യോഗത്തിന് മൂന്നു തരം അധികാരികള്‍ ഉണ്ട്. മന്ദ – മധ്യമ – ഉത്തമ അധികാരികള്‍. മൂന്ന് ശ്രേണിയിലുള്ളവര്‍. അധികാരി എന്നതിന് മലയാളത്തിലെ അര്‍ത്ഥമല്ല ഇവിടെ. അധികാരം എന്നാല്‍ അര്‍ഹത എന്ന് അര്‍ത്ഥമെടുക്കണം. മൂന്ന് അധികാരികളെ യഥാക്രമം ആരുരുക്ഷു, യുഞ്ജാനന്‍, യോഗാരൂഢന്‍ എന്നു പറയുന്നു. ഈ വാക്കുകള്‍ ഭഗവദ്ഗീതയിലും കാണാം. (ആരുരുക്ഷോര്‍ മുനേര്യോഗം. യോഗാരൂഢസ്യ തസൈ്യവ.) യോഗവൃക്ഷത്തില്‍ ആരോഹണം ചെയ്യാന്‍ (കയറിപ്പറ്റാന്‍) ആഗ്രഹിക്കുന്നവന്‍ ആരുരുക്ഷു, കയറിക്കൊണ്ടിരിക്കുന്നവന്‍ യുഞ്ജാനന്‍, കയറിക്കഴിഞ്ഞവന്‍ യോഗാരൂഢന്‍. ഇവരെ യഥാക്രമം മന്ദാധികാരി, മധ്യമാധികാരി, ഉത്തമാധികാരി എന്നും അറിയണം.
കഴിഞ്ഞ ജന്മത്തില്‍ ബഹിരംഗ സാധനകള്‍ അനുഷ്ഠിച്ചതിനാല്‍ ഇവിടെ യമം, നിയമം, ആസനം മുതലായവയില്ലാതെ തന്നെ യോഗാരൂഢരായിരിക്കുന്ന ജഡഭരതനെപ്പോലുള്ളവര്‍ ഉത്തമരാണ്. അവര്‍ക്കുവേണ്ടിയുള്ള സാധനാ പദ്ധതിയാണ് പതഞ്ജലി തന്റെ യോഗ ദര്‍ശനത്തില്‍ ആദ്യം (സമാധി പാദത്തില്‍) പറയുന്നത്. അഭ്യാസ – വൈരാഗ്യങ്ങള്‍ തന്നെ അവ (അഭ്യാസ വൈരാഗ്യാഭ്യാം തന്നിരോധ:). ക്രിയാ യോഗമോ (അതായത് തപസ്സ്, സ്വാധായം, ഈശ്വരപ്രണിധാനം), യാേഗയുടെ ബഹിരംഗങ്ങളോ (യമ- നിയമ – ആസന – പ്രാണായാമ-പ്രത്യാഹാരങ്ങള്‍) അവര്‍ക്ക് ആവശ്യമില്ല.
ആരുരുക്ഷുയതീനാം ച
കര്‍മജ്ഞാനേ ഉദാഹൃതേ
ആരൂഢയോഗവൃക്ഷാണാം
ജ്ഞാന ത്യാഗൗ പരൗ മതൗ (ഗരുഡ. പു)
ആരുരുക്ഷുക്കള്‍ക്ക് കര്‍മവും ജ്ഞാനവും വേണം. ആരൂഢര്‍ക്ക് ജ്ഞാനവും ത്യാഗവുമാണ് വേണ്ടത്. (ത്യാഗമെന്നാല്‍ യോഗത്തിനു തടസ്സമായ കര്‍മ്മങ്ങളുടെ ത്യാഗം)
ബാഹ്യ കര്‍മങ്ങളാണ് ത്യജിക്കേണ്ടത്. ആന്തരികമായ ഉപാസന വേണം തന്നെ.
എന്നാല്‍ അന്തര്യോഗത്തിന് തടസ്സമുണ്ടാകാത്ത, ഫലാപേക്ഷയില്ലാത്ത കര്‍മ്മങ്ങള്‍ ആവാം.
യദാ ഹി നേന്ദ്രിയാര്‍ഥേഷു
ന കര്‍മസ്വനുഷജ്ജതേ
സര്‍വ സങ്കല്പ സന്യാസീ
യോഗാരൂഢസ്തദോച്യതേ (ഭ. ഗീ)
വിഷയങ്ങളിലും കര്‍മ്മങ്ങളിലും സംഗമില്ലാതെ സര്‍വ സങ്കല്പങ്ങളെയും സന്യസിച്ചവനാണ് യോഗാരൂഢന്‍.
പുത്രേഷണയും വിത്തേഷണയും ലോകേഷണയും വിട്ട് ശാന്തനും ദാന്തനും വിരാഗനുമായി സമാഹിത ചിത്തനായി ലോക കല്യാണാര്‍ഥം അത്തരം യോഗി ചരിച്ചു കൊണ്ടിരിക്കുന്നു.
അഭ്യാസം എന്താണ് ? ചിത്തത്തെ ഒരു പ്രത്യേക അവസ്ഥയില്‍ (സ്ഥിതിയില്‍) നിലനിറുത്താനുള്ള പരിശ്രമമാണ് അഭ്യാസം. (തത്ര സ്ഥിതൗ യത്‌ന: അഭ്യാസ:) അഷ്ടാംഗത്തിലെ അവസാനത്തെ അംഗമായ സമാധി എന്ന സ്ഥിതിയില്‍ ചിത്തം നിശ്ചലവും ഏകാഗ്രവുമായി എണ്ണയുടെ ധാര പോലെ സ്ഥിതി ചെയ്യാനുള്ള യത്‌നമാണ് അഭ്യാസം.
യതോ യതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമൈ്യത –
ദാത്മന്യേവ വശം നയേത്. (ഭ. ഗീ)
ചഞ്ചലവും അസ്ഥിരവുമായ മനസ്സ് പുറത്തേക്കു പോകുമ്പോള്‍ അതിനെ പിന്നെയും പിന്നെയും നിയന്ത്രിച്ച് തന്നിലേക്ക് ചേര്‍ക്കണം. ഇതു തന്നെ അഭ്യാസം.
ഇനി വൈരാഗ്യം. രാഗമില്ലാത്ത അവസ്ഥ എന്നര്‍ത്ഥം. ഇന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങള്‍ കിട്ടാത്ത അവസ്ഥയിലും രാഗമില്ലാതാവും. അത് പക്ഷെ യഥാര്‍ഥ വൈരാഗ്യമല്ല. വിഷയങ്ങളുടെ സാന്നിധ്യത്തില്‍ വീണ്ടും രാഗം മുളച്ചു വരും. മതി എന്നു തോന്നുന്നതാണ്, ആ അവസ്ഥയില്‍ എത്തുന്നതാണ് വൈരാഗ്യം. വൈരാഗ്യം പരവൈരാഗ്യമെന്നും അപരവൈരാഗ്യമെന്നും രണ്ടു തരമുണ്ട്. ഈ ലോകത്തും പരലോകത്തും ഉള്ള വിഷയങ്ങള്‍ സ്വന്തമാക്കുന്നതിലും രക്ഷിക്കുന്നതിലും മറ്റുള്ളവരെ ഹിംസിക്കുക മുതലായ അനേകം ദോഷങ്ങളെ തിരിച്ചറിഞ്ഞ് അവയോട് തോന്നുന്ന താല്പര്യക്കുറവ് അപര വൈരാഗ്യമാണ്. അവ നാലുതരമാണ് – യതമാനം, വ്യതിരേകം, ഏകേന്ദ്രിയം, വശീകാരം. എത്ര മാനാപമാനങ്ങളേറ്റാലും മനസ്സ് ഇളകാതിരിക്കുന്നതാണ് നാലാമത്തെ തരം (വശീകാര) വൈരാഗ്യം. അതാണ് യോഗാരൂഢനു വേണ്ടത്. ആത്മാ – അനാത്മ വിവേകത്തിലൂടെ കാണപ്പെടുന്ന സര്‍വ വസ്തുക്കളിലും അലം (മതി എന്ന) ബുദ്ധി കിട്ടുന്നതാണ് പരമവൈരാഗ്യം.
വൈരാഗ്യം കൊണ്ട് ചിത്തത്തിലെ വിഷയവൃത്തികളെ ക്ഷീണിപ്പിക്കണം. ധ്യേയത്തിലുള്ള ഏകാഗ്രതയുടെ അഭ്യാസം കൊണ്ട് ധ്യേയാകാരവൃത്തിപ്രവാഹം ദൃഢവും ശക്തവുമാക്കണം. ഇതിലൂടെയാണ്, അഭ്യാസ – വൈരാഗ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്, ചിത്തവൃത്തി നിരോധമെന്ന യോഗം ലഭിക്കുന്നത്. ഭഗവദ്ഗീതയില്‍ അര്‍ജുനന്‍ മനസ്സിനെപ്പറ്റി പറയുന്നുണ്ട്. അത് ചഞ്ചലവും അസ്ഥിരവുമാണ്. അത് നമ്മെ വല്ലാതെ മഥിക്കും. അതിന്റെ അടക്കം വായുവിനെ പിടിച്ചു കെട്ടും പോലെ വിഷമമാണ് എന്നൊക്കെ പരാതി പറയുന്നുണ്ട്. ഇതിനോട് യോജിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ പറയുന്നത് ശ്രദ്ധിക്കുക :-
അസംശയം മഹാബാഹോ
മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ
ഹേ മഹാബാഹുവായ അര്‍ജുന! മനസ്സ് ചഞ്ചലവും അടക്കാന്‍ വിഷമമുള്ളതും ആണെന്നുള്ളതു ശരിയാണ്. പക്ഷെ അഭ്യാസവും വൈരാഗ്യവും കൊണ്ട് മനസ്സിനെ അടക്കാന്‍ കഴിയും.
ഇതേ ആശയം തന്നെയാണ് പതഞ്ജലി യോഗദര്‍ഗനത്തില്‍ പങ്കുവെച്ചത്.