ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്തി കീഴടക്കാന്‍ നിരവധി യുദ്ധതന്ത്രങ്ങള്‍ ഇന്ന് പ്രയോഗത്തിലുണ്ട്. സായുധ സൈനിക ആക്രമണത്തെക്കാള്‍ മാരകമായ സാംസ്‌ക്കാരിക അധിനിവേശം മുതല്‍ സാമ്പത്തിക അട്ടിമറി വരെ ഇന്ന് യുദ്ധതന്ത്രത്തിന്റെ ഭാഗമാണ്. ഇസ്ലാമിക ഭീകരവാദികള്‍ ഭാരതത്തെ സമ്പൂര്‍ണ്ണമായും ഇസ്ലാമിന്റെ കീഴില്‍ കൊണ്ടുവരാന്‍ പ്രത്യക്ഷ ഭീകരപ്രവര്‍ത്തനം പോലെ തന്നെ ഫലപ്രദമായി നടത്തി വരുന്ന ഒരു യുദ്ധതന്ത്രമാണ് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്ന പദ്ധതി. കള്ളപ്പണം, കള്ളനോട്ട്, കുഴല്‍പ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്നു കച്ചവടം തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ഭാരതത്തിന്റെ സാമ്പത്തിക സംവിധാനത്തെയും സാമൂഹ്യക്രമത്തെയും അട്ടിമറിക്കാന്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ നാളുകളായി പരിശ്രമിച്ച് വരികയായിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ദേശീയ സര്‍ക്കാര്‍ നോട്ടു നിരോധനത്തിലൂടെ സാമ്പത്തിക അട്ടിമറി ശ്രമങ്ങള്‍ക്ക് ഒരു പരിധി വരെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ വിജയിച്ചു. മതത്തിനു വേണ്ടി ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളൊന്നും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഹറാമല്ലാത്തതു കൊണ്ട് ചില ഭീകര സംഘടനകള്‍ ഇപ്പോഴും കള്ളപ്പണത്തിന്റെയും കുഴല്‍പ്പണത്തിന്റെയും ഇടപാടുകളിലൂടെ രാജ്യത്ത് ഭീകരവാദം വളര്‍ത്താനും രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തുന്ന അതീവ ജാഗ്രതയുടെ ഫലമായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ കീഴില്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും 33 ബാങ്ക് അക്കൗണ്ടുകള്‍ ഇക്കഴിഞ്ഞ ദിവസം മരവിപ്പിക്കാനായത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുമ്പുതന്നെ കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലെ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കിയവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് പണം വിതരണം ചെയ്തുവെന്ന് തെളിഞ്ഞതിനാല്‍ ഇ.ഡി. സ്വമേധയാ ആരംഭിച്ച അന്വേഷണമാണ് രാജ്യവ്യാപകമായി നടന്നു വന്ന വമ്പന്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ ചുരുള്‍ നിവര്‍ത്തിയത്.
2007 ല്‍ ആണ് എന്‍.ഡി.എഫ് ദേശീയ തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടായി രൂപാന്തരപ്പെട്ടത്. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും മറ്റും പ്രവര്‍ത്തിച്ച സമാനസ്വഭാവമുള്ള മുസ്ലീം ഭീകര സംഘടനകളെ കൂട്ടിച്ചേര്‍ത്ത് ദളിത പിന്നാക്ക ന്യൂനപക്ഷ മനുഷ്യാവകാശ പരിവേഷം ധരിച്ച് മാരീചവേഷം കെട്ടിയാടുന്നതില്‍ പി.എഫ്.ഐ ഇതുവരെ വിജയിച്ചിരുന്നു. ഇവരുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാധ്യമായ എല്ലാ സഹായവും ചെയ്തു വന്നിരുന്നു. പൗരത്വ നിയമവിരുദ്ധ സമരങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അതേതരത്തിലും സ്വരത്തിലും നിറഞ്ഞാടുവാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിക്കുകയായിരുന്നു. 2009 ഫെബ്രുവരിയില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് പി.എഫ്. ഐ, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്ന രാഷ്ട്രീയ സംഘടന ആരംഭിക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ മുന്നണിയും വലതുപക്ഷ മുന്നണിയും മാറി മാറി ഇവരുമായി പ്രത്യക്ഷമായും പരോക്ഷമായും സഹകരിച്ച് പോന്നു. പി.എഫ്.ഐ നടത്തിയ എല്ലാ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെയും വെള്ളപൂശാനും ഇവര്‍ നടത്തിയ കൊലപാതകങ്ങളെ കണ്ടില്ലെന്നു നടിക്കാനും ഇടത്-വലത് മുന്നണികള്‍ മത്സരിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ വിശാല്‍, ആലപ്പുഴയില്‍ നന്ദുകൃഷ്ണ, അഡ്വ. രഞ്ജിത് ശ്രീനിവാസന്‍, പാലക്കാട് സഞ്ജിത്ത്, ശ്രീനിവാസന്‍ തുടങ്ങി നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നുതള്ളുമ്പോള്‍ നിസ്സംഗരായി നിന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളും നിഷ്പക്ഷ നാട്യക്കാരായ മാധ്യമങ്ങളും കേന്ദ്ര ഏജന്‍സികള്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസുകള്‍ അടയ്ക്കുമ്പോഴെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞെങ്കില്‍ നന്നായിരുന്നു.
ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി വന്നുകൊണ്ടിരുന്നത്. ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ചൈനയും ഇവര്‍ക്ക് പണം നല്‍കിയിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇങ്ങനെ ലഭിച്ചിരുന്ന പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലും മദ്യ വ്യാപാരത്തിലും മയക്കുമരുന്ന് വ്യാപാരത്തിലുമൊക്കെ മുടക്കി ഇരട്ടിപ്പിക്കുന്ന പ്രവര്‍ത്തനവും ഭീകര സംഘടനകള്‍ നടത്തിയിരുന്നു. ആസൂത്രിതമായി കൊലകള്‍ നടത്താനും പ്രതികളെ വിദേശത്തേയ്ക്കു വരെ കടത്താനും പ്രതികള്‍ക്കും ആശ്രിതര്‍ക്കും കോടികള്‍ പ്രതിഫലം നല്‍കാനും തങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കാനും ഭീകര സംഘടനകള്‍ കള്ളപ്പണമാണ് ഉപയോഗിച്ചിരുന്നത്. ആലപ്പുഴയില്‍ ഈ അടുത്ത കാലത്ത് പി.എഫ്.ഐ നടത്തിയ പ്രകടനത്തില്‍ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ പത്തു വയസുള്ള കുട്ടിയെ കൊണ്ട് വിളിപ്പിച്ചതിനെതിരെ ഇടത് വലത് രാഷ്ട്രീയ നേതാക്കള്‍ പുലര്‍ത്തിയ മൗനത്തിന്റെ കാരണം തിരഞ്ഞു പോയാല്‍ പി.എഫ്.ഐ സ്വരൂപിക്കുന്ന കള്ളപ്പണത്തിന്റെ ഒരു വിഹിതം ആര്‍ക്കൊക്കെ കിട്ടുന്നു എന്ന രഹസ്യം മറ നീക്കി പുറത്തുവരും. രാജ്യസുരക്ഷയെ ബാധിക്കുംവിധം പ്രവര്‍ത്തിക്കുന്ന മീഡിയാവണ്‍ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചപ്പോള്‍ ഏറെ വേദനിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കായിരുന്നു എന്നത് കാണാതിരുന്നു കൂടാ. കേരള ഹൈക്കോടതി ഈയിടെ പി.എഫ്.ഐയെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചിട്ട് പോലും കേരളത്തിലെ ഭരണപക്ഷ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളൊന്നും അതിനെ നിരോധിയ്ക്കണമെന്ന് ആവശ്യപ്പെടാത്തതെന്തുകൊണ്ടാണെന്ന് കേരളീയര്‍ അന്വേഷിക്കേണ്ടതാണ്. ദില്ലിയില്‍ കലാപത്തിനായി 22 കോടി രൂപ എത്തിച്ചത് മലയാളിയായ സിദ്ദിക്ക് കാപ്പന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ വഴിയാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയെങ്കിലും കേരളത്തിലെ മാധ്യമ സംഘടനകള്‍ അറസ്റ്റിലായ സിദ്ദിക്ക് കാപ്പന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിയ്ക്കുന്നതെന്നതും കള്ളപ്പണത്തിന്റെ പങ്കുപറ്റുന്നവര്‍ ആരെല്ലാം എന്ന് സൂചിപ്പിക്കുന്നുണ്ട്. എന്തായാലും ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസുകള്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.