ചിത്തത്തിന്റെ ക്ഷിപ്തം, വിക്ഷിപ്തം, മൂഢം, ഏകാഗ്രം, നിരുദ്ധം എന്നീ പഞ്ചഭൂമികളെപ്പറ്റി മുമ്പ് ഇതില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ചിത്തത്തെപ്പറ്റി എത്ര ചര്‍ച്ച ചെയ്താലും തീരില്ല. ഇവിടെ മറ്റൊരു ദൃഷ്ടിയിലൂടെ മനസ്സിനെ നോക്കിക്കാണുകയാണ്. ഇവിടെ ചിത്തത്തിന്റെ ഒന്‍പത് അവസ്ഥകളെയാണ് പഠിക്കുന്നത്.
ജാഗ്രത് അവസ്ഥ
മനസ്സിനെ ത്രിഗുണങ്ങള്‍ (സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍) ബാധിക്കും.
മനസ്സിനെ പ്രവര്‍ത്തന നിരതമാക്കുന്നത് ഗുണങ്ങളാണ്. രജോഗുണം കര്‍മ പ്രേരകമാണ്. അത് മനസ്സിനെ ബാധിക്കുമ്പോള്‍ മനസ്സ് ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങളെ, ഭോഗ വസ്തുക്കളെ അനുഭവിക്കുന്നു. അതില്‍ ഒട്ടിപ്പോകുന്നു. പ്രമാണം, വിപര്യയം, വികല്പം, സ്മൃതി എന്നീ ചിത്തവൃത്തികളില്‍ പെട്ടു പോകുന്നു. ഇവിടെ ഇന്ദ്രിയങ്ങള്‍ ബഹിര്‍മുഖങ്ങളാണ്. അവയ്ക്ക്, പുറത്തുള്ള അനിത്യ വസ്തുക്കളെ മാത്രമെ അറിയാനാവൂ. അത് ഇങ്ങിനെ വ്യുത്ഥാന സംസ്‌കാരത്തില്‍ പെട്ടുഴലുന്നു. വൃത്തികളുടെ നിരോധത്തിനു പകരം വൃത്തി സാരൂപ്യമുണ്ടാവുന്നു. സമാധിയില്‍ നിന്നകലുന്നു. യോഗത്തില്‍ നിന്നകലുന്നു.
സ്വപ്‌നാവസ്ഥ
ഇവിടെ മനസ്സിനെ കുടുതല്‍ സ്വാധീനിക്കുന്നത് തമോ ഗുണമാണ്. ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളില്‍ വ്യാപരിക്കുന്നില്ല. അവ അന്തര്‍മുഖമാകുന്നു. രജോഗുണം സൂക്ഷ്മ രൂപത്തില്‍ മാത്രം. അത് മനസ്സിനെ സ്മൃതിയുടെ സംസ്‌കാരത്തിലേക്ക് അടുപ്പിക്കുന്നു. സ്മൃതിയാകുന്ന വൃത്തിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അത് സൂക്ഷ്മ ശരീരത്തിലൂടെ സ്വപ്‌നമുണ്ടാക്കുന്നു. ഇതും വ്യുത്ഥാന സംസ്‌കാരം തന്നെ. വൃത്തി – സാരൂപ്യവും തന്നെ.
സുഷുപ്തി അവസ്ഥ
ഇവിടെ തമോഗുണം, സ്വപ്‌നാവസ്ഥയെ കൊണ്ടുവരുന്ന, സൂക്ഷ്മമായ രജസ്സിനെയും കൂടി അടക്കുന്നു. ഒരു തരത്തിലുമുള്ള ജ്ഞാനത്തെയും ഇത് അനുവദിക്കില്ല. രജസ് അത്യന്തം സൂക്ഷ്മം മാത്രം. അതുകൊണ്ട് ജ്ഞാനമുണ്ടാവുന്നില്ല എങ്കിലും അറിയുന്നില്ല എന്നറിയുന്നു. ഉറക്കത്തിനു ശേഷം ‘ഞാന്‍ ഒന്നും അറിഞ്ഞില്ല’ എന്ന് ഓര്‍ക്കുന്നു. സുഷുപ്തി സൂക്ഷ്മ ശരീരത്തിനുമപ്പുറത്തുള്ള കാരണശരീരത്തിലാണ് നടക്കുന്നത്.
പ്രളയാവസ്ഥ
കഴിഞ്ഞ മൂന്നവസ്ഥകളും വ്യക്തിതലത്തില്‍ ആണെങ്കില്‍ ഇത് സമഷ്ടി തലത്തിലാണെന്നു മാത്രം. ഇത് ഒരു തരം സുഷുപ്തി തന്നെ. സര്‍വ ബദ്ധ – ജീവന്മാരും ഗാഢനിദ്രയിലെന്നതുപോലെയാകും.
