Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദേശീയോദ്ഗ്രഥനം ആദിഭാഷയിലൂടെ

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
17 September 2021

വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച അമൂല്യഗ്രന്ഥങ്ങളില്‍ അഗ്രിമസ്ഥാനമര്‍ഹിക്കുന്ന പുസ്തകമാണ് ആദിഭാഷ. ഇന്നേയ്ക്ക് നൂറുവര്‍ഷംമുമ്പ് (മിക്കവാറും 1920 ന് അടുത്ത്) രചിക്കപ്പെട്ട ആ ഗവേഷണകൃതി നിലവിലുള്ള വിശ്വചരിത്രസിദ്ധാന്തങ്ങളെയെല്ലാം കീഴ്‌മേല്‍ മറിയ്ക്കാന്‍ പോന്നതാണ്. ഭൂമുഖത്തെ മുഴുവന്‍ ഏറെക്കാലം സ്വന്തം കോളനിയാക്കി കൈകാര്യം ചെയ്തിരുന്ന ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ നുണകളെ അനായാസം പൊളിച്ചെറിഞ്ഞുകൊണ്ടാണ് അത് ലോകചരിത്രം സമൂലം മാറ്റിയെഴുതുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖം ആര്യാധിനിവേശ സിദ്ധാന്തമാണ്. ഭാരതത്തിലെ ജനസമൂഹം ആര്യനെന്നും ദ്രാവിഡനെന്നും രണ്ടുവര്‍ഗ്ഗമാണെന്നും രണ്ടുകൂട്ടരും വ്യത്യസ്ത കാലഘട്ടങ്ങളില്‍ മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ഭാരതത്തിലേക്കു കുടിയേറിയവരാണെന്നും അവര്‍ പരസ്പര ശത്രുക്കളാണെന്നും വ്യാജം പ്രചരിപ്പിച്ച യൂറോപ്യന്‍ അധിനിവേശ തന്ത്രത്തെ തകര്‍ക്കുന്ന ബ്രഹ്മാസ്ത്രമാണ് ആദിഭാഷയെന്ന ഗ്രന്ഥം. സ്വാമികള്‍ അവതരിപ്പിച്ചിരിക്കുന്ന സിദ്ധാന്തത്തെ ഇങ്ങനെ സംഗ്രഹിക്കാം. ജീവരാശിയും തുടര്‍ന്ന് മാനവരാശിയും ആവിര്‍ഭവിച്ചത് ഭാരതത്തിന്റെ തെക്കേയറ്റത്ത് പണ്ടുണ്ടായിരുന്ന – ഇപ്പോള്‍ കടലിനടിയില്‍ കിടക്കുന്ന – ഭൂഖണ്ഡത്തിലാണ്. ആദിഭാഷയുണ്ടായതും അവിടെത്തന്നെ. ഈ ആദിദ്രാവിഡ ജനതയും ആദിദ്രാവിഡഭാഷയുമാണ് ലോകമെമ്പാടും വ്യാപിച്ച് ഇന്നത്തെ ജനസമൂഹങ്ങളും ഭാഷകളുമായിത്തീര്‍ന്നത്. ആര്യന്മാരെന്നും ദ്രാവിഡരെന്നും രണ്ടു വ്യത്യസ്ത വര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. ആര്യനെന്നും ദ്രാവിഡനെന്നും ഇക്കാലത്ത് ചൂണ്ടിക്കാണിക്കപ്പെടുന്നവര്‍ ഒരേവര്‍ഗ്ഗത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്. ആദിദ്രാവിഡം അഥവാ പ്രാചീന തമിഴില്‍നിന്ന് ക്രമേണ ദക്ഷിണേന്ത്യന്‍ ഭാഷകളും ഉത്തരേന്ത്യന്‍ ഭാഷകളിലെ ശൗരസേനിമാഗധി, അര്‍ദ്ധമാഗധി, മഹാരാഷ്ട്രീ, പൈശാചീ തുടങ്ങിയ പ്രാകൃതങ്ങളും (സംഭാഷണ ഭാഷകള്‍) അവയില്‍ നിന്ന് വൈദികസംസ്‌കൃതവും ഉണ്ടായി. വൈദികസംസ്‌കൃതത്തില്‍ നിന്ന് ലൗകിക സംസ്‌കൃതം പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ടു. മനുഷ്യരെയും മനുഷ്യഭാഷകളെയും അനേകം ഗോത്രങ്ങളായി തിരിക്കുന്ന കോളനി തന്ത്രങ്ങളെ നിരസിച്ച് മനുഷ്യനും മനുഷ്യഭാഷയും ഒരു ഗോത്രമെന്ന് – വസുധൈവ കുടുംബകമെന്ന് – ശാസ്ത്രീയമായി തെളിയിക്കുന്ന ആദിഭാഷയെന്ന ഗ്രന്ഥം ഭാരതത്തിനു മുതല്‍ക്കൂട്ടാണ്. ലോകത്തിന് അനുഗ്രഹമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഗഹനമായ ഗവേഷണപഠനങ്ങള്‍ക്ക് വിധേയമാക്കേണ്ട ഗൗരവമേറിയ ഗ്രന്ഥമാണ് ആദിഭാഷ. എന്നാല്‍ ഇത് പഠിക്കുകയോ ചര്‍ച്ചചെയ്യുകയോ ഒക്കെ വേണ്ടതാണെന്ന തോന്നല്‍ നാളിതുവരെ നമ്മുടെ സര്‍വ്വകലാശാലകള്‍ക്കു ഉണ്ടായിട്ടില്ല. കൊളോണിയല്‍ മാസ്മരികതയില്‍നിന്ന് ഇനിയും നമ്മുടെ അക്കാദമികള്‍ മുക്തമായിട്ടില്ലെന്നു വ്യക്തം. ആദിഭാഷ എഴുതപ്പെട്ടിട്ട് നൂറുകൊല്ലം കഴിഞ്ഞിരിക്കുന്നു എന്നത് അനാസ്ഥയുടെ ഗൗരവത്തെ കാട്ടുന്നു. 1998 വരെ അപ്രകാശിതാവസ്ഥയില്‍ കിടന്ന ഈ പുസ്തകം നഷ്ടപ്പെട്ടുപോകാതെ പകര്‍പ്പ് എഴുതി സംരക്ഷിച്ച് ലോകത്തിനു ലഭ്യമാക്കിത്തീര്‍ത്ത പെരുമ്പാവൂര്‍ പി.ജി. നാരായണപിള്ളയ്ക്കും പിന്‍തുടര്‍ച്ചക്കാര്‍ക്കും ആദ്യമേ നന്ദിപറയുക. തുടര്‍ ഗവേഷണം പുതിയ തലമുറ ഏറ്റെടുക്കണം.

