കേവലം സാങ്കല്‍പികമായ കഥകള്‍ സിനിമയാക്കുമ്പോള്‍ ആവിഷ്‌കാരം വസ്തുനിഷ്ഠമാവണമെന്ന് ചിന്തിക്കുന്നത് യുക്തിസഹമായിരിക്കില്ല. പക്ഷേ ചരിത്രത്തില്‍നിന്നുള്ള ഇതിവൃത്തങ്ങളോ സംഭവകഥകളോ പ്രമേയമാക്കുമ്പോള്‍ ഇങ്ങനെയൊരു നിലപാട് അസ്വീകാര്യമായിരിക്കും. സിനിമ എന്ന കലാരൂപത്തിന്റെ സവിശേഷതകളും സംവിധായകന്റെ അപാരമായ സ്വാതന്ത്ര്യവും അംഗീകരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ വിഭാഗത്തില്‍ വരുന്ന സിനിമകള്‍ വസ്തുതകളെ വളച്ചൊടിച്ച് പ്രേക്ഷകരെ വൈകാരികമായി ബ്ലാക്‌മെയില്‍ ചെയ്യുന്നത് വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ജയ് ഭീം എന്ന സിനിമയെ ഇത്തരമൊരു വിമര്‍ശനത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനാവില്ല.
ജാതീയമായ വേര്‍തിരിവുകളും വിവേചനങ്ങളും വളരെ ശക്തമായ തമിഴ്‌നാടിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇരുളര്‍ എന്ന ജനവിഭാഗം വരേണ്യ വിഭാഗത്തില്‍നിന്നും അധികാര കേന്ദ്രങ്ങളില്‍നിന്നും നേരിടുന്ന പീഡനങ്ങളും യാതനകളുമാണ് ജയ്ഭീം ചിത്രീകരിക്കുന്നത്. ഇരുളര്‍ പാമ്പിനെയും എലിയെയും പിടിച്ചു ജീവിക്കുന്ന ജനവിഭാഗമാണ്. ഈ ജാതിക്കാരനായ ജ്ഞാനക്കണ്ണ് എന്ന വിവാഹിതനെ മോഷണക്കുറ്റം ആരോപിച്ച് ജയിലിലടയ്ക്കുകയും അയാള്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിക്കുകയും ചെയ്യുന്നു. ഇതേതുടര്‍ന്ന് യാതൊരു തെറ്റും ചെയ്യാത്ത കുറെ മനുഷ്യരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയാണ്. ചന്ദ്രു എന്ന അഭിഭാഷകന്റെ സഹായത്തോടെ ജ്ഞാനകണ്ണിന്റെ ഭാര്യ സെംഗിണി നടത്തുന്ന നിയമയുദ്ധം വിജയം കാണുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ജാതിഹിംസ അധഃസ്ഥിത ജനതയില്‍ സൂക്ഷ്മവും സ്ഥൂലവുമായ രൂപത്തില്‍ എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വികാരതീവ്രമായി ചിത്രീകരിക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥ നിര്‍ ദോഷമായ ഒരു സാമൂഹ്യസ്ഥാപനമാണെന്ന് വാദിക്കുന്നത് എത്രമേല്‍ മനുഷ്യവിരുദ്ധമായിരിക്കുമെന്ന് കാണിച്ചുതരുന്ന ഈ സിനിമ പ്രേക്ഷകരില്‍ നിരന്തരം ഉള്‍ക്കിടിലമുണ്ടാക്കുന്നു.
അംബേദ്കറോ മാര്‍ക്‌സോ?
ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയ്ഭീം ചുരുങ്ങിയ ദിവസംകൊണ്ട് തരംഗമായി മാറി എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു സംഭവകഥ പറയുമ്പോഴുണ്ടാകുന്ന യാന്ത്രിക രീതി ഉപേക്ഷിച്ച് തികച്ചും സിനിമാറ്റിക്കായുള്ള ചിത്രീകരണവും, ജനപ്രിയ തമിഴ് സിനിമകളുടെ വിജയഘടകങ്ങളിലൊന്നായ സൂര്യ എന്ന നടന്റെ താരപരിവേഷം നായക കഥാപാത്രത്തിന് ലഭിച്ചതും ഇതിന് കാരണമായിട്ടുണ്ട്. പക്ഷേ മൂന്നു പതിറ്റാണ്ടു മുന്‍പു നടന്ന ഒരു സംഭവത്തെ അതായിത്തന്നെ അവതരിപ്പിക്കുമ്പോള്‍ സംവിധായകന്‍ ബോധപൂര്‍വം ചില പൊളിറ്റിക്കല്‍ കറക്ടനസ്സിന് ശ്രമിക്കുന്നത് സിനിമയുടെ കഥാഗതിയെപ്പോലും കലുഷിതമാക്കുന്നു.
ജയ്ഭീം എന്ന പേര് സിനിമയ്ക്ക് ബോധപൂര്‍വം തന്നെ നല്‍കിയതാണ്. തിരക്കഥാകൃത്ത് നല്‍കിയത്’എലി വേട്ടൈ’ എന്നായിരുന്നു. ദളിത് വിഭാഗങ്ങളുടെ വിമോചനം അംബേദ്കറുടെ ആശയങ്ങളിലൂടെയും ഭരണഘടനയിലൂടെയുമാണെന്ന ധാരണയിലാണ് ജയ്ഭീം എന്ന പേര് സ്വീകരിച്ചത്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പരിപാടിയില്‍ കുട്ടികള്‍ മഹാന്മാരുടെ വേഷം ധരിച്ചെത്തുമ്പോള്‍ ”ഗാന്ധി, നെഹ്‌റു തുടങ്ങിയ പ്രധാന നേതാക്കളെല്ലാമുണ്ടല്ലോ, എന്തുകൊണ്ട് അംബേദ്കര്‍ മാത്രമില്ല” എന്ന് അഡ്വ. ചന്ദ്രു ചോദിക്കുന്നുണ്ട്. സിനിമയ്ക്ക് ആധാരമായ യഥാര്‍ത്ഥ സംഭവത്തിലും നീതിക്കുവേണ്ടി പോരാടുന്ന ചന്ദ്രുവും തിരിച്ചറിവു നേടി അംബേദ്കറുടെ ആശയങ്ങളിലേക്ക് എത്തിച്ചേരുന്നയാളാണ്. ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായിപ്പോലും ഇപ്പോള്‍ ചന്ദ്രു സ്വയം കരുതുന്നതായി തോന്നുന്നില്ല. ചന്ദ്രുവിന്റെ ചില അഭിമുഖങ്ങള്‍ വായിക്കുമ്പോഴുണ്ടാകുന്ന ധാരണ ഇതാണ്.
അധഃസ്ഥിത വിമോചനത്തിനുവേണ്ടി പോരാടിയ അംബേദ്കര്‍ ആശയതലത്തിലും രാഷ്ട്രീയമായും കമ്യൂണിസ്റ്റ് വിമര്‍ശകനും വിരുദ്ധനുമായിരുന്നു. മാര്‍ക്‌സിസം എന്തുകൊണ്ട് തനിക്ക് അസ്വീകാര്യമാകുന്നുവെന്ന് ‘മാര്‍ക്‌സ് ആന്റ് ബുദ്ധ’ എന്ന പ്രബന്ധത്തില്‍ അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകളുടെ കെണിയില്‍ വീഴരുതെന്ന് അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. ഇതുകൊണ്ടൊക്കെയാവാം, മുംബൈയില്‍നിന്ന് മത്സരിക്കുമ്പോള്‍ അംബേദ്കറെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ കമ്യൂണിസ്റ്റുകളുമുണ്ടായിരുന്നു. വിമോചന പോരാട്ടങ്ങള്‍ക്ക് അധഃസ്ഥിതര്‍ മുഖ്യമായും ആശ്രയിക്കേണ്ടത് ഭരണഘടനെയാണെന്ന ആഹ്വാനമാണ് അംബേദ്കറുടെ ജീവിതം നല്‍കുന്നത്. ഇതേ ഭരണഘടനയെ തള്ളിപ്പറഞ്ഞവരാണ് കമ്യൂണിസ്റ്റുകള്‍.
ഈ വസ്തുതകളോട് ജയ്ഭീം നീതി പുലര്‍ത്തുന്നില്ല. സിനിമയില്‍ സെംഗിണിക്ക് നീതി കിട്ടാന്‍ വേണ്ടി പോരാടുന്ന അഡ്വ. ചന്ദ്രുവിന്റെ വീട് കാണിക്കുമ്പോഴൊക്കെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കാറല്‍ മാര്‍ക്‌സി ന്റെ മുഖരൂപത്തിലാണ് ക്യാമറ കേന്ദ്രീകരിക്കുന്നത്. കുട്ടികളുടെ പ്രച്ഛന്ന വേഷത്തില്‍ അംബേദ്കറെ കാണാത്തതില്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന നായകന്റെ രാഷ്ട്രീയം നിലയുറപ്പിച്ചിട്ടുള്ളത് അംബേദ്കറുടെ വിരുദ്ധപക്ഷത്താണെന്ന് ഇതിലൂടെ വ്യക്തമാവുന്നു. ചെങ്കൊടിയേന്തിയുള്ള ആള്‍ക്കൂട്ട ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണിക്കുന്നതിലും പൊളിറ്റിക്കല്‍ കറക്ടനസിനുള്ള സംവിധായകന്റെ ശ്രമം പ്രകടമാണ്. കാഴ്ചയുടെ നൈരന്തര്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന വിധം പ്രേക്ഷകരെ അലോസരപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍.
ദളിത് വിരുദ്ധ കമ്യൂണിസ്റ്റ് പക്ഷം
യഥാര്‍ത്ഥ ജീവിതത്തില്‍ അധഃസ്ഥിതര്‍ക്കുവേണ്ടി നിയമപ്പോരാട്ടം നടത്തിയ അഡ്വ. ചന്ദ്രുവിന്റെ രാഷ്ട്രീയാനുഭവങ്ങളോടും ജയ്ഭീം നീതിപുലര്‍ത്തുന്നില്ല. പില്‍ക്കാലത്ത് പത്ത് വര്‍ഷം ന്യായാധിപനായിരുന്ന ചന്ദ്രുവിന് ഒരു കമ്യൂണിസ്റ്റ് ഭൂതകാലമുണ്ട് എന്നതു ശരിതന്നെ. എസ്എഫ്‌ഐയുടെ സ്ഥാപകാംഗവുമായിരുന്നു. പക്ഷേ അംബേദ്കറുടെ ആശയങ്ങളോടുള്ള ആഭിമുഖ്യംകൊണ്ടാവാം അവസരം ഒത്തുവന്നപ്പോള്‍ ചന്ദ്രുവിനെ പാര്‍ട്ടിയില്‍നിന്ന് സിപിഎം പുറത്താക്കുകയായിരുന്നു. അധഃസ്ഥിതരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ചന്ദ്രു നടത്തുന്നുണ്ട്. എന്നാല്‍ ഇതൊക്കെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ കൊള്ളിക്കുകയാണ് ജയ്ഭീമിന്റെ സംവിധായകന്‍. ആത്മഹത്യാക്കുറിപ്പില്‍പ്പോലും ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് ജീവനൊടുക്കിയ ഹൈദരാബാദിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയെ മരണശേഷം ഇടതുപാര്‍ട്ടികള്‍ ഏറ്റെടുത്തതുപോലെയാണിത്. ലാല്‍ സലാം എന്നല്ല, ജയ്ഭീം എന്നെഴുതിയാണ് വെമുല ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിച്ചതെന്ന കാര്യവും ഇവിടെ ഓര്‍ക്കാം.
ജയ്ഭീമിലെ കേന്ദ്ര കഥാപാത്രമായ സെംഗിണിക്കുവേണ്ടി പോരാട്ടങ്ങള്‍ നടത്താന്‍ കമ്യൂണിസ്റ്റുകളും ഉണ്ടായിരുന്നു എന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ നൈതികത ചോദ്യം ചെയ്യേണ്ടതാണ്. ലിജോ മോള്‍ അവതരിപ്പിച്ച ഈ കഥാപാത്രം ജീവിതത്തില്‍ പാര്‍വതിയമ്മാള്‍ ആണ്. അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുകയും ചെയ്യുന്നു. ഒരു വീടുപോലും ഇല്ലാത്ത പരിതാപകരമായ അവസ്ഥയിലാണ് ജീവിതം. 1993 ലാണ് കേസിനാസ്പദമായ കസ്റ്റഡി കൊലപാതകം നടക്കുന്നത്. ഇത്ര കാലമായിട്ടും പാര്‍വതിയമ്മാളിന് ഒരു വീടുണ്ടാക്കിക്കൊടുക്കാന്‍ അവിടുത്തെ ഇടതുപാര്‍ട്ടികള്‍ക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണ്? തങ്ങള്‍ക്ക് പങ്കാളിത്തമുള്ള സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നിട്ടുപോലും ഇങ്ങനെ വേണമെന്ന് തോന്നാതിരുന്നത് ദളിത് സ്‌നേഹം കൊണ്ടായിരുന്നോ?
ജയ്ഭീമിന്റെ വാണിജ്യ വിജയത്തില്‍ കേരളത്തിലെ ഇടതുപക്ഷം ആഹ്ലാദം പ്രകടിപ്പിച്ചതാണ് മറ്റൊരു കാപട്യം. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായെത്തി. ഇതു കണ്ടാല്‍ തോന്നുക തമിഴ്‌നാട്ടില്‍ ആദ്യമായാണ് ദളിത് വിഷയം പ്രമേയമാക്കി ഒരാള്‍ സിനിമയെടുത്തിട്ടുള്ളത് എന്നാണ്. വാസ്തവം അതല്ലല്ലോ. ഭാരതി കണ്ണമ്മ(1997). ഉന്നാല്‍ മുടിയും തമ്പി (1998), പരുത്തിവീരന്‍ (2007), മാവിലന്‍ കിട്ടു (2018), പരിയേറും പെരുമാള്‍ (2018), അസുരന്‍ (2019), കര്‍ണന്‍(2020) എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവും. ഇവയൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാണാനുള്ള സൗകര്യവുമുണ്ട്. കലാമേന്മയില്‍ ജയ്ഭീമിനെ അപേക്ഷിച്ച് മികച്ചു നില്‍ക്കുന്ന സിനിമകളാണ് ഇവയില്‍ പലതും. ജയ്ഭീമിനെ വ്യത്യസ്തമാക്കുന്നത് ഒരു യഥാര്‍ത്ഥ സംഭവത്തെ അതേപടി അവതരിപ്പിക്കുന്നുവെന്നതാണ്. ഇടതുപക്ഷ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടുന്നതുകൊണ്ടു മാത്രം ജയ്ഭീം മഹത്തായ ദളിത് സിനിമയാണെന്ന് കേരളത്തിന്റെ അനുഭവ പശ്ചാത്തലത്തിലിരുന്നുകൊണ്ട് പറയുന്നതില്‍ കാപട്യം മാത്രമല്ല, കടുത്ത വഞ്ചനയുമുണ്ട്.
കേരളം ദളിതര്‍ക്ക് സ്വര്‍ഗ്ഗമോ?
ദളിതര്‍ അവഗണിക്കപ്പെടുന്നതും അടിച്ചമര്‍ത്തപ്പെടുന്നതും അങ്ങ് തമിഴ്‌നാട്ടില്‍ മാത്രമാണെന്നും ഇടതുപക്ഷ കേരളം ഇത്തരം അതിക്രമങ്ങളില്‍നിന്ന് മുക്തമാണെന്നും ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. തമിഴ്‌നാട്ടിലേതുപോലെ കേരളത്തിലും ദളിത് വിഭാഗങ്ങള്‍ ജാതീയമായി അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. അവര്‍ക്കുനേരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്കു പരിശോധിക്കുമ്പോള്‍ കേരളം വളരെ മുന്നിലാണെന്ന് കാണാം. അറിഞ്ഞോ അറിയാതെയോ ഇക്കാര്യത്തില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ജയ് ഭീമില്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ജ്ഞാനക്കണ്ണിനെ മര്‍ദ്ദിച്ചുകൊന്ന പോലീസുകാര്‍ ഒരു ഘട്ടത്തില്‍ മൂന്നാറിലെത്തുന്നുണ്ട്. ഇവരെ കാണുന്ന മലയാളിയായ ഒരു ചായക്കടക്കാരന്റെ സാക്ഷിമൊഴിയാണ് കേസിന്റെ വിചാരണയില്‍ വഴിത്തിരിവാകുന്നത്. കമ്യൂണിസ്റ്റുകാരാണ് ദളിതര്‍ക്കുവേണ്ടി പോരാടുന്നതെന്ന അഭിപ്രായം സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ ഒരു അഭിമുഖത്തില്‍ പ്രകടിപ്പിക്കുകയുണ്ടായി.
മൂന്നാറിലെ ദൃശ്യങ്ങളില്‍ പാറിപ്പറക്കുന്ന ചെങ്കൊടി കാണിക്കുമ്പോള്‍ ദളിതര്‍ക്കുവേണ്ടി പോരാടുന്നത് ഇടതുപക്ഷമാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിക്കുന്നു. മൂന്നാറിന്റെ ചരിത്രം എടുത്താല്‍ അവിടുത്തെ ദളിതര്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചൂഷണത്തില്‍ പ്പെട്ട് ഞെരിഞ്ഞമര്‍ന്നുപോയവരാണെന്ന് മനസ്സിലാക്കാനാവും. പതിറ്റാണ്ടുകളായി അങ്ങേയറ്റം ദുസ്സഹമായ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട തേയിലത്തൊഴിലാളികളെ മുന്‍നിര്‍ത്തി വില പേശി തോട്ടമുടകളില്‍നിന്ന് കൃത്യമായി മാസപ്പടി വാങ്ങി സമ്പന്നരായ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അവിടെയുണ്ട്. സമീപകാലത്ത് തേയിലത്തോട്ടത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ രൂപംകൊണ്ട ‘പെമ്പിളൈ ഒരുമൈ’ എന്ന സ്ത്രീ കൂട്ടായ്മയെ ഇടതുനേതാക്കള്‍ അപമാനിച്ച രീതി കേരളം മറന്നിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെല്ലാം കേരളീയ സമൂഹത്തിലും ദൈനംദിനമെന്നോണം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അവഗണന, ഊരുവിലക്ക്, ബലാത്സംഗം, കള്ളക്കടത്ത്, കസ്റ്റഡി മരണം, തല്ലിക്കൊല്ലല്‍ എന്നിവയില്‍ ഏതാണ് കേരളത്തിന് അന്യമായത്? വാളയാര്‍ പെണ്‍കുട്ടികളുടെയും അട്ടപ്പാടിയിലെ മധുവിന്റെയും ദാരുണ മരണങ്ങള്‍ മാത്രം മതി ഇടതുപക്ഷ കേരളത്തിന്റെ മനോഭാവം എത്ര ഹിംസാത്മകവും ദളിത് വിരുദ്ധവുമാണെന്ന് മനസ്സിലാക്കാന്‍. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഒരു ദളിത് സ്ത്രീ ബ്ലോക്ക് പ്രസിഡന്റായപ്പോള്‍ സഖാക്കള്‍ അയിത്തം കല്‍പ്പിക്കുന്നതാണല്ലോ പത്തനാപുരത്ത് കണ്ടത്. ദളിതര്‍ക്കു നേരെ പലവിധത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്ന ഉത്തരേന്ത്യയില്‍ പ്പോലും ഇത്തരമൊരു അനുഭവം കാണാനാവില്ല. അവര്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കിടയില്‍ നിന്ന് എംഎല്‍എമാരും എംപിമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ ഉണ്ടാവുന്നു. ഇക്കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്.
ദളിത് സിനിമകളോടും അയിത്തം
കേരളത്തിലെ ദളിത് പീഡനങ്ങള്‍ സിനിമയായാല്‍ അതില്‍ ജയ്ഭീമിലെ പ്പോലെ കഥാപാത്രങ്ങളാവാന്‍ ജ്ഞാനക്കണ്ണുമാരും സെംഗിണിമാരും എത്ര വേണമെങ്കിലുമുണ്ടാവും. മികച്ച സംവിധായകരും അനുഗൃഹീതരായ നടീനടന്മാരും ഏറെയുള്ള മലയാളത്തില്‍ ദളിത് സിനിമകള്‍ സാധ്യമാകാത്തതിനു കാരണം മുഖ്യധാരയെ ഇടതുപക്ഷം ഹൈജാക്കു ചെയ്തിരിക്കുന്നതിനാലാണ്. ജാതി വിവേചനങ്ങള്‍ തുറന്നുകാട്ടുന്ന സിനിമകള്‍ ചെയ്യുന്നവര്‍ക്ക് ഇവിടെ മറികടക്കേണ്ടി വരുന്നത് ഫ്യൂഡല്‍ മൂല്യബോധത്തെ മാത്രമല്ല, ഇടതുപക്ഷ മുഷ്‌ക്കിനെയുമാണ്. മാടമ്പി സിനിമകള്‍ ഒരു മറയുമില്ലാതെ വിക്ഷേപിക്കുന്ന ജാതീയമായ അധിക്ഷേപങ്ങളെ നിഷ്‌കളങ്കമായി ആസ്വദിക്കുന്ന പ്രേക്ഷക സമൂഹത്തെ പരുവപ്പെടുത്തുന്നതില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് ചരിത്രപരമാണ്. പക്വതയാര്‍ന്ന ആദ്യ മലയാള സിനിമ എന്നു പറയപ്പെടുന്ന നീലക്കുയിലില്‍, തന്നില്‍നിന്ന് ഗര്‍ഭിണിയായ നീലി എന്ന ദളിത് യുവതിയെ ഭാര്യയായി സ്വീകരിക്കാന്‍ പുരോഗമനാശയക്കാരനായ ശ്രീധരന്‍ നായരുടെ ജാതിബോധം അനുവദിക്കുന്നില്ലല്ലോ. മലയാള സിനിമയുടെ നാള്‍വഴിയില്‍ പില്‍ക്കാലത്തും ഇതിന് വലിയ മാറ്റമൊന്നും വന്നില്ല എന്നത് ഒരു അപ്രിയ സത്യം മാത്രമാണ്. കലാഭവന്‍ മണിയുടെ നിറം കറുപ്പായതിനാല്‍ ഒരുമിച്ച് അഭിനയിക്കാനാവില്ലെന്ന് ഒരു മുന്‍നിര നടി പറഞ്ഞതായാണല്ലോ അറിവ്. പ്രശ്‌നം നിറത്തിന്റേതല്ലെന്ന് മനസ്സിലാക്കാന്‍ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല.
