Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മിത്തും കലയും

ഡോ.രാധാകൃഷ്ണന്‍ ചെമ്പ്രഡോ.രാധാകൃഷ്ണന്‍ ചെമ്പ്ര
8 April 2022

മിത്തുകള്‍ മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ആശയമാണ്.ആഗോളതലത്തിലുള്ള മനുഷ്യകണ്ടുപിടിത്തമാണ് മിത്തുകള്‍. ലോകത്തില്‍ അറിയപ്പെടുന്ന എല്ലാ മനുഷ്യവര്‍ഗത്തിനും അവരവരുടെ പൊതുവായ മിത്തോളജിയുണ്ട്. അവയാകട്ടെ വിവിധ കാലഘട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ മനുഷ്യന്‍ നിരന്തരം അഭിമുഖീകരിക്കുന്ന ആത്യന്തിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നല്‍കുന്നതിന് ശേഷിയുള്ളവയുമാണ്. സര്‍വ മതങ്ങളും അതാതു മതങ്ങളുടെ വിശ്വാസ പ്രചാരണത്തിന് മിത്തുകളെ ആശ്രയിച്ചുപോരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

മിത്തിന്റെ ആവിര്‍ഭാവത്തിന് നരവംശശാസ്ത്രത്തോളം തന്നെ പഴക്കമുണ്ടെന്നാണ് പണ്ഡിത മതം. പ്രാക്തനകാല ജനത ഭയം ജനിപ്പിക്കുന്ന എന്തിനേയും ആരാധിക്കുന്ന ശീലം ഉള്ളവരായിരുന്നു. ജലം, ഇടി, മിന്നല്‍, മഴ, വായു തുടങ്ങി എല്ലാ പ്രകൃതി ഘടകങ്ങളും അവനില്‍ ഭയം ജനിപ്പിച്ചിരുന്നു. അവയെയെല്ലാം ദേവതയായി കരുതി ഓരോന്നിനും പ്രത്യേകം നാമകരണവും അവന്‍ നല്‍കി. ജലദേവത വരുണന്‍, മഴയുടെ അഥവാ മേഘത്തിന്റെ ദേവത ഇന്ദ്രന്‍, വായുവിന്റെ ദേവത വായുദേവന്‍ എന്നിങ്ങനെ ദേവതകളുടെ നാമങ്ങള്‍ ഏറെയുണ്ട്. ഈ ദേവതകളെ ആരാധിക്കുന്നതും പ്രീതിപ്പെടുത്തുന്നതും അവന്റെ ഭീതി അകറ്റുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുമെന്ന് വിശ്വസിച്ചുപോന്നു. മനുഷ്യന്റെ അത്യന്തിക പ്രശ്‌നങ്ങളായ ഭയം, ദുഃഖം, ദുരിതം ഇത്യാദികളില്‍ നിന്ന് രക്ഷനേടാനായി പല തരത്തിലുള്ള ആരാധനാരീതികള്‍ അവന്‍ കണ്ടെത്തി. ദേവതകളുടെ സ്വഭാവം അനുസരിച്ചുള്ള വ്യത്യസ്ത ചിട്ടകളും ക്രമങ്ങളും ആണ് അവന്‍ പിന്തുടര്‍ന്നുവരുന്നത്. ഈ ആരാധനാ മാര്‍ഗ്ഗങ്ങള്‍ അവന്റെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതായി ഉറച്ചുവിശ്വസിച്ചു തുടങ്ങി. ആരാധനയുടെ ഫലമായി അവനു ലഭിക്കുന്ന മാനസിക ആനന്ദം ഈ മാര്‍ഗ്ഗങ്ങള്‍ മുടക്കം കൂടാതെ തുടരുന്നതിനും പ്രേരണയായി. ഇത് പില്‍ക്കാലത്ത് അനുഷ്ഠാനമായി പരിണമിച്ചു തുടങ്ങി. ആരാധനയുടെ ഫലമായി ഒരുവന് ആത്മസംതൃപ്തി ലഭിച്ചത് തുടര്‍ന്നും അത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് അവനെ പ്രേരിപ്പിക്കും. ഇതേ ക്രമത്തില്‍ ചിട്ടയോടെ ആവര്‍ത്തിക്കുമ്പോള്‍ ആണ് ഒരു അനുഷ്ഠാനമായി മാറുന്നത്. ആരാധനയുടെ കേന്ദ്രബിന്ദുവായ ദേവതകള്‍ പില്‍ക്കാലത്ത് മനുഷ്യന്റെ സര്‍വ്വ പ്രശ്‌നങ്ങളുടെയും പരിഹാരം ആയി കരുതി വരുമ്പോഴാണ് അവ മിത്തുകളായി രൂപാന്തരപ്പെടുന്നത്.

ദേവതാരാധന സ്വന്തം പ്രശ്‌നത്തിന്റെ പരിഹാരത്തിനുള്ള ഉത്തമ ഉപാധിയായി മാറിയതാണ് ഈശ്വരാരാധനക്ക് പ്രാമുഖ്യം ലഭിക്കാന്‍ ഇടയായത്. ഓരോ ദേവതയും അവന്റെ മനസ്സില്‍ ഉറച്ച ഒരു വിശ്വാസമായി മാറി. സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു മിത്തായി അത് മാറുകയായി. ഒരു മിത്ത് ആവിര്‍ഭവിച്ചു കഴിഞ്ഞാല്‍ മനുഷ്യന്‍ അവന്റെ ഹൃദയത്തിലും ആത്മാവിലും അതിനെ വിശ്വാസത്തില്‍ എടുക്കുന്നു. കാരണം അത് അവനെ സംബന്ധിച്ചിടത്തോളം ഒരു വെറും കഥയല്ല. മറിച്ച് മനുഷ്യന്റെ സത്യ ദര്‍ശനത്തെ ഉള്‍ക്കൊള്ളുന്നവയാണ്. ഒരു വ്യക്തിയുടെ മിത്ത് മറ്റൊരാളുടെ മതപരമായ വിശ്വാസം ആകാം. ഒരുവന്റെ സത്യം മറ്റൊരുത്തന്റെ കഥയാകാം. ലോകത്തിലെ എല്ലാ മതങ്ങളിലും ഇത്തരം മിത്തോളജിയുടെ വ്യാപനം ഉണ്ട്. പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധനായ കാള്‍ ജംഗ് ”മിത്തുകള്‍ പ്രപഞ്ചത്തോളം വ്യാപ്തിയുള്ളവയും മനുഷ്യന്റെ മാനസിക ആരോഗ്യത്തിന് അത്യാവശ്യമായവയാണെന്നും” അഭിപ്രായപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

ഗ്രീക്ക് സംജ്ഞയായ ‘മിത്തോസ്’ എന്ന പദത്തില്‍ നിന്നാണ് മിത്ത് എന്ന പദത്തിന്റെ നിഷ്പത്തി. സത്യമോ അസത്യമോ ആയ കഥ അഥവാ ഇതിവൃത്തം എന്നാണ് ഈ പദത്തിനര്‍ത്ഥം. ഇത് വിശ്വസനീയമോ യുക്തിഭദ്രമോ ആകണമെന്നില്ല. ഒരു ജനവിഭാഗത്തിന്റെ മിത്തുകളെയാണ് പൊതുവേ മിത്തോളജി എന്ന് വിളിക്കുന്നത്.

ഒരു മിത്ത് ഉടലെടുക്കുന്നത് സമൂഹത്തിന്റെ കാലങ്ങളായുള്ള അനുഭവങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. പ്രാപഞ്ചിക വസ്തുതകളുടെയോ പ്രതിഭാസത്തിന്റെയോ വിശദീകരണമായി തീരുന്നതും ദേവതകളും അമാനുഷിക കഥാപാത്രങ്ങളും ഉള്ളതുമായ കഥയെ ആണ് സി.മാധവന്‍പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവില്‍ മിത്തെന്ന് നിര്‍വചിക്കുന്നത്. പ്രകൃതിയിലും സമൂഹത്തിലും സംഭവിക്കുന്ന വിസ്മയകരമായ പ്രതിഭാസങ്ങളെ പ്രാക്തന ജനവിഭാഗം അവന്റെ ഭാവനയിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതാണ് മിത്തുകള്‍ ആയി പരിണമിക്കാന്‍ ഇടയായത്. മനുഷ്യന്റെ വിശ്വാസം നൂറ്റാണ്ടുകളായി അവനെ നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് മിത്തായി രൂപാന്തരപ്പെടുന്നത്. അവരുടെ വിശ്വാസം സത്യമോ മിഥ്യയോ എന്നത് പ്രസക്തമല്ല.

എസ്.എച്.സ്റ്റീല്‍ ബെര്‍ഗ്, പ്രാകൃത ചരിത്രപരതയെ മാത്രം സ്പര്‍ശിക്കുന്ന പ്രാചീന മനുഷ്യരുടെ വംശ കഥ പരമ്പരാഗതമായും വായ്‌മൊഴിയായും പ്രചരിച്ചതാണ് മിത്തുകള്‍ ആയിത്തീര്‍ന്നത് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രപഞ്ചോല്‍പ്പത്തിയും മനുഷ്യസൃഷ്ടിയും പ്രകൃതി പ്രതിഭാസങ്ങളും മിത്തുകള്‍ ആയി രൂപപ്പെട്ടിട്ടുള്ള കഥകള്‍ മിക്കവാറും എല്ലാ ജനവിഭാഗങ്ങളുടെ ചരിത്രത്തിലുണ്ട്.

പ്രാചീന ജനതയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മിത്തുകളുടെ രൂപകല്പനയില്‍ പ്രകടമാണ്. അവരുടെ സൗന്ദര്യ ബോധത്തില്‍ നിന്നാണ് പില്‍ക്കാലത്തെ പല കലാരൂപങ്ങളും ഉടലെടുത്തിരിക്കുന്നത് എന്ന് ഗവേഷണങ്ങളില്‍ തെളിയുന്നു. പാട്ടും സംഗീതവും ചിത്രകലയും നൃത്തവുമെല്ലാം ഈ ദേവീദേവന്മാര്‍ ഇഷ്ടപ്പെടുന്നുണ്ട് എന്ന സങ്കല്പമാണ് പല കലാരൂപങ്ങളുടെയും ആവിര്‍ഭാവത്തിന് നിദാനം. പ്രാചീന ജനവിഭാഗങ്ങളുടെ ഇത്തരം മിത്തുകളുമായുള്ള ആത്മബന്ധമാണ് കലാരൂപങ്ങളുടെ അനുഷ്ഠാന പ്രാധാന്യത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ ഇടയായത്. ആദ്യകാലത്ത് ഉടലെടുത്തത് എന്ന് കരുതുന്ന നാടന്‍കലകള്‍ മതങ്ങളുമായി ബന്ധപ്പെടുകയും തുടര്‍ന്ന് അനുഷ്ഠാന രീതികളിലൂടെ ജനമധ്യത്തില്‍ അവതരിപ്പിച്ചു തുടങ്ങുകയും ചെയ്തു. അതാത് കാലഘട്ടങ്ങളിലെ ജനത മിത്തുകളുമായി എത്രമാത്രം ഗാഢമായി ബന്ധപ്പെട്ടിരുന്നുവെന്ന് കലകളെക്കുറിച്ച് ഒരു സൂക്ഷ്മ നിരീക്ഷണം നടത്തുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയും. കലകളിലെ ദൈവികതയുടെ പരിവേഷവും ചിട്ട തെറ്റിക്കാതെയുള്ള അവതരണ രീതിയും ഈ അറിവിലേക്ക് ആണ് വെളിച്ചം വീശുന്നത്.