ആത്മാഭിമാനവും പാരമ്പര്യവുമുള്ള ജനതയെ ആര്‍ക്കും ഏറെക്കാലം കീഴ്‌പ്പെടുത്തി നിറുത്താനാവുകയില്ല. ആയുധബലവും സാഹചര്യങ്ങളുടെ ആനുകൂല്യവും കുറച്ചുകാലത്തേയ്ക്കു മാത്രമേ ഇക്കാര്യത്തില്‍ പ്രയോജനപ്പെടുകയുള്ളൂ. ബൗദ്ധികമായ ആധിപത്യം സ്ഥാപിച്ചില്ലെങ്കില്‍ ഇന്ത്യ വേഗത്തില്‍ കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയ കോളണി മേധാവികള്‍ തയ്യാറാക്കിയ കുതന്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആര്യദ്രാവിഡ സംഘര്‍ഷവാദവും ആര്യാധിനിവേശ സിദ്ധാന്തവും. ഇതൊന്നും സ്ഥാപിച്ചെടുക്കാന്‍ തെളിവുകളോ യുക്തികളോ കൈവശമില്ല. ഈ ബുദ്ധിമുട്ടു പരിഹരിക്കാന്‍ അവര്‍ കണ്ടെത്തിയ ഉപകരണമാണ് ഭാഷാഗോത്രപഠനം. ആയിരക്കണക്കിനു ഭാഷകള്‍ ലോകത്തു നിലവിലുണ്ട്. ഗോത്രങ്ങളായി തരംതിരിക്കുകയായിരുന്നു ആദ്യപടി. അവരുടെ കാഴ്ചപ്പാടില്‍ പ്രമുഖമായ ഭാഷാഗോത്രങ്ങള്‍ എട്ടെണ്ണമാണ്. അമുഖ്യമായ ചില ഗോത്രങ്ങള്‍കൂടി അവരുടെ വിഭജനക്രമത്തിലുണ്ട്. ഒന്നിലും പെടാത്തവയും ഇല്ലാതില്ല. ഏറെ ഭാഷകളും സാഹിത്യാദി സമൃദ്ധിയുമുള്ള ഭാഷാഗോത്രമാണ് അവരുടെ ഇന്തോയൂറോപ്യന്‍. പേരു സൂചിപ്പിക്കുന്നതുപോലെ ഉത്തരേന്ത്യയിലെയും പേര്‍ഷ്യ, യൂറോപ് എന്നിവിടങ്ങളിലെയും മിക്ക ഭാഷകളും അതില്‍ പെടുന്നു. ഗ്രീക്ക്, ലാറ്റിന്‍, സംസ്‌കൃതം എന്നിവ ഇന്തോ യൂറോപ്യന്‍ ഗോത്രത്തിലെ അതി പ്രാചീനരായ അംഗങ്ങളാണ്. ഈ ഗോത്രത്തിലെ ഭാഷ സംസാരിക്കുന്ന പ്രബലരായ ജനവിഭാഗമാണ് പാശ്ചാത്യപണ്ഡിതന്മാരുടെ ആര്യന്മാര്‍. ഇതില്‍നിന്നു ഭിന്നമാണ് ദ്രാവിഡ ഗോത്രം. ദക്ഷിണേന്ത്യന്‍ ഭാഷകളും, മദ്ധ്യഭാരതത്തില്‍ അങ്ങിങ്ങായും അഫ്ഗാനിസ്ഥാനിലും ചിതറിക്കിടക്കുന്ന കുറച്ചു ഭാഷകളും അതില്‍പെടുന്നു. അതു സംസാരിക്കുന്നവര്‍ ദ്രാവിഡര്‍.

