പരസ്പരം പോരടിക്കുകയും ചോര ചിന്തുകയും ചെയ്തുകൊണ്ടിരുന്ന അറബ് ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ പിറന്ന ഇസ്ലാമിക മതവിശ്വാസം സായുധ ആക്രമണങ്ങളും കൂട്ടക്കുരുതികളും മത രാജ്യ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഒരിയ്ക്കലും തെറ്റായി കരുതിയിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഇസ്ലാംമത വ്യാപനത്തിനായി നടത്തുന്ന സായുധപോരാട്ടങ്ങള്‍ക്ക് ജിഹാദെന്ന വിശുദ്ധ പരിവേഷം നല്‍കുന്നതോടെ ലോകം അരക്ഷിതമാകുന്നു. പക്ഷെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും സ്ഥാനമില്ലെന്ന് ഇസ്ലാമിക മതപണ്ഡിതന്മാര്‍ അതിന്റെ അണികളെ പഠിപ്പിയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ആഗോളവ്യാപകമായി ജനജീവിതം ദുരിതപൂര്‍ണ്ണമാകാനും മാനവ പുരോഗതിയുടെ ഗതിവേഗം തടയപ്പെടാനുമാണ് സാധ്യത. ശാസ്ത്രത്തിനും യുക്തിയ്ക്കും നിരക്കാത്ത കാര്യങ്ങള്‍ ലോകത്തെല്ലാ മതങ്ങളിലുമുണ്ട്. മതവിശ്വാസികളെ സംബന്ധിച്ച് വിശുദ്ധമെന്നു കരുതുന്ന പലതും ശാസ്ത്രത്തിന്റെയും യുക്തിയുടെയും ഉരകല്ലില്‍ മാറ്റുരയ്ക്കുമ്പോള്‍ നിറം മങ്ങിയെന്നു വന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ മതത്തിന്റെ വിശുദ്ധി കാക്കാന്‍ ആയുധവുമായി വിശ്വാസികള്‍ തെരുവിലിറങ്ങാന്‍ തുടങ്ങിയാല്‍ ലോകത്തിന്റെ ഗതി എന്താവും. എല്ലാ മതങ്ങളും മനുഷ്യന്റെ നന്മയും പുരോഗതിയും മന:സമാധാനവുമാണ് ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലും പെട്ടുഴലുന്ന മാനവ മനസ്സിന് സമാധാനമേകുവാന്‍ മതവിശ്വാസം സഹായകമാകാറുണ്ട്. എന്നാല്‍ എന്റെ വിശ്വാസങ്ങളും വിശുദ്ധ ഗ്രന്ഥവും പ്രവാചകനും മാത്രമാണ് ശരി എന്ന കടുംപിടുത്തത്തില്‍ നിന്നാണ് മതസംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. എന്റെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ലോകത്തെല്ലാവരും കീഴ്‌വഴങ്ങി ജീവിച്ചുകൊള്ളണമെന്ന സെമിറ്റിക് ശാഠ്യങ്ങളെയാണ് നാം വര്‍ഗ്ഗീയത എന്ന് വിളിക്കുന്നത്. ഭാരതത്തിന് ഇത് തികച്ചും അന്യമായ ശൈലിയാണ്. എല്ലാ മതവിശ്വാസങ്ങളെയും സമാദരിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേത്. എന്നാല്‍ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി ഭാരത മഹാരാജ്യത്തെ ഒരിക്കല്‍ക്കൂടി വിഭജിക്കാമെന്നോ ഇവിടെ വിശുദ്ധ യുദ്ധം നടത്തി ഒരു മതരാഷ്ട്രം സ്ഥാപിച്ചു കളയാമെന്നോ ഉള്ള വ്യാമോഹമുള്ള ചില ശക്തികള്‍ അടുത്ത കാലത്ത് മതത്തിന്റെ പേരിലുള്ള ചില തെരുക്കൂത്തുകള്‍ കാഴ്ചവെയ്ക്കുന്നുണ്ട്. അത്തരം പിത്തലാട്ടങ്ങളില്‍ ഭയന്നുപോകുന്ന ഒരു ഭരണകൂടമല്ല ഇന്ന് ഭാരതത്തിലുള്ളത്.
