അശ്വം എന്നാല്‍ കുതിര. കുതിര ശക്തിയുടെയും വേഗതയുടെയും പ്രതീകമാണ്. എപ്പോഴും കര്‍മം ചെയ്യാന്‍ തയ്യാറായിരിക്കുന്ന മൃഗം. അയ്യപ്പന്‍ തുരഗവാഹനനാണ്. (തുരഗം എന്നാല്‍ വേഗത്തില്‍ ഓടുന്നവന്‍, കുതിര.) യുദ്ധരംഗങ്ങളിലും സാധാരണ കാലത്തും മനുഷ്യന്റെ ഏറ്റവും ഇണങ്ങിയ വാഹനമാണ് കുതിര. റാണാ പ്രതാപിന്റെ ചേതക് എന്ന കുതിര ചരിത്രപ്രസിദ്ധമാണ്. അശ്വസഞ്ചലനം എന്നും ഇതിനു പേരു പറയാറുണ്ടഝ്. സൂര്യനമസ്‌കാരത്തിന്റെയും ചന്ദ്രനമസ്‌കാരത്തിന്റെയും നാലാം ഘട്ടം ഈ ആസനമാണ്.
ചെയ്യുന്ന വിധം
വജ്രാസനത്തിലിരിക്കുക. സാവധാനത്തില്‍ കാല്‍മുട്ടുകളില്‍ നില്ക്കുക. ശ്വാസം എടുത്തുകൊണ്ട് വലതു കാല്‍ ഉയര്‍ത്തി ഒരു വലിയ സ്റ്റെപ്പ് മുന്നില്‍ വെക്കുക. വലതു കാല്‍പ്പത്തി നിലത്തു പതിപ്പിച്ച് ഉറപ്പിച്ചു നിറുത്തുക. വലതു തുട ഭൂമിക്കു സമാന്തരമായിരിക്കും. ശ്വാസം വിട്ടു കൊണ്ട് ശരീരത്തിന്റെ ഭാരം മുന്‍ കാലില്‍ വരത്തക്കവണ്ണം മുന്നോട്ടായുക. സ്വാഭാവികമായും ഇടതുകാല്‍ പിന്നോട്ട് വലിഞ്ഞിരിക്കും. കൈകാല്‍വിരലുകള്‍ നിലത്തു കുത്തും. ശരീരം മൊത്തം വലിയും. തല അല്‍പം പിന്നോട്ട് വളയും. ദൃഷ്ടി ഭ്രൂമധ്യത്തില്‍. സാധാരണ ശ്വാസത്തില്‍ അല്പനേരം സ്ഥിതി ചെയ്ത ശേഷം ശ്വാസമെടുത്തു കൊണ്ട് തിരിച്ചു വരിക. മറുകാലിലും ആവര്‍ത്തിക്കുക.
വൈവിധ്യങ്ങള്‍
കൈപ്പത്തി നിലത്തു പതിച്ചു വെച്ചും ദൃഷ്ടി മുന്നോട്ടായും വലതു ജംഘ ലംബമായും വലതു നെഞ്ച് തുടയോടു ചേര്‍ന്നും കാല്‍പ്പത്തിയുടെ പുറവടി നിലത്തു പതിച്ചും വൈവിധ്യങ്ങള്‍ കണ്ടിട്ടുണ്ട്. മേല്‍ കൊടുത്തത് ബീഹാര്‍ സ്‌കൂളിന്റെ രീതിയാണ്.
ഗുണങ്ങള്‍
വയറിലെ പേശികള്‍ക്കും നട്ടെല്ലിന്റെ കീഴ്ഭാഗത്തും വലിവു കിട്ടും. ശരീരത്തിന് മൊത്തം ശക്തി പകരും. നാഡീവ്യവസ്ഥ സന്തുലിതമാവും.