മനുഷ്യന്‍ ശാന്തിയും സമാധാനവും തേടിയെത്തുന്ന സാന്ത്വന കേന്ദ്രങ്ങളായാണ് നാളിതുവരെ ആരാധനാലയങ്ങളെ കണക്കാക്കി പോന്നിട്ടുള്ളത്. ഏത് മതസ്ഥരായാലും ഇതര മതക്കാരുടെ ആരാധനാലയങ്ങളെ ബഹുമാനപൂര്‍വ്വം കണക്കാക്കുന്നത് അവയൊക്കെ ശാന്തികുടീരങ്ങളാണ് എന്ന ധാരണയിലാണ്. എന്നാല്‍ അത്തരം ധാരണകളൊക്കെ ഗതകാല ചരിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന എ.ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ പള്ളി ഇമാം അറസ്റ്റിലായിരിക്കുകയാണ്. ശംഖുവാരത്തോട് പള്ളി ഇമാം സദ്ദാം ഹുസൈന്‍ കൊലക്കേസില്‍ നേരിട്ട് പങ്കെടുത്ത പ്രതികളിലൊരാളെ ഒളിപ്പിക്കുകയും പ്രതികളുടെ ഫോണ്‍ പള്ളിയില്‍ സൂക്ഷിക്കുകയും ചെയ്തതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട് ആര്‍.എസ്.എസ്.തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്ത് വധക്കേസില്‍ ഇതേ പള്ളിയിലെ മുന്‍ ഇമാം മുഹമ്മദ് ഇബ്രാഹിം പ്രതിയായിരുന്നു. അന്ന് ഒളിവില്‍ പോയ ഇയാള്‍ക്കു പകരം വന്ന ഇമാമും കൊലക്കേസില്‍ ഇപ്പോള്‍ പ്രതിയായിരിക്കുകയാണ്. ആരാധനാലയത്തിന്റെ മറവില്‍ ഇവര്‍ നടത്തുന്നത് ലക്ഷണമൊത്ത ഭീകരപ്രവര്‍ത്തനമാണ് എന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു. ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഈ ഭീകരത്താവളം ഇപ്പോള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തിയിട്ടുണ്ടാവും. എന്നാല്‍ കേരളത്തില്‍ ഇത്തരം ഭീകര കേന്ദ്രങ്ങള്‍ക്ക് എല്ലാ പരിരക്ഷയും നല്‍കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരായതുകൊണ്ട് ഇനിയുള്ള കാലത്ത് ഇത്തരം ഭീകരകേന്ദ്രങ്ങള്‍ വര്‍ദ്ധിക്കാനാണ് സാധ്യത. മുസ്ലിം ആരാധനാലയങ്ങള്‍ മതഭീകരരുടെ ഒളിത്താവളവും അട്ടിമറി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും ആകുന്നത് ഇതാദ്യമല്ല. മുസ്ലിം ആരാധനാലയങ്ങള്‍ക്കു മുന്നിലൂടെ ഇതര മതസ്ഥരുടെ ഘോഷയാത്രകള്‍ പോകുമ്പോള്‍ ആക്രമിക്കുക, മുസ്ലിം കേന്ദ്രങ്ങളില്‍ നിന്ന് രാമനവമി, ഹനുമല്‍ ജയന്തി, വിനായക ചതുര്‍ത്ഥി ഘോഷയാത്രകള്‍ക്കു നേരെ കല്ലും ചെരിപ്പും എറിയുക തുടങ്ങിയ പ്രകോപനങ്ങള്‍ ഉത്തര ഭാരതത്തില്‍ പലയിടങ്ങളിലും നടന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം ദില്ലിയിലെ ജഹാംഗീര്‍ പുരിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി താമസിക്കുന്ന റോഹിങ്ക്യന്‍ കൈയേറ്റക്കാരാണ് ഹനുമല്‍ ജയന്തി ഘോഷയാത്രയെ കല്ലെറിഞ്ഞ് ആക്രമിച്ചത്. കുറച്ച് നാളുകളായി സര്‍ക്കാര്‍ ഭൂമി കൈയേറി താമസിക്കുന്ന ഇവരെ ദില്ലി പോലീസ് ഒഴിപ്പിക്കുന്ന നടപടി തുടര്‍ന്നു വരികയായിരുന്നു. ഹനുമല്‍ ജയന്തി ഘോഷയാത്രയെ ആക്രമിച്ചതോടെ കൈയേറ്റക്കാരായ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് വീരപരിവേഷം കിട്ടും വിധമാണ് കമ്മ്യൂണിസ്റ്റ് നേതാക്കളടക്കമുള്ള പല രാഷ്ട്രീയ നേതാക്കളുടെയും പെരുമാറ്റം. വൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി താമസിക്കുന്ന അക്രമി കൂട്ടങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കേരളത്തില്‍ നിന്നുള്ള ചില രാഷ്ട്രീയക്കാരുടെ തീര്‍ത്ഥാടന ഭൂമിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ജഹാംഗീര്‍ പുരി. ഇതേ ശക്തികളാണ് പാലക്കാട് മുസ്ലിം പള്ളികേന്ദ്രീകരിച്ചു കൊണ്ട് രണ്ട് ചെറുപ്പക്കാരെ പട്ടാപ്പകല്‍ വകവരുത്തിയിട്ട് നിശബ്ദത പാലിക്കുന്നത്. കേരളത്തിന്റെ ഭാവി എത്രമാത്രം അപകടത്തിലേക്കാണ് പോകുന്നതെന്നതിന് ഇതില്‍ കൂടുതല്‍ തെളിവാവശ്യമില്ല.
