ഒക്ടോബര്‍ 22-ലെ കേസരിയില്‍ ‘ഡോക്ടര്‍ മുംഝെയുമായി അകലുന്നു’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം കണ്ടു. മനഃപൂര്‍വ്വമല്ലെങ്കിലും വായനക്കാരായ സ്വയംസേവകരില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു ലേഖനവും തലക്കെട്ടുമാണിത്. ഗുരുജിയുടെ കാലത്ത് സംഘം ഹിന്ദുമഹാസഭയുമായും കക്ഷിരാഷ്ട്രീയവുമായും അകലം പാലിച്ചു എന്നു പറയാനാണ് ലേഖനം പരിശ്രമിക്കുന്നത്. അക്കാര്യം സത്യവും സംഘരേഖകളില്‍ വ്യക്തവുമാണ്. എന്നാല്‍ ഇതു സ്ഥാപിച്ചെടുക്കാനായി ഡോ.മുംഝെ സംഘവുമായി അകന്നുവെന്നും ശ്രീഗുരുജി അദ്ദേഹത്തെ ‘അകറ്റി നിര്‍ത്തി’ എന്നുമുള്ള നിഗമനങ്ങള്‍ തീര്‍ത്തും തെറ്റാണ്.
ശ്രീഗുരുജിയുടെ നേതൃത്വ കാലയളവില്‍ സംഘം വിവിധ തരത്തിലുള്ള നയപരമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അബോധപൂര്‍വ്വമായി പോലും ആരെയും അകറ്റി നിര്‍ത്തിയിട്ടില്ല. ബ്രിട്ടീഷ് രേഖകള്‍ ആസ്പദമാക്കി അനുമാനിക്കാവുന്നതിലും അപ്പുറമാണ് സംഘവും ശ്രീഗുരുജിയും ഡോ.മുംഝെയുമായുള്ള ബന്ധം.
പ്രധാനമായും മൂന്ന് ഭൂമികകളിലാണ് ഇതും ഇത്തരത്തിലുള്ള എല്ലാ ബന്ധങ്ങളും വിലയിരുത്തപ്പെടേണ്ടത്. കമ്മ്യൂണിസ്റ്റ് ആയിപ്പോയ ആദ്യ സര്‍കാര്യവാഹ് ബാളാജി ഹുദ്ദാര്‍, വീരസാവര്‍ക്കര്‍ മുതലായവരോടൊക്കെയുള്ള സംഘത്തിന്റെ ബന്ധം ഈ പശ്ചാത്തലങ്ങളില്‍ വേണം വിലയിരുത്താന്‍. ഒന്നാമതായി അവര്‍ക്ക് പരമപൂജനീയ സര്‍സംഘചാലകന്മാരോടുള്ള ബന്ധം, രണ്ടാമതായി ഇത്തരക്കാരോട് സംഘത്തിന്റെ മൃദുവും സൗമനസ്യത്തോട് കൂടിയതും ആദരപൂര്‍വ്വകവുമായ നിലപാട്, മൂന്നാമതായി നാം ആശ്രയിക്കുന്ന രേഖകള്‍ എത്ര കണ്ട് സംഘ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന ഒരു സ്വയംസേവകന്റെ തിരിച്ചറിവ് എന്നിവയാണവ. ഈ മൂന്നു ഭൂമികകളില്‍ ഡോ.മുംഝെയോടുള്ള സംഘത്തിന്റെ നിലപാട് ഒന്നു പരിശോധിച്ചു നോക്കാം.
പൂജനീയ ഡോക്ടര്‍ജിയ്ക്ക് പിതൃതുല്യനായിരുന്നു ഡോ.മുംഝെ. ഡോക്ടര്‍ജിയുടെ മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കാന്‍ രേഖാമൂലം ശുപാര്‍ശ നല്‍കിയത് ഡോ.മുംഝെയാണ്. 1910-ല്‍ അദ്ദേഹത്തെ കല്‍ക്കത്തയിലയച്ച് പഠിപ്പിക്കാന്‍ ശുപാര്‍ശക്കത്ത് നല്‍കിയതും ധനസഹായം നല്‍കിയതും ഡോ.മുംഝെ തന്നെ. 1930-കളിലെ വനസത്യഗ്രഹത്തിന് ഡോക്ടര്‍ജി അദ്ദേഹത്തെയാണ് മുന്നില്‍ നിര്‍ത്തിയത്. 1934 ല്‍ അഖിലഭാരതീയ തലത്തില്‍ നടന്ന ആദ്യത്തെ ഒ.ടി.സിയിലെ അധ്യക്ഷന്‍ ഡോ.മുംഝെയായിരുന്നു. 1936 ലെ ഒ.ടി.സിയിലും, 1937 ലെ ഹിന്ദു സാമ്രാജ്യ ദിനത്തിലും ഡോ.മുംഝെയുടെ പ്രഭാഷണങ്ങള്‍ ഉണ്ടായിരുന്നു. 1934ല്‍ കമ്മ്യൂണല്‍ അവാര്‍ഡിനെതിരായുള്ള ഡോ.മുംഝെയുടെ പ്രസ്താവനയില്‍ ഒപ്പിട്ട ഒരാള്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറായിരുന്നു. രസകരമായ വസ്തുത ഇതൊന്നുമല്ല. ഹിന്ദു മിലിട്ടറി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ആദ്യ കമ്മറ്റിയില്‍ ഡോക്ടര്‍ജി അംഗമായിരുന്നു. അദ്ദേഹം 100 രൂപ വരിസംഖ്യയും നല്‍കിയിരുന്നു. ഭോണ്‍സ്ലെ മിലിട്ടറി സ്‌കൂളിന്റെ സ്ഥാപനത്തിലും ഡോക്ടര്‍ജി പങ്കാളിയായി. അതിനു സ്ഥലം കണ്ടെത്തിയതും അത് ശരിയാക്കിയതും ഡോക്ടര്‍ജിയാണ്. ഡോക്ടര്‍ജിയുടെ മരണത്തിന് രണ്ട് ദിവസം മുമ്പ് ഡോ.മുംഝെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ഡോക്ടര്‍ജിയുടെ മരണശേഷം 1940 ജൂണ്‍ 23 ന് നാഗ്പൂരില്‍ നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ അധ്യക്ഷം വഹിച്ചതും ഡോക്ടര്‍ജിയുടെ ചിത്രത്തില്‍ മാല ചാര്‍ത്തിയതും സമാരോപ് പ്രഭാഷണം നടത്തിയതും ഡോ.മുംഝെയാണ്.
എങ്ങനെയാണോ ഡോക്ടര്‍ജി ഡോ.മുംഝെയെ ആദരിച്ചതും സ്‌നേഹിച്ചതും, അതേ രീതി തന്നെ രണ്ടാമത്തെ പൂജനീയ സര്‍സംഘചാലകനായ ശ്രീഗുരുജിയും തുടര്‍ന്നു. ഡോ.മുംഝെക്ക് അന്ന് 68 വയസ്സും ശ്രീഗുരുജിക്ക് അതിന്റെ പാതിയുമായിരുന്നു. എങ്കിലും ഈ പ്രായവ്യത്യാസത്തിന്റെ അതിരുകള്‍ ഭേദിച്ചു കൊണ്ടു തന്നെ ഡോക്ടര്‍ജിയുടെ പിതൃതുല്യനായ മുംഝെയുമായി ഗുരുജി വ്യവഹരിച്ചു. പിന്നീട് അനാ രോഗ്യവും മറ്റുമായി ഡോ.മുംഝെ കാലയാപനം ചെയ്തു. 1948 ല്‍ അദ്ദേഹം മരണമടഞ്ഞു. ഇതിനിടയില്‍ എട്ടു വര്‍ഷം കൊണ്ട് ശ്രീഗുരുജി അദ്ദേഹത്തെ അകറ്റി നിര്‍ത്തി എന്ന് വിവക്ഷിക്കുന്നത് സ്വയംസേവകന്റെ ചിന്താശൈലിയ്ക്ക് ഭൂഷണമല്ല. മാത്രമല്ല പാപമാണു താനും.
1966 ല്‍ ഡോ.മുംഝെയുടെ ജീവചരിത്രത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും സ്വയംസേവകനുമായ ബാല്‍ശാസ്ത്രി ഹര്‍ദാസ് രചിച്ച ആ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ശ്രീഗുരുജിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 1989 ല്‍ അതിന്റെ രണ്ടാം ഭാഗം വന്നപ്പോള്‍ അതിന് ആമുഖമെഴുതിയത് അന്നത്തെ പൂജനീയ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ്ജിയാണ്. അതിനുശേഷം അദ്ദേഹത്തിന്റെ മകള്‍ വീണാ ഹര്‍ദാസ് ബാബാ സാഹേബ് ആപ്‌ടെജിയുടെ സ്മരണികയില്‍ എഴുതി. അദ്ദേഹത്തിന്റെ അനുജന്‍ ഹരിഭാവു മുംഝെ സംഘ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു. കെ.എസ്.സുദര്‍ശന്‍ജി വരെയുള്ള പൂജനീയ സര്‍സംഘചാലകന്മാരെല്ലാം ഈ കുടുംബവുമായി നേരിട്ട് ബന്ധം പുലര്‍ത്തി.
ഡോ.മുംഝെയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന സമയത്ത് അതിനായി ഒരു സമിതിയുണ്ടാക്കി. ആ സമിതിയുടെ രക്ഷാധികാരി ശ്രീഗുരുജിയായിരുന്നു. ഒരുപക്ഷെ പൂജനീയ സര്‍സംഘചാലകനായിരിക്കെ ആലങ്കാരികമായിപ്പോലും മറ്റൊരു പദവി ഏറ്റെടുക്കാത്ത ഗുരുജി എന്തുകൊണ്ടാണ് ഈ സ്ഥാനം നിരസിക്കാതിരുന്നതെന്ന് നാം ചിന്തിക്കണം. പൂജനീയ ഡോക്ടര്‍ജിക്ക് അദ്ദേഹത്തിന്റെ പിതൃസമാനനായ ഒരാളോടുള്ള കടപ്പാട് നിറവേറ്റാനായിരിക്കണം ശ്രീഗുരുജി ഇതു ചെയ്തത്. പ്രസ്തുത ആഘോഷത്തിന്റെ ഭാഗമായി ഡോ.മുംഝെയുടെ പ്രതിമ അനാവരണം ചെയ്തതും ഗുരുജി തന്നെ. ഈ പശ്ചാത്തലത്തില്‍ ആശയപരവും സംഘടനാപരവുമായ വൈവിധ്യങ്ങള്‍ക്കുമപ്പുറത്ത് വ്യക്തിബന്ധങ്ങളുടെ മഹത്വം കാത്തു സൂക്ഷിക്കുന്ന ശ്രീഗുരുജി ഒരാളെ സംഘത്തില്‍ നിന്നും അകറ്റി നിര്‍ത്തി എന്നു കരുതുന്നതിലെ നിരര്‍ത്ഥകത നമുക്ക് ബോധ്യം വരണം.
സംഘത്തില്‍ ആരെയും അകറ്റി നിര്‍ത്തുന്ന ശൈലി നമുക്കില്ല. പിന്നെയല്ലേ പ്രാരംഭകാലത്ത് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ ഒരാളെ അകറ്റി നിര്‍ത്തുന്നത്. അയാള്‍ ഏതു മേഖലയില്‍ പോയാലും സഹകരണത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുക എന്നതാണ് നമ്മുടെ ശൈലി. പൂജനീയ ഡോക്ടര്‍ജിയിലൂടെ ആരംഭിച്ച ആ ശൈലിക്ക് കോട്ടം വരുത്തുന്ന ഒരു പ്രവൃത്തിയും ശ്രീഗുരുജിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നത് തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നില്ല.
ഈ വിഷയത്തിന്റെ മൂന്നാമത്തെ വശം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ബ്രിട്ടീഷ് രേഖകളിലെ വര്‍ണ്ണനകളെ പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുത്ത് നിഗമനങ്ങളിലേയ്ക്ക് എടുത്തു ചാടുന്നത് ശരിയല്ല. ഇവയൊക്കെയും ഔദ്യോഗിക രേഖകള്‍ ആണെങ്കിലും ആധികാരിക രേഖകള്‍ അല്ല. സംഘത്തിന്റെ പശ്ചാത്തലം പഠിക്കാമെന്നല്ലാതെ സംഘകാര്യശൈലിയെ സംബന്ധിച്ച് നിഗമനങ്ങളിലെത്താന്‍ ഇവ പര്യാപ്തമല്ല. സംഘ സാഹിത്യങ്ങളില്‍ ഉള്ള വസ്തുതകളുമായി തട്ടിച്ചു നോക്കാതെ ഇവയെ പഠിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നത് അഭികാമ്യമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ലേഖനത്തിലെ നിഗമനം. ഇനി ഇതിന്റെ പിന്നിലുള്ള ചേതോവികാരത്തെക്കുറിച്ച് ചിന്തിക്കാം. സംഘം ഫാസിസ്റ്റല്ല എന്നു സമര്‍ത്ഥിക്കാന്‍ ഡോ.മുംഝെയേയോ സാവര്‍ക്കറേയോ തള്ളി പ്പറയേണ്ട ആവശ്യം നമുക്കില്ല. ഹിറ്റ്‌ലറെ കണ്ട നേതാജിയെ സ്വീകരിക്കാമെങ്കില്‍ മുസോളിനിയെ കണ്ട മുംഝെയെ തളളിപ്പറയേണ്ട ആവശ്യം നമുക്കില്ല.