രാജ്യത്ത് സമഗ്രമായ കാര്‍ഷിക പരിഷ്‌ക്കരണം ലക്ഷ്യമിട്ട് രൂപം നല്‍കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നു പറയാതെ വയ്യ. കാര്‍ഷികോല്‍പ്പന്ന-വ്യാപാര-വാണിജ്യ നിയമം, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) നിയമം, അവശ്യവസ്തു ഭേദഗതി നിയമം എന്നീ മൂന്നു നിയമങ്ങള്‍ 2020 ജൂണ്‍ അഞ്ചിനാണ് ആദ്യം ഓര്‍ഡിനന്‍സായി ഇറക്കിയത്. 2020 സപ്തംബറില്‍ പാര്‍ലമെന്റ് അംഗീകരിച്ച് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായെങ്കിലും ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2021 ജനുവരിയില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രക്ഷോഭരംഗത്തുള്ള കര്‍ഷക സംഘടനകളുമായി 13 തവണ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം നിര്‍ത്തില്ല എന്ന നിലപാടായിരുന്നു സംഘടനകള്‍ക്ക്. ഇപ്പോള്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷവും സമരം തുടരുമെന്നു പറയുന്നവര്‍ക്ക് മറ്റെന്തൊക്കെയോ അജണ്ടകളാണുള്ളതെന്നു വ്യക്തമാണ്. നിയമങ്ങള്‍ നടപ്പാക്കുന്നത് രണ്ടുവര്‍ഷം നീട്ടിവെക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നു. ഫലത്തില്‍ നടപ്പാക്കിത്തുടങ്ങിയിട്ടില്ലാത്ത നിയമങ്ങള്‍ പിന്‍വലിച്ചതിനെ കര്‍ഷക സംഘടനകളുടെ വലിയ വിജയവും കേന്ദ്രസര്‍ക്കാരിന്റെ പരാജയവുമായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ്സടക്കമുള്ള രാഷ്ട്രീയ കക്ഷികളും ചില മാധ്യമങ്ങളും കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരുടെ വക്താക്കളാകുകയാണ്. നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന്റെ ഗുണഫലം രാജ്യത്തെ ഓരോ സാധാരണ കര്‍ഷകനും ലഭിക്കുമായിരുന്നു എന്നതില്‍ സംശയമില്ല. രാഷ്ട്രത്തേക്കാള്‍ രാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കുന്ന ഇക്കൂട്ടരുടെ കൈയിലെ കളിപ്പാവകളാകാന്‍ കര്‍ഷകരെ അനുവദിക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ യുപിയിലുമുള്ള ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് സമരരംഗത്തുണ്ടായിരുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ കര്‍ഷക പ്രക്ഷോഭം നാമമാത്രമായിരുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വില്പന നടക്കുന്ന മണ്ഡി സമ്പ്രദായമാണ് ഈ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. ഇടത്തട്ടുകാരാണ് മണ്ഡികളുടെ നടത്തിപ്പുകാര്‍. അവരാണ് ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും. ഈ ചൂഷണത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യമായിരുന്നു പ്രധാനമായും കാര്‍ഷിക നിയമ പരിഷ്‌ക്കരണത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇതേ ഇടനിലക്കാര്‍തന്നെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് നിയമത്തിന് എതിരാക്കുകയായിരുന്നു. മണ്ഡി സമ്പ്രദായത്തില്‍ പരിഷ്‌ക്കരണം വേണമെന്ന് നിരവധി സംഘടനകളും കാര്‍ഷിക വിദഗ്ദ്ധരും മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. പുതിയ നിയമങ്ങള്‍ കൊണ്ടുവരാനിടയായ സാഹചര്യം പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഒരു വിദഗ്ദ്ധസമിതിക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, കാര്‍ഷിക സാമ്പത്തിക വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കാണ് രൂപം നല്‍കുന്നത്. കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ക്കു സഹായകമായ ഒട്ടേറെ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയിട്ടുള്ളത്.
കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് ഉല്പാദനക്ഷമത കൂടിയ വിത്തുകള്‍ ലഭ്യമാക്കിയതിനൊപ്പം വളം, മണ്ണു പരിശോധന, ചെറുകിട ജലസേചന പദ്ധതികള്‍ എന്നിവയും ലഭ്യമാക്കി. 22 കോടി കര്‍ഷകര്‍ക്ക് ഇവയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. വിള ഇന്‍ഷുറന്‍സ് പദ്ധതി കാര്യക്ഷമമാക്കിയത് ഇതിനു പുറമെയാണ്. ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു ലക്ഷത്തിഅറുപത്തിരണ്ടായിരം കോടി രൂപയാണ് പണമായി കൈമാറിയത്. കേന്ദ്രസര്‍ക്കാരിന്റെ കൃഷി ബജറ്റ് മുന്‍കാലങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും അരലക്ഷം കോടിരൂപയാണ് കൃഷിക്കുവേണ്ടി നീക്കിവെക്കുന്നത്. ഇങ്ങനെ കര്‍ഷകക്ഷേമത്തിനു പ്രാധാന്യം നല്‍കുന്ന ഒരു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചില രാഷ്ട്രീയ കക്ഷികളുടെയും മാധ്യമങ്ങളുടെയും ശ്രമം വിലപ്പോവില്ലെന്നു തീര്‍ച്ചയാണ്. കര്‍ഷകരോഷം ഭയന്നോ പ്രതിഷേധത്തിന്റെ തീവ്രത മൂലമോ അല്ല നിയമങ്ങള്‍ പിന്‍വലിച്ചതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ദില്ലിയില്‍ ഏറ്റവും അക്രമാസക്തമായ രീതിയില്‍ പ്രക്ഷോഭം നടന്നത്. അന്നും കേന്ദ്രസര്‍ക്കാര്‍ ആരുടെ മുന്നിലും മുട്ടുമടക്കിയിട്ടില്ല. കര്‍ഷക സമരം അനാവശ്യമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും സമരം തുടര്‍ന്നവര്‍ക്ക് അവരുടെ ഗൂഢ താല്പര്യങ്ങള്‍ ഉണ്ടായിരുന്നു എന്നു വ്യക്തമാണ്.
പഞ്ചാബ്, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാദ്യം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് നിയമങ്ങള്‍ പിന്‍വലിച്ചതിന്റെ പിന്നില്‍ എന്നു പറയുന്നതും വസ്തുതകള്‍ക്കു നിരക്കുന്നതല്ല. കര്‍ഷക പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന സമയ ത്താണ് അസമില്‍ തിരഞ്ഞെടുപ്പ് നടന്നത്. പലതരം ദുഷ്പ്രചരണങ്ങള്‍ ഉണ്ടായിട്ടും 93ല്‍ 60 സീറ്റും നേടി ബി.ജെ.പി. അവിടെ വീണ്ടും അധികാരത്തില്‍ വരികയാണ് ചെയ്തത്. അതുപോലെ ബംഗാളില്‍ ബി.ജെ.പി. അംഗങ്ങളുടെ എണ്ണം 77 ആയി ഉയര്‍ന്നതും ഈ കാലയളവിലാണ്. നിരവധി സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം ലഭിച്ചത് കര്‍ഷകര്‍ കൂടി ഉള്‍പ്പെടുന്ന വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചതുകൊണ്ടാണ്. രാഷ്ട്ര സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന കാര്യം പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗത്തു നിന്ന് ഭാരതത്തെ തകര്‍ക്കുന്നതിനുള്ള ചില ശ്രമങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തിനകത്തെ ഛിദ്രശക്തികളെ അവര്‍ ഇതിനായി ഉപയോഗിക്കുന്നതിന്റെ സൂചനകളുമുണ്ട്. പഞ്ചാബില്‍ വീണ്ടും ഖാലിസ്ഥാന്‍ വാദം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. കര്‍ഷക സമരത്തിന്റെ പിന്നിലും ഇത്തരം ശക്തികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. രാഷ്ട്രീയത്തേക്കാള്‍ രാഷ്ട്രസുരക്ഷക്കു പ്രാധാന്യം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ സന്ദര്‍ഭോചിതമായി എടുത്ത ഒരു പ്രധാന തീരുമാനം തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍.