വോട്ടുചെയ്യുമ്പോള്‍ കരുതലോടെ ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശിന് കേരളത്തിന്റെ അവസ്ഥ വരുമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിട്ട് അധിക ദിവസങ്ങളായിട്ടില്ല. പ്രസ്താവനയില്‍ പ്രകോപിതരായ വിജയന്‍ മുഖ്യമന്തിയും പാണന്‍മാരും യോഗിക്കെതിരെയുള്ള കൊലവിളി ഇതുവരെയും നിര്‍ത്തിയിട്ടില്ല. നമ്പര്‍ വണ്‍ പ്രബുദ്ധ കേരളത്തെ യോഗി അപമാനിച്ചുവെന്നാണ് കേരളത്തിന്റെ ആസ്ഥാന ബുദ്ധിജീവികളെല്ലാം പറയുന്നത്. യോഗി പറയുംപോലെ കേരളത്തിന് ഒരു ഗതികേടും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല രാജ്യത്ത് എല്ലാ രംഗങ്ങളിലും കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നു കൂടി ‘കേരളമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതരാകുന്ന’ ആസ്ഥാന ബുദ്ധിജീവികള്‍ തീര്‍പ്പുകല്‍പ്പിച്ചിരിക്കുകയാണ്. അങ്ങിനെ സ്വയംപ്രഖ്യാപിത ഒന്നാം നമ്പരുകാരായി മന്നില്‍ വിളങ്ങുമ്പോഴാണ് ഭാരത മഹാരാജ്യത്തില്‍ ഗുജറാത്തിലെ ഒരു കോടതി വിധി ഇടിത്തീ പോലെ വന്നു ഭവിക്കുന്നത്. കുറ്റം പറയരുതല്ലോ- മോദി അമിത് ഷാ സംഘപരിവാരക്കാരുടെ വിളയാട്ടഭൂമിയായി നശിച്ച് നാറാണക്കല്ലു പിടിച്ചു പോയ ഗുജറാത്തിലെ കോടതിയ്ക്കു പോലും കേരളത്തെ ഒന്നാം സ്ഥാനത്തു നിന്നു മാറ്റാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ഇദംപ്രഥമമായി 38 ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച കേസില്‍ മൂന്ന് മലയാളികള്‍ ഉണ്ട് എന്നത് അഭിമാന പുളകത്തോടെ അല്ലാതെ എത്ര കേരളീയര്‍ക്ക് കേള്‍ക്കാനാവും. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ടായിട്ടും ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും കേരളത്തിന്റെ ഇത്തരം നേട്ടങ്ങള്‍ക്ക് ഒപ്പമെത്താന്‍ കഴിയുന്നില്ല. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും കേരളത്തെക്കാള്‍ എട്ടും പത്തുംഇരട്ടി വലിപ്പമുള്ള മറ്റ് സംസ്ഥാനങ്ങളൊക്കെ നാണിച്ച് പോകുന്ന നേട്ടങ്ങളാണ് കേരളത്തിനുണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിശുദ്ധ യുദ്ധങ്ങള്‍ക്കാവശ്യമായ പോരാളികളെ കയറ്റുമതി ചെയ്യുന്നതില്‍ കേരളം ഒന്നാമതെത്തിയിട്ട് എത്രയോ കാലങ്ങളായി. യമനിലും സിറിയയിലും അഫ്ഗാനിലുമൊക്കെ പരലോകത്തെ ഹൂറികള്‍ക്കു വേണ്ടി പത്തുപേര്‍ പൊട്ടിത്തെറിച്ച് മരിച്ചാല്‍ അതില്‍ കുറഞ്ഞത് മൂന്നു പേരെങ്കിലും നമ്പര്‍വണ്‍ കേരളത്തിലെ മലയാളികളായിരിക്കും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്. ഭൂഗോളത്തിലെ ഇതര രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ ഇന്ന് അസൂയയോടെയാണ് കേരളത്തെ നോക്കുന്നത്.
