തന്ത്രശാസ്ത്രത്തിലെ കുണ്ഡലിനീ സങ്കല്പം ഇവിടെ പ്രസക്തമാണ്. നട്ടെല്ലിന്റെ കീഴറ്റത്തിനു താഴെയുള്ള മൂലാധാര ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ഡലിനീശക്തിയെ ഉറങ്ങിക്കിടക്കുന്ന സര്‍പ്പവുമായാണ് ഉപമിച്ചിരിക്കുന്നത്. അതിനെ പ്രാണശക്തി കൊണ്ട് ഉണര്‍ത്തി സുഷുമ്‌നാ മാര്‍ഗത്തിലൂടെ ഉയര്‍ത്തി മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തില്‍ എത്തിക്കുന്നതാണ് കുണ്ഡലിനീ യോഗം. ശിവന്‍ നാഗഭൂഷണനും വിഷ്ണു നാഗേന്ദ്ര ശയനനുമാണ്. അങ്ങിനെ നമ്മുടെ ശാസ്ത്രങ്ങളില്‍ നിറഞ്ഞുനില്കുന്ന സങ്കല്പമാണ് സര്‍പ്പത്തിന്റേത്.
ചെയ്യുന്ന വിധം
കമഴ്ന്നു കിടക്കുക. കാലുകളും കാല്‍പ്പത്തികളും ചേര്‍ന്നിരിക്കും. കാല്‍പ്പത്തിയുടെ അടിഭാഗം മേലോട്ട് നോക്കിയിരിക്കും. കാലിന്റെ പുറവടി നിലത്തു പതിഞ്ഞിരിക്കും. കൈകള്‍ കോര്‍ത്ത് പിറകില്‍ പൃഷ്ഠത്തിനു മേലെ വെക്കുക. താടി മുന്നോട്ടു നീട്ടി നിലത്തു മുട്ടിച്ചു വെക്കുക. ശ്വാസമെടുത്തുകൊണ്ട് സാവധാനത്തില്‍ പുറത്തെ കീഴ്ഭാഗത്തെ പേശികളുടെ ബലത്തില്‍ നെഞ്ചും തലയും കഴിയുന്നത്ര ഉയര്‍ത്തുക. കോര്‍ത്ത കൈകള്‍ പിന്നിലേക്കും മേലേക്കും വലിയണം. ചുമലുകള്‍ പിന്നോട്ടു വലിയും; തോള്‍ പലകകള്‍ തമ്മില്‍ പിണയും. ദൃഷ്ടി മുന്നില്‍.
ഗുണങ്ങള്‍
ഭുജംഗാസനത്തിന്റെ മുന്നോടിയായി ചെയ്യാവുന്ന ആസന്നമാണിത്. ശ്വസനത്തിന് ആഴം കൂട്ടാന്‍ സഹായിക്കും. നടുവേദന കുറക്കും. നട്ടെല്ലിന് വഴക്കം കിട്ടും. വിശപ്പ് വര്‍ദ്ധിപ്പിക്കും. മലബന്ധം ഇല്ലാതാക്കും. ലിവര്‍, കിഡ്‌നി മുതലായ ഉദര അവയവങ്ങള്‍ക്ക് ഗുണകരമാണ്.