സമാധി പ്രാരംഭാവസ്ഥ
സത്വഗുണമാണിവിടെ ഉണരുന്നത്. തമസ്സ് പൊതുവെ അറിവില്ലാതാക്കും, രജസ്സ് തെറ്റായ അറിവ് ഉണ്ടാക്കും. എന്നാല്‍ സത്വഗുണം മനസ്സിലെ വൃത്തികളുടെ യഥാര്‍ത്ഥ രൂപം തിരിച്ചറിയാന്‍ സഹായിക്കും. അത് ഉണരുമ്പോള്‍ മനസ്സ് പലതിലും തുള്ളിക്കളിക്കുന്നതിനു പകരം ഒന്നില്‍ കേന്ദ്രീകരിക്കുന്നു; സര്‍വാര്‍ത്ഥതയ്ക്കു പകരം ഏകാഗ്രത വിളയാടുന്നു. ഇത് സമാധിയിലേക്ക് വഴി തുറക്കും.
സമ്പ്രജ്ഞാത (ഏകാഗ്രത) സമാധി
രജോഗുണം ദുര്‍ബലമാവുമ്പോള്‍, സത്വം ഉണരുമ്പോള്‍ ജ്ഞാന പ്രകാശം പരക്കുന്നു. ചിത്തത്തിലുള്ള വസ്തുവിന്റെ യഥാര്‍ത്ഥ രൂപം അറിയുന്നു. ഇവിടെ സ്ഥൂല ശരീരം പ്രവര്‍ത്തിക്കുന്നില്ല. സൂക്ഷ്മ ശരീരത്തിലാവട്ടെ തമസ്സിനു പകരം സത്വം നിറയുമ്പോള്‍ സ്വപ്‌നത്തിനു പകരം സമാധി പരിണാമമാണുണ്ടാവുക. ഇതു തന്നെ സമ്പ്രജ്ഞാത സമാധി.
വിവേക – ഖ്യാതി
സമ്പ്രജ്ഞാത – സമാധിക്കും അസമ്പ്രജ്ഞാത – സമാധിക്കും ഇടയിലുള്ള ഒരു അവസ്ഥയാണിത്. രജോ – തമോ ഗുണങ്ങളെ സത്വഗുണം പൂര്‍ണമായും കീഴടക്കുന്നു. ഇതിനെ അറിയാനുള്ള ഒരു പ്രേരണയുണ്ടാക്കുക മാത്രമാണ് സൂക്ഷ്മതരമായ രജോഗുണത്തിന്റെ പ്രവൃത്തി. ഇെതാരു തരം സുഷുപ്തി തന്നെ. എന്നാല്‍ ജ്ഞാനശൂന്യതയ്ക്കു പകരം ചിത്തവും പുരുഷനും ഭിന്നമാണെന്ന തിരിച്ചറിവാണ് (വിവേക ഖ്യാതി) ഇവിടെ ഉണ്ടാവുന്നത്. വിവേകമെന്നാല്‍, വിവേചിച്ച്, വേര്‍തിരിച്ച് അറിയലാണ്. ഖ്യാതി എന്നാല്‍ ജ്ഞാനം തന്നെ.
അസമ്പ്രജ്ഞാത സമാധി
ഇവിടെ ത്രിഗുണങ്ങള്‍ പ്രസക്തമല്ല. പുരുഷ – ചിത്ത ഭിന്നത അറിയുന്ന സാത്വിക വൃത്തി (വിവേക ഖ്യാതി) പോലും അസ്തമിക്കുന്നു. സര്‍വ വൃത്തികളും അടങ്ങുന്നു. ചിത്തത്തില്‍ നിരോധ – പരിണാമം അഥവാ സംസ്‌കാരം മാത്രം ശേഷിക്കുന്ന അവസ്ഥ കൈവരും. ആത്മസ്ഥിതിയും പരമാത്മജ്ഞാനവും കിട്ടും.
പ്രതി പ്രസവ അവസ്ഥ
ഇവിടെ സംസ്‌കാരത്തിന്റെ ശേഷിപ്പു കൂടി ഇല്ലാതാവുന്നു. പുരുഷന്റെ ഭോഗ-അപവര്‍ഗങ്ങള്‍ക്കു വേണ്ടിയാണല്ലോ ദൃശ്യം. അതായത് അനുഭവിക്കുകയും (ഭോഗം) അതില്‍ നിന്ന് മോചിക്കുകയും (മോക്ഷം) ചെയ്യുക. അതിനെ സഹായിക്കുന്നവയാണ് ഗുണങ്ങള്‍. ഇവയെല്ലാം അതിന്റെ കാരണങ്ങളിലേക്കു മടങ്ങും. ചിതി ശക്തി സ്വരൂപത്തിലടങ്ങും. ഈ തിരിച്ചു പോക്കിനെയാണ് പ്രതി പ്രസവം എന്നു പറയുന്നത്. പ്രസവത്തിന് വിപരീതമായ പ്രവര്‍ത്തനം. അതിനെ ലയമെന്നും പ്രളയമെന്നും ഒക്കെ വിളിക്കും. പുരുഷന്‍ കൈവല്യത്തില്‍ പരമാത്മസ്വരൂപത്തില്‍ അവസ്ഥിതനാവും.