മാധ്യമങ്ങള്‍ എങ്ങനെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പോയ വാരത്തില്‍ നമ്മള്‍ കണ്ട ഹിന്ദി ഭാഷാ വിവാദം. മലയാള മനോരമ ടെലിവിഷനില്‍ നിഷ നയിച്ച ചര്‍ച്ചയില്‍ വി.വി രാജേഷും (ബി.ജെ.പി), മുഹമ്മദ് റിയാസും (ഡി.വൈ.എഫ്.ഐ), ഷാനിമോള്‍ ഉസ്മാനും (കോണ്‍ഗ്രസ്), എം.എം ടിവിയിലെ തന്നെ മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമനും ആണ് പങ്കെടുത്തത്. പ്രമോദ് രാമന് കഥാകൃത്ത് എന്ന വിശേഷണമാണ് മനോരമ നല്‍കിയത്. ചര്‍ച്ചയ്ക്കിടെ ഹിന്ദിയില്‍ ഒരാശയം പ്രമോദ് രാമനോട് പറയാനായിരുന്നു വി.വി.രാജേഷിനോടുള്ള നിഷയുടെ വെല്ലുവിളി. വി.വി.രാജേഷ് പക്ഷേ, ആ കെണിയില്‍ വീണില്ല. തനിക്ക് ഹിന്ദിയില്‍ തെറ്റു കൂടാതെ സംസാരിക്കാന്‍ അറിയില്ലെന്നും തന്റെ പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും അതൊരു കുറ്റമല്ലെന്നും രാജേഷ് തുറന്നു പറഞ്ഞു. ഹിന്ദി ഭാഷയുടെ പ്രചാരണത്തിനുവേണ്ടി ഇത്രയും കാലം നിലകൊണ്ടിട്ടും എന്തുകൊണ്ട് ഹിന്ദി അറിയില്ല എന്നായിരുന്നു നിഷയുടെ ചോദ്യം. അറിവില്ലായ്മ ഹിന്ദിയിലായാലും പത്രപ്രവര്‍ത്തനത്തിലായാലും ഒരു കുറ്റമല്ല. പക്ഷേ, ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ വസ്തുതയെ വളച്ചൊടിച്ച് ചര്‍ച്ചയ്ക്കു വേണ്ടി ചര്‍ച്ച നടത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് മലയാള മനോരമയ്ക്ക് ഭൂഷണമായിരിക്കും.
ഹിന്ദി ഭാഷ രാഷ്ട്രഭാഷയാക്കണമെന്നും ഹിന്ദി രാഷ്ട്രത്തിന്റെ ഏകതയുടെ ഭാഷയാക്കണമെന്നും പറഞ്ഞത് അമിത് ഷാ അല്ല, മഹാത്മാഗാന്ധിജിയാണ്. അദ്ദേഹമാണ് ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയടക്കം ഹിന്ദി പഠിപ്പിക്കാനുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ഇക്കാര്യം മനോരമയ്ക്ക് അറിയാത്തത് ഒരിക്കലും കുറ്റമായി കാണാനാകില്ല. കാരണം സ്വാതന്ത്ര്യത്തിനു മുന്‍പുവരെ മലയാള മനോരമ ദേശീയ പ്രസ്ഥാനത്തോടോ സ്വാതന്ത്ര്യ സമരത്തോടോ ഒപ്പം നിന്നവരല്ല. സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഉറപ്പാകുംവരെ ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധി എന്നു വിളിക്കുകയും സ്വാതന്ത്ര്യസമരത്തെ റബല്യന്‍ മൂവ്‌മെന്റായി കാണുകയും ചെയ്തിരുന്ന, ബ്രിട്ടീഷ് രാജ്ഞിയോടും ബ്രിട്ടീഷ് സാമ്രാജ്യത്തോടും ഒപ്പം നില്ക്കുകയും ഭാരതത്തിലെ സുവിശേഷവത്കരണം അടക്കമുള്ള ക്രൈസ്തവവത്കരണ പ്രസ്ഥാനങ്ങള്‍ക്ക് ഓശാന പാടുകയും ചെയ്ത മനോരമയ്ക്ക് ഭാരതത്തെ, അതിന്റെ സംസ്‌കാരത്തെ, അതിന്റെ ഉള്‍ത്തുടിപ്പുകളെ അറിയില്ല, അറിയാന്‍കഴിഞ്ഞില്ല.
മനോരമ കുടുംബത്തിനെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ സ്വീകരിച്ച നടപടികളാണ് സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയ ഏടായി മനോരമ ഇന്ന് കൊട്ടിപ്പാടുന്നത്. ജി. ശക്തിധരന്‍ എഴുതിയ ‘വംശവൃക്ഷത്തിന്റെ അടിവേരുകള്‍’ മനോരമയുടെ തനിനിറം എടുത്തുകാട്ടുന്നതാണ്. ഈ പശ്ചാത്തലത്തില്‍ വേണം മനോരമ ടെലിവിഷനില്‍ ഇന്ന് നടക്കുന്ന ഇത്തരം ദുഷ്ടലാക്കോടെയുള്ള ചര്‍ച്ചകളെ വിലയിരുത്താന്‍. രാഹുല്‍ഗാന്ധി ആദ്യം കേരളത്തിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നത് മനോരമ കുടുംബത്തിലെ രണ്ടുപേരായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പപ്പൂസ് പ്രധാനമന്ത്രിയാകുമെന്നും തങ്ങളുടെ ക്രൈസ്തവ പ്രേഷിത പരിപാടികള്‍ വീണ്ടും അനായാസം നടപ്പാക്കാമെന്നും ഒക്കെ കരുതിയ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി കിട്ടി. ഇക്കുറിയും കോണ്‍ഗ്രസ് നിലം തൊട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പോലും ക്രൈസ്തവവത്കരിക്കുകയും പള്ളിക്കാരുടെ പിണിയാളുകളാക്കി മാറ്റുകയും ചെയ്തതില്‍ മനോരമയ്ക്കുള്ള പങ്ക് വിസ്മരിക്കാനാകില്ല. ഹിന്ദു മഹാമണ്ഡലത്തിന്റെ തകര്‍ച്ചയിലും എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യത്തെ തുരങ്കം വയ്ക്കുന്നതിലും അവരുടെ സ്ഥാനം മന്നവും ആര്‍. ശങ്കറും എന്‍.എസ്.എസ്സിന്റെ ചരിത്രവും വിവരിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ആശയവിനിമയത്തിന് ഇന്നും ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിടുമ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്തത്തിന്റെ പ്രതീകമായ ഭാഷ മാറ്റി പകരം ഭാരതീയ ഭാഷയിലേക്ക് മടങ്ങണമെന്ന് പറയുന്നതിനെ യുക്തിസഹമായി എങ്ങനെ ഖണ്ഡിക്കാനാകും.
ഇവിടെയാണ് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പുലര്‍ത്തിയ കുടില ചിന്ത പുറത്തു വരുന്നത്. മനോരമ ടി.വിയില്‍ എങ്ങനെ ഇതിനെ വളച്ചൊടിച്ചോ അതേ രീതിയില്‍ തന്നെയാണ് മുഖ്യാധാരാ മാധ്യമങ്ങളും വളച്ചൊടിച്ചത്. ഹിന്ദി തനിക്ക് അറിയില്ലെന്ന് നേരത്തെ തന്നെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും രാജീവ് ഗാന്ധിയെ മണിയടിക്കാന്‍ ഹിന്ദിയില്‍ പ്രസംഗിച്ച രമേശ് ചെന്നിത്തലയും ദുരുപദിഷ്ടമായ പ്രസ്താവനകളുമായി രംഗത്തുവന്നു. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ പിണറായി വിജയന്റെ പ്രസ്താവനയിലെ വാക്കുകള്‍ ശ്രദ്ധേയമാണ്, ‘ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണംഎന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമായേ അതിനെ കാണാനാവൂ.
ഹിന്ദി കോടിക്കണക്കിന് ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ്. അത് ആ രീതിയില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരില്‍ രാജ്യത്ത് പറയത്തക്ക തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം. ജനങ്ങളുടെയും നാടിന്റെയും ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാര്‍ മനസ്സിലാക്കുന്നത് നന്നാവു’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആടിനെ പട്ടിയാക്കുന്നതില്‍ അഗ്രഗണ്യനാണ്. ഒരു ഉളുപ്പുമില്ലാതെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ – ഊരിപ്പിടിച്ച വാള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്താന്‍-ഒരു മടിയുമില്ലാത്ത ആളുമാണ്. അമിത് ഷായുടെ ഹിന്ദി പ്രസംഗം ഹിന്ദി അറിയാത്ത മുഖ്യമന്ത്രി ഹിന്ദി അറിയുന്ന ഉപദേശകന്മാരെക്കൊണ്ട് മൊഴിമാറ്റം നടത്തിയിട്ട് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതായിരുന്നു നല്ലത്. സത്യം സത്യമായി പറയാനുള്ള ആര്‍ജ്ജവം രാഷ്ട്രീയത്തിന് അതീതമായി മാധ്യമങ്ങള്‍ കാട്ടുമ്പോഴേ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ ബഹുമാനം വീണ്ടെടുക്കാന്‍ കഴിയൂ. പണ്ട് പോലീസുകാരെ കണ്ടിരുന്ന പരിഹാസത്തിലേക്കും വെറുപ്പിലേക്കും മാധ്യമപ്രവര്‍ത്തകരെ കാണാനുള്ള കാരണം ഇതാണ്. മനോരമയെ പോലെ തന്നെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കേസരി ബാലകൃഷ്ണപിള്ളയെ ഉദ്ധരിച്ച് പറച്ചി പെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനെന്ന ഉളിയന്നൂര്‍ തച്ചനും ഉപ്പുകൊറ്റനും ക്രിസ്ത്യാനികളായിരുന്നു എന്നും പറഞ്ഞിരിക്കുന്നു. മീശ വിവാദം ഉണ്ടായപ്പോള്‍ നോവലിസ്റ്റ് ഹിന്ദു സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് പൂജാരിമാരെ ലൈംഗികമായി ആകര്‍ഷിക്കാനായിരുന്നു എന്ന പരാമര്‍ശം സ്വന്തം അനുഭവത്തില്‍ നിന്നാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ചോദ്യത്തോട് യോജിപ്പില്ലെങ്കിലും നാളെ, മാതൃഭൂമിയെ നയിക്കുന്നവരുടെ പ്രപിതാമഹന്മാര്‍ അഫ്ഗാനില്‍ നിന്ന് വന്ന പഠാണികളോ ഹിന്ദുകുഷ് മേഖലയില്‍ നിന്നു വന്ന ശവംതീനികളോ ആയിരുന്നെന്ന് ആരെങ്കിലും എഴുതിയ വാറോലയുടെ പേരില്‍ പിന്നീട് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ആകുമോ? ചരിത്രത്തിന് തെളിവുകള്‍ വേണം. രേഖകള്‍ ഉണ്ടാകണം. വാമൊഴികളും കല്പനകളും ചരിത്രമല്ല.
മാതൃഭൂമി എന്തിനുവേണ്ടിയാണോ തുടങ്ങിയത് അതിനെ മുഴുവന്‍ വിസ്മരിച്ച് കച്ചവടത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഷൈലോക്കുമാരായി മാറുമ്പോള്‍ ഭാരതീയതയെയും ഹിന്ദുത്വത്തെയും അപഹസിക്കാന്‍ തോന്നും. പക്ഷേ, കുറച്ചുകാലത്തിനു ശേഷമെങ്കിലും തിരിച്ചറിവുണ്ടാകും. ആ തിരിച്ചറിവിന്റെ ഫലമായിട്ടാണല്ലോ ഈ വയസ്സുകാലത്ത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെയും വെള്ളാപ്പള്ളി നടേശന്റെയും വീട്ടില്‍ പോയി മീശ പ്രശ്‌നത്തില്‍ മാപ്പിരക്കേണ്ടി വന്നത്. മാധ്യമപ്രവര്‍ത്തനം ജനപക്ഷ പ്രവര്‍ത്തനമാണെന്നും ജനപക്ഷമെന്നാല്‍ ഇടതുപക്ഷമാണെന്നും കരുതുന്ന ഒരുപറ്റം വിഡ്ഢ്യാന്മാരുടെ കൈകളിലേക്ക് കേരളത്തിലെ മാധ്യമപ്രവര്‍ത്തനം എത്തിയതിന്റെ ദുഷ്ഫലങ്ങളാണ് ഇന്ന് നമ്മള്‍ കാണുന്നത്. കാത്തിരിക്കാം പുതിയ വസന്തത്തിന്, വീണ്ടും ഒരു സത്യയുഗത്തിന്.
ഗുരുജി പറഞ്ഞതും ഇതുതന്നെ
ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്നോ, ഹിന്ദി ഒന്നാംഭാഷയാക്കണമെന്നോ, ഹിന്ദിയാണ് രാഷ്ട്രഭാഷയെന്നോ, ഹിന്ദിവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞിരുന്നോ? ഇക്കാര്യത്തില്‍ അമിത് ഷാ പറഞ്ഞത് എന്താണെന്ന് അദ്ദേഹത്തിന്റെ പ്രസംഗഭാഗം (സൗണ്ട് ബൈറ്റ്) കൊടുക്കാനുള്ള മര്യാദയാണ് ആദ്യം കാട്ടേണ്ടിയിരുന്നത്. പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞ വാക്കുകള്‍ വളരെ കൃത്യമാണ്. ‘എല്ലാ പ്രാദേശിക ഭാഷകളെയും പ്രോത്സാഹിപ്പിക്കണം. വിദേശഭാഷയായ ഇംഗ്ലീഷിനു പകരം രാഷ്ട്രത്തെ ഏകോപിപ്പിക്കുന്ന ഭാഷയായി ഹിന്ദി മാറണം’. ഇതില്‍ എവിടെയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. മാത്രമല്ല, ഇത് ബി.ജെ.പിയുടെയല്ല, ആര്‍. എസ്. എസ്സിന്റെ തന്നെ പ്രഖ്യാപിത നയവുമാണ്. നേരത്തെ കരുണാനിധി ത്രിഭാഷാ പദ്ധതിയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ കലാപം ആഹ്വാനം ചെയ്ത കാലത്ത് സംഘത്തിന്റെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍ തമിഴ്‌നാട് സന്ദര്‍ശിച്ചു. സദസ്സിലുണ്ടായിരുന്ന ഒരാള്‍ സംഘത്തിന്റെ ദൃഷ്ടിയില്‍ രാഷ്ട്രഭാഷ ഏതാണെന്ന് ചോദിച്ചു. ഗുരുജി പറഞ്ഞു, ‘ഈ വിശാലമായ രാഷ്ട്രത്തില്‍ ഉരുത്തിരിഞ്ഞ എല്ലാ ഭാഷകളും രാഷ്ട്രഭാഷകളാണ്. അങ്ങനെ രാഷ്ട്രഭാഷകളാല്‍ സമ്പന്നമായ നാടാണ് ഭാരതം. തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും എല്ലാം രാഷ്ട്രഭാഷ തന്നെ…..’ അടുത്ത ചോദ്യം ഹിന്ദി ഭാഷാ വിവാദത്തെ കുറിച്ചായിരുന്നു. ഗുരുജി പറഞ്ഞു, ‘പ്രാദേശികമായി നമ്മള്‍ എല്ലാവരും സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തും. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയത്തിന് ഒരു പൊതുഭാഷ വേണ്ടിവരില്ലേ? അതിനു പറ്റിയ പൊതുഭാഷ തിരഞ്ഞെടുക്കുമ്പോള്‍ അത് ഭാരതത്തിലെ രാഷ്ട്രഭാഷകളില്‍ നിന്നാകണമോ അതോ പാശ്ചാത്യ ഭാഷകളില്‍ നിന്നായിരിക്കണമോ?’ സദസ്സിന്റെ അഭിപ്രായം അദ്ദേഹം തേടി. പൊതുഭാഷ ഭാരതീയഭാഷ ആയിരിക്കണമെന്ന് എല്ലാവരും ഒരേപോലെ സമ്മതിച്ചു. ഈ ചിന്തയാണ് അമിത് ഷാ പങ്കുവച്ചത്.