ഈ ലോകത്തിലെ സൃഷ്ടികളെയെല്ലാം നാം തിരിച്ചറിയുന്നത് നാമ – രൂപങ്ങളിലൂടെ ആണ്. ഒരു വസ്തുവിനെ കാണുമ്പോള്‍ നാം അതിന്റെ രൂപം ശ്രദ്ധിക്കും. അതിനു മറ്റുള്ളവയുമായുള്ള വ്യത്യാസം നോക്കി വെക്കും. രണ്ടാം തവണ കാണുമ്പോള്‍ ആ പ്രത്യേകതകള്‍ തിരിച്ചറിയും. മറ്റുള്ളവര്‍ക്ക് അതിനെ പറ്റി അറിവ് നല്‍കാന്‍ അതിന് ഒരു പേരും കൊടുക്കും. പേരും രൂപവും അതായത് നാമ – രൂപങ്ങള്‍ ഇല്ലാതെ സൃഷ്ടിയെ മനസ്സിലാക്കാനൊക്കില്ല. നാം ഈ സംസാരബന്ധത്തില്‍ ഒതുങ്ങി നില്ക്കുന്നതും ഇതിനാല്‍ തന്നെ. ഇതു രണ്ടുമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? ഒരു കുട്ടി നിലത്തുവീഴുന്നു. അവന് എഴുന്നേല്‍ക്കണമെങ്കിലും അതേ ഭൂമിയുടെ സഹായം വേണം. കൈകുത്തിയാണ് എഴുന്നേല്‍ക്കുന്നത്. പേരുള്ള, രൂപമുള്ള വസ്തുക്കള്‍ മനുഷ്യനെ അതുമായി ബന്ധിപ്പിക്കുന്നു. അതില്‍ നിന്ന് മോചിപ്പിക്കാനും നാമ – രൂപങ്ങളെ ഉപയോഗപ്പെടുത്താം. നമ്മുടെ സ്വഭാവ- പ്രകൃതികളെ അനുസരിച്ച് ഒരു രൂപത്തെ ധ്യാനിക്കുകയും ഒരു നാമം അഥവാ മന്ത്രം ജപിക്കുകയും ചെയ്യുമ്പോള്‍ അത് മുമ്പ് ബന്ധിച്ച അതേ നാമരൂപങ്ങളുടെ മോചനത്തിനായും തീരും. സര്‍വ്വര്‍ക്കും ഗുണകരമാണ് ഈ മന്ത്ര യോഗം.
പരമാത്മാവില്‍ നിന്ന് ഭാവവും ഭാവത്തില്‍ നിന്ന് സൃഷ്ടിയും അതില്‍ നിന്ന് വൈവിധ്യ പൂര്‍ണ്ണമായ നാമരൂപത്തിലുള്ള പ്രപഞ്ചവുമുണ്ടായി എന്ന സിദ്ധാന്തം ഇവിടെ ഓര്‍ക്കണം. ഇതിന്റെ തിരിച്ചുള്ള വഴിയാണ് മന്ത്ര യോഗം. നാമരൂപങ്ങള്‍ ബന്ധനം സൃഷ്ടിക്കുമെങ്കില്‍, നാമ – രൂപങ്ങളായ മന്ത്ര – ദേവതകളിലൂടെ ആരംഭിച്ച് അതിന്റെ പിന്നിലുള്ള ഭാവത്തിലേക്കും അതിലൂടെ പരമാത്മാവിലേക്കും എത്തിച്ചേരാമെന്നുള്ളതാണ് മന്ത്ര യോഗത്തിന്റെ വഴി.
പ്രകൃതിയില്‍ മാറ്റങ്ങള്‍ വന്ന് സൃഷ്ടി – സ്ഥിതി – സംഹാരാദി ശക്തികളായി ബ്രഹ്‌മാ- വിഷ്ണു – മഹേശ്വരന്‍മാരും പ്രകൃതിയിലെ വിവിധ ശക്തികളായ ദേവതകളും അവയ്‌ക്കെല്ലാം ബീജ മന്ത്രങ്ങളുമുണ്ടായി. പഞ്ചഭൂതങ്ങളായ ഭൂമി – ജലം – അഗ്‌നി – വായു – ആകാശം എന്നിവയ്ക്ക് യഥാക്രമം ലം – വം – രം – യം – ഹം എന്നിവ ബീജ മന്ത്രങ്ങളാണ്. ഷഡ് ചക്രങ്ങളില്‍ ഭൂമിയുടെ സ്ഥാനമായ മൂലാധാരത്തില്‍ ലം എന്ന ഭൂമിയുടെ ബീജമന്ത്രം അങ്കിതമായിരിക്കു ന്നു. സ്വാധിഷ്ഠാനത്തില്‍ ജലതത്വത്തിന്റെ ബീജ മന്ത്രമായ വം അങ്കിതമായിരിക്കുന്നു. ഇതുപോലെ മറ്റു ചക്രങ്ങളിലും. ബീജം ശരിയായ സാഹചര്യത്തില്‍ മുളയ്ക്കുകയും വളരുകയും കായ്ഫലം തരികയും ചെയ്യും. അതുപോലെ ദേവതയുടെ ബീജ മന്ത്രങ്ങള്‍ ജപത്തിന്റെ ഫലമായി, ദേവതയായി പ്രത്യക്ഷപ്പെട്ട് ഇഷ്ട വരങ്ങള്‍ പ്രദാനം ചെയ്യും. അതു തന്നെ കാലക്രമത്തില്‍ മോക്ഷത്തിനായും ഭവിക്കും. മന്ത്രങ്ങള്‍ സൗരമെന്നും (സൂര്യന്‍) സൗമ്യമെന്നും (സോമന്‍ അഥവാ ചന്ദ്രന്‍) രണ്ടു തരമുണ്ട്. ആദ്യത്തേത്, അതായത് സൗര മന്ത്രങ്ങള്‍ പും മന്ത്രങ്ങള്‍ അഥവാ പുല്ലിംഗ മന്ത്രങ്ങളാണ്. സൗമ്യം സ്ത്രീലിംഗവും. അവയെ മന്ത്രം എന്നതിനു പകരം വിദ്യ എന്നും വിളിക്കും. ശ്രീവിദ്യ തന്നെ ഉദാഹരണം. ഹും, ഫട് എന്നിവയില്‍ അവസാനിക്കുന്നവ പുല്ലിംഗത്തില്‍ പെടുമെങ്കില്‍ ഥം, സ്വാഹാ എന്നിവ സ്ത്രീലിംഗ വിഭാഗമാണ്. നമ:യില്‍ അവസാനിക്കുന്നവ നപുംസക വിഭാഗത്തിലും പെടുമത്രെ. ശാരദാതിലകമെന്ന തന്ത്ര ഗ്രന്ഥത്തിന് രാഘവ ഭട്ട എഴുതിയ വ്യാഖ്യാനത്തില്‍ വഷട്, ഫട് എന്നിവ പുരുഷനും സ്വാഹാ, വൗഷട് എന്നിവ സ്ത്രീയും ഹ്രീം, നമ: എന്നിവ നപുംസകവുമെന്ന് തിരിച്ചിരിക്കുന്നു.