ദളിത് വിഷയം കൈകാര്യം ചെയ്യുന്ന സിനിമയെന്ന നിലയ്ക്ക് ജയ്ഭീമിനെ വാനോളം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മലയാളത്തില്‍ വരുന്ന ഇത്തരം സിനിമകളെ അവഗണിക്കുന്ന സ്ഥിതിയാണുള്ളതെന്ന് സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുന്നു. ഇവിടെ ദളിത് സിനിമകള്‍ ഉണ്ടാവാത്തതല്ല, അത് കാണാന്‍ മലയാളികള്‍ മടിക്കുന്നതാണ് പ്രശ്‌നമെന്ന് സംവിധായകന്‍ ഡോ. ബിജു പറയുന്നതില്‍ കാര്യമുണ്ട്. ‘വെയില്‍ മരങ്ങള്‍’ എന്ന തന്റെ സിനിമ അവഗണിക്കപ്പെട്ടത് എങ്ങനെയെന്ന് ഡോ.ബിജു വിശദീകരിക്കുന്നു. അവസാനഘട്ടത്തില്‍ എത്താനുള്ള 25 സിനിമകളില്‍പ്പോലും പെടാനുള്ള അര്‍ഹത ഈ ചിത്രത്തിനില്ല എന്നായിരുന്നുവത്രേ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍. ആദ്യ റൗണ്ടില്‍ തന്നെ സിനിമയെ അവര്‍ പുറന്തള്ളി. പക്ഷേ ഇതേ സിനിമ പല അന്താരാഷ്ട്ര മേളകളിലും നിരവധി അംഗീകാരങ്ങള്‍ നേടുകയുണ്ടായി. ബിജുവിന്റെ തന്നെ ‘കാടു പൂക്കുന്ന നേരം’, ‘പേരറിയാത്തവര്‍’ എന്നിവ ദളിത് വിഷയങ്ങള്‍ പ്രമേയമാക്കുന്ന സിനിമകളാണ്. ഈ സിനിമകള്‍ക്കൊപ്പം ഇടതുപക്ഷം നില്‍ക്കുന്നതായി ആരും കാണുന്നില്ല. കമ്യൂണിസ്റ്റ് വിരുദ്ധ സിനിമകള്‍ എടുത്തിട്ടുള്ളവരെപ്പോലും വാരിപ്പുണരാനും സ്ഥാനമാനങ്ങള്‍ നല്‍കാനും മടിക്കാതിരിക്കുമ്പോള്‍ ഡോ. ബിജുവിനെപ്പോലുള്ളവരെ ഇടതുപക്ഷം തിരസ്‌കരിക്കുന്നതിനു പിന്നില്‍ ജാതിബോധത്തിന്റെ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതായി തിരിച്ചറിയേണ്ടതുണ്ട്.
തീര്‍ച്ചയായും ദളിത് സിനിമകള്‍ പലതും വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. പ്രമേയങ്ങളിലും ആവിഷ്‌കാരങ്ങളിലുമൊക്കെ മതരാഷ്ട്രീയം ഒളിച്ചു കടത്തുന്നതാണ് പല സിനിമകളും. ഇത്തരം മതവല്‍ക്കരണത്തിന് ഇടതുപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ അവരുടെ സാംസ്‌കാരികമായ വേരുകളില്‍നിന്ന് വേര്‍പെടുത്തി പുത്തന്‍ അപരവല്‍ക്കരണത്തിന് വഴിയൊരുക്കുന്ന സിനിമകള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതിന്റെ പിണിയാളുകളായി സിനിമാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള നിരവധി ഇടതുപക്ഷക്കാരെ കാണാനാവും. സിനിമ ഹലാലാക്കുന്നവരുടെ പരിഗണന സിനിമയല്ല, മതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടും പണവും അനുബന്ധ പ്രലോഭനങ്ങളും ഇക്കൂട്ടരെ മാറിച്ചിന്തിക്കാന്‍ അനുവദിക്കുന്നില്ല.