ADVERTISEMENT

ആര്യന്മാരും ദ്രാവിഡന്മാരും ഇന്ത്യക്കാരല്ല വരുത്തന്മാരാണ് എന്ന വാദമാണടുത്തത്. ദ്രാവിഡന്മാരുടെ ആദിമഗേഹം മെഡിറ്ററേനിയന്റെ തീരങ്ങളായിരുന്നുപോലും. ചരിത്രാതീതകാലത്ത് വടക്കുനിന്നു വന്ന ബലവാന്മാരായ ആര്യന്മാര്‍ ദ്രാവിഡരെ ഓടിച്ചുവിട്ടു. അവര്‍ ഭാരതത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഓടിയെത്തി പാര്‍പ്പുറപ്പിച്ചു. ആര്യന്മാര്‍ അവിടെയുമെത്തി തുരത്തിയപ്പോള്‍ ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ അഭയം പ്രാപിച്ചുവത്രേ. ആര്യന്മാരും ദ്രാവിഡരും തമ്മിലുള്ള വൈരം അന്നേ തുടങ്ങിയതാണുപോലും. ഇതിനെല്ലാം തെളിവെന്തെന്ന് ആരും ചോദിക്കേണ്ട. കോളനി വാഴ്ചക്കാലത്ത് അധികാരബലത്താല്‍ വിദ്യാഭ്യാസമണ്ഡലത്തിലൂടെ ഏവരുടെയും ബുദ്ധിയില്‍ ഇതെല്ലാം ഉറപ്പിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യക്കാരെ തമ്മില്‍ തല്ലിക്കലാണ് ഇതിന്റെ ഒരു പ്രയോജനം. അത് കോളണി മേധാവികള്‍ നന്നായി പ്രയോജനപ്പെടുത്തി. ഇന്നും ആ കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. ഇംഗ്ലീഷുകാര്‍ ഇന്ത്യവിടുകയെന്ന് ആവശ്യപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് കോളണിമേധാവികള്‍ നല്കുന്ന മറുപടി കൂടിയാണിത്. ഇന്ത്യക്കാരായി ആരുമില്ലെന്നതാണ് ഈ ആര്യാധിനിവേശകഥയുടെ അര്‍ത്ഥം. ഇംഗ്ലീഷുകാര്‍ ഇന്നലെ വന്നവരാണെങ്കില്‍ മറ്റുള്ളവര്‍ ഏതാനുംനാള്‍ മുമ്പേ വന്നവര്‍. ഇംഗ്ലീഷുകാര്‍ ഇന്ത്യവിടണമെന്ന ആവശ്യമുന്നയിച്ചാല്‍ മറ്റുള്ളവരും ഇന്ത്യവിടണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാം. ഭാരതസ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ വീര്യം കുറയ്ക്കാനുള്ള തടസ്സവാദമായി ഇത് അവരും അഞ്ചാംപത്തികളും വിനിയോഗിച്ചു.

കോളനി പണ്ഡിതന്മാരുടെ ബഹുഭാഷാഗോത്രവാദങ്ങളില്‍ അനേകം പൊരുത്തക്കേടുകളുണ്ട്. അതിനാല്‍ അവര്‍ മുന്നോട്ടുവയ്ക്കുന്ന ഭാഷാശാസ്ത്രാധിഷ്ഠിതമായ നരവംശവിഭജനങ്ങളിലും തകരാറുകളുണ്ട്. താര്‍ക്കികനായ സ്വാമികള്‍ക്ക് അതെല്ലാം പെട്ടെന്ന് തിരിച്ചറിയാനായി. അതുകൊണ്ടുതന്നെ യൂറോപ്യന്‍ വാദങ്ങളെ സയുക്തികം അദ്ദേഹം തള്ളിക്കളഞ്ഞു. ഇവിടത്തെ മുഖ്യപ്രശ്‌നം മനുഷ്യന്‍ എവിടെ ഉണ്ടായി എന്നതാണ്. ഒരിടത്ത് ഉണ്ടായി എല്ലായിടത്തും കാലാന്തരത്തില്‍ വ്യാപിച്ചതാണോ അതോ ഭൂമിയില്‍ പലയിടങ്ങളില്‍ സ്വതന്ത്രമായി ആവിര്‍ഭവിച്ചതാണോ? ആദിഭാഷയെന്ന ഗ്രന്ഥം ആരംഭിക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ്. മനുഷ്യന്റെ ഉത്പത്തി പലയിടങ്ങളില്‍ സംഭവിച്ചതല്ല മറിച്ച് ഒരിടത്താണ് മനുഷ്യനുണ്ടായത് എന്നു തെളിവുകളോടെ അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു. ഒരിടത്ത് ഉണ്ടായി ലോകംമുഴുവന്‍ വ്യാപിച്ച മനുഷ്യന്‍ തുടക്കത്തില്‍ ഒരൊറ്റ ഭാഷ മാത്രമേ സംസാരിച്ചിരിക്കാന്‍ ഇടയുള്ളൂ. എന്തുകൊണ്ടെന്നാല്‍ ഒരുമിച്ചുവസിക്കുന്ന വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് പല ഭാഷ സംസാരിക്കുക സാദ്ധ്യമല്ലല്ലോ. അതാണ് ആദിഭാഷ. അതിനാല്‍ പല ഭാഷാഗോത്രങ്ങളെപ്പറ്റിയുള്ള പാശ്ചാത്യരുടെ വാദമുഖങ്ങള്‍ ഇങ്ങനെ അടഞ്ഞുപോകുന്നു.

ആദിഭാഷ ഏതാണെന്നും അത് എവിടെ ഉണ്ടായെന്നുമറിയാന്‍ മനുഷ്യന്‍ എവിടെയുണ്ടായി എന്നു കണ്ടെത്തണം. ഇതിനു ചരിത്രരേഖകള്‍ കിട്ടുക സാദ്ധ്യമല്ല. യുക്തിയെയും ശാസ്ത്രത്തെയും സമാശ്രയിക്കുകയോ മാര്‍ഗ്ഗമുള്ളു. മറ്റു ജീവജാലങ്ങള്‍ ഉണ്ടായ സ്ഥലം മാത്രമാണ് മനുഷ്യന്റെ ആദിമജന്മഗേഹമായിത്തീരാന്‍ യോഗ്യമായ പ്രദേശം. എന്തുകൊണ്ടെന്നാല്‍ ഭൂമുഖത്ത് ആദ്യമുണ്ടാകുന്ന ജീവി മനുഷ്യനല്ല. അത്യന്തം ലളിതമായി മാത്രമേ ജീവന് ആദ്യമായി രംഗപ്രവേശം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ശാരീരികമായും മാനസികമായും ബൗദ്ധികമായും വളരെയേറെ വികസിതമായ സ്വഭാവവിശേഷങ്ങളോടുകൂടിയ മനുഷ്യന്‍ പരിണാമപ്രക്രിയയുടെ അന്തിമമായ കണ്ണിയാണ്. അതിനാല്‍ മനുഷ്യന്റെ ഉത്പത്തിസ്ഥാനമറിയാന്‍ ജീവന്റെ ആദിസ്ഫുരണമുണ്ടായത് എവിടെയാണെന്ന് അന്വേഷിക്കേണ്ടിവരുന്നു. ജീവോത്പത്തിക്കുവേണ്ടുന്ന സര്‍വ സൗകര്യങ്ങളും സ്വാഭാവികമായി ഒത്തുചേര്‍ന്നു സമ്പന്നമായ ഇടയായിരിക്കുമത്. അനുകൂലമായ സാഹചര്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ ആരും അന്ന് ഉണ്ടായിരുന്നില്ലെന്ന കാര്യം മറക്കരുത്. അതിനാല്‍ ശീതോഷ്ണാദികളായ സമസ്ത സാഹചര്യങ്ങളും എവിടെ പ്രകൃതിദത്തമായി ഇണങ്ങിയിരിക്കുന്നു എന്നന്വേഷിച്ചാല്‍ മനുഷ്യന്റെ ആദിഗേഹം കണ്ടെത്താം.

പലരീതിയിലുള്ള അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ മുമ്പ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് ചട്ടമ്പിസ്വാമികള്‍ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്. ചിലര്‍ക്ക് അത് മദ്ധ്യഏഷ്യയാണ്. ചിലര്‍ക്ക് മെഡിറ്ററേനിയന്‍ തീരദേശങ്ങളും മറ്റുചിലര്‍ക്ക് ഉത്തരധ്രുവവും വേറൊരു കൂട്ടര്‍ക്ക് ബ്രഹ്മാവര്‍ത്തവുമാണ്. തെളിവിന്റേയോ യുക്തിയുടേയോ പിന്‍ബലമില്ലാതെയാണ് ഇതെല്ലാം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പല സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടതും അപാകതയാണ്. അവ പരസ്പരം നിരസിക്കുന്നു എന്നതാണ് കാരണം. ഇതൊന്നും ജീവന്റെ ആദിസ്ഫുരണത്തിന് അനുയോജ്യമായ സ്ഥലങ്ങളല്ല. ഉത്തരധ്രുവം അത്യന്ത ശൈത്യംകൊണ്ടും യൂറോപ്പിലെ മെഡിറ്റനേറിയന്‍ മേഖല അതേവിധം തണുപ്പു ബാധിച്ചതാകയാലും മധ്യേഷ്യയും ബ്രഹ്മാവര്‍ത്തവും ശീതോഷ്ണസ്ഥിതി കഠിനമായാലും ജീവന്റെ ആദിമ ആവിര്‍ഭാവത്തെ തുണയ്ക്കുന്നവയല്ല. ഇവയൊന്നും ജീവരാശിയുടെയും പരമ്പരാഗതമായി മനുഷ്യന്റെയും ജന്മഗേഹമാവുക സാധ്യമല്ല. മനുഷ്യന്റെ ജന്മഗേഹത്തെ സ്വാമികള്‍ കാണിച്ചുതരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കേള്‍ക്കുക. ”ഇങ്ങനെ അര്‍ദ്ധഗോളം മുഴുക്കെ പരീക്ഷണം നടത്തി ചെല്ലുമ്പോള്‍ ശീതോഷ്ണങ്ങളുടെ മാത്രാനുഗുണ്യം മുതലായ ലക്ഷണങ്ങള്‍ തികഞ്ഞ സ്ഥലം സിംഹളദ്വീപിനു ഏതാണ്ടു പശ്ചിമഭാഗത്തു കിടന്നിരുന്ന ഒരു ഭൂവിഭാഗമാണെന്നു ബോദ്ധ്യപ്പെടും.”

ശ്രീലങ്കയ്ക്കു പടിഞ്ഞാറ് ഒരു വലിയ ഭൂവിഭാഗമുണ്ടായിരുന്നെന്നും അതുപൊട്ടി പലവഴിക്കു നീങ്ങിപ്പോയെന്നും അഗസ്ത്യമഹര്‍ഷിയുടെ ഭൂമിശാസ്ത്രത്തില്‍ (അകത്തിലെ ഞാലനൂല്‍) പറഞ്ഞിട്ടുള്ളത് സ്വാമികള്‍ ഉദ്ധരിച്ചിരിക്കുന്നു. ചിലപ്പതികാരത്തിലും കടലുകയറിപ്പോയ കുമരിക്കോടിനെപ്പറ്റി പരാമര്‍ശമുണ്ട്. ഇന്ത്യ, ആസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവ അതേ സ്ഥാനത്ത് ഒന്നായി കിടന്നിരുന്നതാണെന്നും കാലാന്തരത്തില്‍ ഇപ്പോള്‍ കാണുന്ന ഇടങ്ങളില്‍ എത്തിച്ചേര്‍ന്നതാണെന്നും ജിയോളജിസ്റ്റുകള്‍ പ്ലേറ്റ് റ്റെക്‌റ്റോണിക്‌സ് എന്ന പ്രക്രിയ വിശദീകരിച്ചുകൊണ്ട് അടുത്തകാലത്ത് സമര്‍ത്ഥിച്ചിട്ടുള്ളതു ശ്രദ്ധിക്കണം. അത് സ്വാമികളുടെ സിദ്ധാന്തെ പിന്തുണയ്ക്കുന്നു.

ജീവരാശിയുണ്ടായത് ശ്രീലങ്കയ്ക്കു പടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായിരുന്ന ഭൂവിഭാഗത്തിലാണ്. അവിടെയാണ് മനുഷ്യനുണ്ടായത്. ആദിഭാഷയുണ്ടായതും അവിടെത്തന്നെ. ഭാരതത്തിനു തെക്കുഭാഗത്ത് അഥവാ ദ്രാവിഡദേശത്ത് ഉണ്ടായതിനാല്‍ ആദിഭാഷയ്ക്ക് പ്രാചീനദ്രാവിഡമെന്നും ആദിദ്രാവിഡമെന്നും പ്രാചീന തമിഴ് എന്നുമെല്ലാം സ്വാമികള്‍ പേരിട്ടിരിക്കുന്നു. എട്ടുമുഖ്യഭാഷാഗോത്രങ്ങളും കുറച്ചു ഉപഗോത്രങ്ങളുമുണ്ടെന്നും അങ്ങനെ മനുഷ്യനും അനേക ഗോത്രങ്ങളുണ്ടെന്നും ആര്യദ്രാവിഡവിഭാഗങ്ങളും അവര്‍ തമ്മിലുള്ള സംഘര്‍ഷവും വസ്തുതമാത്രമാണെന്നും സിദ്ധാന്തിച്ചു നടന്ന കൊളോണിയല്‍ പണ്ഡിതന്മാരെ സ്വാമികള്‍ തറപറ്റിക്കുന്നത് ഇവിടെ കാണാം. സര്‍വഭാഷകള്‍ക്കും മാതാവായ ആദിഭാഷയെ കണ്ടെത്താനോ അങ്ങനെ ഒരു ഭാഷ ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാനോ സാദ്ധ്യമല്ലെന്ന പടിഞ്ഞാറന്‍ വാദവും പൊളിഞ്ഞു.
ആദിദ്രാവിഡം അഥവാ പ്രാചീനതമിഴാണ് ആദിഭാഷ. ഇന്ന് പ്രചാരത്തിലിരിക്കുന്ന തമിഴ് പ്രാചീനതമിഴിന്റെ രൂപാന്തരമാണ്. നിലവിലുള്ള ഭാഷകളില്‍ ആദിദ്രാവിഡത്തോട് ഏറ്റവും അടുപ്പം കാണിക്കുന്നതും തമിഴ് ഭാഷയാകുന്നു. എല്ലാ ഭാരതീയ ഭാഷകളും ലോകമെമ്പാടുമുള്ള സര്‍വഭാഷകളും ആദിദ്രാവിഡത്തില്‍നിന്നു ഉണ്ടായവ മാത്രമാണ്. ആദിദ്രാവിഡം സംസാരിച്ചിരുന്ന പ്രാചീന മനുഷ്യന്‍ അംഗസംഖ്യവര്‍ദ്ധിച്ചതോടെ സംഘങ്ങളായി പിരിഞ്ഞ് ഭാരതമെമ്പാടും വ്യാപിച്ചു. ആയിരത്താണ്ടുകളിലൂടെ തുടര്‍ച്ചയായി നടന്ന ഈ ദേശാന്തരഗമന ചരിത്രത്തില്‍ അവരുടെ സാംസ്‌കാരിക ചരിത്രവും അടങ്ങിയിരിക്കുന്നു. പോയിടത്തെല്ലാം അവര്‍ സ്വന്തം ഭാഷയും സംസ്‌കാരവും കൊണ്ടുപോയി. കാലാന്തരത്തില്‍ ഭാഷയ്ക്കു ബഹുവിധമായ മാറ്റങ്ങളും പരിഷ്‌കരണങ്ങളും സംഭവിക്കുയും അവ പ്രാചീനഭാരതത്തിലെ സംഭാഷണഭാഷകളായിരുന്ന ശൗരസേനി, മാഗധി, അര്‍ദ്ധമാഗധി, മഹാരാഷ്ട്രീ, പൈശാചി തുടങ്ങിയ പ്രാകൃതഭാഷകളായി രൂപാന്തരപ്പെടുകയും ചെയ്തു. മാനവസംഘങ്ങളുടെ വ്യാപനം അക്കാലത്ത് ഭാരതത്തിനു പുറത്തേയ്ക്കും സംഭവിച്ചുകൊണ്ടേ ഇരുന്നു. അവരുടെ പ്രാകൃതങ്ങള്‍ ക്രമേണ രൂപാന്തരപ്പെട്ട് ഇന്നത്തെ പേര്‍ഷ്യന്‍, അറേബ്യന്‍, യൂറോപ്യന്‍, അമേരിക്കന്‍, കിഴക്കനേഷ്യന്‍ മുതലായ ഭാഷകളായി പരിണമിക്കുകയും ചെയ്തു.

ഭാരതത്തിലെ പ്രാകൃതങ്ങളില്‍ നിന്നാണ് വൈദികസംസ്‌കൃതത്തിന്റെ ഉത്പത്തി. പല കാര്യങ്ങളിലും സവിശേഷതകള്‍ ഏറെ പുലര്‍ത്തിയിരുന്ന ഭാഷയാണ് വൈദികസംസ്‌കൃതം. വേദമന്ത്രങ്ങളും (സംഹിത) ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുക്കളുമടങ്ങിയ വൈദ്യസാഹിത്യത്തിലൂടെ പ്രകാശിതമാവുകയും ആ മണ്ഡലത്തില്‍ ഇന്നും നിലനില്ക്കുകയും ചെയ്യുന്ന ഭാഷയാണത്. വൈദിക സംസ്‌കൃതത്തിന്റെ സവിശേഷതകള്‍ ആവോളം ഉള്‍ക്കൊണ്ടുകൊണ്ട് പ്രാചീനരായ ഋഷിവര്യന്മാര്‍ ശാസ്ത്രവ്യവഹാരത്തിനും സാഹിത്യാദികള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപപ്പെടുത്തിയെടുത്ത ഭാഷയാണ് ലൗകിക സംസ്‌കൃതം. അനേകം തലമുറകള്‍ അനേകനൂറ്റാണ്ടുകളിലൂടെയാണ് ലൗകികസംസ്‌കൃതമുണ്ടാക്കിയെടുത്തതെന്ന് സംസ്‌കൃത കൃതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. രൂപാന്തരപ്പെടുത്തലിന്റെ ഓരോ ഘട്ടത്തിലും അതിന് ഓരോ വ്യാകരണശാസ്ത്രഗ്രന്ഥമുണ്ടായി. അതിന്റെ പൂര്‍ണ്ണതയാണ് പാണിനി മഹര്‍ഷിയിലൂടെ ഭാരതം നേടിയെടുത്തത്. മേലില്‍ പരിഷ്‌കരണമൊന്നുമാവശ്യമില്ലാത്ത, തെല്ലുപോലും മാറ്റം അനുവദിക്കാത്ത, തികച്ചും ശാസ്ത്രീയമായ ലൗകികസംസ്‌കൃതം അങ്ങനെയുണ്ടായി.

ഒരു കഥപോലെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞുപോവുകയല്ല ചട്ടമ്പിസ്വാമികള്‍ ചെയ്തിരിക്കുന്നത്. വ്യാകരണശാസ്ത്രപരമായ കൃത്യമായ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഇതെല്ലാം സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തിന്റെ അതിനിശിതമായുള്ള ഗവേഷണ വൈഭവവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പാണിനീയം, മഹാഭാഷ്യം, വാര്‍ത്തികം, നിരുക്തം, തൊല്‍കാപ്പിയം, നന്നൂല്‍ തുടങ്ങിയ അതിപ്രാചീനമായ സംസ്‌കൃത-തമിഴ് ഗ്രന്ഥങ്ങളെയാണ് അദ്ദേഹം സ്വസിദ്ധാന്ത സ്ഥാപനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വ്യാകരണത്തിന്റെ സാങ്കേതികാംശങ്ങളിലേയ്ക്ക് കടക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്വാമികള്‍ ആവിഷ്‌കരിച്ച ഏറ്റവും പ്രധാനപ്പെട്ട നിയമം വിശദീകരിക്കുന്നു. ലാളിത്യത്തില്‍നിന്ന് ഗംഭീരാകൃതികളിലേയ്ക്ക് അഥവാ സങ്കീര്‍ണ്ണതകളിലേയ്ക്ക് എന്ന് അതിനെ ചുരുക്കിപ്പറയാം. ഭൗതിക ജഗത്തിലായാലും ജീവരാശിപരിണാമപ്രക്രിയയിലായാലും ബൗദ്ധികവ്യാപാരത്തിലായാലും നാഗരികത മുതലായ സാമൂഹിക മണ്ഡലങ്ങളിലായാലും ലാളിത്യത്തില്‍നിന്നു പരിഷ്‌കൃതത്വത്തിന്റെ ഗംഭീരാകൃതികളിലേയ്ക്ക് എന്നതാണ് വ്യവസ്ഥ; അല്ലാതെ ഒരിക്കലും തിരിച്ചല്ല. ഈ നിയമത്തിന് ഒരു കാലത്തും ഒരിടത്തും മാറ്റമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം എഴുതുന്നു: ”ഏതും ആദ്യം പ്രാകൃതമായി ഉദ്ഭവിച്ച് അനന്തരം കൃത്രിമങ്ങള്‍ കലര്‍ന്ന് പരിഷ്‌കൃത രൂപത്തില്‍ പരിണമിക്കുന്നു. ഈ നിയമം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല.” കൈവണ്ടി അഥവാ പിടിവണ്ടിയില്‍ നിന്നു തുടങ്ങിയ വാഹനശാസ്ത്രപദ്ധതിയാണല്ലോ സൗരയൂഥം മുഴുവന്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള യാനപാത്രങ്ങളിലേയ്ക്ക് വികസിച്ചത്. പ്രകൃതിയും അങ്ങനെതന്നെ. ഏകകോശജീവികളെക്കാള്‍ ലളിതമായ വൈറസുകളില്‍നിന്നാരംഭിച്ചാണ് പരിണാമപ്രക്രിയയിലൂടെ മനുഷ്യനിലേക്കു വികസിച്ചത് എന്നതും ശ്രദ്ധിക്കുക. ഭാഷയും അങ്ങനെതന്നെ. ലാളിത്യത്തില്‍നിന്ന് സങ്കീര്‍ണ്ണതയിലേക്കാണ് അതിന്റെ പ്രയാണം.

ലോകഭാഷകളുടെ കൂട്ടത്തില്‍ ഏറ്റവും പഴക്കമേറിയത് തമിഴാണെന്നു നിശ്ചയിക്കാന്‍ ഈ സിദ്ധാന്തം വഹിക്കുന്ന പങ്ക് ചെറുതല്ല. ഭാഷയെന്ന സിദ്ധിവിശേഷം കൈവരുമ്പോഴാണ് രണ്ടുകാലില്‍ നടക്കുന്ന മൃഗം മനുഷ്യനാകുന്നത്. ആദിമമനുഷ്യന്‍ ആദ്യം ഉപയോഗിച്ചുതുടങ്ങിയ ഭാഷ അത്യന്തം ലളിതമായിരുന്നേ പറ്റൂ. വര്‍ണ്ണം, സന്ധി, പദവ്യവസ്ഥ, ലിംഗം, വചനം, വിഭക്തി, ധാതു മുതലായ ഭാഷാഘടകങ്ങളില്‍ ഏതെടുത്തു പരിശോധിച്ചാലും തമിഴില്‍ ലാളിത്യവും പ്രാകൃതങ്ങളില്‍ കുറേ സങ്കീര്‍ണ്ണതകളും സംസ്‌കൃതത്തില്‍ സങ്കീര്‍ണ്ണതകളുടെ പരകാഷ്ഠയും കാണാം. വളരെ വിശദമായാണ് സ്വാമികള്‍ അനുക്രമമായി വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണതകളുടെ പടവുകളെ ശാസ്ത്രീയമായി വരച്ചുകാട്ടിയിരിക്കുന്നത്. ഭാരതത്തിനു വെളിയിലുള്ള ഭാഷകളുടെ സങ്കീര്‍ണ്ണതാവിശേഷങ്ങളും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. വ്യാകരണശാസ്ത്രപരമായ സാങ്കേതികത്വം ഏറെയുള്ള അത്തരം ഭാഗങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ലെന്നു മാത്രം. തമിഴ് ആദിഭാഷ അതില്‍നിന്നു ഉത്തരേന്ത്യയിലെ പ്രാകൃതങ്ങളും അതിന്റെ തുടര്‍ച്ചയായി ഭാരതത്തിനു പുറത്തുള്ള ഭാഷകളും കൂടാതെ പ്രാകൃതങ്ങളില്‍നിന്നു വൈദികസംസ്‌കൃതവും അതില്‍നിന്നു ലൗകികസംസ്‌കൃതവും രൂപപ്പെട്ടുവന്ന നാള്‍വഴികള്‍ വ്യാകരണപരമായ ലാളിത്യത്തില്‍നിന്നു സങ്കീര്‍ണ്ണതയിലേയ്ക്കുള്ള ഈ പരിഷ്‌കൃതി രേഖയിലൂടെ സ്വാമികള്‍ ശാസ്ത്രീയവും യുക്തിഭേദവുമായി വരച്ചുവച്ചിരിക്കുന്നിടത്താണ് അദ്ദേഹത്തിന്റെ ആദിഭാഷാ ദര്‍ശനം വിജയിച്ചിരിക്കുന്നത്.

ശിശുഭാഷ
അടുത്തകാലത്ത് പുതിയ ഭാഷാശാസ്ത്രജ്ഞര്‍ പ്രാധാന്യമേകുന്ന ഒരു ഭാഷാശാസ്ത്രശാഖയാണ് ശിശുഭാഷ. എന്നാല്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ശിശുഭാഷാപഠനങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയെന്ന നിലയില്‍ ചട്ടമ്പിസ്വാമികളെ അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. ആദിഭാഷ തമിഴാണെന്ന നിഗമനത്തിലെത്തിച്ചേരാന്‍ സഹായിക്കുന്ന തെളിവുകളില്‍ ലളിതമായ ചിലവ മാത്രം സൂചിപ്പിച്ചു. അക്കൂട്ടത്തില്‍ വേറൊന്നാണ് ശിശുഭാഷ. അത്യന്തം ലളിതമായ വിധത്തില്‍ മാത്രമേ ശിശുക്കള്‍ക്ക് സംസാരിച്ചു തുടങ്ങാന്‍ പറ്റൂ. എളുപ്പത്തില്‍ ഉച്ചരിക്കാവുന്ന വര്‍ണ്ണങ്ങള്‍ (അക്ഷരങ്ങള്‍) കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള കൂട്ടക്ഷരങ്ങള്‍, അനായാസമായി ഉച്ചരിക്കാവുന്ന പദങ്ങള്‍,സുകരമായ വാക്യപ്രയോഗങ്ങള്‍ ഇവയൊക്കെയാണ് ശിശുഭാഷയുടെ പ്രത്യേകതകള്‍. മനുഷ്യന്‍ ആദ്യമായി സംസാരിച്ചുതുടങ്ങിയപ്പോഴും ഇങ്ങനെയൊക്കെ ആയിരുന്നേ പറ്റൂ. ഈ വക സവിശേഷതകളെല്ലാം ഒത്തുചേരുന്നത് തമിഴിനാണ്. അതാണ് അതിന്റെ ആദിഭാഷാപദവിയുടെ തെളിവ്.

അക്ഷരങ്ങളുടെ കാര്യം മാത്രം ഉദ്ധരിക്കട്ടെ. അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ, എന്നീ സ്വരങ്ങളും ക, ങ, ച ഞ, ട, ണ, ത, ന, പ, മ, യ, ര, ല, വ, ള, ഴ, റ, ന എന്നീ വ്യഞ്ജനങ്ങളും മാത്രമാണ് (ആകെ 30 എണ്ണം) തമിഴ് അക്ഷരമാലയിലുള്ളത്. അവ എളുപ്പത്തില്‍ ഉച്ചരിക്കാനാവുന്നവയാണ്. എന്നാല്‍ സംസ്‌കൃതത്തിലുള്ള ഋ, ല്പ, ഖ, ഛ, ഠ, ഥ, ഫ, ഗ, ജ, ഡ, ദ, ബ, ഘ, ഝ, ഢ, ധ, ഭ, ശ, ഷ, സ, ഹ എന്നിവ ഉച്ചരിക്കാന്‍ പ്രത്യേക പരിശീലനം വേണം. ശിശുക്കളുടെ സ്വാഭാവികോച്ചാരണത്തില്‍ ഉള്ളവയല്ല ഇവ, ഇക്കൂട്ടത്തില്‍ ഋ, ല്പ, ശ, ഷ, സ എന്നിവ പ്രാകൃതങ്ങളില്‍ പോലുമില്ല. ഘ, ഝ, ഢ, ധ, ഭ എന്നീ ഘോഷവര്‍ണ്ണങ്ങള്‍ മലയാളികള്‍ക്ക് ഉച്ചരിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. അത്രയേറെ പ്രയാസം അവയ്ക്കുണ്ട് എന്നര്‍ത്ഥം. ഉത്തരേന്ത്യയിലെ കിഴക്കന്‍ മേഖലയിലുള്ളവരുടെ ഹിന്ദി ഉച്ചാരണത്തില്‍ ശ, ഷ എന്നിവ ഇക്കാലത്തുപോലുമില്ല. ഇത്തരം വര്‍ണ്ണങ്ങള്‍ ഏതെല്ലാം ഭാഷയില്‍ കാണുന്നുവോ അവ ആദിഭാഷയല്ലെന്നു നിസ്സംശയം പറയാം. കൂട്ടക്ഷരങ്ങള്‍, പദങ്ങള്‍, വാക്യഘടന മുതലായവയും ഈ വിധത്തില്‍ അപഗ്രഥിച്ചു മനസ്സിലാക്കി കൊള്ളണം. ആദിമതമിഴിന്റെ ലാളിത്യത്തില്‍നിന്ന് പല പ്രകാരത്തിലുള്ള സങ്കീര്‍ണ്ണതകളിലേയ്ക്കുള്ള വളര്‍ച്ചയാണ് മറ്റുഭാഷകളില്‍ കാണുന്നത്. സ്വാമികള്‍ എഴുതുന്നു: ”ഇത്രയും കൊണ്ട് അനേകകാലം പലപല പരിഷ്‌കാരങ്ങള്‍ ചെന്ന് പരിപുഷ്ടമായി ശോഭിക്കുന്ന തമിഴിന്റെ പൂര്‍വരൂപമായ മൂലദ്രാവിഡംതന്നെ ഇതരഭാഷകളുടെ ആദിമാതാവെന്നു വ്യക്തമായല്ലൊ.”

കോളനി മേധാവികള്‍ക്കുവേണ്ടി മാക്‌സ്മുള്ളര്‍ തെളിവേതുമില്ലാതെ തുടങ്ങിവച്ചതും പാശ്ചാത്യഭാഷാപണ്ഡിതന്മാരും ചരിത്രകാരന്മാരും തുടരെത്തുടരെ ഉരുവിട്ടുറപ്പിച്ചുവന്നതും അധികാരത്തിന്റെ ബലത്തില്‍ വിദ്യാഭ്യാസപദ്ധതിയിലൂടെ വൈദേശികഭരണകൂടം ഭാരതീയമനസ്സുകളില്‍ അടിച്ചേല്പിച്ചതും ഭാരതത്തിലെ അക്കാദമിഷ്യന്മാരില്‍ വിപ്ലവകാരികളെന്നു നടിക്കുന്നവര്‍ നെഞ്ചേറ്റി ലാളിച്ചുപോരുന്നതുമായ ആര്യാധിനിവേശസിദ്ധാന്തവും അനുബന്ധമായ വ്യാജനിര്‍മ്മിതികളും ചട്ടമ്പിസ്വാമികള്‍ തെളിവുകളുടെ ബലത്തില്‍ തള്ളിക്കളഞ്ഞിരിക്കുന്നത് ലോകമറിയണം. ആര്യനെന്നും ദ്രാവിഡനെന്നും ഇവിടെ രണ്ടുവര്‍ഗ്ഗമില്ലെന്നും വിദേശങ്ങളില്‍നിന്ന് ആരും ഇവിടെ കുടിയേറുകയോ അധിനിവേശം നടത്തുകയോ ചെയ്തിട്ടില്ലെന്നും ഇവിടെയുണ്ടായ ജനസമൂഹം ലോകമെമ്പാടും വ്യാപിക്കുകയാണുണ്ടായതെന്നും ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ സ്വാമികള്‍ സ്ഥാപിച്ചിരിക്കുന്നു. തെറ്റായ സിദ്ധാന്തങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ലോകചരിത്രം ഇതോടെ തിരുത്തപ്പെടും. ഭാരതജനതയുടെ സര്‍വോന്മുഖമായ ഐക്യദാര്‍ഢ്യത്തിലാരംഭിച്ച് പ്രപഞ്ചത്തിന്റെ സമ്പൂര്‍ണ്ണ ഐകമത്യാനുഭൂതില്‍ അതു എത്തിച്ചേരും. ബലമേറിയ രാജ്യങ്ങള്‍ ബലഹീനരെ കീഴ്‌പ്പെടുത്തിനിര്‍ത്തുന്ന അന്താരാഷ്ട്രമാത്സര്യനയങ്ങള്‍ക്ക് അറുതിവരുത്താന്‍ ആദിഭാഷ സഹായിക്കും. ലോകം ഒരു കുടുംബമാണെന്ന ആശയം ഭാഷാപഗ്രഥനത്തിലൂടെ സ്ഥാപിക്കുന്ന ആദിഭാഷയ്ക്ക് ലോകനന്മയ്ക്കുവേണ്ടി വളരെയേറെ ചെയ്യാനുണ്ട്. ചട്ടമ്പിസ്വാമികളെ ലോകം ആദരിക്കുന്നത് ആദിഭാഷയിലൂടെയായിരിക്കും.

Tags: സംസ്കൃതംതമിഴ്ചട്ടമ്പി സ്വാമികള്‍ആദിഭാഷഭാഷആദിദ്രാവിഡAmritMahotsav
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies