കേരളത്തില്‍ ശബരിമല തീര്‍ത്ഥാടനം ഹിന്ദു സമൂഹത്തിന്റെ ഉണര്‍വിനും കെട്ടുറപ്പിനും നല്‍കിപ്പോരുന്ന സംഭാവന ചെറുതല്ല. ജാതി മത ചിന്തകള്‍ക്കതീതമായ അനുഷ്ഠാന വിശുദ്ധികള്‍ കൊണ്ട് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന ആരാധനാ കേന്ദ്രമെന്ന നിലയില്‍ ശബരിമലയുടെ പ്രാധാന്യം കേരളീയ സാമൂഹ്യ പൊതുബോധത്തിലും വളരെ വലുതാണ്. ശബരിമലയുടെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തിയിലും പ്രശസ്തിയിലും അസഹിഷ്ണുക്കളായ ചില ശക്തികള്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് കാലങ്ങളായി. ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ക്ഷേത്രം തന്നെ തകര്‍ത്ത് തീയിട്ട ശക്തികള്‍ പല രൂപത്തിലും പല ഭാവത്തിലും പിന്നീടും ശബരിമലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മാറി മാറി വരുന്ന ഇടതു-വലതു ഭരണകൂടങ്ങള്‍ പലപ്പോഴും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പമായിരുന്നു എന്നു പറയേണ്ടി വരുന്നു. ശബരിമല പൂങ്കാവനം കൈയേറി പള്ളിയറക്കാവ് തകര്‍ത്ത ശക്തികള്‍ക്ക് അന്നത്തെ ഭരണകൂടത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സുകാരോ കമ്മ്യൂണിസ്റ്റുകളോ ശബരിമലയ്ക്കനുകൂലമായി നിന്നില്ല എന്നതും ചരിത്രം പഠിക്കുന്നവര്‍ക്കറിയാം. സംഘടിത വോട്ടു ബാങ്കുകളാല്‍ നിയന്ത്രിക്കപ്പെടുന്ന കേരളത്തിന്റെ ഭരണകൂടങ്ങളൊന്നും ശബരിമലയോട് നീതി ചെയ്തിട്ടില്ല എന്നു കാണാം.
ശബരിമലയെ തകര്‍ക്കുന്നതിലൂടെ കേരളത്തിലെ ഹിന്ദു സമൂഹത്തെ പ്രതിരോധരഹിതമായി മതപരിവര്‍ത്തന ശക്തികള്‍ക്ക് വലിച്ചെറിഞ്ഞ് നല്‍കാന്‍ കഴിയും എന്ന് ഏറ്റവും നന്നായറിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്തരം ശക്തികളില്‍ നിന്ന് അച്ചാരം വാങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിനെ കൊണ്ട് ശബരിമലയ്‌ക്കെതിരായി കള്ള ചെപ്പേട് ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റ് കുബുദ്ധിജീവികളുടെ നേതൃത്വത്തിലായിരുന്നു എന്ന സത്യം ഈ അടുത്ത കാലത്താണ് പുറത്തുവന്നത്. ശബരിമലയുടെ പേരില്‍ അന്തര്‍ സംസ്ഥാന കൊള്ള നടത്തിപ്പോന്നിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇക്കഴിഞ്ഞ ദിവസമാണ് മറ്റ് ചില പ്രശ്‌നങ്ങളുടെ പേരില്‍ സസ്‌പെന്‍ഷനിലായത്. ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ദേവസ്വം ജീവനക്കാര്‍ ശബരിമലയിലും ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും നടത്തുന്ന കൊള്ളകള്‍ വേറെ. നിലയ്ക്കലില്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പേരില്‍ എഴുപത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.
ഹിന്ദു സഖാക്കന്മാര്‍ ശബരിമല തീര്‍ത്ഥാടനം ചെയ്യാന്‍ പാടില്ലെന്നു വിലക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ദേവസ്വം ബോര്‍ഡ് അമ്പലം പിടിച്ചെടുത്ത് ഭരിക്കുന്നതില്‍ തെറ്റ് കാണാറില്ല. ക്ഷേത്ര വിശ്വാസത്തെ ഇല്ലായ്മ ചെയ്യാനും ക്ഷേത്ര മുതല്‍ കൊള്ളയടിക്കാനുമുള്ള എളുപ്പ വഴി എന്ന നിലയിലാണ് ദേവസ്വം ബോര്‍ഡ് ഭരണത്തെ കമ്മ്യൂണിസ്റ്റുകള്‍ കാണുന്നത്. ഏറ്റവും നിരീശ്വരവാദിയും ഹിന്ദു വിരുദ്ധനുമായ വ്യക്തിയെ തന്നെ ബോര്‍ഡ് പ്രസിഡന്റാക്കുവാന്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് അവര്‍ ശ്രദ്ധിക്കാറുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ദേവസ്വം മുതല്‍ കൊള്ളചെയ്യാന്‍ നിരവധി വഴികള്‍ അവലംബിക്കാറുണ്ട്. അതില്‍ ഒന്നാണ് ദേവസ്വം നിയമനങ്ങള്‍.ക്ഷേത്ര നടവരവുകൊണ്ട് പാര്‍ട്ടി സഖാക്കളെ തീറ്റിപ്പോറ്റുന്ന പരിപാടിയാണ് നടന്നു വരുന്നത്.കൂടാതെ നിയമനങ്ങള്‍ക്ക് വാങ്ങുന്ന കൈക്കൂലിയില്‍ ഒരു വിഹിതവും പാര്‍ട്ടിക്കുള്ളതാണ്. ക്ഷേത്രങ്ങളിലെ മരാമത്ത് പണികളുടെ മറവില്‍ നടക്കുന്ന കൊള്ളകള്‍ ഇതിനു പുറമെയാണ്. ക്ഷേത്രങ്ങളിലെ നടവരവ് ഹിന്ദുസമൂഹത്തിന് ഉപകാരപ്രദമാകരുത് എന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിഷ്‌കര്‍ഷ പുലര്‍ത്താറുണ്ട്.
തിരുവിതാംകൂറിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും നിത്യനിദാനങ്ങള്‍ നടന്നു പോകുന്നത് ശബരിമലയിലെ നടവരവു കൊണ്ടാണ്. ശബരിമലയെ തകര്‍ത്താല്‍ മുഴുവന്‍ ക്ഷേത്രങ്ങളും പട്ടിണിയിലും പ്രതിസന്ധിയിലുമാകുമെന്ന് അറിയുന്ന ശക്തികളാണ് ശബരിമലയ്‌ക്കെതിരെ കരുനീക്കുന്നത്. ലിംഗസമത്വത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ ആചാരലംഘനത്തിന് മുഖ്യമന്ത്രി വിജയന്‍ തന്നെ നേതൃത്വം കൊടുക്കുന്നത് മലയാളികള്‍ കണ്ടതാണ്. ഒരു തീര്‍ത്ഥാടന കാലം മുഴുവന്‍ ശബരിമലയെ പോലീസ് ബാരക്കാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അയ്യപ്പഭക്തരെ ഏതെല്ലാം വിധത്തില്‍ പീഡിപ്പിച്ചു എന്നതും ഏവര്‍ക്കും അറിവുള്ളതാണ്. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശബരിമലയില്‍ കാട്ടിയ പരാക്രമമൊന്നും ഇതര മതസ്ഥരെ സംബന്ധിക്കുന്ന കോടതി ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ ഇടത് ഗവണ്‍മെന്റിനുണ്ടായില്ല. ഏതാണ്ട് ഒന്നര വര്‍ഷമായി കോവിഡ് വ്യാപനംമൂലം ശബരിമല തീര്‍ത്ഥാടനം മുടങ്ങിയതു പോലെയായിരുന്നു. കോവിഡ് പകര്‍ച്ചവ്യാധി ഒട്ടൊക്കെ നിയന്ത്രണത്തിലാകുകയും പ്രതിരോധ കുത്തിവയ്പ് തൊണ്ണൂറ് ശതമാനം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ മനുഷ്യന്‍ ലോകം മുഴുവന്‍ സാമൂഹ്യജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ അശാസ്ത്രീയമായ കോവിഡ് പ്രോട്ടോക്കോളില്‍ ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്തവര്‍ പോലുമുണ്ട്. ബിവറേജ് ഔട്ട്‌ലെറ്റില്‍ വരി നില്‍ക്കുമ്പോള്‍ പകരാത്ത കോവിഡ് വൈറസ് ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍ പകരുമെന്നു കണ്ടുപിടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കോളേജും സ്‌കുളും സിനിമാശാലകളും വരെ തുറന്നെങ്കിലും ശബരിമല തീര്‍ത്ഥാടനത്തിനേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാണുമ്പോള്‍ സംശയം ജനിക്കുകയാണ്. കുറെ വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടന കാലത്തുയര്‍ന്നുവരാറുള്ള മുല്ലപ്പെരിയാര്‍ പ്രശ്‌നം പതിവുപോലെ ഈ വര്‍ഷവും ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രതിദിനം മുപ്പതിനായിരം പേര്‍ക്കു മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഇത് തന്നെ പോലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരേയും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും മറ്റ് നിയന്ത്രണങ്ങള്‍ ഇല്ലാതെ ദര്‍ശനത്തിന് അനുവദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. പകരം ഉപാധികള്‍ കൊണ്ട് തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.
എരുമേലിയില്‍ നിന്ന് ആരംഭിക്കുന്ന പരമ്പരാഗത കാനനപാത തുറന്നുകൊടുക്കാതിരിക്കുന്നത് തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയായി കാണേണ്ടിയിരിക്കുന്നു. പരമ്പരാഗത കാനനപാതയില്‍ കൊറോണ വൈറസ് പതിയിരിക്കുന്നു എന്ന വിവരം പുതിയ അറിവാണ്. അതു പോലെ പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട് വഴിയും അയ്യപ്പഭക്തരെ കടത്തിവിടില്ല എന്നു പറയുന്നതിന്റെ പിന്നിലും ദുരൂഹതകളുണ്ട്. പമ്പയിലും സന്നിധാനത്തും വിരിവെക്കാനും രാത്രി തങ്ങാനും പാടില്ല എന്നു പറയുന്നതിലും നല്ലത് ഇനി മുതല്‍ ശബരിമല തീര്‍ത്ഥാടനം കേരളത്തില്‍ നിരോധിച്ചിരിക്കുന്നു എന്നു പറയുന്നതാവും. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് മതം തടസ്സമെന്നു പറയുന്നവര്‍ക്കും ഭക്ഷണത്തില്‍ തുപ്പി ഹലാലാക്കുന്നവര്‍ക്കും ഒന്നുമില്ലാത്ത നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിനു മാത്രമേര്‍പ്പെടുത്തുമ്പോള്‍ കേരളത്തിലെ ഹിന്ദു വിശ്വാസികള്‍ രണ്ടാം തരം പൗരന്മാരായിപ്പോകുന്നതു പോലെ തോന്നുന്നു.