പ്രപഞ്ചസൃഷ്ടിയെ കുറിച്ച് മനുഷ്യന്‍ ഏറെ സംശയാലുവാണ്. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? രാത്രിയില്‍ സൂര്യന്‍ അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ട്? മനുഷ്യന്‍ മരിക്കുന്നത് എന്തുകൊണ്ട്? മരണശേഷം മനുഷ്യന് എന്ത് സംഭവിക്കുന്നു? മനുഷ്യന് ദുഃഖനിവാരണം എങ്ങനെ സാധ്യമാകും? തുടങ്ങി നിരവധി സംശയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഇത്തരം സംശയങ്ങളുടെ മറുപടി നല്‍കിയ വിവേകശാലികള്‍ അത്ഭുതകരമായ കഥകള്‍ പറഞ്ഞു കൊടുത്തു. അമാനുഷ പ്രതിഭകളായ ദേവീദേവന്മാരുടെ ശക്തികളും സിദ്ധികളും അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അത്തരം കലകളിലൂടെ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുത്തിരുന്ന ദേവീദേവന്മാര്‍ ആണ് പില്‍ക്കാലത്ത് മിത്തിന്റെ പരിവേഷം ചാര്‍ത്തി മനുഷ്യമനസ്സില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ളത്. മിത്തുകള്‍ മുഴുവന്‍ സംസ്‌കാരത്തിന്റെയും ഭാഗമാണ്. അവയെ ആരാധിക്കുന്നതിന്റെ ആവശ്യകതയെയും പരിപാവനതയെയും അത് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

മിത്തുകള്‍ ഏറെയും ഈശ്വര പരിവേഷത്തിലാണ് അറിയപ്പെടുന്നത്. അവയെക്കുറിച്ചുള്ള വിവരണത്തില്‍ ആ മിത്തുകള്‍ അമാനുഷ സിദ്ധിയുള്ളവയും മനുഷ്യ സാധ്യമല്ലാത്ത പല സംഗതികളും ചെയ്യാന്‍ കഴിവുള്ള കാലഘട്ടത്തിന്റെ വ്യത്യാസമില്ലാത്ത സങ്കല്പ കഥകളുമാണ്. മാത്രമല്ല ഇവ സാമൂഹ്യപ്രസക്തിയുള്ളതോ മതപരമായതോ, ഒരു പ്രദേശത്തെ മനുഷ്യന്റെ സാംസ്‌കാരിക പ്രതിഫലത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നതോ ആയിരിക്കും. അതുപോലെ മിത്തുകളെയും അതോടൊപ്പം പറയപ്പെടുന്ന ദേവതാസങ്കല്പത്തിന്റെയും ആധികാരികത ഉറപ്പിക്കുന്നതിനായി ഐതിഹ്യത്തിന്റെ പിന്‍ബലം ഉണ്ടാവാറുണ്ട്.

സാധാരണക്കാരന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സമൂഹം ഇത്തരം മിത്തുകളെയാണ് ആശ്രയിക്കുന്നത്. മനുഷ്യന്റെ ഏതെങ്കിലും പ്രശ്‌നമോ, രോഗമോ, ദുഃഖമോ അകറ്റാനായി സ്വാഭാവികമായി വിശ്വസിക്കുന്ന ഒരു സങ്കല്പമാണ് മിത്ത് എന്ന് മാക്‌സ്മുള്ളര്‍ പറഞ്ഞിട്ടുണ്ട്. മിത്തുകളില്‍ ഉള്‍പ്പെടുന്ന ദേവീദേവന്മാരുടെ സ്വഭാവത്തെ ആസ്പദമാക്കി മനുഷ്യന്‍ ചില കലാരൂപങ്ങള്‍ രൂപീകരിക്കുന്നു. അതാണ് പല നാടന്‍ കലകളുടെയും ഉറവിടത്തില്‍ പ്രധാനമായിട്ടുള്ളത്. ദേവതകള്‍ കലാരൂപവുമായി ബന്ധപ്പെടുന്നതിന് പല ഐതിഹ്യങ്ങളും രൂപപ്പെടുത്തി എടുത്തിട്ടുണ്ട്. ഉദാഹരണത്തിനായി തോല്‍പ്പാവക്കൂത്ത് എന്ന നാടന്‍കല ഭദ്രകാളി സങ്കല്‍പവുമായി ബന്ധപ്പെടുന്നതിന് പറയുന്ന ഒരു ഐതിഹ്യമുണ്ട്. രാമരാവണയുദ്ധം നടക്കുമ്പോഴാണത്രെ കാളി മഹിഷാസുരനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും മഹിഷാസുരനെ വധിച്ചതും. അതിനാല്‍ താന്‍ കാണാനാഗ്രഹിച്ചിരുന്ന രാമരാവണ യുദ്ധവും രാവണവധവും കാണാനാകാതെ ഭദ്രകാളി ദുഃഖിച്ചു എന്നും ദേവിയുടെ സങ്കടം നിവാരണം ചെയ്യാനാണ് രാമരാവണയുദ്ധം തോല്‍പ്പാവക്കൂത്തിലൂടെ ദേവീക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചു തുടങ്ങിയത് എന്നുമാണ് ഐതിഹ്യം. മിക്ക അനുഷ്ഠാന നാടന്‍കലകളുടെയും ആവിര്‍ഭാവത്തിനു നിദാനമായി ഇതുപോലുള്ള ഐതിഹ്യകഥകള്‍ ഉണ്ട്.

