ഇന്ത്യന്‍ കമ്മ്യൂണിസം മാര്‍ക്‌സില്‍ നിന്നും മൗലവിമാരിലേക്കെത്തിയിരിക്കുകയാണ്. ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും എന്തു പറയണമെന്നും തീരുമാനിക്കുന്നത് മതമൗലികവാദികളായ മൗലവിമാരാണ്. ഒരു കാലത്ത് പുരോഗമന വാദത്തിന്റെ കുത്തക പാട്ടം എടുത്തിരുന്ന കമ്മ്യൂണിസ്റ്റുകളാണ് ഇന്ന് ഏറ്റവും വലിയ മത യാഥാസ്ഥിതികവാദികള്‍. സെമിറ്റിക് മതങ്ങളുടെ ചട്ടക്കൂടില്‍ പാശ്ചാത്യ ചിന്തയില്‍ പിറന്ന കമ്മ്യൂണിസം എല്ലാ കാലത്തും അതിന്റെ മതമൗലികവാദ ഘടന നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അത് മറച്ചു വച്ച് പുരോഗമന നാട്യങ്ങളില്‍ ജനങ്ങളെ കബളിപ്പിക്കുന്നതില്‍ എക്കാലത്തും അവര്‍ വിജയിക്കുകയും ചെയ്തിരുന്നു. തകര്‍ന്നടിഞ്ഞ ആഗോള കമ്മ്യൂണിസം ഇന്ന് അതിജീവനത്തിന്റെ പിടച്ചിലിലാണ്. പ്രാദേശിക പാര്‍ട്ടികള്‍ മാത്രമായി ചരിത്രത്തില്‍ നിന്നും തിരോഭവിക്കും മുമ്പായി കമ്മ്യൂണിസം അതിന്റെ മത സ്വത്വബോധം കൊണ്ട് ആയുസ്സുനീട്ടാനുള്ള അവസാനവട്ട ശ്രമം നടത്തുകയാണ്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇസ്ലാമിക മതമൗലികവാദത്തിന് കുഴലൂതുന്നത്.
ഭാരതത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എതിര്‍ക്കാനുള്ള കാരണത്തിന്റെ പശ്ചാത്തലമാണ് മുകളില്‍ വിവരിച്ചത്. ഇസ്ലാമിക മതമൗലികവാദികള്‍ പ്രസ്തുത തീരുമാനത്തെ എതിര്‍ക്കുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളു. പത്തുമാസം വിത്തിട്ടു സൂക്ഷിക്കാനുള്ള പത്തായം മാത്രമാണ് സ്ത്രീയെന്നും അവള്‍ക്ക് ആത്മാവ് പോലുമില്ലെന്നും കരുതുന്ന പ്രാകൃത മതചിന്തയില്‍ കടിച്ചു തൂങ്ങുന്നവരെ സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം അസംബന്ധമാകാം. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെയും താലിബാന്റെയും സ്വരത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് പഠിക്കേണ്ടതുണ്ട്. ബി. ജെ.പിയേയും ഇതര സംഘപരിവാര്‍ സംഘടനകളേയും മത-യാഥാസ്ഥിതിക പ്രസ്ഥാനങ്ങളായി ചിത്രീകരിക്കാന്‍ എല്ലാ കാലത്തും കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവരുടെ കപടപുരോഗമന ബുദ്ധിജീവി സംഘങ്ങളുമൊക്കെ കാര്യത്തോടടുക്കുമ്പോള്‍ എത്രമാത്രം മതമൗലികവാദികളും യാഥാസ്ഥിതികരുമാണെന്ന് തിരിച്ചറിയാന്‍ വിവാഹ പ്രായമുയര്‍ത്തിക്കൊണ്ടുള്ള തീരുമാനത്തെ എതിര്‍ത്ത അവരുടെ നിലപാട് പരിശോധിച്ചാല്‍ മതി.
പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തുന്നതു സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ നിശ്ചയിച്ചിരുന്ന ജയ ജെറ്റ്‌ലി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നയരൂപീകരണം നടത്തിയത്. ജയ ജെറ്റ്‌ലി കമ്മീഷനാകട്ടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് രാജ്യത്തെ 16 സര്‍വ്വകലാശാലകളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. 18 വയസ്സില്‍ വിവാഹിതയാകുന്ന പെണ്‍കുട്ടികള്‍ ചെറുപ്രായത്തിലെ ഗര്‍ഭിണികളാകുകയും ഇത് അവരില്‍ പില്‍ക്കാലത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി വിദഗ്ദ്ധന്‍മാര്‍ അഭിപ്രായപ്പെടുക ഉണ്ടായിട്ടുണ്ട്. മാത്രമല്ല അവളുടെ പഠനം വിവാഹത്തോടെ മുടങ്ങുന്നതിനും അര്‍ഹിക്കുന്ന തൊഴിലുകള്‍ ഇതുമൂലം നിഷേധിക്കപ്പെടുന്നതിനുമൊക്കെ കാരണമാകുന്നതായി കണ്ടുവരുന്നു. സ്ത്രീ-പുരുഷ സമത്വം പ്രായോഗികമാക്കുന്നതില്‍ പുരുഷനോടൊപ്പം സ്ത്രീയും സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. ഇതിനെല്ലാം ചെറുപ്രായത്തിലുള്ള വിവാഹം തടസ്സമാകുന്നതായാണ് കണ്ടു വരുന്നത്. രാജ്യത്തെ മാതൃ-ശിശു മരണനിരക്ക് ഉയരുന്നതിന്റെ ഒരു പ്രധാന കാരണം പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ പ്രസവിക്കുന്നതാണ്. പക്വത എത്തുന്നതിനു മുമ്പുള്ള വിവാഹം പെണ്‍കുട്ടികളുടെ ജീവിതത്തെ തന്നെ തകര്‍ത്തു കളയുന്നു.
രാജ്യത്ത് ലിംഗസമത്വം എന്ന ലക്ഷ്യം കൈവരിക്കാനും സ്ത്രീ ശാക്തീകരണം സാധ്യമാക്കാനും നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത ഏറ്റവും ശക്തമായ തീരുമാനങ്ങളില്‍ ഒന്നാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയത്. കഴിഞ്ഞ സ്വാതന്ത്ര്യദിന ഭാഷണത്തില്‍ പ്രധാനമന്ത്രി സ്ത്രീകളുടെ വിവാഹ പ്രായമുയര്‍ത്തുന്ന നിയമനിര്‍മ്മാണത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം പെണ്‍കുട്ടികളുടേത് 18ഉം ആക്കി നിജപ്പെടുത്തിയ 2006-ലെ ശൈശവ വിവാഹ നിരോധന നിയമം, 1872-ലെ ഇന്ത്യന്‍ ക്രൈസ്തവ വിവാഹ നിയമം, 1936-ലെ പാഴ്‌സി വിവാഹമോചന നിയമം, 1937-ലെ മുസ്ലീം വ്യക്തിനിയമം, 1969-ലെ വിദേശ വിവാഹ നിയമം എന്നിവയെല്ലാം ഭേദഗതി ചെയ്യുന്ന ബില്ലാണ് ഈ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിനെ സ്ത്രീ സമൂഹവും നിരവധി വനിതാസംഘടനകളും പുരോഗമന വാദികളുമെല്ലാം ഹൃദയം തുറന്നു സ്വാഗതം ചെയ്തപ്പോള്‍ മത- യാഥാസ്ഥിതികവാദികളും കപട പുരോഗമന വാദികളായ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അമ്പത് ലക്ഷം മുടക്കി കേരളത്തില്‍ ലിംഗസമത്വത്തിനു വേണ്ടി വനിതാ മതില്‍ പണിത കമ്മ്യൂണിസ്റ്റുകള്‍ക്ക് യഥാര്‍ത്ഥ ലിംഗസമത്വം കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. പര്‍ദ്ദയ്ക്കുള്ളില്‍ പെട്ട് ശ്വാസംമുട്ടുന്ന മുസ്ലിം സ്ത്രീ സമൂഹത്തില്‍ ലിംഗസമത്വം കൊണ്ടുവരുന്നതിനെക്കുറിച്ച് ശബ്ദിക്കാത്തവരായിരുന്നു ശബരിമലയില്‍ ലിംഗസമത്വമില്ലെന്ന് ആരോപിച്ചുകൊണ്ട് പൊറാട്ട് നാടകങ്ങള്‍ നടത്തിയത്. മുസ്ലിം സമൂഹത്തിലെ പുരുഷമേധാവിത്തമവസാനിപ്പിക്കുന്ന മുത്തലാഖ് നിരോധന നിയമം കേന്ദ്രം കൊണ്ടുവന്നപ്പോഴും അതിനെ എതിര്‍ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കേരളത്തിലെ സലഫി കൂട്ടായ്മയുടെ അതേ സ്വരത്തിലാണ് സി.പി.എം വനിതാ സംഘടനയായ അഖിലേന്ത്യാ മഹിളാ അസോസിയേഷനും സി.പി.ഐ വനിതാ സംഘടനയായ മഹിളാ ഫെഡറേഷന്‍ നേതാക്കളുമൊക്കെ സംസാരിക്കുന്നത്. മൗലവി തുപ്പിയ ഹലാല്‍ ഭക്ഷണത്തെ നല്ല ഭക്ഷണമെന്നു വ്യാഖ്യാനിച്ച വിജയന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് സ്‌ക്കൂളിലെ പെണ്‍കുട്ടികളെ പാന്റ് ധരിപ്പിച്ചതിനെ ലിംഗസമത്വമായി രണ്ടു ദിവസം ആഘോഷിക്കുകയും മൗലവിമാര്‍ പ്രതിഷേധിച്ചപ്പോള്‍ മാളത്തിലൊളിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കപട പുരോഗമനവാദമല്ല ഭാരതം കാണാന്‍ പോകുന്നത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൗലവിമാര്‍ക്ക് മുന്നില്‍ സമസ്താപരാധം ചൊല്ലി കീഴടങ്ങിയ വിജയന്‍ മുഖ്യമന്ത്രിയുടെ വിപ്ലവം മുഴുത്ത തമാശ മാത്രമാണിന്ന്. ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് തടയാവുന്നതല്ല നരേന്ദ്ര ഭാരതത്തിന്റെ നവോത്ഥാന ശ്രമങ്ങള്‍ എന്നു മാത്രം പറയട്ടെ.