തികള്‍ ലോകം ഉപേക്ഷിച്ച ചിന്തകളുമായി അടുത്തു വരുമ്പോഴും ഭാരതത്തിന്റെ സംസ്‌കൃതിയെ കൈയേറ്റു വാങ്ങാന്‍ ലോകം കാത്തുനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ഗതി ശവാലയത്തില്‍ നിന്ന് ശിവാലയത്തിലേയ്ക്കാണ്. നമുക്ക് വഴി കാട്ടാന്‍ ചട്ടമ്പിയും ഗുരുദേവനും അയ്യന്‍കാളിയുമുള്‍പ്പെടെ അനേകരുണ്ട്. അമൃതോത്സവത്തിന്റെ അജയ്യ ദീപ്തിയില്‍ ദ്രൗപദി മുര്‍മു രാഷ്ട്രത്തെ നയിക്കുന്നതും ശിവാലയത്തിലേയ്ക്കാണ് നമ്മുടെ യാത്ര എന്നതിന്റെ തെളിവാണ.്‌

Tags: അയ്യന്‍കാളി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies