വൈറസുകള്‍ക്ക് ഒരു സ്വഭാവമേയുള്ളൂ. തങ്ങളുടെ സ്വാര്‍ത്ഥത (അജണ്ട)നടപ്പാക്കുക. അതിനവ ഏതു മാര്‍ഗവും സ്വീകരിക്കും. ഒരു വസ്തുവിന്റെ സ്വാഭാവിക ചലനങ്ങളും രീതികളും അട്ടിമറിച്ച് സ്വന്തം കാര്യം നേടുക എന്ന ബഹുമുഖ പ്രവര്‍ത്തന പദ്ധതിയാണതിനുള്ളത്. രാഷ്ട്രീയമായി നോക്കിയാല്‍ ഈ വൈറസ് ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് കമ്യൂണിസത്തിലാണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ഒരു യാദൃച്ഛികത ഇവിടെ ഓര്‍ത്തു വെക്കാനുള്ളത് വുഹാനിലെ കൊറോണ വൈറസും കമ്യൂണിസ്റ്റ് വൈറസും ഏതാണ്ട് ഒരേ ജോലിയാണ് നിര്‍വ്വഹിക്കുന്നതെന്നതാണ്. കൊറോണ ശാരീരികമായി തകര്‍ക്കുന്നുവെങ്കില്‍ മറ്റേത് മാനസികമായും കൂടി തകര്‍ക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.
സ്വാര്‍ത്ഥത രണ്ടിനും ഒരുപോലെയത്രേ. കേരളത്തില്‍ ഈ സ്വാര്‍ത്ഥത അപകടകരമായ മേഖലകളിലേക്കു കൂടി വ്യാപരിച്ചിരിക്കുന്നു എന്നതാണ് ഏറെ കരുതലോടെ നോക്കിക്കാണേണ്ടത്. കമ്യൂണിസ്റ്റ് വൈറസിന്റെ ഉപോല്‍പ്പന്നമായ മാര്‍ക്‌സിസമാണ് ഇവിടെ വിളയാടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. അത് അങ്ങേയറ്റം അപകടം പിടിച്ചതാണ്. ഏതും അട്ടിമറിച്ച് തങ്ങളുടെ വരുതിയില്‍ കൊണ്ടു വരികയെന്ന കലാപരിപാടിയാണുള്ളത്. ഏറ്റവും ഒടുവില്‍ അവരുടെ അത്തരമൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ച സ്ഥലമാണ് തിരുവല്ല.
അവിടെ സി.പി.എം പ്രാദേശിക നേതാവായ സന്ദീപ് കുമാര്‍ കൊല്ലപ്പെടുന്നു. ഒരു ചെറുപ്പക്കാരനെ വടിവാളില്‍ തീര്‍ത്തവര്‍ ഇരുട്ടി വെളുക്കും മുമ്പെ രക്ഷപ്പെട്ടു. എന്നാല്‍ സംഭവം നടന്ന് മിനിറ്റുകള്‍ക്കകം അത് ആര്‍. എസ്.എസ്സിന്റെ മേല്‍ കെട്ടിവെക്കുകയായിരുന്നു സി.പി.എം നേതൃത്വം. സംസ്ഥാന സെക്രട്ടറിയും അവരുടെ യുവജന സംഘടനാ നേതാക്കളും കേരളത്തിലെമ്പാടും യോഗം നടത്തി ആര്‍. എസ്.എസ്സിനെ കൊലവിളിച്ചു. എന്തുകൊണ്ടോ പോലീസ് കാര്യക്ഷമമായി സംഭവത്തില്‍ ഇടപെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കൊലയാളികള്‍ പിടിയിലാവുകയും ചെയ്തു. വ്യക്തി വൈരാഗ്യവും മയക്കുമരുന്നു പ്രശ്‌നവുമുള്‍പ്പെടെയുള്ള സംഭവഗതികളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് കണ്ടെത്തിയതോടെ സി.പി.എം നേതൃത്വം അങ്കലാപ്പിലായി. പിന്നെ കലിപ്പ് മുഴുവന്‍ പൊലീസിനോടായി. തങ്ങള്‍ ശമ്പളം കൊടുക്കുന്ന വിദ്വാന്മാര്‍ തങ്ങളുടെ എതിരാളികളെ കുടുക്കാത്തതിലായിരുന്നു ഈര്‍ഷ്യ.
എന്തിനായിരുന്നു സി.പി.എം അത്തരമൊരു പ്രചാരണം നടത്തി രാഷ്ട്രീയ സ്വയംസേവക സംഘത്തെ കുറ്റവാളിയാക്കിയത്? അതവരുടെ സ്ഥിരം തൊഴിലാണെന്ന് നാമറിയണം. കമ്യൂണിസ്റ്റ് വൈറസ് ബാധയേറ്റ മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന്റെ തനിസ്വഭാവമാണത്. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് നേട്ടം കൊയ്യുക. തലശ്ശേരി കലാപം മുതല്‍ തുടങ്ങിയ ആ കലാപരിപാടി ഒടുവില്‍ ഫസല്‍ കൊലപാതകം വഴി തിരുവല്ല കൊലപാതകത്തില്‍ വരെ എത്തിനില്‍ക്കുന്നത് അതുകൊണ്ടാണെന്ന് നാമറിയണം. എല്ലാ അസ്വസ്ഥതകള്‍ക്കും വഴിമരുന്നിട്ടശേഷം ‘ഞങ്ങളാണ് നിങ്ങളുടെ രക്ഷകര്‍’എന്ന തരത്തിലുള്ള ധൃതരാഷ്ട്രാലിംഗനമാണ് പാര്‍ട്ടിയുടേത്. ഏതെങ്കിലും തരത്തിലുള്ള തിരിച്ചടി നേരിടുമ്പോഴാണ് ഈ കിരാതത്വം വളരെ ആസൂത്രിതമായി അവര്‍ പുറത്തെടുക്കുക. ഒരു തരത്തില്‍ പറഞ്ഞാല്‍ കുറുക്കന്റെ തന്ത്രം.
ഇവിടെ വലിയൊരു പ്രതിസന്ധിയില്‍ പാര്‍ട്ടിയും സര്‍ക്കാരും പകച്ചു നില്‍ക്കുമ്പോഴായിരുന്നു തിരുവല്ലയിലെ സന്ദീപ് വധം നടന്നത്. കൊലയാളികള്‍ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു എന്നതാണ് വസ്തുത. അതില്‍ ആകെ ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത് മുന്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ സാന്നിധ്യം മാത്രം. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ഒരുവര്‍ഷം മുമ്പ് യുവമോര്‍ച്ച അയാളെ പുറത്താക്കിയതായിരുന്നു. ആ ഒരു കച്ചിത്തുരുമ്പില്‍ പിടിച്ചാണ് പാര്‍ട്ടി നേതൃത്വം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു നേരെ ചാട്ടുളിയെറിഞ്ഞത്.
കാസര്‍ക്കോട്ടെ രണ്ടു ചെറുപ്പക്കാരെ പട്ടാപ്പകല്‍ വെട്ടിയരിഞ്ഞ സംഭവത്തില്‍ സി.ബി.ഐ ജില്ലാ നേതാക്കളെയടക്കം പിടികൂടിയ അവസ്ഥയിലായിരുന്നു തിരുവല്ല സംഭവം. സമൂഹത്തിനു മുമ്പില്‍ വിവസ്ത്രരായ നേതൃത്വത്തിന് പിടിവള്ളിയായി തിരുവല്ല സന്ദീപ് വധം വന്നപ്പോള്‍ വൈറസ് ആക്രമണം പാരമ്യത്തിലായി. കാസര്‍കോട്ടെ പ്രതികളെ രക്ഷിക്കാന്‍ ലോക്കല്‍ പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും നന്നായി ഉപയോഗപ്പെടുത്തിയ പാര്‍ട്ടിയ്ക്ക് നെഞ്ചത്തേറ്റ വെടിയുണ്ടയായി സി.ബി.ഐ അന്വേഷണവും തുടര്‍ന്നുള്ള അന്വേഷണവും. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പ്രതികളെ രക്ഷിക്കാന്‍ പണംവാരിയെറിഞ്ഞിട്ടും ഫലമുണ്ടായില്ല എന്നായപ്പോള്‍ സ്വന്തം പരിപാടി തന്നെ അവര്‍ പുറത്തെടുക്കുകയായിരുന്നു. ജനശ്രദ്ധ തിരിക്കാന്‍ തിരുവല്ല കൊലപാതകം അവര്‍ ഉപയോഗപ്പെടുത്തി. പൊലീസ് ശരിയായ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വൈറസ് ആക്രമണം അവര്‍ക്കു നേരെയുമായി. ഒടുവില്‍ പാര്‍ട്ടി ഹുങ്കിനു വഴങ്ങിയ പൊലീസ് എഫ്.ഐ.ആറില്‍ രാഷ്ട്രീയ കാരണവും എഴുതിച്ചേര്‍ത്തു എന്നിടത്താണ് വസ്തുതകള്‍ കണ്ണടച്ചത്.
സാധാരണപോലെ നിസ്സാര പ്രശ്‌നത്തില്‍ തുടങ്ങി വടിവാള്‍ വീശുന്ന അവസ്ഥയിലെത്തിച്ചത് മനസ്സിലെ രാക്ഷസീയതയും അതിന്റെ ഉപോല്‍പ്പന്നമായ പകയുമായിരുന്നു. അന്വേഷണം അതിന്റെ ശരിയായ വഴിയിലൂടെ പോയിരുന്നെങ്കില്‍ എല്ലാം ശുഭമാവുമായിരുന്നു. എന്നാല്‍ രാഷ്ട്രീയമായി നേരിടാനും പിടിച്ചു നില്‍ക്കാനും നല്ല അവസരമായി ആ ദുരന്തത്തെ പാര്‍ട്ടി ചെങ്കൊടി പുതപ്പിക്കുകയാണുണ്ടായത്. രാഷ്ട്രീയ കാലുഷ്യത്തില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മാവിനെ മുക്കിയെടുത്ത ശേഷം അരക്ഷിതാവസ്ഥയിലൂടെ കാര്യം നേടുന്ന തന്ത്രം നടപ്പാക്കുകയായിരുന്നു.
സി.പി.എമ്മുകാരന്‍ വെട്ടേറ്റുമരിച്ചാല്‍ ഉത്തരവാദി ആര്‍.എസ്.എസ്സുകാരനാണെന്ന മ്ലേച്ഛ രാഷ്ടീയത്തിന്റെ തിണ്ണമിടുക്കുമായി നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റു നേതൃത്വത്തിന്റെ കുറുക്കന്‍ തന്ത്രങ്ങള്‍ എന്നും വിജയിച്ച കഥകളാണല്ലോ നാം കേള്‍ക്കാറ്. തലശ്ശേരിയില്‍ ഫസലിനെ വെട്ടിക്കൊന്ന് ചോരപുരണ്ട വസ്ത്രം സംഘസ്ഥാനില്‍ കൊണ്ടിട്ട് ആര്‍.എസ്.എസ്സിനെ ക്രൂശിച്ച അതേ തന്ത്രം. അന്നത്തെ അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോയ രാധാകൃഷ്ണന്‍ എന്ന പൊലീസ് ഓഫീസറെ കൊല്ലാക്കൊല ചെയ്ത (അത് ഇന്നും തുടരുന്നു) തന്ത്രം. ഈ സംസ്ഥാനത്തിന്റെ കൊടിയ ശാപമായി കമ്യൂണിസ്റ്റ് വൈറസ് തന്ത്രം പടരുകയാണ്. നാഴികയ്ക്ക് നാല്‍പതു വട്ടം ഉത്തരേന്ത്യയിലേക്കു നോക്കി കഴുത്തുളുക്കിയ ഒറ്റ സാംസ്‌കാരിക നായകനും ഈ വൈറസ് തന്ത്രത്തെക്കുറിച്ച് മിണ്ടില്ല.അവരൊക്കെ നിലനില്‍പ് രാഷ്ട്രീയത്തിന്റെ ഉമ്മറക്കോലായയില്‍ കാറ്റു കൊണ്ടു രസിക്കുകയാണ്. കേരളമെന്ന അക്ഷരമുറ്റത്ത് ഒരു ഗുരുനാഥന്റെ ചുടുചോര ചീറ്റിത്തെറിച്ചപ്പോള്‍ പോലും മൗനം ഭജിച്ച അത്തരക്കാരെ സാംസ്‌കാരിക നായകരെന്ന് പറയുന്ന നമ്മളാണ് പമ്പര വിഡ്ഢികള്‍. ആ നായകരുടെ പണയം വെക്കപ്പെട്ട നാവില്‍ പോലും കമ്യൂണിസ്റ്റ് വൈറസ് തിടംവെച്ചു തുള്ളുകയാണ് എന്ന് പറഞ്ഞാല്‍ അധികമാവില്ല. തങ്ങളല്ലാതെ മറ്റാരും വേണ്ടെന്ന അസഹിഷ്ണുതയുടെ ചെങ്കൊടി നാട്ടി നാടിന്റെ സൈ്വരവും സമാധാനവും തകര്‍ക്കുന്ന കമ്യൂണിസ്റ്റ് വൈറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ ഉണ്ടായേ തീരൂ. അല്ലാതെ കേരളം ദൈവത്തിന്റെ സ്വന്തം രാജ്യമാവില്ല.ഒരു സംഭവമുണ്ടായി ബന്ധപ്പെട്ട ഏജന്‍സി കാര്യങ്ങള്‍ വിലയിരുത്തും മുമ്പ് ‘സംഗതികള്‍ ഡിക്ടേറ്റു’ ചെയ്യുന്ന രാഷ്ട്രീയം മാനവികമല്ല എന്ന തിരിച്ചറിവാണ് ഒന്നാമത്തെ വാക്‌സിന്‍ ഡോസ് ! രാക്ഷസീയതയുടെ മേലങ്കിയിട്ട ക്രിമിനല്‍ വാള്‍ത്തലയെ തിരിച്ചറിഞ്ഞ് ജനകീയ പ്രതിരോധം തീര്‍ക്കലാണ് രണ്ടാം ഡോസ്. സംസ്ഥാനത്തെ എന്നും അശാന്തിയിലും അരക്ഷിതത്വത്തിലും നിര്‍ത്തി വെട്ടിനിരത്തുന്ന തന്ത്രത്തെ ഏഴകലത്ത് നിര്‍ത്താനുള്ള ശേഷിയും ശേമുഷിയുമുള്ള തലമുറയുണ്ടാവണം.അത്തരമൊരു ബൂസ്റ്റര്‍ ഡോസിലൂടെ ഈ കമ്യൂണിസ്റ്റ് വൈറസിനെ എന്നേക്കുമായി ഇല്ലാതാക്കാം.
പെരിയയില്‍ രണ്ടു ചെറുപ്പക്കാരെ വെട്ടിയരിഞ്ഞ കുടിലത പാര്‍ട്ടി ഒത്താശയാല്‍ നടപ്പായതാണെന്ന തിരിച്ചറിവിലെത്തിയ ജനങ്ങളുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനുള്ള പാര്‍ട്ടി അടവായിമാറി തിരുവല്ലയിലെ കൊലപാതകം. അന്വേഷണ ഏജന്‍സി കണ്ടെത്തിയത് അവിടെ നില്‍ക്കട്ടെ, ‘ഞങ്ങള്‍ പറയും നിങ്ങള്‍ എഴുതും അവര്‍ നടപ്പാക്കും’ എന്ന ശൈലിയിലേക്ക് ഭരണത്തെ കൊണ്ടുപോവുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തിരുവല്ല കൊലപാതകം. വസ്തുതകളെ തമസ്‌കരിക്കുക, വഴിതെറ്റിക്കുക തുടങ്ങിയ സാമൂഹിക ഉന്മൂലന പരിപാടിയുടെ വക്താക്കളാവുന്നു മാര്‍ക്‌സിസ്റ്റ് മാടമ്പി നേതൃത്വം. സംഘര്‍ഷവും അശാന്തിയുമില്ലാതെ വളരാനാവാത്ത കമ്യൂണിസ്റ്റ് വൈറസിനെ പ്രതിരോധിക്കാനുള്ള കരളുറപ്പും കരുതലുമാണ് കേരളത്തിന് വേണ്ടത്. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് പരിശ്രമിക്കേണ്ടത്. വൈകുന്ന ഓരോ നിമിഷവും മാനവികതയ്ക്ക് ശവപ്പെട്ടി ഉണ്ടാക്കാന്‍ അവസരം നല്‍കലാവും.
തങ്ങള്‍ പെട്ടുപോയ ചുഴിയില്‍ നിന്ന് കരകയറാന്‍ സി.പി.എം നടത്തുന്ന സാഹസങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഏതു പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനും ശ്രദ്ധതിരിക്കാനും ആ നേതൃത്വത്തിനാവുന്നു എന്നിടത്താണ് സാധാരണ മനുഷ്യരുടെ പരാജയം. അത്തരം പരാജയത്തിന് ഇനി സ്ഥാനമില്ല എന്നു കാണിച്ചു കൊടുക്കാനുള്ള കരുത്താണ് വേണ്ടത്.