ഭരണിക്കടയില്‍ കയറിയ കാളയെപ്പോലെ എല്ലാം തകര്‍ത്ത് മുന്നേറുന്ന കേരളത്തിന്റെ മുഖ്യമന്ത്രി വിജയന്റെ പ്രസ്താവനകളും പെരുമാറ്റവും തികച്ചും ജുഗുപ്‌സാവഹമായി മാറിയിട്ട് കാലങ്ങളായി. ഒരു ഏകാധിപതിയും ലോകചരിത്രത്തില്‍ വിനയവാനായിരുന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്ത് എന്ന് കല്പിക്കുന്നതുപോലെ തന്നെ തന്റെ കൈപിടിച്ച് സംസാരിച്ച വയോവൃദ്ധയോടും വിജയന്‍ മുഖ്യമന്ത്രി കല്പിക്കുന്നത് പ്രബുദ്ധ മലയാളി കണ്ടതാണ്. സ്വന്തം നിഴലിനെപ്പോലും ഭയക്കുകയും അവിശ്വസിക്കുകയും ചെയ്യുക എന്നത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. ഹിറ്റ്‌ലറും സ്റ്റാലിനും മുസ്സോളനിയുമൊക്കെ ഏകാധിപത്യത്തിന്റെ പാരമ്യത്തില്‍ മാനസികവിഭ്രാന്തിയോളമെത്തിയിരുന്നു എന്നതും മറക്കരുതാത്ത ചരിത്രമാണ്. ഏകാധിപതികളുടെ ചെയ്തികള്‍ അബദ്ധമായി മാറുന്നതും അവരുടെ തന്നെ വാഴ്ചയ്ക്ക് അത് അറുതിവരുത്തുന്നതും ചരിത്രത്തില്‍ ആവര്‍ത്തന സ്വഭാവമുള്ള ഒന്നാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്നെ അന്ത്യം കുറിക്കാന്‍ പോന്ന മണ്ടന്‍ നിലപാട് ശബരിമല വിഷയത്തില്‍ സ്വീകരിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി വിജയനുള്ള ദുശ്ശാഠ്യം എത്രമാത്രമായിരുന്നു എന്നത് മലയാളികള്‍ക്ക് അറിവുള്ളതാണ്.
സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ കേരളത്തിലെ ഹിന്ദുസമൂഹത്തോടും അയ്യപ്പഭക്തരോടും യുദ്ധം പ്രഖ്യാപിച്ച വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ അതിനുള്ള പ്രതിഫലം ഏറ്റുവാങ്ങിയതാണ്. ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളുള്ള കേരളത്തില്‍ പത്തൊമ്പതിലും തോറ്റുതുന്നംപാടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അപകടം മണത്ത പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ ശബരിമലയില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറയുകയും തങ്ങള്‍ വിശ്വാസികളാണെന്നും വിശ്വാസികള്‍ക്കെതിരല്ല എന്നും സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണുതാനും. അതിനിടയിലാണ് മുഖ്യമന്ത്രി ശബരിമലയില്‍ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും യുവതികളെ കയറ്റി ആചാരലംഘനം നടത്തിയത് ശരിയായ നടപടിയായിരുന്നു എന്നുമുള്ള വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത്. ഏതൊരേകാധിപതിയും ചെന്നുപെടുന്ന വിഭ്രമാത്മകമായ മനോനിലയില്‍ നിന്നുകൊണ്ടാണ് വിജയന്‍ മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നതെന്ന് സ്ഥിരബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും പറ്റുകില്ലെന്നും അബദ്ധഗര്‍ത്തത്തില്‍ വീണുപോകുന്ന അഹങ്കാരികള്‍ ആവര്‍ത്തിച്ച് പറയുക സ്വാഭാവികം മാത്രമാണ്. പറ്റിയ തെറ്റിന് മാപ്പുപറയാന്‍ വീടുകള്‍ തോറും കയറിയിറങ്ങിയ പാര്‍ട്ടി സെക്രട്ടറിയും അണികളും ആരായി എന്ന് ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്താണെങ്കിലും ശബരിമലക്കെതിരെയും കേരളത്തിലെ ഹിന്ദുക്കള്‍ക്കെതിരെയും പകയോടെ പെരുമാറുന്ന വിജയന്‍ മുഖ്യമന്ത്രി ആരുടെയോ കൈയിലെ കോടാലിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ സുപ്രീം കോടതിയുടെ എല്ലാവിധികളോടും വിജയനും വിജയന്റെ പാര്‍ട്ടിക്കും ഒരേ സമീപനം ഉണ്ടാകണമല്ലോ. ശബരിമലയിലെ ആചാരം ലംഘിക്കാന്‍ കേരളത്തിലെ മുഴുവന്‍ പോലീസിനേയും പാര്‍ട്ടി സംവിധാനത്തേയും ഉപയോഗിച്ചവര്‍ ഇതരമതസ്ഥരുടെ കാര്യങ്ങളില്‍ ഉള്ള സമാനമായ കോടതിവിധികളില്‍ മൃദുസമീപനം സ്വീകരിക്കുന്നത് കാണുപ്പോള്‍ ശരാശരി ഹിന്ദു സംശയിച്ചു പോകുകയാണ്. മലങ്കര സഭയിലെ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ സ്വത്തവകാശത്തര്‍ക്കത്തില്‍ അവകാശം ഓര്‍ത്തഡോക്‌സ് സഭക്കാണെന്ന കോടതി വിധി നാളിതുവരെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. എന്നു മാത്രമല്ല മധ്യസ്ഥശ്രമങ്ങളുടെ പേരില്‍ കോടതിവിധി നടപ്പിലാക്കുന്നത് തന്നെ വൈകിപ്പിച്ചിരിക്കുന്നു. ശബരിമലയെ സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ഉണ്ടായപ്പോള്‍ മധ്യസ്ഥശ്രമങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല തന്ത്രിയേയും മേല്‍ശാന്തിയേയും വരെ ഭീഷണിപ്പെടുത്തുവാനും അപമാനിക്കാനുമാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ശ്രമിച്ചത്. യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ കോടതിവിധിയെ വെല്ലുവിളിച്ചുകൊണ്ട് യാക്കോബായ വിഭാഗത്തിന്റെ തലവന്‍ പ്രസ്താവനയിറക്കിയിട്ടും പ്രതികരിക്കുവാനോ നടപടി സ്വീകരിക്കുവാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് ശബരിമലയില്‍ ആചാരലംഘനത്തിന് വീണ്ടും ആഹ്വാനം ചെയ്യുന്നത്.
എല്ലാക്കാലത്തും പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിശ്വാസികളുടെ കൂട്ടത്തില്‍ എന്തായാലും ഹിന്ദുക്കളെ പെടുത്തിയിട്ടില്ല എന്ന് വ്യക്തമാണ്. അല്ലെങ്കില്‍ ‘പാര്‍ട്ടി നടത്തിയ സ്വയം വിമര്‍ശനത്തെ നിലപാടുമാറ്റമായി ആരും വ്യാഖ്യാനിക്കേണ്ട’ എന്ന് മുഖ്യമന്ത്രി പറയുമായിരുന്നില്ല. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കടക്കാനുള്ള അടവു നയത്തിന്റെ ഭാഗം മാത്രമായിട്ടാണ് ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് ചില കമ്മ്യൂണിസ്റ്റുകള്‍ പരസ്യമായി പറയുകയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ തന്നെ കെട്ടുംകെട്ടി ശബരിമലയ്ക്ക് പോകുകയും ഒക്കെ ചെയ്തത് എന്നു വേണം അനുമാനിക്കാന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും ഹിന്ദുവിരുദ്ധ സമീപനം അവസാനിപ്പിക്കാനാവില്ല എന്ന ചരിത്രസത്യം ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുക്കള്‍ ഇനി എന്നാണാവോ തിരിച്ചറിയുക. 2013ല്‍ പാലക്കാട്ട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ പാര്‍ട്ടി സഖാക്കളായ ഹിന്ദുക്കള്‍ക്ക് മാത്രമാണ് ആചാരാനുഷ്ഠാനങ്ങള്‍ പിന്‍തുടരാനുള്ള സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയത് എന്ന കാര്യം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഒരു മണ്ഡലക്കാലം മുഴുവന്‍ ശബരിമല സന്നിധാനത്തെ യുദ്ധക്കളമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ഭരണകൂടവും അഞ്ച് അയ്യപ്പഭക്തരുടെ മരണത്തിനുകൂടി ഉത്തരവാദികളാണ്. കേരളത്തില്‍ ശരണം വിളി തന്നെ നിരോധിക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ശബരിമല കാര്യത്തില്‍ എന്നല്ല ഒരു കാര്യത്തിലും ഹിന്ദുക്കള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. 1983ല്‍ നിലയ്ക്കല്‍ ക്ഷേത്രം തകര്‍ത്ത് പള്ളി പണിതവര്‍ക്കൊപ്പം നിന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, മാറാട് എട്ട് ഹിന്ദുക്കളെ വെട്ടിക്കൊന്ന ഭീകരരുടെ മനുഷ്യാവകാശം സംരക്ഷിയ്ക്കുവാനാണ് പാടുപെട്ടത്. ഘര്‍വാപസിയെ എതിര്‍ക്കുകയും വൈക്കംകാരി അഖിലയെ ഹാദിയ ആക്കാന്‍ പരിശ്രമിച്ച ജിഹാദികള്‍ക്ക് പിന്‍തുണ കൊടുക്കുകയും ചെയ്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാകാലത്തും ഹിന്ദുവിരുദ്ധതയ്ക്ക് പേരുകേട്ട പ്രസ്ഥാനമാണ്. ശബരിമല അവരെ സംബന്ധിച്ച് തകര്‍ക്കപ്പെടേണ്ട കേന്ദ്രമാകുക സ്വാഭാവികം. ശബരിമലയില്‍ പാര്‍ട്ടിക്ക് നയം മാറ്റമില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഈ അര്‍ത്ഥത്തില്‍ തന്നെയാണ് കേരളത്തിലെ ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടത്.