ഒരു കലാസൃഷ്ടി എന്ന്, ഇന്നത്തെ സാഹചര്യത്തില്‍, പറയാമോ എന്ന് സംശയമുണ്ട്. കാരണം സൃഷ്ടി എന്ന അര്‍ത്ഥത്തില്‍ ഇപ്പോള്‍ ഒന്നും സംഭവിക്കുന്നില്ല. കാരണം ലോകത്തില്‍ ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒന്നിനെ ഒരു കലാകാരന്‍ ഇന്ന് സൃഷ്ടിക്കുന്നില്ല. അങ്ങനെ ഉണ്ടാകുകയാണെങ്കില്‍ ലോകം മുഴുവന്‍ പെട്ടെന്ന് അങ്ങോട്ട് തിരിയും. എന്നാല്‍ ഇപ്പോള്‍ കലയുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. ഒരു നിര്‍മ്മിതിയായി അത് മാറുകയാണ്. കല കേവലമായ അര്‍ത്ഥത്തിലാണുള്ളത്. ശുദ്ധമായ കലയ്ക്ക് പകരം ഉപകരണാത്മകമായ വിചിന്തനമായി അത് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. റിമോട്ട് കണ്‍ട്രോള്‍, മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ഫര്‍ണിച്ചര്‍, ഫാഷന്‍, ടൈലുകള്‍, വാസ്തുശില്പം തുടങ്ങിയവയുടെ രൂപകല്പനയില്‍ ഇന്ന് കല ഒരു അനുബന്ധ, ഉപകരണാത്മക അവബോധമായി, അനുഭൂതിയായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനുള്ള പാത്രം പോലും ഇന്ന് കലാത്മകമാണ്. അതുപക്ഷേ, കലാസൃഷ്ടിയല്ല, കലാത്മകമാണ്. കലയില്ലാതെ ഒരു ന്യൂഡില്‍സ് പാക്കറ്റ് പോലും തയ്യാറാക്കാനാവില്ല.
എങ്കിലും ഒരു ചിത്രമോ നോവലോ കവിതയോ കലയായി തന്നെ ഇപ്പോഴും നില്‍ക്കുകയാണ്. വാക്കുകള്‍ക്ക് പകരം ദൃശ്യങ്ങളും വീഡിയോകളും ഇമോജികളും ആധിപത്യം നേടിയ കാലത്തും വാക്കുകള്‍ അതിജീവിക്കുന്നു. എഴുതപ്പെടുന്ന വാക്കുകള്‍ ചരിത്രത്തെയാണ് ഗര്‍ഭം ധരിക്കുന്നത്. ഒരു മറിച്ചുനോട്ടത്തിന് വാക്കുകള്‍ വേണം; വാക്കുകള്‍ വ്യക്തതയ്ക്കും ബോധ്യപ്പെടലിനും ആവശ്യമാണ്. വാക്കുകള്‍ എപ്പോഴും അതിന്റെ പ്രയോഗത്തിനൊപ്പം ചരിത്രത്തെയും കൊണ്ടുനടക്കുന്നു. ചരിത്രത്തെ ഒരു ഘടനയുടെ വിവിധ അടുക്കുകളായി കാണാനാണ് പലരും ശ്രമിക്കുന്നത്. അതായത്, ഒരാശയത്തിന്റെ തന്നെ പലതലങ്ങള്‍ എന്ന നിലയില്‍. പരസ്പരം എതിരിടുന്ന ഘടനകളെ ചരിത്രത്തില്‍ നിര്‍വ്വചിക്കുന്നില്ല.
ഉദാഹരണത്തിന് രാജ്യഭരണവും ജനാധിപത്യവും തമ്മിലാണ് പോര്‍വിളിയുണ്ടായത്. അതിന്റെ രണ്ടിന്റെയും ആത്യന്തിക ഫലവും അന്തസ്സത്തയും ഒന്നായിരിക്കെ തന്നെ, ഒന്നിന്റെ തന്നെ വേറിട്ട ഘടനകളായി അത് വിലയിരുത്തപ്പെടുന്നു. എന്നാല്‍ മൃഗങ്ങളുടെ പെരുമാറ്റം, ജീവിതരീതി, അവ മനുഷ്യനോട് പുലര്‍ത്തുന്ന ബന്ധം, മനുഷ്യരും മൃഗങ്ങളും ചേര്‍ന്നുണ്ടാക്കുന്ന സമ്പദ്‌വ്യവസ്ഥ, മൃഗങ്ങള്‍ മനുഷ്യരുടെ മനോഘടനയില്‍ വരുത്തുന്ന അനുകൂലമായ പരിണാമങ്ങള്‍ തുടങ്ങിയവയൊന്നും ഒരു ചരിത്രത്തിലുമില്ല. അതിനുള്ള ഉപകരണങ്ങള്‍ ചരിത്രപഠിതാക്കളുടെ കയ്യിലില്ല.
എന്നാല്‍ പുസ്തകങ്ങളല്ല, സൗന്ദര്യശാസ്ത്രവും സമീപനങ്ങളും പരിണമിക്കുന്നുണ്ട്. മാനവരാശിയുടെ വേറൊരു ചരിത്രമാണത്. അത്, വാസ്തവത്തില്‍, എല്ലാ പ്രൊഫഷണലുകളും മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ഏറ്റവും വലിയ പരാധീനത എന്ന് പറയുന്നത്, എത്ര ഉയര്‍ന്ന വിദ്യാഭ്യാസം നേടിയാലും സൗന്ദര്യാനുഭവത്തെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല എന്നുള്ളതാണ്. എല്ലാ വിദ്യാഭ്യാസത്തെയും കേവല യുക്തിവാദമായി നമ്മള്‍ വെട്ടിച്ചുരുക്കുകയാണ്.
സാഹിത്യം ഒരു യൂണിഫോം പെരുമാറ്റമല്ല; അങ്ങനെയാകരുത്. എല്ലാ കൃതികളും ഒരുപോലെയിരിക്കുന്നതാണ് അപകടം. ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ യൂണിഫോം പോലെയല്ല കഥകള്‍ ഉണ്ടാകേണ്ടത്; അത് വ്യത്യസ്തമാകണം. ഹെമിംഗ്‌വേയെപ്പോലെയല്ല ഗ്രബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എഴുതുന്നത്. അതുകൊണ്ടാണ് അദ്ദേഹം പ്രസക്തനാകുന്നത്. സൗന്ദര്യാത്മകതയുടെ ഒരു ചരിത്രമുണ്ട്. അത് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. തകഴിയില്‍ നിന്ന് മേതില്‍ രാധാകൃഷ്ണനിലേക്ക് എത്തിച്ചേരണമെങ്കില്‍ കുറച്ചൊക്കെ സൗന്ദര്യാനുഭൂതിയില്‍ അറിവുനേടണം.
മേതില്‍ രാധാകൃഷ്ണന്‍
ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കൃതികളെയാണ് ചരിത്രാന്വേഷികള്‍ നോക്കുന്നത്. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’, ഒ.വി. വിജയന്റെ ‘പാറകള്‍’, മേതില്‍ രാധാകൃഷ്ണന്റെ ‘എങ്ങനെയൊരു പഴുതാരയെ കൊല്ലാം’, യു.പി. ജയരാജിന്റെ ‘ഓക്കിനാവയിലെ പതിവ്രതകള്‍’, വി.പി. ശിവകുമാറിന്റെ ‘മൂന്ന് കഥാപാത്രങ്ങള്‍’, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘വാന്‍ഗോഗ് ബഷീറിന്റെ വീട്ടില്‍’ തുടങ്ങിയ കഥകളുടെ വ്യത്യസ്തത അപാരമാണ്. കലാസൃഷ്ടിയുടെ മൂല്യം എന്ന് പറയുന്നത് അതിന്റെ പുതുമയാണ്; അല്ലാതെ ഒരു ഗ്രാമത്തെക്കുറിച്ച് എഴുതുന്നതല്ല. സാഹിത്യത്തിന്റെ മൂല്യം സൗന്ദര്യാത്മകമൂല്യ (Aesthetic value)മാണ്; അല്ലാതെ ഏത് വിഷയത്തെക്കുറിച്ച് എഴുതി എന്നതല്ല.
മിലാന്‍ കുന്ദേരയും നോവലും
കുന്ദേര
യൂറോപ്യന്‍ നോവലിസ്റ്റായ മിലാന്‍ കുന്ദേര മികച്ച ഒരു സൗന്ദര്യചിന്തകനാണ്. അദ്ദേഹത്തിന്റെ Life is Elsewhere എന്ന നോവല്‍ പ്രശസ്തമാണ്. നോവല്‍ ഒരു കലാരൂപമാണെന്ന്, നമ്മുടെ നോവലുകള്‍ക്ക് വിപരീതമായി, അദ്ദേഹം സ്ഥാപിക്കുന്ന പുസ്തകമാണ്The art of the Novel. ഏഴ് ഭാഗങ്ങളുണ്ട് ഈ പുസ്തകത്തില്‍. നൂറ്റാണ്ടുകളിലൂടെ നോവല്‍ എങ്ങനെ പരിണമിച്ചു എന്നും കലാപരമായി കാഫ്കയും ദസ്തയെവ്‌സ്‌കിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുമൊക്കെ ഇതില്‍ വിവരിക്കുന്നുണ്ട്. കുന്ദേരയുടെ ചിന്തകള്‍ സംഗ്രഹിച്ച് ഇവിടെ ചേര്‍ക്കുന്നു:
നോവല്‍ മരിച്ചു എന്ന് പറയുന്നത് രസത്തിനല്ല; അത് സംഭവിച്ചുകഴിഞ്ഞു.
ഏകാധിപത്യഭരണത്തില്‍ നോവലിന്റെ കലയില്‍ ഒന്നും സംഭവിക്കില്ല. കാരണം ഏകാധിപത്യത്തില്‍ സംശയമോ ചോദ്യം ചെയ്യലോ, ആപേക്ഷികതയോ ഉണ്ടാകില്ല.
റഷ്യന്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് നോവല്‍ സ്തംഭിച്ചു നിന്നു. ആ കാലത്ത് നോവലിസ്റ്റുകള്‍ മനുഷ്യാസ്തിത്വത്തെക്കുറിച്ച് ഒരു പുതിയ കണ്ടെത്തലും നടത്തിയില്ല.
ഓരോ വലിയ നോവലും വായനക്കാരനോട് പറയുന്നത് ഇപ്രകാരമാണ്: ”നിങ്ങള്‍ കരുതുംപോലെ കാര്യങ്ങള്‍ അത്ര ലളിതമല്ല.”
ജീവിതം ഒരു കെണിയാണ്; നമ്മളോട് പറഞ്ഞിട്ടല്ല നാം ജനിച്ചത്; നാം തിരഞ്ഞെടുക്കാത്ത ഒരു ശരീരത്തില്‍ നമ്മെ പൂട്ടിയിട്ടിരിക്കുകയാണ്; മരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയുമാണ്.
മനുഷ്യന്റെ ലോകം അനുഭവരാഹിത്യത്തിന്റെ മേഖലയാണ്. യൗവ്വനം എന്താണെന്നറിയാതെയാണ് നാം കുട്ടിക്കാലം വിടുന്നത്. വാര്‍ദ്ധക്യം എന്താണെന്ന് അറിയാതെയാണ് ഒരാള്‍ അതിലേക്ക് പ്രവേശിക്കുന്നത്.
ഒരു നോവല്‍ പരിശോധിക്കുന്നത് യാഥാര്‍ത്ഥ്യത്തെയല്ല; അസ്തിത്വത്തെയാണ്.
അസ്തിത്വം എന്ന് പറയുന്നത് നേരത്തെ സംഭവിച്ചതല്ല; അത് മനുഷ്യസാധ്യതകളാണ്; അവന് ജീവിക്കാനാവുന്ന സാധ്യതകള്‍.
മനുഷ്യജീവിതത്തിന്റെ ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത സാധ്യതയാണ് സാഹിത്യം.
മനുഷ്യന്റെ മനോഭാവം, വികാരങ്ങള്‍ തുടങ്ങിയവയാണ് പുതിയൊരു അസ്തിത്വലോകം ഭാവന ചെയ്യുന്നതിന് എഴുത്തുകാരനെ സജ്ജമാക്കുന്നത്.
വായന
‘മലയാളിയുടെ രാഷ്ട്രാന്തര ജീവിതം സിനിമയില്‍’ എന്ന തലക്കെട്ടില്‍ കെ.കെ. ശിവദാസ് എഴുതിയ ലേഖനം (കലാപൂര്‍ണ) കൗതുകത്തോടെയാണ് വായിച്ചത്. പ്രവാസജീവിതം നമ്മുടെ സിനിമയില്‍ വന്ന അനേകം സന്ദര്‍ഭങ്ങള്‍ ലേഖനത്തില്‍ ഉദാഹരിക്കുന്നുണ്ട്. ലേഖകന്‍ ഇക്കാര്യത്തില്‍ നല്ല ഗവേഷണം ചെയ്തിട്ടുണ്ട്. ഐവി ശശിയുടെ ‘ദേവാസുരം’ ഗള്‍ഫിലേക്ക് പോകുന്നതിന്റെ കഷ്ടപ്പാട് ചിത്രീകരിച്ച സിനിമയാണെന്ന് ലേഖകന്‍ എഴുതിയിരിക്കുന്നു. അതിലെ നായകന്‍ ഒരിക്കലും ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്നയാളായിരുന്നില്ല. അയാള്‍ ഒരു താന്തോന്നിയായ ഭൂവുടമയായിരുന്നു. താന്തോന്നികള്‍ക്ക് നമ്മുടെ മൂല്യബോധങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപവും ആ സിനിമ കേട്ടു. ലേഖകന് ഈ കാര്യത്തില്‍ തെറ്റുപറ്റി. മറ്റൊന്ന് ഇത്രയധികം ചിത്രങ്ങളെ അക്കമിട്ടു നിരത്തിയ ലേഖനത്തില്‍, ഒരു മൂല്യം ഉരുത്തിരിഞ്ഞുവരുന്നില്ല. ആറ് പേജ് നീണ്ട ലേഖനത്തില്‍ ചിത്രീകരണത്തിന്റെ കാതല്‍ എന്ത് എന്ന് പറഞ്ഞിട്ടില്ല.
ഒ.വി. വിജയനെക്കുറിച്ച് സിനിമ നിര്‍മ്മിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കെ.എം. മധുസൂദനന്‍ (ഭാഷാപോഷിണി). എന്നാല്‍ ”ഞാനയാളെ ‘വിജയന്‍’ എന്നല്ലാതെ വിളിച്ചിട്ടില്ല. അയാളുടെ പല കൃതികളും ഞാന്‍ വായിക്കുന്നത്, കാര്‍ട്ടൂണ്‍ കാണുന്നത് എല്ലാം എന്റെ യൗവ്വനകാലത്തായിരുന്നു” എന്നെഴുതിയത് കല്ലുകടിയായി. ‘ഞാന്‍’ വല്ലാതെ മുഴച്ചുനില്‍ക്കുക മാത്രമല്ല, അത് ജീര്‍ണിച്ച് വഷളാകുകയും ചെയ്തിരിക്കുന്നു. മധുസൂദനന്‍ എന്ത് സംബോധന ചെയ്തു എന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?
‘മരങ്ങളുടെ മനുഷ്യജീവിതം’ എന്ന ലേഖനം എഴുതിയ വി. മോഹനകൃഷ്ണന്‍ (പച്ചക്കുതിര) ശ്രദ്ധേയമായ ഒരു ചുവടുവച്ചു. മരങ്ങള്‍ പ്രമേയമാകുന്ന ഒലീവ് മരം, സെയ്ത്തൂണ്‍, ബോണ്‍സായ് എന്നീ സിനിമകളെക്കുറിച്ചാണ് ലേഖനം. വേറിട്ട ഒരു ചരിത്ര നിര്‍മ്മിതിയാണിവിടെ തെളിയുന്നത്. ”കാട്ടിലെ മരങ്ങള്‍ കാട്ടിലെ മനുഷ്യരെപ്പോലെ തന്നെ സാംസ്‌കാരിക ചരിത്രത്തിനു പുറത്തു നില്‍ക്കുകയാണ്” എന്ന നിരീക്ഷണം ഉചിതമായി.
പി.എ. നാസിമുദ്ദീന്റെ ‘തെണ്ടല്‍ എന്ന കല, തെണ്ടികള്‍ക്കൊപ്പം നാലുവര്‍ഷം’ എന്ന ലേഖനം ആത്മകഥാപരമായ മുന്‍വിധികളെ തകര്‍ക്കുകയാണ്.
”കര്‍മ്മബന്ധത്തിന്റെ ഊരാക്കുടുക്കില്‍പ്പെട്ടുപോകാതിരിക്കാന്‍ അതില്‍ നിന്നും ഊര്‍ന്നുപോന്ന് ജീവസന്ധാരണത്തിനായ് മാത്രം ഭിക്ഷ യാചിച്ചു” എന്ന് എഴുതിയിരിക്കുന്നു. ഭിക്ഷ വളരെ നല്ല ഒരാശയമായിരുന്നു. ഇപ്പോഴതിന് ഗ്ലാനി സംഭവിച്ചു. ധര്‍മ്മമാണ് ഭിക്ഷുക്കള്‍ ചോദിച്ചത്. അതുള്ളവര്‍ കൊടുക്കണം. രൂപയോ മറ്റു വസ്തുക്കളോ അല്ല ധര്‍മ്മം. ഇക്കാലത്ത് കൊടുക്കാന്‍ ധര്‍മ്മം ഇല്ലാതായ മനുഷ്യരാണ് കൂടുതലും. അതുകൊണ്ട് അവര്‍ ഭിക്ഷ യാചിക്കുന്നതിനെ എതിര്‍ക്കുന്നു.
മധു ഇറവങ്കരയുടെ ‘യാത്രയുടെ വഴിയമ്പലങ്ങള്‍’ എന്ന പരമ്പരയില്‍ (ആശ്രയ മാതൃനാട്) പാലക്കാട്ട് തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തെപ്പറ്റി എഴുതുന്നു.
വൈശാഖന്റെ ‘എനിക്കു തൂങ്ക മുടിയാത്’ (മാതൃഭൂമി) എന്ന കഥയുടെ ആദ്യവാക്യം ഇങ്ങനെയാണ്: ”പതിവുള്ള സാധാരണമായ ഒരു രാത്രിഡ്യൂട്ടിയുടെ തുടക്കം പോലെത്തന്നെയായിരുന്നു അന്നും ഡ്യൂട്ടി തുടങ്ങിയത്.”
ഈ ആദിവാക്യം തന്നെ അമിതമായ ആവേശമാണ് നല്‍കുന്നത്. പതിവുള്ള ഒരു രാത്രിഡ്യൂട്ടി മതി. പതിവുള്ള ഡ്യൂട്ടിയില്‍ പിന്നെയൊരു സാധാരണം വേണ്ട. അങ്ങനെ വന്നാല്‍ പതിവുള്ള അസാധാരണ ഡ്യൂട്ടി ഉണ്ട് എന്ന് സമ്മതിക്കേണ്ടിവരും. അന്നും രാത്രി ഡ്യൂട്ടി തുടങ്ങിയത് പതിവുപോലെയായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഫെര്‍ണാണ്ടോ പെസ്സോവയുടെ കവിതകളെപ്പറ്റി ഡോ. രോഷ്‌നി സ്വപ്ന എഴുതിയ ലേഖനം (എഴുത്ത്) ചിന്തിപ്പിക്കും. അദ്ദേഹത്തിന്റെ ചില വരികളും ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നു. ആകാശം ആകാശം മാത്രമല്ല, അത് നിറങ്ങളുടെ ഒരു വിളര്‍ച്ച കൂടിയാണ്. വെളുപ്പ് കലര്‍ന്ന നീല. നീല കലര്‍ന്ന പച്ച എന്നീ വരികള്‍ പെസ്സോവ എന്ന അസാധാരണ ജീനിയസ്സിനെ അടുത്തു കാണിച്ചു തരുന്നു.
മലയാളകഥയില്‍ ഇപ്പോഴും വൃദ്ധന്മാരുടെ പ്രണയവും പെന്‍ഷന്‍ പറ്റിയ രാഷ്ട്രീയ ജീവിതവുമൊക്കെത്തന്നെയാണ് നിറയുന്നത്. ഗതാനുഗതികത്വം എന്ന് പറഞ്ഞാല്‍ ശരിയാവും. ഒരാള്‍ മുമ്പ് വരച്ച വരയിലൂടെ മാത്രം നടക്കുക എന്ന അടിമ മനോഭാവമാണ് കഥയില്‍ ഇപ്പോള്‍ കാണാനാവുന്നത്. ഒരു മികച്ച കഥ ഉണ്ടായിട്ട് എത്രയോ വര്‍ഷങ്ങളായി! കഥാകൃത്തിന്റെ ഫോട്ടോ മുഖചിത്രമായി അച്ചടിക്കുന്നതുകൊണ്ട് കഥയ്ക്ക് ഒരു ഗുണവുമുണ്ടാകുന്നില്ല എന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
നുറുങ്ങുകള്‍
അറുപത് കഴിഞ്ഞ കവികളാണ് ഇപ്പോള്‍ കൂടുതല്‍ എഴുതുന്നത്. അവര്‍ പുതിയതൊന്നും സൃഷ്ടിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങളെ പല രീതിയില്‍ പുനരവതരിപ്പിക്കുകയാണ്.
ഇക്കാലത്ത് വാചകമേളകളായി വിവിധ പത്രങ്ങളില്‍, ചില കവികളുടെ ഒരേ വാക്യങ്ങള്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. കവികള്‍ തന്നെ തങ്ങളുടെ വാക്യങ്ങള്‍ തിരഞ്ഞെടുത്ത് വാചകമേളകള്‍ക്ക് കൊടുക്കുകയാണ്. പുതിയതരം സാമ്രാജ്യത്വങ്ങള്‍! മറ്റുള്ളവരുടെ ആശയങ്ങള്‍ മോഷ്ടിച്ച ശേഷം അത് സ്വന്തം എന്ന നിലയില്‍ വാചകമേളകള്‍ക്ക് അയയ്ക്കുന്ന പ്രവണതയും കാണാം.
ജോയ് നായരമ്പലം എഴുതിയ ‘ഒരു സങ്കടല്‍’ എന്ന നോവല്‍ (സൈകതം) നിസ്വനായ മനുഷ്യന്റെ ആത്മീയമായ പരിശുദ്ധിയെ സമീപിക്കുന്ന അനുഭവം തരുന്നു.
ഹിന്ദി സിനിമയിലെ ഏതെങ്കിലും പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മലയാള സിനിമാഗാനത്തില്‍ കണ്ടാല്‍ ആരെങ്കിലും വഴക്കു പറയുമോ? ഇല്ല. കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. അതാണ് പുതിയ മൂല്യബോധം.
വൈക്കം മുഹമ്മദ് ബഷീര്‍ നമ്മുടെ അപാരകഥാകാരനാണ്. അദ്ദേഹത്തിന് സ്വന്തമായ ഒരു ഭാഷയും ശൈലിയുമുണ്ട്. പക്ഷേ, ബഷീര്‍ മലയാളത്തിന്റെ പരിപ്രേക്ഷ്യത്തില്‍ മാത്രമേ ഒരു സമ്പൂര്‍ണ വായന ആകുകയുള്ളൂ. അദ്ദേഹം മലയാളിയുടെ ഇതുവരെ അജ്ഞാതമായിരുന്ന ഒരു അസ്തിത്വഖണ്ഡം കണ്ടുപിടിച്ചു. പാശ്ചാത്യര്‍ക്ക് ബഷീര്‍ കഥകളിലെ ആഖ്യാനം ഇഷ്ടപ്പെടുമോ എന്നറിയില്ല. ‘മാന്ത്രികപ്പൂച്ച’ ബഷീറിന്റെ അതുല്യ രചനയാണ്. പക്ഷേ, ഈ വിവരണം മലയാളിക്ക് വളരെ ഇഷ്ടപ്പെടും. പാശ്ചാത്യര്‍ക്ക് അത് എങ്ങനെ പകര്‍ന്നു കൊടുക്കാനാവും?