പാലക്കാട് രണ്ട് ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങള്‍ ചെയ്ത ശംഖുവാരത്തോടുള്ള മുസ്ലിംപള്ളി ഭീകരവാദികള്‍ താവളമാക്കിയിട്ട് പൊതു മുസ്ലിംസമൂഹം ഇതുവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഈ പള്ളിയാകട്ടെ റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് ഭൂമി കൈയേറി സ്ഥാപിച്ചതാണുതാനും. ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ 2018ല്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നതാണ്. ഇസ്ലാം മതഭീകര സംഘടനകളോട് അങ്ങേയറ്റം മൃദുസമീപനം പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്തായാലും ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ ചെറുവിരലനക്കുമെന്ന് കരുതാന്‍ വയ്യ. ആരാധനാലയം എന്ന പേരില്‍ ഇത്തരം നിരവധി ഭീകരകേന്ദ്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രതിദിനം മുളച്ചു വന്നുകൊണ്ടിരിക്കുകയാണ്. തന്ത്രപ്രധാനകേന്ദ്രങ്ങളായ ദേശീയ പാതയോരത്തും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും വിമാനത്താവളങ്ങള്‍ക്കടുത്തുമൊക്കെ ഭീകരവാദികളുടെ ഒളിത്താവളങ്ങളായ ആരാധനാലയങ്ങള്‍ ഉയര്‍ന്നു വരുന്നത് രാഷ്ട്രസുരക്ഷയെക്കുറിച്ച് ആശങ്കയുളവാക്കുന്ന സംഗതിയാണ്.
കാശ്മീര്‍ താഴ്‌വരയിലെ വിഘടനവാദികള്‍ പാകിസ്ഥാന്റെ സഹായത്തോടെ പടുത്തുയര്‍ത്തിയ പള്ളികളുടെ മറവിലായിരുന്നു തൊണ്ണൂറുകളില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തതെന്ന് മലയാളികള്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്. 2003 മെയ് 2ന് എട്ടു ഹിന്ദുക്കളെ വെട്ടിക്കൊന്ന മാറാട് കലാപകാരികള്‍ ആയുധം ഒളിപ്പിച്ചത് മാറാട് ജുമാ മസ്ജിത്തിലായിരുന്നു എന്നത് പാലക്കാട് സംഭവങ്ങളുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. ഇന്ന് വലിയ മതേതരത്വം പറയുന്ന മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു പള്ളിയിലെ ചോര കഴുകി തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും മുന്നില്‍ നിന്നിരുന്നത്. പിന്നീട് മാറാട് കേസില്‍ സി.ബി.ഐ.അന്വേഷണത്തെ തടയാന്‍ ലീഗുകാര്‍ക്കൊപ്പം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും മത്സരിക്കുന്നതും കണ്ടതാണ്. പാലക്കാട് കൊലപാതകങ്ങളില്‍ പോലീസ് അറസ്റ്റു ചെയ്ത ചിലരെങ്കിലും മാര്‍ക്‌സിസ്റ്റ് ഭൂതകാലമുള്ളവരാണെന്നതും ശ്രദ്ധേയമാണ്. ന്യൂ ദില്ലിയില്‍ ജഹാംഗീര്‍ പുരിയില്‍ മുസ്ലിം സംരക്ഷകയായവതരിച്ച മാനവവാദി അമ്മച്ചിമാരൊന്നും കേരളത്തിലെ ഹിന്ദുക്കളുടെ രക്ഷയ്ക്ക് വരുമെന്ന് കരുതാന്‍ വയ്യ. കാരണം കമ്മ്യൂണിസ്റ്റ് നിഘണ്ടുവില്‍ ഹിന്ദുക്കള്‍ക്ക് മനുഷ്യരെന്ന അര്‍ത്ഥം തന്നെയില്ല. കാശ്മീരിലെ ഹിന്ദു വംശഹത്യയ്ക്കും കൂട്ടപ്പലായനങ്ങള്‍ക്കും തൊട്ടുമുമ്പുള്ള അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ സഹായത്തോടെയും പിന്‍തുണയോടെയും നടക്കുന്ന താലിബാന്‍ വത്കരണത്തിന്റെ ഒടുവിലത്തെ ഇരകളാണ് പാലക്കാട് കൊല ചെയ്യപ്പെട്ട സഞ്ജിത്തും ശ്രീനിവാസനും. ആയുധപ്പുരകളായി മാറുന്ന ആരാധനാലയങ്ങളെക്കുറിച്ച് ജാഗ്രതപ്പെടുക മാത്രമല്ല ആത്മരക്ഷയ്ക്കുള്ള വഴികള്‍ തേടാനും കേരളത്തിലെ ഹിന്ദു സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.