മദ്യവും സിഗരറ്റും വാങ്ങണമെങ്കിൽ 21 വയസ്സ് തികയണമെന്നാണ് അമേരിക്കയിലെ നിയമം. എന്നാൽ, തോക്കുവാങ്ങാൻ 18 വയസ്സായാൽ മതി!.പൊതുഇടങ്ങളിൽ നടക്കുന്ന കൂട്ടവെടിവെപ്പിൽ ലോകത്തുതന്നെ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെടുന്ന രാജ്യമെന്ന ‘കുത്തക’ ആളോഹരി തോക്കുടമസ്ഥത ഏറ്റവും കൂടുതലുള്ള അമേരിക്കക്കുതന്നെയാണ്. ഓരോ നൂറുപേർക്കും 120 തോക്കുകൾ!
അമേരിക്കയിലെ സ്കൂളുകളിലും പൊതു ഇടങ്ങളിലെയും വെടിവയ്പുകളും മരണങ്ങളും ഇന്ന് വാർത്തയേ അല്ലാതായി കൊണ്ടിരിക്കുന്നു. നമ്മൾ ചായ കുടിക്കുന്ന ലാഘവത്തോടെയാണ് അവിടെ തോക്കിന്റെ ദുരുപയോഗം എന്ന് പറഞ്ഞാലും തെറ്റില്ല. ഇതിനു കാരണമാകട്ടെ അമേരിക്കൻ ഭരണഘടനയുടെ രണ്ടാം ഭേദഗതിയും. ആയുധം കൈവശം വയ്ക്കാനും സ്വയം പ്രതിരോധിക്കാനും മൗലികാവകാശം പൗരന്മാർക്ക് നൽകുന്ന ഈ ഭേദഗതി 1791ൽ പാസാക്കിയതാണ്. എന്നാൽ തോക്കു നിർബാധം മേടിക്കാനും കൈവശം വെയ്ക്കാനും നൽകുന്ന ഈ ഭേദഗതി പല കാരണങ്ങൾകൊണ്ടും കലഹരണപ്പെട്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം ഇപ്പോളും തോക്ക് കൈവശം വയ്ക്കാനുള്ള അവകാശത്തിനായി നിലകൊള്ളുന്നു!. കാരണം മറ്റൊന്നുവല്ല -ഇരു പാർട്ടികളുടെയും ഫണ്ടിൽ വലിയിരു ഭാഗം വരുന്നത് തോക്ക് ഉടമകളുടെയും ആയുധ കമ്പനികളുടെയും സമ്മർദ്ദ ഗ്രുപ്പായ നാഷണൽ റൈഫിൾസ് അസോസിയേഷനിൽ നിന്നാണ്. അതുകൊണ്ട് തന്നെ ബൈഡന്റെ ഡെമോക്രറ്റുകളും ട്രംപിന്റെ റിപ്പബ്ലിക്കണുകളും തോക്ക് വിഷയത്തിൽ ഒറ്റക്കെട്ടാണ്. സമൂഹത്തിൽ തിന്മ നിലനിൽക്കുന്ന കാലത്തോളം ജനങ്ങൾക്ക് ആയുധമെടുക്കേണ്ടിവരുമെന്ന് നാഷനൽ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ട്രംപ് പറഞ്ഞത് .കഴിഞ്ഞവർഷം(2021 )മാത്രം അമേരിക്കയിൽ അരലക്ഷം പേർ തോക്കിനിരയായി.അമേരിക്കയിൽ നൂറുപേർക്ക് നൂറ്റിരുപത് തോക്ക് എന്നാണ് കണക്ക്. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ15 ലക്ഷം പേർ തോക്കിനിരയായി എന്നാണ് കണക്കുകൾ പറയുന്നത്.വംശീയ,മയക്കുമരുന്ന് ഇവയൊക്കെയാണ് കൂട്ടക്കൊലയ്ക്ക് പ്രധാന കാരണങ്ങൾ. യു.എസിൽ ജനസംഖ്യയെക്കാൾ ബഹുദൂരം മുന്നിലാണ് ജനത്തിന്റെ കൈകളിലെ തോക്കുകൾ. 2018ലെ കണക്കുപ്രകാരം 33 കോടി ജനങ്ങൾക്ക് 40 കോടി തോക്കുകൾ. ഒരു പതിറ്റാണ്ടിലേറെയായി റൈഫിളുകളെക്കാൾ ആളുകൾക്കിഷ്ടം യന്ത്രവത്കൃത ഹാൻഡ്ഗണ്ണുകളാണ്. കോവിഡ് കാലത്ത് ജനം വീട്ടിലിരുന്നപ്പോഴും തോക്കുവിൽപന റെക്കോഡുകൾ ഭേദിച്ചു. 2000ത്തിൽ 39 ലക്ഷം തോക്ക് വിൽപന നടന്നിടത്ത് 2020ലെത്തിയപ്പോൾ അത്1.13 കോടിയായി. അതേ വേഗത്തിലാണ് തോക്കുകൾ വരുത്തുന്ന മരണത്തിലുമുണ്ടായ വർധന. 2020ൽ സ്വയം വെടിയുതിർത്തോ അശ്രദ്ധമായി വെടി പൊട്ടിയോ കൊല്ലപ്പെട്ടത് 1,500ലേറെ പേരാണ്.2020 ല്‍ നടന്ന കൊലപാതകങ്ങളില്‍ 79 ശതമാനവും ആത്മഹത്യകളില്‍ 53 ശതമാനവും വെടിവെപ്പിനെതുടര്‍ന്നാണ്.
തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന പോലും നടത്താൻ നിയമങ്ങളില്ല. സ്കൂൾ വെടിവെപ്പ് റിപ്പോർട്ട് ചെയ്ത ടെക്സസിൽ മാത്രം 10 ലക്ഷത്തിലേറെ പേരുടെ വശം തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവിടെ കൈയിൽ തോക്കുമായി നടക്കാൻ ലൈസൻസ് വേണമെന്ന നിയമം 2021ൽ എടുത്തുകളഞ്ഞിരുന്നു. 21 വയസ്സ് തികയണമെന്നതു മാത്രമാണ് ആവശ്യം. അതേസമയം,അമേരിക്കൻ ജനതയിൽ 53 ശതമാനം ശക്തമായ നിയന്ത്രണ നിയമം വേണമെന്നു വാദിക്കുന്നവരാണ്. ബാല്യത്തിലും കൗമാരത്തിലും അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും അരികുവത്കരണവും, റാഡിക്കലൈസേഷനും വന്യമായ പ്രതികാര ചിന്തയിലേക്ക് ചെറുപ്പക്കാരെ കൊണ്ടെത്തിക്കുന്നു. ഒറ്റപ്പെടൽ അനുഭവിക്കുന്ന കൗമാരക്കാരിൽ നല്ലൊരു വിഭാഗം കില്ലർ ഗെയിമുകളിൽ തലപൂഴ്ത്തുന്നവരുമാണ്. കൊലവിളിച്ചും അപരനെ കൊന്നും സ്വയം കൊന്നും അവർ വെർച്വൽ ലോകത്ത് ഹിംസരസം ആസ്വദിക്കുന്നു. അതിനിടയിലേക്ക് കളിപ്പാട്ടം പോലെ തോക്കുകൾ കൂടി കടന്നുവരുന്നതോടെ കളി മാറുന്നു. ഹിസ്പാനിക്‌സ്, ആഫ്രോ – ഏഷ്യൻ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങൾക്ക് അമേരിയിലിപ്പോൾ അഭൂതപൂർവമായ ജനപിന്തുണയുണ്ട്.ഇതും അടിക്കടിയുണ്ടാകുന്ന വെടിവയ്പുകൾക്കു പ്രധാന കാരണമാണ്.
കൂട്ടക്കുരുതിയുടെ നാള്‍വഴികൾ:
● 2022 ജൂൺ 01: ഒക്‌ലഹോമ 4
● 2022 മെയ് 23 –-ടെക്സാസ് –-21മരണം
● 2022 ഏപ്രിൽ 13 –-കലിഫോർണിയ–-8മരണം
● 2021 ഡിസംബർ 30–- മിച്ചിഗൻ ഓക്‌സ്‌ഫെഡ് സ്‌കൂൾ–-3
● 2021 മെയ് 26 കലിഫോർണിയ സാൻബോസ് ട്രാൻസ്‌പോർട്ട് അതോറിറ്റി കൺട്രോൾ സെന്റർ–- 9
● 2021 മെയ് 9–-കോളറഡോ–- പിറന്നാൾ ആഘോഷത്തിനിടെ –- 6
● 2021 ഏപ്രിൽ 15–- ഇന്ത്യാന –- 9
● 2021 മാർച്ച് 22–- – കോലോറഡ, ബോർഡർ സൂപ്പർമാർക്കറ്റ് –-10
● 2019 ആഗസ്‌ത് 3–- ടെക്‌സാസ്, എൽപസോ വാൾമാർട്ട് സൂപ്പർ മാർക്കറ്റ് –-23
● 2019 മാർച്ച് 17–- വെർജിനിയ ബീച്ച് –-13
● 2018 ഫെബ്രുവരി 14–- ഫ്ലോറിഡ പർക്കലൻഡ് ഡംഗ്ലസ് ഹൈസ്‌കൂൾ –-17
● 2018 മെയ് 18 ടെക്‌സാസ് സൻഡ്‌ഫീ ഹൈസ്‌കൂൾ –-12
● 2017–- നവംബർ 5–-ടെക്‌സാസ് സദർലൻഡ് സ്‌പ്രിങ് ചർച്ച് –- 27
● 2017 ഒക്‌ടോബർ 1 –-നവേഡ് ലാസ്‌വേഗസ് ഹോട്ടലിൽ സംഗീതപരിപാടിയിൽ–-61
● 2016 ജൂൺ12–- ഫ്ലോറിഡ ഒർലാൻഡേ–-50 മരണം.
യുഎസിലെ ആയുധലോബിക്കെതിരെ നിലകൊള്ളണമെന്ന് ജനങ്ങളോട് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നുണ്ടെങ്കിലും ആത്മാര്‍ത്ഥതയിൽ സംശയങ്ങളുണ്ട്. ടെക്‌സാസിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ വൈകാരികമായായിരുന്നു ബൈഡന്റെ പ്രതികരണം. ഇനിയൊരിക്കലും ആ മാതാപിതാക്കൾക്ക് മക്കളെ കാണാനാകില്ല,ഒരുമിച്ച് കളിക്കാനാകില്ല. അവർക്കുവേണ്ടി രാജ്യം മുഴുവൻ ഒന്നിച്ചുനിൽക്കേണ്ട സമയമാണ് എന്നൊക്കെ പറഞ്ഞെങ്കിലും തോക്ക് സൂപ്പർമാർക്കറ്റുകളിൽ നിന്നും യഥേഷ്ടം മേടിക്കാൻ പറ്റുന്ന സാഹചര്യം ഒഴിവാക്കാൻ ബൈഡൻ വിചാരിച്ചാലും നടക്കില്ല. തോക്കുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഫലപ്രദമായ നിയമങ്ങൾ പാസാക്കാൻ കോൺഗ്രസ് അംഗങ്ങളിൽ സമ്മർദം ചെലുത്തണം എന്ന് പറഞ്ഞു ഒഴിയുകയാണ് ബൈഡൻ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് തോക്കുലോബിക്കെതിരെ പ്രതികരിക്കുകയെന്നും ബൈഡൻ ചോദിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ തോക്ക് വില്‍പന നിയന്ത്രിക്കുന്ന ബിൽ പാസാക്കുന്നതിന് മതിയായ അംഗബലം ബൈഡന്റെ പാർടിക്ക് അമേരിക്കൻ കോൺഗ്രസിൽ ഇല്ല. അനിയന്ത്രിതമായ തോക്ക് ഉപയോഗം അമേരിക്കയിലാകെ ഭീതിയും അരക്ഷിതബോധവും സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. വീണ്ടും വീണ്ടുമുള്ള വെടിവെയ്പ്പില്‍ നടുങ്ങി തരിച്ചിരികയാണ് അമേരിക്ക. ചുരുക്കത്തിൽ ‘ദുഷ്ടനായ ഒരു തോക്കുധാരിയെ നിലക്കുനിർത്താൻ നല്ലവനായ തന്റെ കൈയിലും വേണം ഒരു തോക്ക് ‘ എന്ന രീതിയിൽ സാധാരണ അമേരിക്കക്കാരൻ ചിന്തിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങളിപ്പോൾ.
Comments