ഇന്ന് ഭാരതത്തില്‍ ഏവര്‍ക്കും സുപരിചിതമായ പദമാണ് യുപിഐ. വിരലടയാളം പോലുള്ള സങ്കീര്‍ണ്ണ കോഡുകള്‍ അടങ്ങിയ ഒരു ചതുരത്തിന്റെ ചിത്രം വഴിവക്കില്‍ പച്ചക്കറി വില്‍ക്കുന്നവര്‍ തൊട്ട് വന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ ഒരുപോലെ കാണുന്ന കാഴ്ചയാണ്. കഴിഞ്ഞ ആറേഴു വര്‍ഷത്തില്‍ ഭാരതത്തില്‍ നടന്ന ഒരു വന്‍ സാങ്കേതിക വിപ്ലവത്തിന്റെ തിലകമാണത്.
ഏതാണ്ടടുത്ത കാലം വരെ നമ്മുടെയിടയില്‍ നടന്ന പണമിടപാടുകളില്‍ ബഹുഭൂരിപക്ഷവും കടലാസ് കറന്‍സിയിലൂടെ ആയിരുന്നു. പണം കൈയ്യില്‍ കൊണ്ടുനടക്കുക, അങ്ങനെ ചെയ്യുമ്പോഴുള്ള സുരക്ഷാപ്രശ്‌നങ്ങള്‍, കള്ളനോട്ടിന്റെ സാധ്യത, കള്ളപ്പണ ഇടപാടുകളിലൂടെ രാജ്യത്തിനുണ്ടാകുന്ന നഷ്ടം അങ്ങിനെയങ്ങിനെ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ കറന്‍സി ഇടപാടിനുണ്ട്. രാജ്യത്ത് ചെലവഴിക്കപ്പെടുന്ന പണത്തിന്റെ പകുതിയും ഒരു കണക്കുമില്ലാതെ പോകുന്നു എന്നതാണ് അതിലെ ഗുരുതരമായ വിഷയം. ഇതിലൂടെ രാജ്യത്ത് ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥ തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഇതിലൂടെ ഭീകരപ്രവര്‍ത്തനത്തിനും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കോടിക്കണക്കിനു പണം ഒഴുകിക്കൊണ്ടേ ഇരുന്നു.
2014 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തെ ഓരോ പൗരനും ബാങ്ക് അക്കൗണ്ട് എടുക്കണം എന്ന ആഹ്വാനം പ്രധാനമന്ത്രി നല്‍കിയത്. തുടര്‍ന്ന് കുറഞ്ഞ ബാലന്‍സ് തുക ആവശ്യമില്ലാത്ത ജന്‍ ധന്‍ അക്കൗണ്ടുകള്‍ രാജ്യത്തെ എല്ലാ സ്വകാര്യ പൊതുമേഖലാ ബാങ്കുകളും ആരംഭിച്ചു. സബ്‌സിഡി തുകകള്‍ അതാത് ബാങ്ക് അക്കൗണ്ടുകളില്‍ മാത്രമേ വരൂ എന്ന നിയമം കൂടി നടപ്പായപ്പോള്‍ അക്കൗണ്ട് ഉടമയുടെ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായി. അങ്ങനെ ഒന്ന് രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തെ ഏതാണ്ട് മുഴുവന്‍ ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ആയി.
അങ്ങനെയിരിക്കവേ ആണ് 2016 നവംബറില്‍നോട്ട് നിരോധനം നടപ്പില്‍ വരുന്നത്. അവരവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന നിരോധിക്കപ്പെട്ട നോട്ടുകള്‍ നിശ്ചിതസമയത്ത് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വന്നതോടെ ജന്‍ ധന്‍ അക്കൗണ്ടുകള്‍ സജീവമായി. അപ്പോഴാണ് കറന്‍സി രഹിത പണമിടപാട് വ്യാപകമായി തുടങ്ങിയതും.
റീട്ടെയില്‍ പണമിടപാടുകളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനുള്ള നിര്‍ദ്ദേശം 2009 ലാണ് ഉണ്ടായതെങ്കിലും വിശ്വാസ്യതയുള്ള ഒരു സംവിധാനം ഉണ്ടാകുന്നത് 2016 ലാണ്. അങ്ങനെയാണ് BHIM (Bharath Interface for Money) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാകുന്നത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അവരവരുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്നും ഏത് ചെറിയ തുകയും മറ്റൊരു അക്കൗണ്ടിലേക്ക് യാതൊരു അധിക ചെലവുമില്ലാതെ അയക്കാന്‍ കഴിയും. പേഴ്‌സില്‍ നിന്നും പണം എടുത്ത് മറ്റൊരാള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ വേഗതയില്‍ അയാളുടെ അക്കൗണ്ടില്‍ പണമെത്തിക്കാന്‍ കഴിയുന്ന ഈ സംവിധാനം അതിവേഗമാണ് ജനപ്രീതി നേടിയത്. തുടര്‍ന്ന്, ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ ഈ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചപ്പോള്‍ രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഡിജിറ്റല്‍ കുതിച്ചുചാട്ടമാണ് ബാങ്കിങ് രംഗത്ത് നടന്നത്.
ബാങ്ക് ശൃംഖല, മൊബൈല്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ശൃംഖല എന്നിങ്ങനെ അതിസങ്കീര്‍ണ്ണമായ സാങ്കേതിക മേഖലകളെ അതിവിദഗ്ധമായി സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. വിവരസാങ്കേതിക വിദ്യയിലെ ഭാരതത്തിന്റെ വൈദഗ്ധ്യത്തിലൂടെ നടന്ന ഈ മഹാവിപ്ലവം കണ്ട് ലോകം അന്തം വിട്ടു നിന്നുപോയി എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
2022 ഫെബ്രുവരിയിലെ കണക്ക് പ്രകാരം, 452 കോടി ഇടപാടുകളിലൂടെ എട്ടരലക്ഷം കോടിയുടെ ഇടപാടാണ് ഒറ്റ മാസത്തില്‍ നടന്നത്. ഇപ്പോള്‍ നടക്കുന്ന ആകെ പണമിടപാടുകളില്‍ 52 ശതമാനവും ഇങ്ങിനെ UPI (Unified payment Interface ) വഴിയാണ് നടക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ രാജാക്കന്മാരായിരുന്ന അമേരിക്കയെയും ചൈനയെയുമൊക്കെ ഭാരതം ബഹുദൂരം പിന്നിലാക്കിയത് മൂന്നുനാലു കൊല്ലങ്ങള്‍ കൊണ്ടാണ്.
ഇതിന്റെ ഏറ്റവും വലിയ നേട്ടം എന്തെന്നാല്‍, നടക്കുന്ന പണമിടപാടുകളില്‍ ഭൂരിപക്ഷവും കൃത്യമായി ബാങ്കുകളില്‍ കൂടി ആയി. ഓരോരുത്തരും എത്ര പണം എന്തിനൊക്കെ ചെലവഴിക്കുന്നു, അവര്‍ക്ക് എവിടെനിന്ന് പണം വരുന്നു, എങ്ങോട്ടു പോകുന്നു എന്നതിന്റെ കൃത്യമായ വിവരം സര്‍ക്കാരിന് കിട്ടുന്നു എന്നതാണ്. അതുകൊണ്ടുതന്നെ നികുതിവലക്ക് പുറത്തായിരുന്ന വലിയൊരുവിഭാഗം നികുതി നല്‍കാന്‍ നിര്‍ബന്ധിതരായി. അങ്ങനെ രാജ്യത്തെ ആദായനികുതി നല്‍കുന്നവരുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് മൂന്നിരട്ടിയായി.
സാങ്കേതികവിദ്യ ജനകീയമാകേണ്ടത് മാനവരാശിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് പല പ്രാവശ്യം നാം ചര്‍ച്ച ചെയ്തതാണ്. അങ്ങനെയൊരു ജനകീയവല്‍ക്കരണത്തിന്റെ ദൃഷ്ടാന്തമാണ് യുപിഐ.
Comments