ചിരപുരാതനമായ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബ് നിര്‍മ്മിച്ച ജ്ഞാനവാപി മസ്ജിദിനുള്ളില്‍ അടുത്ത കാലത്ത് ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്താചാനലുകളിലും പത്രമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം പല ചര്‍ച്ചകളും മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന വിധത്തിലാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ജ്ഞാനവാപി വിഷയത്തില്‍ റിപ്പബ്ലിക്ക് ടി.വി.യില്‍ നടന്ന ചര്‍ച്ചയില്‍ ‘നിങ്ങള്‍ ശിവലിംഗം എന്നു വിളിക്കുന്നത് ഞങ്ങള്‍ കാലും മുഖവും കഴുകാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ഫൗണ്ടനാണ് എന്നും, ശിവലിംഗത്തെ വഴിയോരത്തെ കുറ്റികളോട് ഉപമിച്ചും’ ഒക്കെ മുസ്ലിം പക്ഷത്തുള്ളയാള്‍ പറഞ്ഞപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മ്മ ഹദീസുകള്‍ ഉദ്ധരിച്ച് അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതോടെ നൂപുര്‍ ശര്‍മ്മ പ്രവാചകനിന്ദ നടത്തി എന്ന ആരോപണവുമായി ചിലര്‍ രംഗത്തുവരികയും വിഷയത്തെ അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ കൊണ്ടു പിടിച്ച് ശ്രമിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് എന്ന ഭാരിച്ച ഉത്തരവാദിത്തമുള്ള നൂപുര്‍ ശര്‍മ്മയുടെ വാക്കുകള്‍ വിവാദമായ സാഹചര്യത്തില്‍ ബി.ജെ.പി അവര്‍ക്കെതിരെ നടപടി എടുത്തു. അവിടെ തീരേണ്ടിയിരുന്നതാണ് എല്ലാ പ്രശ്‌നങ്ങളും. എന്നാല്‍ അവസരങ്ങള്‍ വീണുകിട്ടാന്‍ കാത്തിരുന്ന ചില മതമൗലികവാദ സംഘടനകളും ചില പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഭാരതവിരുദ്ധ പ്രചാരണങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഫലമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില ഇസ്ലാമിക രാജ്യങ്ങള്‍ പ്രതികരണവുമായി രംഗത്തുവന്നു. നയതന്ത്ര രംഗത്ത് ഭാരതം നടത്തിയ വിശദീകരണങ്ങളില്‍ തൃപ്തരായ ആ രാഷ്ട്രങ്ങള്‍ സാധാരണ ബന്ധം ഭാരതവുമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ മോദി വിരോധം തലയ്ക്കു പിടിച്ച ചില ജിഹാദി സംഘടനകളും അവരെ പിന്‍തുണയ്ക്കുന്ന ചില പ്രതിപക്ഷ രാഷ്ട്രീയ സൃഗാല ജന്മങ്ങളും ചേര്‍ന്ന് ഭാരതവ്യാപകമായി വര്‍ഗ്ഗീയ കലാപം പടര്‍ത്താന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇസ്ലാമിക ഭീകരവാദികള്‍ ലോകത്തെല്ലായിടത്തും നടത്തി വിജയിപ്പിച്ചിട്ടുള്ള വെള്ളിയാഴ്ചക്കലാപങ്ങള്‍ ഭാരതത്തില്‍ വ്യാപകമായി പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്. കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ഹിന്ദുക്കളെ അടിച്ചോടിക്കാനും വെള്ളിയാഴ്ച കലാപം പരീക്ഷിച്ചിരുന്നു. വെള്ളിയാഴ്ച പള്ളികളിലെ വിശേഷ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് കുട്ടികളും വൃദ്ധരുമടക്കം കൈയില്‍ കിട്ടുന്ന ആയുധങ്ങളുമായി ഇതര മതസ്ഥരുടെ ഭവനങ്ങളും കച്ചവട കേന്ദ്രങ്ങളും ആക്രമിച്ച് തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നതാണ് ലോകം മുഴുവനുമുള്ള വെള്ളിയാഴ്ച കലാപങ്ങളുടെ പൊതു സ്വഭാവം. പള്ളികളില്‍ ആരാധനയ്ക്കായി തടിച്ചുകൂടുന്ന മുസ്ലിം സമൂഹം വളരെ പെട്ടെന്ന് ഒരു സൈനിക സംഘമായി മാറുകയും അവരുടെ ആക്രമണങ്ങളില്‍ ഇതര സമൂഹങ്ങള്‍ പതറിപ്പോവുകയും ചെയ്യും. സ്വാഭാവികമായും ഇത്തരം മിന്നലാക്രമണങ്ങളെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിയ്ക്കാനാണ് പല മാധ്യമങ്ങളും ശ്രമിയ്ക്കാറ്. ജ്ഞാന വാപി ചര്‍ച്ചയില്‍ പങ്കെടുത്ത നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നതോ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വ്യാപക വെള്ളിയാഴ്ചക്കലാപങ്ങള്‍ നടത്തുന്നതോ ഒന്നും മതേതരവായാടികള്‍ക്കോ അവരുടെ നാവായി ചിലയ്ക്കുന്ന ചില മാധ്യമങ്ങള്‍ക്കോ ഇവിടെ വിഷയമല്ല. മലബാറില്‍ വരിക്കാരുടെ എണ്ണം കൂട്ടാനും തൊട്ടടുത്ത എതിരാളിയായ പത്രത്തെക്കാള്‍ തങ്ങളാണ് മതമൗലികവാദികളുടെ സ്വന്തക്കാര്‍ എന്നു സ്ഥാപിക്കാനും മുഖപ്രസംഗമെഴുതുന്ന പത്രങ്ങളുള്ള കേരളം വര്‍ഗ്ഗീയ ഭീകരവാദികള്‍ക്ക് ഇപ്പോഴെ കപ്പം കൊടുത്ത് ജീവിക്കാന്‍ പരിശീലിക്കുകയാണ്. കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍ ഊരി ലാഭമുണ്ടാക്കുന്ന മാധ്യമ പ്രവര്‍ത്തനത്തില്‍ രാജ്യതാല്‍പ്പര്യം എന്തായാലും ഉണ്ടാകാന്‍ വഴിയില്ല.
ദില്ലിയിലും ബംഗാളിലും ഉത്തര്‍പ്രദേശിലും കാശ്മീരിലും കര്‍ണ്ണാടകത്തിലും തെലങ്കാനയിലും എല്ലാം ഒരേ ദിവസം ഒരേ സമയം കലാപം ഉണ്ടാക്കിയതിനു പിന്നിലുള്ള അന്താരാഷ്ട്ര ഗൂഢാലോചന എന്തുകൊണ്ടോ ഭാരതത്തിലെ ചില മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും തമസ്‌ക്കരിക്കുന്നു എന്നത് കാണാതിരുന്നു കൂടാ. ഝാര്‍ഖണ്ഡില്‍ വെളളിയാഴ്ച കലാപകാരികള്‍ തെരുവുയുദ്ധം നടത്തുമ്പോള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വരെ ആക്രമിച്ചു എന്നത് നിസ്സാര സംഗതിയല്ല. ഇത് വിശ്വാസ സംരക്ഷണത്തിന്റെ മറവില്‍ സംഘടിതവും ആസൂത്രിതവുമായി നടത്തപ്പെടുന്ന ഭാരതവിരുദ്ധ യുദ്ധമാണ്. അതിനെ മുളയിലെ നുള്ളിക്കളയാന്‍ ഭരണകൂടം തയ്യാറാകുകയാണ് വേണ്ടത്.