രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകചിന്തയില്‍ ഉണ്ടായ ഒരു പ്രകടമായ വ്യതിയാനമാണ് ഉത്തരാധുനികത. സകല മാമൂലുകളെയും നിഷേധിച്ച്, സ്വാതന്ത്ര്യത്തെ ആഘോഷിച്ച ആധുനികത മരിച്ചു എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ഉത്തരാധുനികത ആവിര്‍ഭവിച്ചത്. ഉത്തരാധുനികതയുടെ പ്രമുഖ വക്താവായ ഫ്രാന്‍സ്വാ ലൊത്യാര്‍ദ ഒരിക്കല്‍ പറഞ്ഞു, എല്ലാ മഹാ ആഖ്യാനങ്ങളെയും അവിശ്വസിക്കേണ്ട കാലമായെന്ന്. ചരിത്രം, മതം, തത്ത്വശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയവയെല്ലാം അതേ നിലയില്‍ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഉത്തരാധുനികര്‍ വാദിച്ചു.

സത്യം എന്ന് പറയുന്നത് ആപേക്ഷികമാണത്രേ. നമുക്ക് താല്പര്യമുള്ള രീതിയില്‍ സത്യം അവതരിപ്പിക്കപ്പെടുകയാണ്. വസ്തുനിഷ്ഠ സത്യമില്ല എന്നാണ് ഉത്തരാധുനികരുടെ നിലപാട്. സത്യത്തെ തേടാന്‍ നാം ഉപയോഗിക്കുന്നതെല്ലാം രാഷ്ട്രീയ പക്ഷപാതമുള്ളതായതുകൊണ്ട് സത്യത്തെ ഒരിക്കലും നേടാനാവില്ലെന്ന് അവര്‍ ചിന്തിക്കുന്നു.
ഭാഷക്ക് പുറത്ത് ഒരു യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നില്ല എന്നതാണ് മറ്റൊരു കാഴ്ചപ്പാട്. ഭാഷയാണ് ജ്ഞാനത്തെയും യാഥാര്‍ത്ഥ്യത്തെയും ഉല്പാദിപ്പിക്കുന്നത്. ചുരുക്കത്തില്‍, ഭൗതികജീവിതത്തെയും അതിന്റെ വ്യവഹാരങ്ങളെയും ഉത്തരാധുനികത വിശ്വസിക്കുന്നില്ല; അല്ലെങ്കില്‍ മൗലികമായി കാണുന്നില്ല. സമൂഹം നിര്‍വ്വഹിക്കുന്നതാണത്രേ സത്യം. അതായത് സകലതും, വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ മിഥ്യയാണ്. മിഥ്യയെന്നാല്‍ സ്ഥിരമായ അസ്തിത്വമില്ലാത്തത്, മാറാവുന്നത്, യഥാര്‍ത്ഥമല്ലാത്തത് എന്നൊക്കെയാണല്ലോ അര്‍ത്ഥം. മിഥ്യയായ ജീവിതത്തില്‍ എന്താണ് പ്രതീക്ഷിക്കാനുള്ളതെന്ന ചോദ്യത്തോട് ഉത്തരാധുനികര്‍ക്ക് പ്രതികരിക്കാന്‍ കഴിയില്ല. കാരണം അതിലൊരു ശൂന്യതയുണ്ട്. ഭൂതകാലം നഷ്ടപ്പെടുകയാണ് അവിടെ.
ഉത്തരാധുനികതയ്ക്ക് ഉപനിഷത്തുമായി ബന്ധമുണ്ടാകുന്നത് ഇവിടെയാണ്. രണ്ടും ഒന്നാണെന്ന് പറയുകയല്ല, രണ്ടിലും സമാനമായ ചിലതുണ്ട്. മനുഷ്യചിന്തയുടെ ഒരു തലമാണത്. ഉപനിഷത്തില്‍ പുറമേ കാണുന്ന ലോകം സത്യമല്ല; അതിനപ്പുറം ഏകമായ തത്ത്വത്തെയാണ് അത് തേടുന്നത്. ലോകം സത്യമല്ലാതിരിക്കുന്നു. എന്നാല്‍ സത്യം എന്ന തത്ത്വത്തില്‍ ലോകം ആയിരിക്കുകയും ചെയ്യുന്നു. ജീവിതപ്രക്രിയകള്‍ സത്യത്തെ മറച്ചുവച്ചിരിക്കുന്നു. അതുകൊണ്ട് അതില്‍ മിഥ്യ ആരോപിക്കുന്നു. മിഥ്യയെ മറികടക്കാന്‍ ഒരു വഴിയെയുള്ളൂ; എല്ലാ വസ്തുക്കളിലും ആത്മാവ് ഉണ്ടെന്ന് മനസ്സിലാക്കണം. ആ ആത്മാവ് നമ്മുടെ തന്നെ ഒരംശമാണ്. അങ്ങനെ ലോകത്തിന്റെ ആത്മാവുമായി നമുക്ക് അഭേദ്യമായ ബന്ധം ഉണ്ടാകുന്നു. ഉപനിഷത്തിലും ബാഹ്യസത്യം അഥവാ യാഥാര്‍ത്ഥ്യം നിര്‍മ്മിതമാണ്; സാമൂഹികമായ നിര്‍മ്മിതി തന്നെ. ഉത്തരാധുനികതയിലും അങ്ങനെ തന്നെ. ഉത്തരാധുനികതയിലെ മിഥ്യയ്ക്ക് അന്ത്യമില്ല. അതുകൊണ്ട് അവിടെ പലതരം സത്യങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കപ്പെടുന്നു. എന്നാല്‍ ഉപനിഷത്തിലാകട്ടെ സത്യം മറഞ്ഞിരിക്കുന്നതുകൊണ്ട് മിഥ്യയ്ക്ക് എപ്പോഴും പ്രകടഭാവമുണ്ട്. അതിനെ നേരിടാനായി മനുഷ്യന്‍ ആത്മാവിന്റെ അംശമായി കണ്ട് മിഥ്യയെ സമീപിക്കുന്നു. അതായത് വ്യക്തി പലതാണ്; ഉപനിഷത്തിന്റെ പ്രായോഗിക പോം വഴി ഇതാണ്.
”മനോമയ: ആത്മാ”
(തൈത്തിരിയോപനിഷത്ത്). അതായത്, മനോമയമായ ആത്മാവിനെ കണ്ടെത്തുന്നു എന്ന്. മനസ്സില്‍ നിന്നാണ് അത് ഉദയം കൊള്ളുന്നത്.
പഴയ ഗം ചവയ്ക്കുക

പ്രമുഖ സാഹിത്യവിമര്‍ശകനായ ജോണ്‍ സൂതര്‍ലന്‍ഡ് പറഞ്ഞു, പഴയ ഗം വ്യത്യസ്തമായി ചവയ്ക്കണമെന്ന്. അത് ഒരു വലിയ സാഹിത്യ തത്ത്വമാണ്. നമ്മുടെ അരികെ പഴയ പശയേ കാണൂ. അത് വെറുതെ ചവയ്ക്കുന്നതിലല്ല വ്യത്യസ്തമായി ചവയ്ക്കുന്നതിലാണ് അഭിരുചി നിലനില്‍ക്കുന്നത്. പക്ഷേ സാഹിത്യകൃതികള്‍ നമുക്ക് വീണ്ടും വായിക്കാം; വ്യത്യസ്തമായി വായിക്കാം. ഓരോ വായനയും പുതിയ അനുഭവമാണ്. രചനയിലും പഴയ ഗം പുതിയ രീതിയില്‍ ചവയ്‌ക്കേണ്ട ആവശ്യമുണ്ട്. പഴയ പ്രകൃതിയാണ് നമ്മുടെ മുന്നിലുള്ളത്; സൂര്യചന്ദ്രന്മാര്‍ മാറുന്നില്ല. എന്നാല്‍ ഈ പ്രതിഭാസങ്ങളെ എഴുത്തുകാരന്‍ പുതുതായി കാണേണ്ടതുണ്ട്. അവിടെ നിന്നാണ് പുതിയ ലോകം ഉണ്ടാവുന്നത്. എന്നാല്‍ പുതിയ രീതിയില്‍ ഗം ചവച്ചില്ലെങ്കില്‍, പഴയ സാഹിത്യരചനകളുടെ ആവര്‍ത്തനമാവും സംഭവിക്കുക.
പൊട്ടിത്തെറിക്കുന്ന വികാരങ്ങള്‍
സാഹിത്യകൃതിയില്‍ അതിവൈകാരികത അല്ലെങ്കില്‍ പൊട്ടിത്തെറിക്കുന്ന വികാരങ്ങള്‍ പാടില്ലെന്നാണ് പാശ്ചാത്യവും പൗരസ്ത്യവുമായ സിദ്ധാന്തങ്ങളെല്ലാം പറയുന്നത്. ചോരുന്ന തൊട്ടിയില്‍ വെള്ളം കോരിയാല്‍ മിച്ചമുണ്ടാകില്ല. അതി വൈകാരികത വന്നാല്‍ സത്ത ഇല്ലാതാവും. വികാരം കരച്ചിലോ ക്ഷോഭമോ ആയി നിലംപൊത്തും. അതുകൊണ്ടാണ് തെറിസാഹിത്യം പലപ്പോഴും എങ്ങുമെത്താതെ പോകുന്നത്.
സാഹിത്യകൃതിക്ക് സൗന്ദര്യമാണ് ഉണ്ടാകേണ്ടത്. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം വികാരങ്ങളുടെ മിതവ്യയമാണ് തരുന്നത്. ടാഗൂറിന്റെ ഗീതാഞ്ജലി നല്ലൊരു ഉദാഹരണമാണ്. കുമാരനാശാന്‍ ‘കരുണ’യില്‍ എത്ര കരുതലോടെയാണ് വികാരത്തെ നിയന്ത്രിച്ചത്.

പ്രമുഖ നോവലിസ്റ്റ് മിലാന്‍ കുന്ദേര ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: ”കല എപ്പോഴും പൊട്ടിത്തെറിക്കുന്ന വികാരങ്ങളെ പ്രതിരോധിച്ചുനില്‍ക്കണം; അതായത്, രചനയുടെ സൗന്ദര്യാത്മകതയ്ക്ക് വെളിയിലുള്ള വികാരങ്ങളെ.” ലൈംഗികതയോ, ഭീതിയോ, ഞെട്ടലോ പോലെയുള്ള അതിതീവ്രമായ വികാരങ്ങളെ രചനയില്‍ തുറന്നുവിട്ടാല്‍, അനുവാചകന്‍ അതാവും ശ്രദ്ധിക്കുക; കലാംശം മരിക്കുകയും ചെയ്യും. ഇത് പലരും മനസ്സിലാക്കാത്തതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പലപ്പോഴും അതീവക്ഷോഭമോ അതിസങ്കടമോ ആണ് കവിതകളിലും മറ്റും കടന്നുകൂടുന്നത്. ഒരു പ്രമേയം ആവശ്യപ്പെടുന്ന വികാരവും ഭാഷയുമാണ് ഉണ്ടാകേണ്ടത്.
വായന
വൈക്കം ചന്ദ്രശേഖരന്‍ നായരെക്കുറിച്ച് ബാബു വികാസ് എഴുതിയ ലേഖനം – ‘വൈക്കം ചന്ദ്രശേഖരന്‍ നായരെ ക്ഷണിച്ചു – 5 മണിക്കെത്തി’ (ആശ്രയ മാതൃനാട്) ഒരു കാലഘട്ടത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു.

ഭൂതകാലം അറിയാതെ വളരുന്ന വായനക്കാരും എഴുത്തുകാരുമാണ് അധികവും. വൈക്കത്തെപ്പോലെ പ്രസംഗിക്കാന്‍ ആര്‍ക്കും കഴിയില്ല. സംഗീതമാലപിക്കുന്നതുപോലെയാണ് ആ പ്രസംഗം അനുഭവപ്പെടുക. വൈക്കത്തിന്റെ ആഹ്വാനപ്രകാരം പത്തൊന്‍പത് പെണ്‍കുട്ടികളുടെ വിവാഹം ഒരുമിച്ച് നടത്തിയ കാര്യമാണ് ബാബു എഴുതുന്നത്. തോട്ടം രാജശേഖരന്റെ ധാര്‍മ്മികരോഷം വളരെ പ്രസക്തമാണ്. ‘ബുജി വരിക ഭവാന്‍ വീണ്ടും’ എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ (പ്രഭാതരശ്മി) അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു. ”തനി ബുദ്ധിജീവികളായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ ഞാനീനാട്ടുകാരനേയല്ല എന്ന നാട്യത്തില്‍ വിരാജിക്കുന്നു. അറുപത് ലക്ഷം വരെ കോഴ കൊടുത്ത് കോളേജുകളില്‍ കുട്ടികളുടെ അകക്കണ്ണ് തുറപ്പിക്കാന്‍ അച്ചാരം വാങ്ങുന്ന ആശാന്മാര്‍ സ്വതന്ത്രരായ ദൃഢചിത്തരുമല്ല. ഉദ്യോഗസ്ഥവര്‍ഗവും സ്വയം അണിഞ്ഞ കാല്‍ച്ചങ്ങലകളാല്‍ ബന്ധനസ്ഥരാണ്. അറിവിന്റെ നുറുങ്ങുവെട്ടം പോലും പരത്താന്‍ അവര്‍ക്കാവുന്നില്ല.” വളരെ ശരിയായ നിരീക്ഷണമാണിത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചങ്ങനാശ്ശേരിയിലെ ഒരു പ്രശസ്ത കലാലയത്തിലെ ഒരു മലയാളം അദ്ധ്യാപകന്‍ എന്നോട് പറഞ്ഞത്, രണ്ടു വര്‍ഷമായി താന്‍ ആനുകാലികങ്ങള്‍ വായിക്കാറില്ല എന്നാണ്. പണമില്ലാത്തതുകൊണ്ടല്ല, വായിച്ചാല്‍ അലര്‍ജിയുടെ അസുഖം വരും; അതുകൊണ്ടാണ്. രണ്ടു വര്‍ഷമായി ആനുകാലികങ്ങള്‍ വായിക്കാത്ത അദ്ധ്യാപകനെ എന്തിനു കൊള്ളാം? സമകാലീനമായ പ്രമേയങ്ങളെക്കുറിച്ച് അയാള്‍ക്ക് വല്ല വിവരവുമുണ്ടോ? അയാള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ സാമാന്യം തരക്കേടില്ലാത്ത വിഡ്ഢികളായി പുറത്തുവരും. പുതിയ പുസ്തകങ്ങളും രചനകളും വായിക്കാന്‍ പ്രേരിപ്പിക്കാത്ത അദ്ധ്യാപക സമൂഹം വല്ലാത്തൊരു ദുരന്തത്തിലേക്കാവും നമ്മെക്കൊണ്ടെത്തിക്കുക.
അദ്ധ്യാപക ജോലി, വെറുമൊരു തൊഴിലല്ല; അത് സര്‍ഗാത്മകമായ ഒരു വഴിതെളിക്കലാവണം. നമ്മുടെ ലൈബ്രറികളിലാവട്ടെ മറ്റൊരു ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടെ പുതിയ പുസ്തകങ്ങള്‍ വരുന്നില്ല. രണ്ടും മൂന്നും ദശാബ്ദങ്ങള്‍ പഴകിയ പുസ്തകങ്ങള്‍ പുതിയതാണെന്ന ധാരണയില്‍ വായിക്കപ്പെടുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട പത്ത് നോവലുകളോ മറ്റ് കൃതികളോ നമ്മുടെ ലൈബ്രറികളില്‍ കാണാന്‍ കഴിയില്ല. സംസ്‌കൃത സാഹിത്യത്തിലെയോ ആധുനിക ലോകസാഹിത്യത്തിലെയോ കൃതികളില്ല. ഈ നൂറ്റാണ്ടിലെ പത്ത് പ്രധാന കൃതികള്‍ ഇവിടെ നിരത്തുകയാണ്. ഇവയിലൊന്നുപോലും നമ്മുടെ വായനശാലകളില്‍ എത്തിയിട്ടില്ല.
1. 1084 ഹാറുകി മുറകാമി.
2. അമേരിക്കന്‍ ഗോഡ്‌സ്- നീല്‍ ഗെയ്മന്‍.
3. വൈറ്റ് ഈസ് ഫോര്‍ വിച്ചിംഗ് – ഹെലന്‍ ഒയേയെമി.
4. ദ കൂരിയസ് ഇന്‍സിഡന്റ് ഓഫ് ദ് ഡോഗ് ഇന്‍ ദ നൈറ്റ് ടൈം (ഠവല രൗൃശീൗ െശിരശറലി േീള വേല റീഴ ശി വേല ിശഴവ േശോല) ദാര്‍ക് ഹാഡന്‍.
5. വൈറ്റ് ടീത്ത് – സാഡീ സ്മിത്ത്.
6. ദ് ബ്രീഫ്, വണ്ട്‌റസ് ലൈഫ് ഓഫ് ഓസ്‌കാര്‍ വോ – ജുനോദ് ഡയസ്.
7. കളക്റ്റഡ് എസ്സേയ്‌സ് ആന്‍ഡ് മെമോയിര്‍സ് ആല്‍ബര്‍ട്ട് മുറെ.
8. എ കോണ്‍സ്റ്റെല്ലേഷന്‍ ഓഫ് വൈറ്റല്‍ ഫെനോമെന – ആന്റണി മാറാ.
9. ചെര്‍ണോബില്‍ പ്രേയര്‍ – സ്വെറ്റ്‌ലാന അലക്‌സിവിച്ച്.
10. ദ ലൈറ്റ് ആന്‍ഡ് ദ ഡാര്‍ക്ക് മിഖായേല്‍ ശിഷ്‌കിന്‍.
രമേശ് ബാബുവിന്റെ ഇക്കാറിയ എന്ന കഥ (കലാകൗമുദി) വായനക്ക് അനായാസത നല്‍കി. ഉള്‍ക്കനമുള്ള ഈ കഥയില്‍ ജനാധിപത്യം, പ്രത്യയശാസ്ത്രം, സേവന തത്പരത തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.
കാക്കയുടെ സവിശേഷബുദ്ധിയെപ്പറ്റി പി. നാരായണക്കുറുപ്പ് ‘വകതിരിവ്’ എന്ന കവിതയില്‍ എഴുതിയത് ഉചിതമായി.
‘നിഴലും പരേതരും സംഗമിച്ചാര്‍ക്കുന്ന അഭിസാരസത്രം’ എന്ന് ഇന്ദിരാ അശോക് എഴുതിയത് അര്‍ത്ഥവത്തായി. ആത്മനിന്ദയുടെയും ആത്മസങ്കടത്തിന്റെയും ദുരൂഹമായ സ്ഥലികളിലൂടെ യാത്ര ചെയ്യുന്ന, എന്‍.ബി. സുരേഷിന്റെ ‘എന്തരോ മഹാനുഭാവുലൂ’ എന്ന കവിത (പ്രവാസി ശബ്ദം) ഒരു സമസ്യപോലെ ഹൃദ്യമായി.
എം.ടിയുടെ തറവാട് ആള്‍ത്താമസമില്ലാതെ കിടക്കുകയാണെന്നും പഴയ നാലുകെട്ടോ നടുമുറ്റമോ ഇല്ലാതെ ഒരു ഓട് മേഞ്ഞ വീട് മാത്രമായി അത് ചുരുങ്ങിയെന്നും എം.ടി. രവീന്ദ്രന്‍ എഴുതുന്നു.
അരുന്ധതി റോയിയുടെ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഈ പരിഭാഷ തീരെ മലയാളത്തമില്ലാത്തതും ജീവനില്ലാത്തതുമാണെന്ന് അറിയിക്കട്ടെ. ഒരു ഗദ്യലേഖനമായിരുന്നെങ്കില്‍ പോലും ഈ പരിഭാഷ മതിയാവില്ലായിരുന്നു. അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്നതിന്റെ രക്തമില്ലാത്ത പരിഭാഷയാണ് അത്യാനന്ദം. ക്രിസ്തീയ സങ്കല്പത്തില്‍ ആനന്ദമല്ല, മാനസാന്തരമാണ് മുഖ്യം. അതായത് ഒരാള്‍ക്ക് സന്തോഷമുണ്ടാകണമെങ്കില്‍ പാപം ഏറ്റുപറഞ്ഞ് ഭാരമൊഴിയണം. അപ്പോഴാണ് അയാള്‍ ദൈവത്തിനു പ്രിയപ്പെട്ടതാകുന്നത്; അയാള്‍ അല്ലെങ്കില്‍ അവള്‍. മിനിസ്ട്രി എന്ന വാക്ക് ദൈവവൃത്തി എന്ന് പ്രയോഗിച്ചത് ബുദ്ധിയുടെ വിളയാട്ടം മാത്രമാണ്. അതിനും ജീവനില്ല. മിനിസ്ട്രി എന്നാല്‍ ദൈവത്തിനുള്ള ശുശ്രൂഷയാണ്. ക്രിസ്ത്യന്‍ ആചാരപ്രകാരം അത് വെറും ദൈവവൃത്തിയല്ല; അങ്ങനെ പറഞ്ഞാല്‍ അതിനു യാഥാര്‍ത്ഥ്യവുമായി അടുപ്പം കുറയും. അതായത് മിനിസ്ട്രി ഇവിടെ കൂദാശയാണ്. അതുകൊണ്ട് ‘മാനസാന്തരത്തിനു വേണ്ടിയുള്ള കൂദാശ’ എന്ന് പരിഭാഷപ്പെടുത്തിയാലേ ശരിയാകൂ. ഇതിലാണ് മനുഷ്യനും അവന്റെ ജീവിതവും നിഴലിക്കുന്നത്.