ആഗോള ഇസ്ലാമിക ഭീകരരുടെ നേര്‍പതിപ്പായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ അവരുടെ അജണ്ട നിര്‍ബാധം നടപ്പിലാക്കി വരികയാണ്. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യം നേടാന്‍ അവരുടെ മുന്നിലുള്ള പ്രധാന തടസ്സം ദേശീയതയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളും അവയുടെ ആദര്‍ശപ്രചോദിതരും കര്‍മ്മോന്മുഖരുമായ അസംഖ്യം പ്രവര്‍ത്തകരുമാണ്. അവരാണ് സംഘടിത ഹിന്ദു സമാജത്തിന്റെ പ്രാണബലം എന്നും പോപ്പുലര്‍ ഫ്രണ്ടിനറിയാം. അതുകൊണ്ടുതന്നെ അത്തരം പ്രവര്‍ത്തകരെ കൊലപ്പെടുത്തി സമൂഹത്തില്‍ ഭയംവിതച്ച് സ്വന്തം ലക്ഷ്യം നേടാമെന്ന് ഈ നരാധമന്മാര്‍ വ്യാമോഹിക്കുന്നു. ദശകങ്ങളോളം ജമ്മു കാശ്മീരില്‍ നടപ്പാക്കിയ ഈ പദ്ധതിയാണ് ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തിന്റെ അനുകൂല സാഹചര്യമുപയോഗിച്ച് കേരളത്തിലും നടപ്പാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. കാശ്മീരിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും ഭരണകൂടം കാണിക്കുന്ന ജാഗ്രത മൂലം സ്വന്തം അജണ്ട നടപ്പാക്കാന്‍ കഴിയാത്ത ഇവര്‍ കമ്മ്യൂണിസ്റ്റുകാരുടെ ഭരണം നിലനില്‍ക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ അവരുടെ സഹയാത്രികരായി മാറിക്കൊണ്ട് എതിരാളികളെ കൊന്നൊടുക്കുകയാണ്. നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധരായ കമ്മ്യൂണിസ്റ്റുകള്‍ അവരുടെ ബി ടീമായാണ് ഇസ്ലാമിക ജിഹാദികളെ കണക്കാക്കുന്നത്. ഫലത്തില്‍ ചെമ്പന്‍ ജിഹാദികളുടെ അഴിഞ്ഞാട്ടത്തിനാണ് ഇന്നത്തെ കേരളം സാക്ഷ്യം വഹിക്കുന്നത്.
സംഘപ്രസ്ഥാനത്തില്‍ പെട്ട പത്തിലധികം പ്രവര്‍ത്തകരെ ഇസ്ലാമിക ഭീകരര്‍ അടുത്ത കാലത്തായി കേരളത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് വിഷുപ്പിറ്റേന്ന് മദ്ധ്യാഹ്നത്തില്‍ പാലക്കാട് നഗരത്തില്‍ നടന്ന ശ്രീനിവാസന്റെ കൊലപാതകം. മുന്‍ പ്രചാരകനും ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതലയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ശ്രീനിവാസന്‍ ഒരു കേസിലും പ്രതിയായിരുന്നില്ല. പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാതെ, മേലാമുറിയിലുളള കടയില്‍ വെച്ചാണ് നിരപരാധിയായ അദ്ദേഹത്തിന്റെ ജീവന്‍ ഇസ്ലാമിക ഭീകരര്‍ കവര്‍ന്നെടുത്തത്. ഇടതുപക്ഷ ഭരണകൂടത്തിന്റെ തണലില്‍ എന്തും ആകാമെന്ന ഹുങ്കാണ് ജിഹാദികളെ നയിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളുമായ ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ തലേദിവസം കൊല്ലപ്പെട്ടപ്പോള്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍.എസ്. എസ്, ബി.ജെ.പി. സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പോലീസ് അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് കൊലപാതകം ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെച്ച സി.പി.എമ്മുകാരനായ മലമ്പുഴ എം.എല്‍.എ. അടക്കമുള്ളവരും, വേണ്ടത്ര ജാഗ്രത കാണിക്കാത്ത പോലീസ് സംവിധാനവുമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയത്. നേരത്തെ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടായ സ്ഥലമാണ് മേലാമുറി എന്ന കാര്യവും പോലീസ് അവഗണിച്ചു. സംസ്ഥാനം മുഴുവന്‍ നിലനില്‍ക്കുന്ന സി.പി.എം – എസ്.ഡി.പി.ഐ. ബന്ധമാണ് ഇവിടെയും പോലീസിനെ നിഷ്‌ക്രിയമാക്കിയത് എന്നു വേണം കരുതാന്‍.