ഒരു പൊതു സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ആശയങ്ങളെ ഒരുമിച്ച് പ്രതിഫലിപ്പിക്കാന്‍ ആവുന്ന മിത്തുകള്‍ നാടന്‍കലകളില്‍ സുപരിചിതമാണ്. ഇന്തോ-യൂറോപ്യന്‍ മിത്തോളജിയില്‍ നാടന്‍കലകള്‍ മിത്തുകള്‍ രൂപീകരിക്കുന്നതിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാക്‌സ് മുള്ളറുടെ പഠനങ്ങളില്‍ തെളിയുന്നു. മിത്തുകള്‍ നമ്മുടെ സാഹിത്യത്തെയും കലയെയും സംസ്‌കാരത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. പുരാണ ബന്ധങ്ങളെ ആസ്പദമാക്കി നിരവധി സാഹിത്യസൃഷ്ടികള്‍ ഉടലെടുത്തിട്ടുണ്ട് എന്നത് സ്പഷ്ടമാണല്ലോ? മിത്തുകളുടെ വ്യാപനം ലോകത്തിലെ മിക്ക സംസ്‌കാരങ്ങളിലും ദൃശ്യമാണ്. ഗ്രീക്ക് സംസ്‌കാരം ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്.

ഭാരതീയ മിത്തോളജി വളരെ സങ്കീര്‍ണമാണ്. ഇന്ത്യന്‍ മിത്തോളജിയില്‍ ആയിരക്കണക്കിന് ദേവീദേവന്മാരാണുള്ളത്. ഓരോ ദേവിക്കും ദേവനും പ്രത്യേകം ചുമതലകള്‍ ഉണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഈ ദേവീദേവന്മാര്‍ അവരില്‍ നിന്ന് മറ്റു ദേവതകളെയും സൃഷ്ടിക്കുന്നു. ചിലപ്പോള്‍ അവ മറ്റൊരു ദേവതയില്‍ ലയിക്കുന്നു. ചൈനീസ് സംസ്‌കാരം, ജപ്പാന്‍ സംസ്‌കാരം, റോമന്‍ സംസ്‌കാരം, മെസപ്പൊട്ടേമിയന്‍ സംസ്‌കാരം, ഈജിപ്ഷ്യന്‍ സംസ്‌കാരം എന്നിവയില്‍ എല്ലാം മിത്തുകള്‍ക്കു ഏറെ സ്വാധീനമുള്ളതായി കാണുന്നു. പ്രാചീനകാലത്ത് നിലനിന്നിരുന്ന ചടങ്ങുകളുടെ അതിജീവനമാണ് മിത്തുകള്‍ എന്നത്രേ നരവംശശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം. ഭൂമിശാസ്ത്രപരമോ വര്‍ഗ്ഗപരമോ സാമൂഹികമോ ആയ വ്യത്യാസങ്ങള്‍ മിത്തുകളുടെ ഉത്ഭവത്തിനും വ്യാപ്തിക്കും തടസ്സമല്ല എന്നാണ് അവയുടെ പഠനത്തില്‍ തെളിഞ്ഞത്.

ആചാരാനുഷ്ഠാനങ്ങള്‍ക്ക് കലകളില്‍ മുഖ്യമായ സ്ഥാനമാണുള്ളത്. ഇത് മിത്തുകളുടെ ഉപയോഗം കൊണ്ടുണ്ടായിട്ടുള്ള സവിശേഷതയാണ്. അവ വ്യക്തിപരം എന്നതിലുപരി സാമൂഹിക പ്രാധാന്യമുള്ളവയാണ്. മിത്തുകള്‍ അവയെ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതിനാല്‍ ആണത്രേ ആചാരാനുഷ്ഠാനങ്ങളും മിത്തും മതവും പരസ്പരം വേര്‍തിരിക്കാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇവ ഒന്നും മറ്റൊന്നിനോട് പൂരകമായി വര്‍ത്തിക്കുന്നു എന്നും കാണുന്നു.

ഫോക് പ്രകടനകലയില്‍ അനുഷ്ഠാനവും ആരാധനയും ഒത്തുചേരുമ്പോള്‍ ഐതിഹ്യകഥയിലെ ദേവത ഒരു മിത്തായി പരിണമിക്കുന്നു. മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ അതിന്റെ സംഗീതത്തിലും കലാപ്രകടനത്തിലും തെളിയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തറയില്‍ വരയ്ക്കുന്ന കളത്തിലെ ദേവീസങ്കല്പം ആരാധനയിലൂടെ മനുഷ്യന്റെ സര്‍വ്വ അഭീഷ്ടത്തിനും കാരണമാകുന്ന മിത്തായി പരിണമിക്കുന്നു. ആരാധിക്കുന്ന ദേവതകളില്‍ ദേവത കാളിയായോ, ഗന്ധര്‍വനായോ, സര്‍പ്പമായോ, അയ്യപ്പനായോ, കളത്തിലെഴുതി തുടങ്ങുന്നതോടെ അവ സമൂഹത്തിന്റെ മുഴുവന്‍ ദേവതയായി മാറുന്നു. നമ്മുടെ മിക്ക നാടന്‍കലകളിലും മിത്തുകള്‍ സുലഭമാണ്. സാമുദായിക പരിഗണനയോടെ ഒരേ ദേവത തന്നെ പല തരത്തിലുള്ള മിത്തുകളായി രൂപാന്തരപ്പെടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. കല്ലാറ്റ കുറുപ്പിന്റെ കളമെഴുത്തുപാട്ടിലെ ഭദ്രകാളിയും സര്‍പ്പക്കളത്തിലെ ഭൂതസങ്കല്പ്പവും മുടിയേറ്റിലെ കാളിസങ്കല്പവും ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം.

കളത്തില്‍ എഴുതുന്ന ദേവിയുടെ രൂപം പഞ്ചവര്‍ണ്ണ പൊടികള്‍ കൊണ്ട് എഴുതുമ്പോള്‍ അത് വെറും ഒരു ചിത്രം മാത്രമാണ്. ആരാധനയും അനുഷ്ഠാനവും ചേരുമ്പോള്‍ ആ കളത്തിലെ രൂപം ദേവതയായി അഥവാ മിത്തായി രൂപാന്തരം പ്രാപിക്കുന്നു. ആരാധിക്കുന്ന ഭക്തന്മാരുടെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും ആ ദേവി പരിഹാരം ആയി മാറുന്നു. ഓരോ കളവും മനുഷ്യന്റെ വിവിധ സമസ്യകള്‍ക്കുള്ള പരിഹാരമാണ്. ആരാധനയുടെയും അനുഷ്ഠാനത്തിന്റെയും രീതിയില്‍ മാറ്റം ഉണ്ടായാലും ഇവയിലൂടെ ലഭിക്കുന്ന മാനസികോല്ലാസത്തിന് കുറവുണ്ടാകുന്നില്ല.

പുള്ളുവന്‍ തറയില്‍ എഴുതുന്ന കളത്തില്‍ പൂജാദികര്‍മ്മങ്ങള്‍ക്കു ശേഷം രൂപപ്പെടുന്ന മാസ്മരിക പ്രപഞ്ചം ആരാധന നടത്തുന്നവരുടെ അഭീഷ്ട കാര്യസിദ്ധിയിലേക്ക് ദിശതിരിച്ചു വിടുന്നു. കളത്തിലെ വൈവിധ്യമാര്‍ന്ന രൂപവും വര്‍ണ്ണവും വരകളും അവനെ മാനസികമായും സ്വാധീനിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത വിധത്തിലുള്ള ഒരു അനുഭൂതിയായി മാറുന്നതാണ് ഈ കലാ പ്രകടനങ്ങളുടെ സവിശേഷത. അവിടെ ഉരുത്തിരിഞ്ഞു വരുന്ന മിത്തുകള്‍ ഗൃഹവാസികളുടെയും പ്രാദേശിക ജനതയുടെയും രക്ഷകനായി മാറും. അവര്‍ ആ ദേവതയെ ഭയഭക്തിബഹുമാനങ്ങളോടെ ആരാധിക്കുകയും അതില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ സാഹിത്യത്തിലും കലയിലും മിത്തുകളുടെ സ്വാധീനം ഏറെയുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ? പുരാണ കഥാപാത്രങ്ങളായ കൃഷ്ണന്‍, രാമന്‍ തുടങ്ങിയ ദേവന്മാരെ സുന്ദരമായ മിത്തായാണ് കഥകളി പോലുള്ള ക്ലാസിക്കല്‍ കലകളില്‍ ദര്‍ശിക്കുന്നത്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിലെ നിരവധി കഥാപാത്രങ്ങള്‍ കഥകളിയിലും മറ്റും രംഗപ്രവേശം ചെയ്യുന്നുണ്ടല്ലോ? ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവത്തിന് അനുസരിച്ചുളള ആഹാര്യ വേഷമാണ് അത്തരം കഥാപാത്രങ്ങളില്‍ ദൃശ്യമാകുന്നത്. സാത്വികം, രാജസം, താമസം എന്നീ സ്വഭാവ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് അവയില്‍ വേഷം സംവിധാനം ചെയ്തിരിക്കുന്നത്. മിത്തിന്റെ അതിസുന്ദരമായ ആവിര്‍ഭാവമാണ് ഇത്തരം കഥാപാത്രങ്ങളില്‍ ദൃശ്യമാകുന്നത്. മാത്രമല്ല മതപരിവേഷം ഈ കഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നില്ല. കൂടാതെ അനുഷ്ഠാന ചടങ്ങുകള്‍ അവയില്‍ പതിവില്ല. സുന്ദരമായ ഇത്തരം മിത്തുകളാണ് ക്ലാസിക്കല്‍ കലകളില്‍ ദര്‍ശിക്കുന്നത്.

ക്ലാസിക്കല്‍ കലകളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ നാടന്‍ കലകളില്‍ കാണാനാകുന്നു. നാടന്‍കലകളില്‍ മതാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മുന്‍തൂക്കം ഉള്ളതായി കാണുന്നു. അനുഷ്ഠാന ചടങ്ങുകളുടെ മുന്‍തൂക്കം നാടന്‍കലകളുടെ നിലനില്‍പ്പിനുതന്നെ സഹായകമാകുന്നു. അവയിലെ കഥാപാത്രങ്ങള്‍ക്കു ആഹാര്യംശത്തോടൊപ്പം പൊയ്മുഖങ്ങളും കാണുന്നു. തെയ്യം, പടയണി തുടങ്ങിയ കലകളുടെ വേഷവിധാനങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. ഇതില്‍ മിത്തുകള്‍ക്കുള്ള സ്ഥാനം ഏറെ പ്രധാനം തന്നെ. അവന്റെ ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്ന് ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കഥാപാത്രങ്ങള്‍ക്കു വേണ്ടതായ ആഹാര്യംശം മെനയുന്നു. മനുഷ്യന്‍ അവന്റെ സങ്കല്പത്തിലുള്ള ദേവീദേവന്മാരെയാണ് മിത്തുകളായി സങ്കല്‍പ്പിക്കുന്നത്. ഓരോ മിത്തുകള്‍ക്കും വിവിധങ്ങളായ ധര്‍മ്മങ്ങളാണുള്ളത്. ഇവിടെ ക്ലാസിക്കല്‍ കലകളിലേതുപോലെ സൗന്ദര്യസങ്കല്പങ്ങള്‍ക്കല്ല മുഖ്യസ്ഥാനം. അവന്റെ ദേവതാസങ്കല്പം ഭക്തന്റെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനാല്‍ നാടന്‍കലകളിലെ കഥാപാത്രങ്ങള്‍ക്ക് അമാനുഷികനായ ചലനങ്ങളും വൃത്തങ്ങളും പ്രകടമാകുന്നു. സമൂഹത്തില്‍ ജീവിച്ചിരുന്നുവെന്ന് സങ്കല്‍പ്പിക്കുന്ന വ്യക്തികളില്‍ ഈശ്വരീയത സങ്കല്‍പ്പിക്കുന്ന പതിവ് നാടന്‍കലകളില്‍ സര്‍വസാധാരണമാണ്. മുടിയേറ്റ് പോലുള്ള കലകളിലെ പ്രേതസങ്കല്പം ഇതിനുദാഹരണമായിപറയാം. ഇതിനുപരിയായി നാടന്‍കലകളുടെ അവതരണവേദി ഗ്രാമം മുഴുവന്‍ അണിനിരക്കുന്നതാണ്. അതേസമയം ക്ലാസിക്കല്‍ കലകള്‍ ആകട്ടെ ക്ഷേത്രത്തിനകത്ത് പ്രത്യേകം സജ്ജമാക്കിയ കൂത്തമ്പലങ്ങളില്‍ ആണ് അവതരിപ്പിക്കുന്നത്. അവിടെ മിത്തിന്റെ ആവിഷ്‌കാരം ആത്മീയ അടിത്തറയിലാണ് സങ്കല്പിച്ചിട്ടുള്ളത്. നാടന്‍കലകളിലെ മിത്തുകള്‍ മിക്കവാറും ഗ്രാമവാസികളുടെ മുഴുവന്‍ ഇഷ്ടദേവതയായിരിക്കും. അതിനാല്‍ അവയുടെ അവതരണത്തിന് ഒരു പ്രത്യേക അരങ്ങ് സാധ്യമല്ല. ചിലപ്പോള്‍ വീടുകളില്‍ പ്രത്യേകം കുടിയിരുത്തിയ ദേവതയുടെ തറയില്‍ ആയിരിക്കും അത് അവതരിപ്പിക്കുക. ലോകത്താകമാനമുള്ള നാടന്‍കലകള്‍ പഠനവിധേയമാക്കുമ്പോള്‍ മതത്തിന്റെ പിന്‍ബലമാണ് അവയെ നിലനിര്‍ത്തി പോകുന്നത് എന്ന് കാണുന്നു.

എല്ലാ രാജ്യങ്ങളുടേയും പ്രാചീന ചരിത്രം പരിശോധിക്കുമ്പോള്‍ ദൈവപ്രീതിക്കായി ഉള്ള ബലി അനുഷ്ഠാനങ്ങളും ആചാരങ്ങളും നിലനിന്നിരുന്നതായി തെളിവുകളുണ്ട്. ഒരു കഥയുടെ രൂപത്തില്‍ കല അവതരിപ്പിക്കുമ്പോഴും മിത്ത് ഒരു കഥാപാത്രമല്ല. ഇവിടെ മിത്തുകള്‍ മനുഷ്യനെയും പ്രകൃതിയേയും ദൈവത്തെയും കൂട്ടിയിണക്കുന്നു. അവ മനുഷ്യജീവിതത്തിലെ സനാതന സത്യങ്ങളുടെ പ്രതീകങ്ങളാണ്. ശാസ്ത്ര ദര്‍ശനങ്ങള്‍, പുതിയ കണ്ടെത്തലുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മിത്തിന്റെ പൊരുള്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. എങ്കിലും ജീവിത ചിന്തയില്‍നിന്നും ഇതിനെ പൂര്‍ണമായും മാറ്റിനിര്‍ത്താനാവില്ല.

Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies