ബാങ്കോക്കിലെ ഇംപാക്ട് അറീനയില്‍ ഗാലറികളില്‍ നിറഞ്ഞുപാറിക്കൊണ്ടിരുന്ന ദേശീയ പതാകയുടെ ഭവ്യ സാന്നിദ്ധ്യത്തില്‍, പുതിയൊരു ചരിത്രം ഉയിര്‍പ്പ് നേടി. ലോകബാഡ്മിന്റണിലെ പരമോന്നത ബഹുമതിയായ തോമസ്‌കപ്പ് ഭാരതത്തിന്റെ വീരപുത്രന്മാര്‍ കൈകളിലുയര്‍ത്തി നിന്നപ്പോള്‍ ഈ ദേശത്തിന്റെ അന്തരംഗം അഭിമാനപൂരിതമായി; ലോകം വിസ്മയപ്പെട്ടു. കാരണം, പതിനാലു വട്ടം കപ്പിനുമേല്‍ അവകാശമിട്ട സാക്ഷാല്‍ ഇന്തോനേഷ്യയും അതിശക്തരായ ഡെന്‍മാര്‍ക്കും മലേഷ്യയും കടന്ന് ഭാരതം കപ്പില്‍ കൈവയ്ക്കുമെന്ന് അധികമാരും കരുതിയില്ലായെന്നതു തന്നെ.
തോമസ് കപ്പിന്റെ മുക്കാല്‍ നൂറ്റാണ്ട് ചരിത്രത്തില്‍ കേവലം ആറ് രാജ്യങ്ങള്‍ക്ക് മാത്രം കൈവന്ന കിരീടനേട്ടമെന്ന സൗഭാഗ്യമാണ് അസാധാരണ കേളീ മികവിലൂടെ ഭാരതത്തിന്റെ ചെറുപ്പക്കാര്‍ കൈവരിച്ചത്. 1975ലെ ഹോക്കിലോകകപ്പ് വിജയത്തോടും 1983ലെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിനൊപ്പവും ചേര്‍ത്തുവയ്ക്കാം ഈ അസുലഭനേട്ടത്തെ. വ്യക്തിഗത ലോക വിജയങ്ങള്‍ പലതുണ്ടായെങ്കിലും ടീമിനത്തിലെ നേട്ടങ്ങള്‍ ഭാരതകായികരംഗത്ത് പരിമിതം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തോമസ്‌കപ്പ് വിജയം നല്‍കുന്ന ആത്മവിശ്വാസവും പ്രചോദനവും അളവറ്റതാണ്. ജനപ്രിയ കായികവിനോദത്തില്‍ ഹോക്കിയും ക്രിക്കറ്റുമൊഴികെ മറ്റൊന്നും ഭാരതത്തിന് ലോകാംഗീകാരം നേടി തന്നിട്ടില്ല. ടെന്നീസില്‍ രണ്ടുതവണ കലാശപ്പോരിനിറങ്ങിയെങ്കിലും ഡേവിസ് കപ്പ് സ്വന്തമാക്കാന്‍ നമുക്കായതുമില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര ബാഡ്മിന്റണിലെ ഇന്ത്യന്‍ മുന്നേറ്റങ്ങളുടെ ഫലസിദ്ധിയായി ഈ കപ്പ് വിജയത്തെക്കാണാം. 1980-ല്‍ പ്രകാശ് പദുകോണും 2001ല്‍ പുല്ലേല ഗോപിചന്ദും കൊണ്ടുവന്ന ആള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പുകളാണ് ഇന്ത്യന്‍ ബാഡ്മിന്റണില്‍ ആദ്യമായി വന്ന ലോകാംഗീകാരങ്ങള്‍. പിന്നെയൊരു പതിറ്റാണ്ടുകാലം ഉയര്‍ത്തിക്കാട്ടാന്‍ മികവുകളുണ്ടായില്ല. തുടര്‍ന്ന് സൈന നേവാളും പി.വി. സിന്ധുവും തുടങ്ങിവച്ച തേരോട്ടം ഇടതടവില്ലാതെ ഇപ്പോഴും തുടരുകയാണ്. 2012ന് ശേഷമുണ്ടായ ഒളിമ്പിക്‌സുകളില്‍ ഇന്ത്യക്ക് മെഡലുകളുണ്ടായി. ലണ്ടനിലെ സൈനയുടെ വെങ്കലം പി.വി.സിന്ധു റയോഡി ജനീറയില്‍ നിലനിര്‍ത്തുകയും ടോക്കിയോയില്‍ വെള്ളിയായി തിളക്കം കൂട്ടുകയും ചെയ്തു. ഒളിമ്പിക് മെഡല്‍ നേടാനായില്ലെങ്കിലും കിഡംബി ശ്രീകാന്തും, സായ്പ്രണീതും, എച്ച്.എസ്. പ്രണോയിയും നിരവധി അന്താരാഷ്ട്ര നേട്ടങ്ങള്‍ ഭാരതത്തിലേക്ക് കൊണ്ടുവന്നു. പുത്തന്‍ പ്രതിഭയായ ലക്ഷ്യസെന്‍ കഴിഞ്ഞ യുറോപ്യന്‍ സീരീസ് മത്സരങ്ങളില്‍ ലോകറാങ്കിങ്ങിലെ ഉന്നതരായ വിക്ടര്‍ അക്ലസല്‍സന്‍, ആന്റണ്‍ ആന്റണ്‍സന്‍, കെന്റോ-മൊമട്ടോ എന്നിവരെയെല്ലാം കീഴ്‌പ്പെടുത്തിയാണ് തോമസ് കപ്പ് കളിക്കാനെത്തിയത്.
കളി തുടങ്ങുമ്പോള്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലോകബാഡ്മിന്റണിലെ നൂറ് വമ്പന്‍മാരും അണിനിരന്ന മത്സരത്തില്‍ കിരീടം ഉറപ്പുണ്ടായിരുന്നില്ല. ഡബിള്‍സില്‍ ശക്തമായ ഒരു ജോഡി മാത്രമായിരുന്നു ഭാരതത്തിനുണ്ടായിരുന്നത് എന്നതു തന്നെയായിരുന്നു ന്യൂനത – ലോക റാങ്കിങ്ങില്‍ എട്ടാമതുള്ള സ്വസ്തികരാജ് സായ് രെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. സിംഗിള്‍സില്‍ ശ്രീകാന്തും പ്രണോയിയും ലക്ഷ്യസെന്നും പ്രബലരായുണ്ടായിരുന്നുവെങ്കിലും ശേഷിച്ച രണ്ട് ഇന്ത്യന്‍ ഡബിള്‍സ് ജോഡികളും താരതമ്യേന പരിചയക്കുറവുള്ളവരായിരുന്നു. ഇതുതന്നെയായിരുന്നു ടീമിനുണ്ടായിരുന്ന ആശങ്ക.
എന്നാല്‍ കളിതുടങ്ങി പുരോഗമിച്ചപ്പോള്‍ ആശങ്കകളൊന്നും ടീമിനെ ബാധിച്ചില്ല. രംഗറെഡ്ഡിയും ചിരാഗ് ഷെട്ടിയും കളിച്ച മത്സരങ്ങളിലൊക്കെ വിജയം കണ്ടപ്പോള്‍ ടീമിന്റെ സമ്മര്‍ദ്ദമാകെ മാറി. ഫൈനലില്‍ ഇന്‍ന്തോനേഷ്യയുടെ ലോകചാമ്പ്യന്‍മാരായ കെവിന്‍ സന്‍ജയ മൊഹമ്മദ് – അഹ്‌സന്‍ ജോഡിയെ ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തുവിട്ടപ്പോള്‍ തന്നെ കപ്പ് വിജയം ഏറെക്കുറെ ഇന്ത്യന്‍പക്ഷത്തായി.
ബാങ്കോക്കില്‍, മത്സരങ്ങളുടെ ലീഗ് ഘട്ടത്തില്‍ ചൈനീസ് തായ്‌പേയോട് അപ്രതീക്ഷിത തോല്‍വി വാങ്ങിയപ്പോള്‍ ഭാരതത്തിന്റെ തുടര്‍പ്രതീക്ഷകളില്‍ മങ്ങലുണ്ടായി. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലു തവണ ചാമ്പ്യന്‍മാരായിരുന്ന മലേഷ്യയേയും തുടര്‍ന്ന് മുന്‍ചാമ്പ്യന്‍മാരും അതിശക്തരുമായ ഡെന്‍മാര്‍ക്കിനേയും കീഴ്‌പ്പെടുത്തിയപ്പോള്‍ ടീം ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിയിരുന്നു. ഫൈനലില്‍, മുന്‍ചാമ്പ്യന്‍മാരായ ചൈനയേയും ജപ്പാനേയും മറികടന്നെത്തിയ ഇന്തോനേഷ്യന്‍ പ്രഭാവത്തെ നേരിടാന്‍ ഭാരതത്തിന്, മുന്‍വിജയങ്ങളില്‍ നിന്നും ലഭിച്ച പ്രചോദനം കൈമുതലായുണ്ടായിരുന്നു.
ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജോനാതന്‍ ക്രിസ്റ്റി, ലോക അഞ്ചാംനമ്പര്‍ ആന്റണി സിന്‍സുക ഗിന്റിങ്ങ് എന്നിവര്‍ക്കൊപ്പം ഡബിള്‍സില്‍ ഒന്നാം റാങ്കുകാരായ കെവിന്‍- അഹ്‌സാന്‍ ജോടി അടക്കമുള്ളതായിരുന്നു ഇന്തോനേഷ്യന്‍ കരുത്ത്. എന്നാല്‍ കളി വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, തങ്ങളുടെ എക്കാലത്തേയും മികച്ച പോരാട്ടവീര്യമാണ് ശ്രീകാന്തും കൂട്ടുകാരും പുറത്തെടുത്ത് കളത്തില്‍ കാട്ടിയത്. രണ്ടാമത് നടന്ന ഡബിള്‍സില്‍ രങ്കിറെഡ്ഡിയും ചിരാഗും നടത്തിയ ചെറുത്തുനില്‍പ് അവിസ്മരണീയമായിരുന്നു. വിജയത്തിന്റെ തൊട്ടരികിലെത്തിയ ഇന്തോനേഷ്യന്‍ പങ്കാളികളെ നാല് മാച്ച് പോയന്റുകളെ അതിജീവിച്ച് പരാജയപ്പെടുത്തിയാണ് ഭാരതത്തിന്റെ ജയം സാദ്ധ്യമാക്കിയത്. ഫൈനലില്‍ നിശ്ചയിച്ചിരുന്ന അഞ്ചു മത്സരങ്ങളും കളിച്ചു തീര്‍ക്കേണ്ടിവരും എന്ന് പ്രതീക്ഷിച്ചിരുന്നേടത്താണ് വ്യക്തിഗത മത്സരങ്ങളിലെ തുടര്‍വിജയത്തോടെ ലക്ഷ്യസെന്നും, ശ്രീകാന്തും വിജയലക്ഷ്യം കണ്ടത്. മുന്‍മത്സരങ്ങളിലെ മിന്നും താരമായിരുന്ന എച്ച്.എസ്. പ്രണോയിക്ക് കളത്തിലിറങ്ങേണ്ടി വന്നതുമില്ല. കളി 3-0ന് ഭാരതം കീശയിലാക്കി.
ഒളിമ്പിക്‌സില്‍ നീരജ്‌ചോപ്രയുടെ സ്വര്‍ണം പകര്‍ന്നു നല്‍കിയ പ്രചോദനത്തിന് ശേഷം ഇന്ത്യന്‍ കായികരംഗത്ത് ശുഭകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും തോമസ് കപ്പ് വിജയം എന്നതിന് സംശയമേതുമില്ല. 2022 അന്താരാഷ്ട്ര കായിക രംഗത്ത് ഇന്ത്യന്‍ മികവിന്റെ വര്‍ഷമായി മാറുകയാണ്. പുരുഷ-വനിതാ ഹോക്കിയിലെ മികച്ച വിജയങ്ങള്‍, അത്‌ലറ്റിക്‌സില്‍ വിവിധ ഇനങ്ങളില്‍ ഉയരുന്ന പ്രതീക്ഷകള്‍, ചെസില്‍ സര്‍വ്വശക്തനായ മാഗ്നസ് കാള്‍സന്നെ അടിയറവ് പറയിപ്പിച്ച കുരുന്നു പ്രതിഭ പ്രഗ്നാനന്ദയുടെ മുന്നേറ്റം, ഷൂട്ടിങ്ങ്-ഗുസ്തി ബോക്‌സിംഗ് ലോകമത്സരങ്ങളിലെ ഇന്ത്യന്‍ താരങ്ങളുടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ – ഒടുവില്‍ തോമസ് കപ്പ് വിജയവും, കായിക ഭാരതത്തിന്റെ തിളക്കം അനുക്രമം വര്‍ദ്ധിക്കുകയാണ്.