പൂജയുടെയും, പാരായണത്തിന്റെയും, സ്‌തോത്രങ്ങളുടെയും, ഹോമങ്ങളുടെയും, ധാരണ – ധ്യാന- സമാധികളുടെയും മന്ത്ര ജപത്തിന്റെയും ഉദ്ദേശ്യം വ്യത്യസ്തമല്ല. എന്നാല്‍ മന്ത്ര യോഗത്തില്‍ സാധകന്റെ സാധനാ ശക്തിക്കൊപ്പം മന്ത്രശക്തി കൂടി പ്രവര്‍ത്തിക്കും എന്ന വിശേഷമുണ്ട്. ബീജ മന്ത്രങ്ങളും, പൗരാണികമായ മന്ത്രങ്ങളും, വേദ മന്ത്രങ്ങളും ഉണ്ട്. മനനാല്‍ ത്രായതേ എന്നാണ് മന്ത്രത്തിന്റെ പ്രാധാന്യം. മന്ത്രത്തെ മനനം ചെയ്യുമ്പോള്‍ അത് സാധകനെ ത്രാണനം ചെയ്യും; രക്ഷിക്കും. തജ്ജപ: തദര്‍ഥ ഭാവനം എന്ന പാതഞ്ജല സൂത്രം മന്ത്ര യോഗത്തിന്റെ ബീജം തന്നെയാണ്. പ്രണവ ജപവും പ്രണവത്തിന്റെ, ഓങ്കാരത്തിന്റെ അര്‍ത്ഥ ചിന്തയുമാണ് ഇവിടെ സൂചിപ്പിച്ചതെങ്കിലും ജപയോഗത്തിന്റെ അഥവാ മന്ത്ര യോഗത്തിന്റെ താല്പര്യം കൂടിയാണത്.
ആകാശത്തിന്റെ ഗുണമാണ് ശബ്ദം. എന്നാല്‍ ശൂന്യാകാശത്തിന് പുറത്ത് വായുവിന്റെ ചലനം കൊണ്ടാണ് ശബ്ദമുണ്ടാകുന്നത്. ജീവ ശരീരത്തില്‍ പ്രാണന്റെ ചലനത്താലാണ് (ശ്വാസോ ച്ഛ്വാസം) ശബ്ദമുണ്ടാകുന്നത്. മൂലാധാരത്തിലാണ് ശബ്ദത്തിന്റെ തുടക്കം. കുണ്ഡലിനീ ശക്തി തന്നെ ആധാരം. അത് ശബ്ദത്തിന്റെ അതി സൂക്ഷ്മ രൂപമാണ്. പരാ എന്നാണ് ഇതിനു പേര്. അത് ഹൃദയസ്ഥാനത്തെത്തുമ്പോള്‍ സൂക്ഷ്മത കുറയും. പശ്യന്തി എന്നാണ് അപ്പോള്‍ അതിനു പേര്. അത് ബുദ്ധിയുമായി ചേരുമ്പോള്‍ മധ്യമ എന്നറിയപ്പെടുന്നു. നാലാമത്തെ ഘട്ടമാണ് വൈഖരി എന്ന സ്ഥൂലരൂപം. അക്ഷരങ്ങള്‍ അക്ഷരമായ ബ്രഹ്‌മത്തെ പ്രതിനിധീകരിക്കുന്ന യന്ത്രങ്ങളാണ്, രൂപങ്ങളാണ്. കുണ്ഡലിനിയാണ് വിവിധ മന്ത്രങ്ങളെ പ്രതിനിധീകരിച്ച് വിവിധ ദേവതകളായി പ്രത്യക്ഷപ്പെടുന്നത്. സാധകന്‍ മന്ത്രശക്തിയെ ഉണര്‍ത്തുമ്പോള്‍ അതിന്റെ അധിഷ്ഠാനദേവത പ്രത്യക്ഷമാവും. മന്ത്രസിദ്ധി പൂര്‍ണമാവുമ്പോള്‍ സച്ചിദാനന്ദരൂപമായ പരദേവത തന്നെ പ്രത്യക്ഷമാവും. അതു തന്നെ കൈവല്യത്തിന്റെ പടിവാതില്‍.
മന്ത്രത്തിന്റെ ലോകം വിശാലവും അഗാധവുമാണ്. ഒരു ലേഖനത്തിലൊതുങ്ങില്ല. ഇത് ഒരു വിഹഗ വീക്ഷണം മാത്രം.