നാരായണ പാണ്ഡുരംഗ ഭാഗവത് 1884-ല്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് ജനിച്ചത്. സ്വന്തം വീട്ടിലെ കടുത്ത ദാരിദ്യം കാരണം നാഗ്പൂരിലുള്ള അമ്മാവന്റെ വീട്ടിലാണ് താമസിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉത്തര്‍പ്രദേശിലെ പ്രയാഗില്‍ നിന്നു നിയമബിരുദം കരസ്ഥമാക്കി. ചന്ദ്രപൂരിനടുത്തുള്ള വറോറയില്‍ പ്രാക്ടീസും തുടങ്ങി.
വറോറ അക്കാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു, അദ്ദേഹം സംസ്ഥാന സമിതിയംഗവും. 1930 മുതല്‍ കുടുംബസമേതം ചന്ദ്രപൂരില്‍ സ്ഥിരതാമസമാക്കി, ജില്ലാകോടതിയില്‍ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു. ബാലഗംഗാധര തിലകന്റെ അടുത്ത അനുയായിയായ ബല്‍വന്ത് റാവു ദേശ്മുഖുമായി അദ്ദേഹത്തിന് ഉറ്റസൗഹൃദമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെയാണ് അദ്ദേഹത്തിന്റെ മനസ്സില്‍ രാഷ്ട്രം, ധര്‍മ്മം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ദൃഢസങ്കല്പങ്ങള്‍ പിറവിയെടുത്തത്.
ഡോക്ടര്‍ജി ചന്ദ്രപൂരില്‍ എത്തുന്നതിനു മുമ്പുതന്നെ നാനാസാഹേബ് ഒരു മികച്ച വക്കീലാണെന്ന ഖ്യാതി നേടിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്ത് നീല്‍സിറ്റി സ്‌കൂളില്‍ ഡോക്ടര്‍ജിയുടെ സഹപാഠിയായിരുന്നെങ്കിലും പിന്നീട് രണ്ടുപേരും തമ്മില്‍ കണ്ടിരുന്നില്ല. ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം വറോറയില്‍ വെച്ചാണ് പുനഃസമാഗമം. പഴയ സഹപാഠി എന്ന ബന്ധവും രണ്ടു പേര്‍ക്കും പൊതുവേ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പാരമ്പര്യവും ദേശീയബോധവും അവരെ വീണ്ടും കോര്‍ത്തിണക്കി. ”എന്റെ സഹപാഠിയായിരുന്നു. പഠിക്കാന്‍ എന്നേക്കാള്‍ മിടുക്കനായിരുന്നു. ഇരട്ടസ്ഥാനക്കയറ്റവും സ്‌കോളര്‍ഷിപ്പും കിട്ടിയിട്ടുണ്ട്”: എന്നു പറഞ്ഞായിരുന്നു ഡോക്ടര്‍ജി ഇദ്ദേഹത്തെ പരിചയപ്പെടുത്താറുണ്ടായിരുന്നത്. ഡോക്ടര്‍ജിയുമായുള്ള ബന്ധം കാരണം നാനാസാഹേബ് തന്റെ സ്ഥാനമാനങ്ങളൊന്നും നോക്കാതെ, യാതൊരു സങ്കോചവുമില്ലാതെ ഡോക്ടര്‍ജിയുടെ അനുയായിയായി മാറി. ഭാഗവത് കുടുംബം ചന്ദ്രപൂരില്‍ എത്തുന്നതിനു മുന്‍പ് തന്നെ അവിടെ ശാഖ തുടങ്ങിയിരുന്നു. 1927 ല്‍ ആരംഭിച്ച ശാഖയുടെ സംഘചാലക് രഘുനാഥ് ദേവയീകര്‍ ആയിരുന്നു.
ക്ഷിപ്രകോപിയും ഋജുഭാഷിയുമായിരുന്നു നാനാസാഹേബ്. തന്റെ പക്കലെത്തുന്ന കേസുകള്‍ക്ക് ജയസാധ്യത ഇല്ലെങ്കില്‍ അപ്പോള്‍ തന്നെ അത് കക്ഷികളോട് വെട്ടിത്തുറന്നു പറയുമായിരുന്നു. ഇതുകാരണം ആളുകള്‍ക്ക് അദ്ദേഹത്തോടുള്ള വിശ്വാസം കൂടുകയായിരുന്നു. തങ്ങള്‍ തോറ്റാലും കുഴപ്പമില്ല കേസ് താങ്കള്‍ വാദിച്ചാല്‍ മതിയെന്നു കക്ഷികള്‍ അഭിപ്രായപ്പെട്ട നിരവധി സാഹചര്യങ്ങളുണ്ട്. സംഘപ്രവര്‍ത്തനത്തില്‍ സക്രിയമായതിനു ശേഷവും ഇദ്ദേഹത്തിന്റെ ക്രിസ്ത്യന്‍-മുസ്ലീം-കോണ്‍ഗ്രസ്‌കക്ഷികളുടെ എണ്ണത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല.
സംഘത്തില്‍ സക്രിയനായതിനു ശേഷം ഡോക്ടര്‍ജിയുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ അദ്ദേഹം തന്റെ സ്വഭാവത്തില്‍ ബോധപൂര്‍വ്വം മാറ്റംവരുത്തി. ക്ഷിപ്രകോപിയായിരുന്ന നാനാസാഹേബ് ക്രമേണ ബാലസ്വയംസേവകര്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്നു. അറിയപ്പെടുന്ന സീനിയര്‍ അഡ്വക്കറ്റായിട്ടു കൂടിയും അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി ബാലസ്വയംസേവകരെ ശാഖയിലെത്തിക്കാന്‍ മടി കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇത്തരം നന്മകള്‍ നാട്ടുകാര്‍ക്കും സ്വയംസേവകര്‍ക്കും വലിയ അദ്ഭുതവും പ്രേരണയുമായി. ഇവരില്‍ പലരും പില്‍ക്കാലത്ത് മുതിര്‍ന്ന കാര്യകര്‍ത്താക്കളായി മാറി. 1935 ജനുവരി 1-ന് ഇദ്ദേഹത്തെ ചന്ദ്രപൂര്‍ ജില്ലാ സംഘചാലകനായി ഡോക്ടര്‍ജി നിയോഗിച്ചു. സംഘചാലകനായി നിശ്ചയിക്കുന്ന കാര്യം അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ”എന്റെ ക്രോധവും പ്രകൃതവും ഈ ചുമതലയ്ക്ക് യോജിക്കില്ല. അതിനാല്‍ ഞാന്‍ അയോഗ്യനാണ്”എന്നദ്ദേഹം പറഞ്ഞു. ഡോക്ടര്‍ജി വിട്ടില്ല. മധുരഭാഷയില്‍ സംസാരിച്ച് അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു. ഈ നിര്‍ണ്ണയം പൂര്‍ണ്ണമായും ശരിവെക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
പ്രവര്‍ത്തനമാരംഭിച്ച് പത്തിരുപതു കൊല്ലക്കാലം സംഘത്തിന് ചന്ദ്രപൂരില്‍ കാര്യാലയമുണ്ടായിരുന്നില്ല. നാനാസാഹേബിന്റെ വീടാണ് ഈ കുറവു നികത്തിയത്. ജില്ലയുടെ വിവിധഭാഗത്തു നിന്നുമുള്ള കാര്യകര്‍ത്താക്കളും പ്രചാരകന്മാരും അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടുമുറങ്ങിയും ഒരുമിച്ചു ചേര്‍ന്നും അക്ഷരാര്‍ത്ഥത്തില്‍ അതൊരു കാര്യാലയമായി മാറി. ഇതിന്റെയൊരു തുടര്‍ച്ചയെന്നോണം അദ്ദേഹത്തിന്റെ മകന്‍ മധുകര്‍ ഭാഗവത് സംഘപ്രചാരകനായി ഗുജറാത്തിലേക്കു പോയി. മൂത്തമകന്‍ മനോഹര്‍ ഭാഗവതിന്റെ അപ്രതീക്ഷിത നിര്യാണത്തിനു ശേഷം ഇളയ മകനെ തിരിച്ചുവിളിക്കാന്‍ പലരും ഉപദേശിച്ചു. ഇതുപ്രകാരം ഗുരുജിയോടു സംസാരിച്ചതിന് ശേഷം അദ്ദേഹം ഗുരുജിയുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിച്ചു. മധുകര്‍ജി പിന്നെയും ദീര്‍ഘകാലം പ്രചാരകനായി തുടര്‍ന്നു, ഗുജറാത്തിന്റെ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ അദ്ദേഹത്തിന് വിവാഹം കഴിക്കാന്‍ ഗുരുജി അനുവാദം നല്‍കിയിരുന്നു (വിശദ വിവരങ്ങള്‍ മധുകര്‍ ഭാഗവത് എന്ന അധ്യായത്തില്‍ ഉണ്ട്). പിന്നീടു സമയമായപ്പോള്‍ സംഘനിര്‍ദേശമനുസരിച്ച് അദ്ദേഹം തിരിച്ചു വന്നു. സുകൃതഫലമെന്നോണം മധുകര്‍ റാവുവിന്റെ പുത്രനും പ്രചാരകനായി, ഇപ്പോഴും പ്രവര്‍ത്തനത്തില്‍ തുടരുന്നു. സംഘത്തിന്റെ ആറാമത്തെ പരംപൂജനീയ സര്‍സംഘചാലകനായ മോഹന്റാവു ഭാഗവതാണ് നാനാസാഹേബിന്റെ ഇപ്പറഞ്ഞ പൗത്രന്‍.
സംഘശാഖയിലൂടെ നടക്കുന്ന വ്യക്തിസൃഷ്ടി, ജനിതകശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്ന മനോഹരചിത്രം കാണാന്‍ നാനാസാഹേബിന്റെ ജീവിതം മനസ്സിലാക്കണം. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം കഠിനപ്രയത്‌നം കൊണ്ട് മൃദുകോപിയായി മാറി. ജനിതകഘടനപ്രകാരം അദ്ദേഹത്തിന്റെ മകനും ഇത്തിരി കോപിഷ്ടനാവാതെ തരമില്ലല്ലോ. എന്നാല്‍ മധുകര്‍ ഭാഗവത്ജി സംഘസാധനയിലൂടെ തന്റെ കോപത്തെ കാര്‍ക്കശ്യമാക്കി ലഘൂകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ജി ഭാഗവത് സംഘതപസ്യയിലൂടെ ആ ഘട്ടത്തെയും അതിജീവിച്ചു. ജനിതകമായ പ്രകൃതവൈചിത്ര്യങ്ങളെ സംഘസാധനയിലൂടെ ക്രമീകരിച്ച് ലഘൂകരിച്ച് തലമുറകള്‍ക്കപ്പുറത്തേക്ക് വ്യക്തിസൃഷ്ടി സാധ്യമാകുന്നതെങ്ങനെയെന്ന് കാണാന്‍ ഇവരെ നോക്കിയാല്‍ മതി. മൃദുകോപിയായ മുത്തച്ഛന്റെ, കര്‍ക്കശക്കാരനായ അച്ഛന്റെ സൗമ്യനായ ആ മകന്‍ തലമുറകള്‍ കടന്നുവന്ന സംഘസംസ്‌കാരത്തിന്റെ സാക്ഷ്യപത്രമാണ്.
സ്വയംസേവകനായ ദിനം തൊട്ട് ആജീവനാന്തം നിഷ്ഠ വെടിയാതെ സംഘകാര്യത്തില്‍ മുഴുകി, പ്രാരംഭ കാലത്തുതന്നെ കുടുംബത്തിന് സംഘസംസ്‌കാരം നല്‍കി, തലമുറകളെ പ്രചാരകപഥത്തില്‍ സമര്‍പ്പണ ഭാവത്തോടെ എത്തിച്ച നാരായണ്‍ പാണ്ഡുരംഗറാവു ഭാഗവത് 1971 മാര്‍ച്ച് 31ന് സ്വര്‍ഗ്ഗംപൂകി.
(തുടരും)