പാലക്കാട് ജില്ലയില്‍ തന്നെ സമീപകാലത്തു കൊല്ലപ്പെട്ട മൂന്നാമത്തെ സംഘപ്രവര്‍ത്തകനാണ് ശ്രീനിവാസന്‍. തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ 2021 നവംബര്‍ 15 നാണ് പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ശിവരാത്രി നാളില്‍ യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയത് സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടകളാണ്. രണ്ടു സംഭവങ്ങളിലും പ്രതികളെ പിടിക്കുന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് തികഞ്ഞ അലംഭാവമാണുണ്ടായത്. സഞ്ജിത് വധത്തിനു വേണ്ടി ഉപയോഗിച്ച കാര്‍ മണിക്കൂറുകള്‍ക്കകം തമിഴ്‌നാട്ടിലേക്ക് കടത്താനും പൊളിച്ചു മാറ്റാനും പ്രതികള്‍ക്ക് കഴിഞ്ഞു. ഈ കേസില്‍ പത്തോളം പ്രതികളെ ഇനിയും പിടിക്കാനുണ്ട്. സമാനമായ സാഹചര്യത്തില്‍ ആലപ്പുഴയിലും പോലീസിന്റെയും സര്‍ക്കാരിന്റെയും പിടിപ്പുകേടുകൊണ്ട് രണ്ട് സംഘപ്രവര്‍ത്തകര്‍ അടുത്ത കാലത്ത് കൊല്ലപ്പെടുകയുണ്ടായി. വയലാറില്‍ ശാഖാ ഗടനായകനായിരുന്ന നന്ദു കൃഷ്ണയെ കഴിഞ്ഞ നവം.24 നാണ് ജിഹാദികള്‍ കൊലപ്പെടുത്തിയത്. ഡിസം.20 ന് ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസനേയും അവര്‍ പൈശാചികമായി കൊലപ്പെടുത്തി. അതിനു മുമ്പ് ഒക്ടോ. 31 ന് ചാവക്കാട് മണത്തല ബിജു എന്ന സംഘപ്രവര്‍ത്തകനെയും ജിഹാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളിലെല്ലാം തക്കസമയത്ത് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനോ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ പോലീസിനു കഴിഞ്ഞിട്ടില്ല.
ക്രമസമാധാനപാലനത്തിലും ഇന്റലിജന്‍സ് സംവിധാനത്തിലും പൂര്‍ണ്ണമായി പരാജയപ്പെട്ട ഒരു ആഭ്യന്തര വകുപ്പാണ് കഴിഞ്ഞ 6 വര്‍ഷക്കാലമായി കേരളത്തില്‍ നിലവിലുള്ളത്. ഗതാഗത നിയന്ത്രണത്തിലല്ലാതെ മറ്റൊരു കാര്യത്തിലും പോലീസിന്റെ സാന്നിദ്ധ്യം പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. മുഖ്യമന്ത്രി വിജയന്റെ അനാരോഗ്യം പോലീസ് സംവിധാനത്തെയും ബാധിച്ചിരിക്കുകയാണ്. അമേരിക്കയില്‍ പോയി ചികിത്സിച്ചതിന് 30 ലക്ഷത്തോളം രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് സംസ്ഥാന പോലീസിനെയോ അവര്‍ക്കു നിയന്ത്രിക്കാന്‍ കഴിയാത്ത സിപിഎം ഗുണ്ടകളെയോ ചെമ്പന്‍ ജിഹാദികളെയോ നിലയ്ക്കു നിര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. എത്രയും വേഗം ആഭ്യന്തരവകപ്പ് മറ്റേതെങ്കിലും മന്ത്രിക്ക് കൈമാറുന്നതായിരിക്കും മുഖ്യമന്ത്രിയുടെയും കേരളത്തിന്റെയും ആരോഗ്യത്തിനു നല്ലത്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്‍കാന്‍ സംസ്ഥാന സര്‍വ്വീസിലുള്ള അഗ്നിശമന സേനാംഗങ്ങളെ നിയോഗിച്ചതും ആര്‍.എസ്. എസ്. പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ ഭീകരസംഘടനകള്‍ക്ക് ചേര്‍ത്തികൊടുത്തതിന് ഒരു പോലീസുകാരനെ പിരിച്ചുവിട്ടതും ഈയിടെയാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ യച്ചൂരിയെ സ്വീകരിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയും എസ്.ഡി.പി.ഐക്കാരനുമായ ആളുടെ കാറാണ് ഉപയോഗിച്ചത് എന്നതുതന്നെ സിപിഎം – പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തിന്റെ തെളിവാണ്.
2016 ലും 2021 ലും ജിഹാദികളുടെ പണവും വോട്ടും വാങ്ങി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാരിന് അവരോടുള്ള ബാദ്ധ്യത മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാല്‍ നിരപരാധികളായ ഹിന്ദുക്കളുടെ ജീവന്‍ കവര്‍ന്നെടുക്കാനുള്ള അധികാരം ഈ ചെമ്പന്‍ ജിഹാദികള്‍ക്ക് ആരും നല്‍കിയിട്ടില്ല എന്ന കാര്യം അവര്‍ ഓര്‍ത്താല്‍ നന്ന്. ക്രിമിനലുകളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും കയറൂരി വിടാനാണ് തുടര്‍ന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ അവരെ പ്രതിരോധിക്കാനും ഹിന്ദു സമൂഹത്തിനറിയാം എന്നു മാത്രമേ പറയാനുള്ളൂ.