ലോകത്തിന് മുന്നില്‍ ത്യാഗത്തിന്റെ ഭൂമികയായി വിളങ്ങുന്ന ഒരേയൊരു ദേശമേയുള്ളൂ, അതാണ് ഭാരതം. ത്യാഗനിര്‍ഭരതയാണ് ഭാരതത്തിന്റെ സവിശേഷത. നമ്മുടെ സംസ്‌കാരത്തില്‍, അതുള്‍ച്ചേരുന്ന ആഘോഷങ്ങളില്‍ എല്ലാമെല്ലാം ത്യാഗത്തിന്റേതായ സമര്‍പ്പണ ഭാവം ദര്‍ശിക്കാം. അപ്രകാരം പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കുവേണ്ടിയും സ്വയം ത്യജിക്കാന്‍ സന്നദ്ധനായ മഹായോഗിയാണ് മഹാദേവന്‍. ഭഗവാന്റെ സ്വയം സമര്‍പ്പണത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി പത്‌നിയായ പാര്‍വ്വതി ദേവിയും മറ്റ് ദേവഗണങ്ങളും പ്രപഞ്ചമൊന്നാകെയും പ്രാര്‍ത്ഥനാ നിരതമായ ദിനമാണ് മഹാശിവരാത്രിയായി ആചരിക്കുന്നത്. കാരണം ശിവന്റെ ത്യാഗം പ്രപഞ്ചത്തിന് വേണ്ടിയായിരുന്നല്ലോ? ഈ വിശ്വമൊന്നാകെ പഞ്ചാക്ഷരീ മന്ത്രമുരുവിട്ട്, ശിവനെ പൂജിച്ച് ശിവനായി (‘ശിവോ ഭൂത്വാ ശിവം യജേത്’) തീര്‍ന്ന ദിനം.
ശിവരാത്രിയുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. അതില്‍ പ്രധാനം പാലാഴി മഥനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് മഹര്‍ഷിയില്‍ നിന്നും ദേവേന്ദ്രനേറ്റ ശാപമാണ് പാലാഴി മഥനത്തിലേക്ക് നയിക്കുന്നത്. ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാര്‍ക്കും ജരാനരകള്‍ ബാധിക്കട്ടെ എന്നായിരുന്നു ശാപം. അതില്‍ നിന്നും മോചനം ലഭിക്കുന്നതിനായി ദുര്‍വ്വാസാവ് മഹര്‍ഷിയോടുതന്നെ ദേവന്മാര്‍ യാചിച്ചു. പാലാഴി കടഞ്ഞെടുത്ത് അമൃത് സേവിച്ചാല്‍ ശാപമോക്ഷം നേടാം എന്ന് അദ്ദേഹം ഉപദേശിച്ചു. അത് പ്രകാരം ബ്രഹ്‌മാ, വിഷ്ണു, മഹേശ്വരന്മാരുടെ അനുഗ്രഹത്തോടെ പാലാഴി മഥനം നടത്താന്‍ ദേവന്മാര്‍ തീരുമാനിച്ചു. ദേവന്മാര്‍ മാത്രം വിചാരിച്ചാല്‍ അത് സാധ്യമാവില്ല എന്ന തിരിച്ചറിവില്‍ അസുരന്മാരുടെ ശക്തിയും അതിനാവശ്യമാണെന്ന് കണ്ട് അവരേയും പാലാഴി കടയുന്നതിനായി ക്ഷണിച്ചു. മന്ഥര പര്‍വ്വതത്തെ കടകോലായും നാഗരാജാവായ വാസുകിയെ കയറായും നിശ്ചയിച്ച് പാലാഴി കടഞ്ഞു.
പാലാഴി മഥനം തുടരവെ പല അമൂല്യ വസ്തുക്കളും സമുദ്രത്തില്‍ നിന്നും പൊങ്ങിവന്നു. ഒപ്പം ലോകവിനാശത്തിന് തന്നെ കാരണമാകുന്ന കാളകൂട വിഷവും പുറത്തുവന്നു. ഭൂമിയില്‍ പതിച്ചാല്‍ സര്‍വ്വനാശം ഫലം. ദേവന്മാരും അസുരന്മാരും പരിഭ്രാന്തരായി. അവര്‍ ബ്രഹ്‌മാവിനെ അഭയം പ്രാപിച്ചു. മഹാദേവനല്ലാതെ മറ്റാര്‍ക്കും ഈ പ്രതിസന്ധിയില്‍ നിന്നും ലോകത്തെ രക്ഷിക്കുക അസാധ്യമെന്ന് ബ്രഹ്‌മാവ് അരുളി ചെയ്തു. ദേവാസുരന്മാര്‍ കൈലാസത്തിലെത്തി പരമേശ്വരനോട് പ്രാര്‍ത്ഥിച്ചു. സൃഷ്ടിയും സ്ഥിതിയുമല്ല വിനാശമാണ് മഹാദേവന്റെ ധര്‍മ്മം. പക്ഷേ, പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് അനിവാര്യമായതിനാല്‍, ലോകരക്ഷാര്‍ത്ഥം ശിവന്‍ കാളകൂട വിഷം പാനം ചെയ്തു. വിഷം ഉള്ളില്‍ ചെന്നാല്‍ പതിയ്ക്ക് ആപത്തുണ്ടായാലോ എന്ന ഭയത്താല്‍ ദേവി പാര്‍വ്വതി മഹാദേവന്റെ കണ്ഠത്തില്‍ ഇരുകരങ്ങളും ചേര്‍ത്തുപിടിച്ചു. ഹലാഹല വിഷം പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ശിവന്റെ വായും അടച്ചുപിടിച്ചു. മുകളിലേക്കും താഴെക്കും പോകാനാവാതെ വിഷം മഹാദേവന്റെ കണ്ഠത്തില്‍ ഉറഞ്ഞു. അങ്ങനെ ദേവന്‍ നീലകണ്ഠനായി. ശിവന് വേണ്ടി പാര്‍വ്വതി അന്നേദിനം ഉറക്കമൊഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. ആ ദിനത്തിന്റെ ഓര്‍മ്മപുതുക്കലാണ് ശിവരാത്രി.
ശിവരാത്രിക്ക് പിന്നിലെ ഐതിഹ്യം ഇപ്രകാരമാണെങ്കിലും ഇതിലൊരു അമൃത തത്വം ഒളിഞ്ഞിരിപ്പുണ്ട് എന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മനസ്സിലാകും. പ്രപഞ്ചത്തിന് ഒന്നാകെ മംഗളത്തെ പ്രദാനം ചെയ്യുന്ന ശിവന്, ആ വിഷം പാനം ചെയ്താല്‍ ആപത്തുവരുമെന്ന പാര്‍വ്വതീ ദേവിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പതിയോടുള്ള പ്രണയം ദേവി അപ്രകാരം പ്രകടിപ്പിച്ചുവെന്ന് മാത്രം. ആദി പരാശക്തിയുടെ അവതാരമായി കല്‍പ്പിക്കുന്ന പാര്‍വ്വതീ ദേവി തന്റെ പതിയില്‍ വിശ്വാസമില്ലാത്ത ചഞ്ചലചിത്തയാണെന്നും കരുതുക വയ്യ. മഹാദേവന്‍ പ്രപഞ്ചത്തെ സംരക്ഷിച്ചപ്പോള്‍ ദേവി ആ പ്രപഞ്ചനാഥനെ സംരക്ഷിക്കാനാണ് വെമ്പല്‍ കൊണ്ടത്. ആ ചിന്ത തന്നെ എത്രയോ ഉദാത്തമാണ്. പത്‌നീ ധര്‍മ്മത്തിന്റെ മഹത്തായ മാതൃകയുമാണത്.
മഹാകാരുണ്യത്തിന്റെ ധീരതയാണ് പാലാഴി മഥന സമയത്ത് ശിവന്‍ പ്രകടിപ്പിച്ചത്. അല്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചമൊന്നാകെ കാളകൂട വിഷത്തിന്റെ തപമേറ്റ് ഇല്ലാതാകുമായിരുന്നു. അനിവാര്യമാകുമായിരുന്ന ആ വിപത്തില്‍ നിന്നും ലോകത്തെ സംരക്ഷിക്കാന്‍ ശിവന്‍ പ്രകടിപ്പിച്ച ധൈര്യവും ത്യാഗമനഃസ്ഥിതിയും ഈ വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ വിലയിരുത്തേണ്ടതുണ്ട്.
യൗവ്വനം നശിച്ച്, ജരാനരകള്‍ ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായിരുന്നു പാലാഴിയില്‍ അമൃത് തേടിയത്. ഒറ്റയ്ക്ക് സാധ്യമല്ലെന്ന് വന്നപ്പോള്‍ ആസുരിക ശക്തികളേയും കൂടെ കൂട്ടി. അമരത്വത്തെ പ്രദാനം ചെയ്യുന്നതാണ് അമൃത്. ആ അമൃത് ദേവന്മാര്‍ക്ക് മാത്രം സ്വന്തമാകുന്നതെന്തുകൊണ്ടാണ്? അതിന് വേണ്ടി പരമേശ്വരന്‍ എന്തിനാണ് ഒരു മഹാത്യാഗത്തിന് സന്നദ്ധനായത്? ലോകൈകനാഥനാണ് ശിവന്‍. തന്നെ ഉപേക്ഷിച്ചും പ്രപഞ്ചത്തെ, നന്മയുടെ ചൈതന്യത്തെ നിലനിര്‍ത്തേണ്ടത് അദ്ദേഹത്തിന്റെ ധര്‍മ്മമാണ്. അതുകൊണ്ടാണ് വൈരാഗിയായ ശിവന്‍ അപ്രകാരം പ്രവര്‍ത്തിച്ചത്. ഇത്തരത്തില്‍ അനേകം ത്യാഗമുഹൂര്‍ത്തങ്ങള്‍ നമ്മുടെ ഭാരതീയ പൈതൃകത്തെ സമ്പന്നമാക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ സമുദ്ര മഥനം നടക്കുന്നത് മനുഷ്യ മനസ്സില്‍ തന്നെയാണെന്ന് കാണാം. പാലാഴിയാണ് മനുഷ്യമനസ്സ്. പലവിധ വാസനകള്‍ക്ക് പിന്നാലെ പായുക എന്നതാണ് അതിന്റെ പ്രകൃതം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലൗകിക തൃഷ്ണകളെ പരിപാലിക്കുന്നതിനുള്ള അമൃത് തേടുന്ന ചിത്തത്തെ ശാന്തമാക്കുക അസാധ്യമാണ്. അതിനായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ഒരുക്കമാണത്. ദേവന്മാര്‍, അസുരന്മാരുടെ സഹായം തേടിയതുപോലെ. ശരിയും തെറ്റും, നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലാണ് മനുഷ്യമനസ്സില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭോഗവാസനയെ തൃപ്തിപ്പെടുത്തുന്നതിനാണ് ഒട്ടുമിക്ക മനുഷ്യരും രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിനായി നേര്‍വഴി മാത്രമല്ല, നീച വഴികളില്‍ കൂടിയും സഞ്ചരിക്കാന്‍ അവന് മടിയില്ല. കലികാലത്ത് ഈ കെട്ട രീതികളാണ് മനുഷ്യര്‍ കൂടുതലായും പിന്തുടരുന്നതും. ഇവിടെയാണ് ശിവരാത്രിയുടെ പ്രസക്തി. നന്മയും തിന്മയും തമ്മില്‍ മനസ്സില്‍ നിരന്തരം മഥനം നടത്തുമ്പോഴും കൗസ്തുഭം, കല്‍പ വൃക്ഷം, കാമധേനു, തിങ്കള്‍ക്കല എന്നിവപോലെ അമൂല്യമായതും അതേപോലെ സര്‍വ്വനാശത്തിന് ഇടവരുത്തുന്നതായ പലതും ഉയര്‍ന്നുവരും. മാനവകുലത്തിന് തന്നെ ദോഷകരമായേക്കാവുന്ന ദുര്‍വാസനകളെ പുറത്തേക്ക് വമിക്കാതെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയാണ് വേണ്ടത്. ദേഹാഹങ്കാരത്താല്‍ മനസ്സിനും ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയാല്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. ആ വിഷത്തെ നിര്‍വീര്യമാക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖകരവും സ്വച്ഛന്ദവുമാക്കുന്നു.
പ്രകൃതിയിലുള്ളതെല്ലാം തനിക്ക് വേണ്ടിയാണെന്ന ചിന്തയാണ് മനുഷ്യനെ ഭരിക്കുന്നത്. പിടിച്ചടക്കലാണ് അവന്റെ സ്വഭാവം. സ്വാര്‍ത്ഥതയാണ് അവനെ നയിക്കുന്നത്. ഇതാണ് ഇന്ന് ലോകത്ത് പ്രകടമാകുന്ന സ്ഥിതിവിശേഷം. ഫലമോ മഹാമാരികളും പ്രകൃതി ദുരന്തങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പോര്‍വിളികളും എല്ലാം കൂടിച്ചേര്‍ന്ന് ലോകത്തിന്റെ താളാത്മകത പോലും നഷ്ടമായി. ഇവിടെയാണ് ശിവരാത്രിക്ക് പിന്നിലുള്ള മഹാത്യാഗത്തിന്റെ ദര്‍ശനം പവിത്രമാകുന്നത്. സഹനത്തിന്റെ സൗന്ദര്യം വെളിപ്പെടുന്നത്. മനുഷ്യന് ഇന്ന് അന്യമായ ആ ഗുണം അവനിലേക്ക് വീണ്ടും വന്നുചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെയാവണം ശിവരാത്രി ആചരണം.
ശിവരാത്രി വ്രതം എങ്ങിനെ അനുഷ്ഠിക്കണം
സ്‌കന്ദ പുരാണം, വായുപുരാണം എന്നിവയിലെ പരാമര്‍ശമനുസരിച്ച് മാഘമാസത്തിന്റെ അവസാനവും ഫാല്‍ഗുനമാസം ആരംഭിക്കുന്നതിന് മുന്‍പും ഉള്ള കൃഷ്ണപക്ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശി തിഥി വരുന്ന ദിനമാണ് ശിവരാത്രി. ശിവപുരാണം കോടിരുദ്ര സംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണം, മഹിമ ഇതേക്കുറിച്ച് വിവരിക്കുന്നു. ശിവപ്രീതികരവും ഭോഗമോക്ഷപ്രദായകവുമായ പത്ത് മുഖ്യ ശൈവ വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ശിവരാത്രി വ്രതം. മനുഷ്യര്‍ക്ക് ഹിതം നല്‍കുന്ന ഇതിനോളം നല്ല വ്രതമില്ല എന്നാണ് വിശ്വാസം. വര്‍ണ്ണാശ്രമ ഭേദമില്ലാതെ, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ ഹിതം നല്‍കുന്ന ഉത്തമ ധര്‍മ്മസാധനയാണിത്.
ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ പറയുന്നത് ഇപ്രകാരമാണ്. സമസ്ത മഹാപാപങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രി വ്രതം നോല്‍ക്കണം. ശിവരാത്രി നാള്‍ സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. പൂര്‍ണ്ണമായ പൂജാവിധികളോടെവേണം ശിവനെ പൂജിക്കേണ്ടത്. ഇപ്രകാരം ശിവന് സര്‍വ്വതും സമര്‍പ്പണം ചെയ്യുന്ന ഭക്തന്‍ ശിവപദം പ്രാപിക്കും.
ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം നോറ്റാല്‍ ഇല്ലാതാവും എന്നാണ് വിശ്വാസം. പിതൃപ്രീതിക്കും ഈ ദിവസം ഉത്തമമാണ്. ആഹരിക്കാതിരിക്കല്‍ ആണ് വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ ചോദനകളെയും അടക്കുന്നതിനും വ്രതാനുഷഠാനം നല്ലതാണ്.
ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നു തന്നെ വീടും പരിസരവും വൃത്തിയാക്കി ഗൃഹശുദ്ധി വരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ കഴിക്കാം. ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’നോല്‍ക്കുക. അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം എടുക്കുക. അവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവക്ഷേത്രത്തിലെ വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ ആഹരിക്കരുത്. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയും പകലും ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിച്ച് ശിവക്ഷേത്രത്തില്‍ തന്നെ ശിവരാത്രി ദിനം ചിലവിടുന്നത് ഉത്തമം. ക്ഷേത്രദര്‍ശനം സാധ്യമല്ലെങ്കില്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശതനാമസ്‌തോത്രം, ശിവ പഞ്ചാക്ഷരീ സ്‌തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായവ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കിന്‍ വെള്ളമോ സേവിക്കാം. പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ക്ക് അതുവരേയ്ക്കും ജലപാനം പാടുള്ളതല്ല.
ഇപ്രകാരം വ്രതമനുഷ്ഠിക്കുന്ന ഭക്തന്റെ വ്രതത്തില്‍ ന്യൂനതകള്‍ വന്നാല്‍ പോലും അതെല്ലാം ക്ഷമിച്ച് ശ്രീ പരമേശ്വരന്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികള്‍ നല്‍കി അനുഗ്രഹിക്കും. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു ശിവരാത്രി വ്രതം. ശിവരാത്രിയോട് അനുബന്ധിച്ച് തലേ ദിവസം ഉമിയില്‍ ചാണകവറളിയും കര്‍പ്പൂരവും ഇട്ട് കത്തിച്ച് പരമ്പരാഗത രീതിയില്‍ ഭസ്മം ഉണ്ടാക്കുന്ന പതിവും കേരളത്തില്‍ ചിലയിടങ്ങളിലുണ്ട്. ആചാരങ്ങള്‍ പലവിധമെങ്കിലും ആത്യന്തികമായി ശിവതത്വം ഉള്‍ക്കൊണ്ട് ശിവമയ ജീവിതം നയിക്കാന്‍ പ്രേരണയേകുന്നതാണ് ശിവരാത്രി.