ഗോധ്രാനന്തര ഗുജറാത്ത് കലാപത്തില്‍ ആയിരക്കണക്കിന് മുസ്ലിങ്ങളെ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായും നേതൃത്വം കൊടുത്ത് കൊലപ്പെടുത്തി എന്നു പറയുന്നതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ഒരേ സ്വരക്കാരാണ്. സാധാരണ മുസ്ലീങ്ങളില്‍ ഭാരതവിരുദ്ധതയും ബി.ജെ.പി, ഹിന്ദു വിരുദ്ധതയും പ്രതികാരബുദ്ധിയും വളര്‍ത്തി എടുക്കുന്നതിന് ജിഹാദി സംഘടനകളും അവരുടെ ഭാരതത്തിലെ മുഖ്യ രക്ഷകര്‍ത്താക്കളായ ഇടതുപാര്‍ട്ടികളും വഹിക്കുന്ന പങ്ക് ചെറുതല്ല. ഗോധ്രാനന്തര ഗുജറാത്ത് കലാപത്തില്‍ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന ഇതര വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിച്ചാല്‍ ഗുജറാത്ത് കലാപം അത്ര വലിയ ഒന്നായിരുന്നില്ല എന്നു മനസ്സിലാകും. മതസ്പര്‍ദ്ധ വളര്‍ത്തി രാജ്യത്തെ ശിഥിലീകരിച്ചാലല്ലാതെ ഭാരതത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കിയ ഇടതു ജിഹാദി അച്ചുതണ്ട് ഗുജറാത്ത് കലാപത്തെ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ച് സാധാരണ മുസ്ലീം ചെറുപ്പക്കാരെ ഭീകരവാദത്തിലേയ്ക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. അത്തരം പ്രവൃത്തികളുടെ ഫലമായിരുന്നു 2008 ജൂലായ് 26 ന് ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ സ്‌ഫോടന പരമ്പരകള്‍. 56 നിരപരാധികളുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തില്‍ ഇരുനൂറ്റി നാല്‍പ്പത്തി യാറ് പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്ത് കലാപത്തിനുള്ള മുസ്ലീങ്ങളുടെ പ്രതികാരമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലെ വാഗമണ്ണില്‍ വച്ചായിരുന്നു എന്ന വിവരം അന്വേഷണ സംഘം കണ്ടെത്തി. എന്നു മാത്രമല്ല ബോംബു സ്ഥാപിക്കാനുള്ള നാലു ബൈക്കുകള്‍ ഭീകരവാദികള്‍ സംഘടിപ്പിച്ചത് കേരളത്തില്‍ നിന്നായിരുന്നു എന്ന് കൃത്യമായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. 2007 ല്‍ പതിമൂന്നു ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന 37 ഭീകരര്‍ വാഗമണ്ണില്‍ കോലാഹലമേട്ടിലെ കുന്നുകള്‍ക്കിടയില്‍ നടത്തിയ പരിശീലനം കേരളാ പോലീസ് അറിഞ്ഞില്ല എന്നതില്‍ അതിശയമില്ല. കേരളാ പോലീസില്‍ വരെ ഇസ്ലാമിക ഭീകര സംഘടനകളുടെ ‘സുപ്ത കോശ’ങ്ങള്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുമ്പോള്‍ ഒന്നും അതിശയം ജനിപ്പിക്കുന്നില്ല.അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ ആസൂത്രണവും ബോംബു നിര്‍മ്മാണ പരിശീലനവും കേരളത്തിലെ ജിഹാദി ഭീകരരുടെ ആതിഥേയത്വത്തിലാണ് നടന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. അഹമ്മദാബാദ് സ്‌ഫോടനത്തിനു ശേഷം പതിനാല് വര്‍ഷം നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 38 ഭീകരര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരിക്കുകയാണ്. ഇതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേരും ജീവപര്യന്തത്തിനു വിധിക്കപ്പെട്ട ഒരാളും നമ്പര്‍വണ്‍ കേരളത്തിന്റെ സംഭാവനയാണെന്നിടത്താണ് യോഗി ആദിത്യനാഥ് അടുത്തിടെ നടത്തിയ പ്രസ്താവന പ്രസക്തമാകുന്നത്.ഇതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷിബിലയും ഷാദുലിയും ഈരാറ്റുപേട്ടക്കാരായ ഇരട്ട സഹോദരങ്ങളാണ്. വാഗമണ്‍ ഭീകര ക്യാമ്പിന്റെ സംഘാടകരെന്ന നിലയില്‍ ഇവരെ അറസ്റ്റു ചെയ്തപ്പോള്‍ ഇവര്‍ നിരപരാധികളാണെന്നു വാദിച്ചു കൊണ്ട് ഇസ്ലാമിക-മതമൗലികവാദ സംഘടനകള്‍ ഈരാറ്റുപേട്ട നഗരത്തില്‍ പ്രകടനം നടത്തുകയുണ്ടായി. ഈ പ്രകടനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ്സുകാരും മത്സരിച്ച് അണിനിരന്നത് ആരും മറന്നിട്ടുണ്ടാവില്ല. മുമ്പ് ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി അദ്വാനിയെ വധിക്കാന്‍ കോയമ്പത്തൂരില്‍ ബോംബു സ്‌ഫോടനം നടത്തിയ അബ്ദുല്‍ നാസര്‍ മദനിയെ സ്വീകരിക്കാനും ഇവര്‍ മത്സരിച്ചിരുന്നു. ഭീകരവാദികളെ മാന്യന്‍മാരാക്കുന്ന കേരള രാഷ്ട്രീയം ഇതിന് വില കൊടുക്കാന്‍ ഇരിക്കുന്നതേ ഉള്ളൂ.
അഹമ്മദാബാദിലെ 21 സ്ഥലങ്ങളില്‍ 70 മിനിറ്റുകള്‍ക്കിടയില്‍ നടത്തിയ സ്‌ഫോടനം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് നടത്തിയതായിരുന്നു എന്ന് വിധിന്യായത്തില്‍ കോടതി സൂചിപ്പിച്ചിട്ടുണ്ട്. ആദ്യ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തുന്നവരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി എത്തുമെന്ന് ഉറപ്പിച്ച ഭീകരര്‍ ആശുപത്രിയിലും ബോംബ് സ്ഥാപിച്ചിരുന്നു. ആദ്യ സ്‌ഫോടനങ്ങളില്‍ പരിക്കുപറ്റി എത്തിയവര്‍ക്ക് രക്തം നല്‍കാന്‍ ഓടിയെത്തിയവരും പരിക്കുപറ്റിയവരെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഗര്‍ഭിണിയായ ഡോക്ടറുമടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഗുജറാത്ത് കലാപത്തില്‍ മുസ്ലീം ഗര്‍ഭിണിയുടെ നിറവയര്‍ വെട്ടിപ്പിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കോര്‍ത്ത കഥകളൊക്കെ കെട്ടിച്ചമച്ച് പാടുന്നവരൊന്നും ഗുജറാത്തിലെ ആശുപത്രിയില്‍ ഗര്‍ഭിണിയായ വനിതാ ഡോക്ടറെ അടക്കം ബോംബു വച്ച് കൊന്നതിനെക്കുറിച്ച് മിണ്ടിക്കേട്ടിട്ടില്ല. എന്തായാലും രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന്റെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുമ്പോള്‍ കേരളത്തിലെ കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നൊക്കെയുള്ള ഭീകരപ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു എന്നത് ഭീകരപ്രവര്‍ത്തനത്തിലും കേരളം ഒന്നാമതായിരിക്കുന്നു എന്നതിന്റെ തെളിവാണ്. നമുക്കിനിയും മതേതര നാട്യങ്ങളില്‍ വോട്ടുബാങ്കുകള്‍ക്കായി ഭീകരപ്രവര്‍ത്തനങ്ങളെ താലോലിക്കുന്ന പണി തുടരാം.