ഇടതുപക്ഷ ബുദ്ധിജീവികളുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള വിലയിരുത്തലിനാധാരം പലപ്പോഴും ചെറുകാടിന്റെ ജീവിതപ്പാതയാണ്. അതില്‍ ജന്മികുടിയാന്‍ ബന്ധങ്ങളൊക്കെ വിശദമാക്കുന്നുണ്ട്. ഇത് ആ നിലയില്‍ ഇടതു ബുദ്ധിജീവികളുടെ ബൈബിളാണ് എന്ന് പറയാം. എല്ലാത്തിനും പല വശങ്ങളുണ്ട്. ചില വശങ്ങള്‍ ചിലര്‍ സൗകര്യ പൂര്‍വ്വം വിസ്മരിക്കുന്നു. ചിലത് കൂടുതല്‍ പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്നു. ചിലത് കണ്ടില്ലെന്ന് നടിക്കുന്നു. കണ്ടാലും കണ്ടില്ല എന്ന് നടിക്കുന്നവരെ നാം എങ്ങനെ ബോധ്യപ്പെടുത്തും? ക്ഷിപ്രസാധ്യമല്ല. മലബാര്‍ കലാപത്തെക്കുറിച്ച് പഠിക്കാത്തവര്‍ ചുരുങ്ങും. കോഴിക്കോട് നോര്‍മന്‍ പ്രിന്റിങ്‌സ് പ്രസിദ്ധപ്പെടുത്തിയതും ദിവാന്‍ ബഹാദൂര്‍ സി. ഗോപാലന്‍ നായര്‍ (റിട്ടയര്‍ഡ് ഡപ്യൂട്ടി കളക്ടര്‍ കോഴിക്കോട്) എഴുതിയതുമായThe Moplah Rebellion’ 1921 നെ വെല്ലാന്‍ പറ്റിയ മറ്റുഗ്രന്ഥങ്ങള്‍ അധികമൊന്നും ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ചടിച്ചു വന്നിട്ടില്ല. പല സംഭവങ്ങളേയും വെള്ളപൂശാനുള്ള സംരംഭങ്ങള്‍ ഉണ്ടായി എങ്കിലും അതൊന്നും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല.
ഇംഗ്ലണ്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോക്കല്‍ നേതാവായ ഡോ. കോണ്‍റാഡ് വുഡ്(Conrod Wood) ഇതിനെക്കുറിച്ചൊരു ഗ്രന്ഥം 1970-കളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായതിനാല്‍ ഇന്നും ഒരു സ്ഥിര ജോലി വുഡ്ഡിന് ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യസമരസേനാനി കൂടിയായ കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റീഫന്റെഡിയില്‍ ‘ഇസ്ലാമിക അതിര്‍ത്തി എന്നു തുടങ്ങുന്ന ഒരു ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹവും ഡോ. എം. ഗംഗാധരനും ചേര്‍ന്ന് നേര്‍ച്ചയെപ്പറ്റി ഒരു പഠനം നടത്തിയതും വായിച്ചിട്ടുണ്ട്. എം. ഗംഗാധരന്‍ (പരപ്പനങ്ങാടി) ഡോ. എം.പി. ശ്രീകുമാരന്‍ നായരുടെ കീഴില്‍ ഗവേഷണം നടത്തി ഒരു ഗ്രന്ഥം യുഗ് പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചിട്ടുള്ളതും വായനക്കാര്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിന് ഉപകരിക്കും. ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്ന ഡോ. കെ.എന്‍. പണിക്കരുടെ (കുന്നംകുളം) ‘എഗെയന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് ദ സ്റ്റേറ്റ്’ (Against Lord and the State) എന്ന ഗ്രന്ഥവും ഈ വിഷയത്തെക്കുറിച്ചെഴുതപ്പെട്ട മറ്റൊരു പഠനമാണ്. സി.ഗോപാലന്‍നായരുടെ ഗ്രന്ഥം മലബാര്‍ കലക്ടറായിരുന്ന ആര്‍.എച്ച്. ഇലീസ്(Ellis)ന് സമര്‍പ്പിച്ചിരുന്നതായി കാണാം. ഇലീസ് 1922 ജനുവരി 27 മുതല്‍ ഡിസംബര്‍ 22 വരെ മലബാര്‍ കലക്ടര്‍ ആയിരുന്നു. മദിരാശിമെയില്‍, വെസ്റ്റ് കോസ്റ്റ് സ്‌പെക്‌ടേട്ടര്‍ എന്നീ പത്രങ്ങളുടെ അക്കാലത്തെ ലക്കങ്ങള്‍ മദിരാശിപുരാരേഖാലയത്തിലുള്ളത് പരിശോധിച്ചാല്‍ പൂര്‍ണ്ണരൂപം ലഭിക്കും. ബി.ജെ.പി. മുന്‍ അദ്ധ്യക്ഷന്‍ കെ. രാമന്‍പിള്ളയും ഡോ.വി.കെ. ദീപേഷും ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ എഴുതിയവരാണ്. കലാപത്തെപറ്റി കോണ്‍ഫറന്‍സുകളുടെ രേഖകള്‍ നോക്കിയാലും മലബാര്‍ കലാപം പഠനവിഷയമാക്കാതൊരു പരിപാടിയും നടക്കാറില്ല. സിനിമയുടെ കാര്യത്തിലും ഇത് ബാധകമാണ്.
മലബാര്‍ കലാപത്തിന്റെ അമ്പതോ അറുപതോ വാര്‍ഷികം പ്രമാണിച്ച് ചരിത്രം പ്രസിദ്ധീകരണശാല (ഉടമസ്ഥന്‍ പ്രൊഫസര്‍ സി.കെ. കരിം) ചരിത്രം മാസികയുടെ ഒരു സ്‌പെഷ്യല്‍ പതിപ്പ് പ്രസിദ്ധീകരിച്ചു. അതില്‍ മുന്‍ വൈസ്ചാന്‍സലറും ചരിത്രകാരനുമായ ഡോ.ടി.കെ. രവീന്ദ്രന്‍ മലബാര്‍ കലാപം ഹിന്ദുവിരുദ്ധകലാപമായിരുന്നുവെന്നും അത് ഹിന്ദു കൂട്ടക്കൊലയിലാണവസാനിച്ചതെന്നും എഴുതിയിരുന്നു. ഈ സ്‌പെഷ്യല്‍ പതിപ്പ് കഴിഞ്ഞ് പ്രസിദ്ധീകരിച്ച ചരിത്രം മാസികയുടെ ലക്കത്തില്‍ ടി.കെ.രവീന്ദ്രനില്‍ ഒഴുകുന്നത് ബ്രിട്ടീഷ് രക്തമാണോ എന്നൊരു ചോദ്യം എഡിറ്റര്‍ ചോദിച്ചു. പെട്ടെന്നൊരു ആവേശത്തില്‍ എഴുതിയതാവാം അദ്ദേഹമെങ്കിലും ഡോ.രവീന്ദ്രന്‍ തന്റെ പിതൃത്വത്തെ ചോദ്യം ചെയ്തതിനെതിരെ കേസ് കൊടുത്തു. തിരുവനന്തപുരം ഹൈക്കോടതിയില്‍ രണ്ടു ചരിത്രകാരന്മാരും കുറേനാള്‍ കയറിയിറങ്ങി. അവസാനം എഡിറ്ററെ കോടതി ശിക്ഷിച്ചു.
അറബികളായ കച്ചവടക്കാരുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്നവരാണ് മലബാറിലെ മുസ്ലീം ജനത. പാലക്കാട് രാജാവ് സാമൂതിരിയുടേയും കൊച്ചിയുടേയും തിരുവിതാംകൂറിന്റേയും ഇടയില്‍ കിടന്ന് നട്ടംതിരിയുന്ന അവസ്ഥയിലായിരുന്നു ഹൈദരാലിയെ കേരളത്തിലോട്ട് ക്ഷണിച്ചത്. 1766-1782 വരെയുള്ള കാലംകൊണ്ട് ഹൈദരും 1782 മുതല്‍ 1792 വരെയുള്ള കാലഘട്ടത്തില്‍ മകന്‍ ടിപ്പുസുല്‍ത്താനും മംഗലാപുരംവരെയുള്ള പ്രദേശങ്ങള്‍ സൈനികമായി കീഴടക്കി. മതപരിവര്‍ത്തനം ഒരു നയമായിരുന്നതിനാല്‍ ദിവാന്‍പേഷ്‌ക്കാര്‍ ശങ്കുണ്ണിമേനോന്‍ തന്റെ തിരുവിതാംകൂര്‍ ചരിത്രത്തില്‍ പറയുന്നതുപോലെ (1878ല്‍ മദിരാശിയില്‍ നിന്നും ഹിഗ്ഗിന്‍ ബോതാംസ് പ്രസിദ്ധീകരിച്ച ഗ്രന്ഥം) പൊന്നാനിയിലെ മൂത്തസഹോദരനായ മേനോന്‍ അവിടെ തന്നെ താമസിച്ചു. ടിപ്പു മതംമാറ്റുമെന്ന ഭയംമൂലം ശങ്കുണ്ണിമേനോന്റെ അനുജന്‍ തന്റെ കുടുംബാംഗങ്ങളുമായി വഞ്ചിയില്‍ യാത്രയായി. അവസാനം എത്തിച്ചേര്‍ന്നത് പെരിയാര്‍ തീരത്തുള്ള ഏലൂരില്‍ (ഇന്നത്തെ ഉദ്യോഗമണ്ഡല്‍). അവര്‍ വഞ്ചിയിറങ്ങിയ ഉടന്‍ തന്നെ ടിപ്പുവിന്റെ സൈനികര്‍ ഈ കുടുംബത്തെ മതംമാറ്റി. ഇന്ന് ഏലൂര്‍ മൂപ്പന്‍ എന്നറിയപ്പെടുന്ന കുടുംബം (വടക്കുഭാഗത്ത്) അടിസ്ഥാനപരമായി പൊന്നാനിയിലെ മേനോന്‍മാരായിരുന്നു. ടിപ്പു പോയശേഷം (1792) ഏലൂര്‍ മൂപ്പനും ജ്യേഷ്ഠനും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടു മതവിഭാഗക്കാരായിരുന്നുവെങ്കിലും ഹൈദരിന്റേയും ടിപ്പുവിന്റേയും കാലംമുതല്‍ക്കേ ഭൂമിയുടെ ഉടമ – ജന്മി – സവര്‍ണ്ണരായ ഹിന്ദുക്കളായിരുന്നു. അവര്‍ നായര്‍പ്രമാണിമാരോ ഉന്നതകുലജാതരായ നമ്പൂതിരിമാരോ ആയിരുന്നു. പെരിന്തല്‍മണ്ണ ഏലംകുളത്തിന്റെ ഇല്ലങ്ങളും ഇതുപോലെ (ഇ.എം.എസ്സിന്റെ) തന്നെയായിരുന്നു.
തങ്ങളുടെ ജന്മിമാരെ പറ്റിക്കുന്നതിനോ അവര്‍ക്കെതിരെ പടപൊരുതുന്നതിനോ ആയുധമെടുക്കുന്നതിനോ അന്നത്തെ നാട്ടുവ്യവസ്ഥയനുസരിച്ച് മുസ്ലീം സമുദായക്കാര്‍ മുതിരാറില്ല. ഹിന്ദു-മുസ്ലീം കുടുംബക്കാര്‍ – ജന്മിയായാലും പാട്ടക്കാരനായാലും കൃഷിക്കാരനായാലും – തമ്മിലൊരു സൗഹൃദം നിലനിന്നിരുന്നു. 1766-72 കാലത്ത് ഇങ്ങനെ മതംമാറ്റിയവര്‍ ഹിന്ദുക്കള്‍ തന്നെയായിരുന്നുവെന്ന തിരിച്ചറിവ് മുസ്ലീം ജനതയ്ക്കുമുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍നിന്ന് ലഭിക്കുന്ന നെല്ലും ധാന്യങ്ങളും മുസ്ലീം കര്‍ഷകര്‍ക്ക് ആവശ്യത്തിന് നല്‍കുന്നതിന് ജന്മിമാര്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. ചില്ലറ അപവാദങ്ങള്‍ കണ്ടേക്കും. മാപ്പിളകലാപകാലത്തുപോലും പല ഹിന്ദുകുടുംബക്കാരേയും കാത്തുരക്ഷിച്ചിരുന്നത് മുസ്ലീം നേതാക്കളായിരുന്നു. എം.പി.നാരായണമേനോനെപ്പോലുള്ള ഖിലാഫത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ അതിനപ്പുറമുള്ള അഭിപ്രായമൊന്നും യാതൊരു മുസ്ലീം വിഭാഗക്കാര്‍ക്കും ഉണ്ടായിരുന്നില്ല.
കൃഷിഭൂമി കര്‍ഷകന്, അതും കൃഷിചെയ്തിരുന്ന മുസ്ലീമിന് എന്നൊക്കെയുള്ള ആശയങ്ങള്‍ രണ്ടാം ലോകമഹായുദ്ധകാലത്തിനോടൊപ്പമാണ് പ്രബലമായിത്തീര്‍ന്നത്. 1929-30 കാലത്തെ നാണയപ്രതിസന്ധിയും ധാന്യ ഉല്‍പ്പാദനത്തിലെ പരിമിതികളും കൃഷിയിടങ്ങളിലെ വെള്ളപ്പൊക്കവും കൃഷിനാശവും ജനാധിപത്യബോധവും ദേശീയതയുമെല്ലാമാണ് ‘കൃഷിഭൂമി കര്‍ഷകന്’ എന്ന ആശയം തന്നെ പ്രചുരപ്രചാരത്തില്‍ ആവാന്‍ ഹേതുവായത്. ഇല്ലാത്ത ഒന്ന് ഉണ്ടായിരുന്നുവെന്ന പ്രചാരണമാണ് ഇടതുപക്ഷസൈദ്ധാന്തികര്‍ നടത്തിവരുന്നത്. 1921-ലെ കലാപത്തിനും കൂട്ടക്കൊലയ്ക്കും ശേഷം ഹിന്ദുക്കളും മുസ്ലീങ്ങളും പലപ്പോഴും രണ്ട് ചേരിയില്‍നിന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയത് 1921 ലെ കൂട്ടക്കൊലയുടേയും രക്തച്ചൊരിച്ചിലിന്റേയും അനന്തരഫലം മാത്രമാണ്.
966 ചതുരശ്ര മൈലുള്ള ഏറനാട്ടില്‍ 94 ഗ്രാമങ്ങളാണുണ്ടായിരുന്നത്. നാലുലക്ഷം വരുന്ന ജനസംഖ്യയില്‍ 300 പേര്‍ ക്രിസ്ത്യാനികള്‍. ബാക്കിയില്‍ ഒന്നരലക്ഷത്തിലധികം ഹിന്ദുക്കളും രണ്ടരലക്ഷത്തില്‍ താഴെ മുസ്ലീങ്ങളും ഉണ്ടായിരുന്നു. ശ്രീരംഗം പട്ടണം ഉടമ്പടി 1792 ല്‍ ഒപ്പിടുമ്പോള്‍പോലും മുസ്ലീം സമുദായക്കാര്‍ തങ്ങള്‍ക്ക് കൂടുതല്‍ ഭൂമിവേണമെന്നഭിപ്രായപ്പെട്ടിട്ടില്ല. ‘തമ്പുരാന്‍തന്നെ’ ഭരിച്ചാല്‍ മതിയെന്ന അഭിമതമായിരുന്നു അവര്‍ക്ക്. അതിനൊരു കാരണം കൃഷിയിറക്കാന്‍ വേണ്ട പണമോ സാധനസാമഗ്രികളോ അവരുടെ കൈകളില്‍ ഇല്ല എന്നുള്ള പരമാര്‍ത്ഥത്തിന്റെ തിരിച്ചറിവാണ്. എന്നാല്‍ ഇക്കാരണങ്ങള്‍കൊണ്ട് ഹിന്ദുക്കളായ ജന്മിമാരോട് വിദ്വേഷമോ പകയോ മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. ഹിന്ദുക്കളുടെ സമീപനം ഉദാരമായിരുന്നുവെന്ന് വിന്റര്‍ബോതത്തെപ്പോലുള്ളവര്‍പോലും എഴുതിയിട്ടുണ്ട്.
1857ലെ സ്വാതന്ത്ര്യസമരകാലത്ത് തീവ്രമായ ദേശീയബോധമുണ്ടായിരുന്നില്ല. എന്നാല്‍ കലാപം അടിച്ചമര്‍ത്തപ്പെടുകയും പലനേതാക്കളേയും തൂക്കുകയറില്‍ എത്തിക്കുകയും ചെയ്തപ്പോള്‍ ദേശീയബോധം വളര്‍ന്നുപന്തലിച്ചു – അത് സ്വാതന്ത്ര്യസമ്പാദനത്തിലും കലാശിച്ചു.
1921 ആഗസ്റ്റ് 20-ാം തീയതിയില്‍ തിരൂരങ്ങാടിയില്‍ നടന്ന തര്‍ക്കം മുതല്‍ക്കാണ് വാസ്തവത്തില്‍ ഭൂമിയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഉടലെടുക്കുന്നത്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിട്ടും ഭൂമി തങ്ങള്‍ക്ക് കിട്ടുന്നില്ലായെന്ന നിരാശയും പ്രവാചകന്റെ ആത്മീയതയുടെ ‘സയ്ദ്’ നേടാനുള്ള ആവേശവും കലാപത്തെ കൂട്ടക്കൊലയിലെത്തിച്ചു. ശത്രുവിനെ കൊലചെയ്യുന്നത് മോക്ഷപ്രാപ്തിക്കുള്ള വഴിയെന്ന ആത്മീയത പ്രചുരപ്രചാരത്തിലായതും ഖിലാഫത്തിനെ തുടര്‍ന്നാണ്. അല്ലെങ്കില്‍ തുര്‍ക്കിയില്‍ ഭരണം നടത്തുന്നയാള്‍ക്ക് ഖലീഫയാകാന്‍ പറ്റാത്തതിന് കേരളത്തിലെ മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് എതിരായി ആയുധമെടുക്കേണ്ടതുണ്ട് എന്ന് ആരും കരുതില്ല. എം.പി. നാരായണ മേനോന്‍ അധിവസിച്ചിരുന്ന പ്രദേശം മുഴുവന്‍ മുസ്ലീംഭൂരിപക്ഷമായിരുന്നുവെന്ന് മാത്രമല്ല അവര്‍ നാലുപാടും ഉണ്ടായിരുന്നുതാനും. എന്നിട്ടും അവര്‍ മേനോന്റെ പക്ഷത്താണ് നിലയുറപ്പിച്ചിരുന്നത്. 880 ചതുരശ്രമൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന വള്ളുവനാട്ടില്‍ ഒന്നരലക്ഷത്തില്‍ താഴെ മാത്രമായിരുന്നു മുസ്ലീങ്ങള്‍. രണ്ടുലക്ഷത്തി അറുപതിനായിരം ഹിന്ദുക്കളാണവിടെ ഉണ്ടായിരുന്നത്. പൊന്നാനിയില്‍ 426 ചതുരശ്ര അടിയില്‍ അഞ്ചരലക്ഷമായിരുന്നു ജനസംഖ്യ. അതില്‍ രണ്ടുലക്ഷത്തി എണ്‍പതിനായിരം ഹിന്ദുക്കളും രണ്ടുലക്ഷത്തി മുപ്പതിനായിരം മുസ്ലീംസമുദായക്കാരും ഉണ്ടായിരുന്നു.
സെയ്ദാവാന്‍ വേണ്ടിയും ശത്രു മതത്തെ തകര്‍ക്കാന്‍ വേണ്ടിയുമായിരുന്നു 1921 ലെ പോരാട്ടവും കൊലയും. തലേദിവസം ഒരുമിച്ചിരുന്നവര്‍ പിറ്റേദിവസം വാളെടുത്ത് പോരാടിയത് ഭൂമിക്ക് വേണ്ടിയല്ല, കര്‍ഷകരാജ്യം ഉണ്ടാക്കാന്‍ വേണ്ടിയല്ല എന്ന പച്ചപരമാര്‍ത്ഥം മാനിക്കുന്നതാണ് ചരിത്രധര്‍മ്മം. ഭൂമിയായിരുന്നു കലാപലക്ഷ്യമെങ്കില്‍ അത് ശ്രീരംഗപട്ടണം ഉടമ്പടിക്കുശേഷമോ 1799 ല്‍ ടിപ്പു കൊല്ലപ്പെട്ടശേഷമോ ആകാമായിരുന്നു. അതുണ്ടായില്ല. പൂര്‍ണ്ണവിധേയത്വവും സന്മനസ്സും സൗഹൃദവും ഹിന്ദുജന്മിമാരോട് മുസ്ലീം ജനത കാണിച്ചിരുന്നത് തെളിയിക്കുന്നത് എന്താണ്? അവര്‍ തങ്ങളുടെ ജന്മിമാരോട് യാതൊരുവക പകയും വച്ചുപുലര്‍ത്തിയിരുന്നില്ല എന്നുള്ളത് തന്നെയാണ്. മതത്തിന്റെ വിളി – സെയ്ദാവാനുള്ള വിളിയായിരുന്നു ആലി മുസലിയാരും ഖിലാഫത്ത് കമ്മറ്റികളിലെ മുസ്ലീങ്ങളും നടത്തിയിരുന്നത്. അതായിരുന്നു അവരുടെ ആഹ്വാനത്തിന്റെ അന്തഃസത്ത. അതു ഭൂമിക്കുവേണ്ടിയായിരുന്നുവെങ്കില്‍ 1800-കളില്‍ തന്നെ സാധിക്കുമായിരുന്നു. അതിനുള്ള മെയ്‌വഴക്കവും കരുത്തും ശേഷിയുമൊക്കെ മുസ്ലീങ്ങള്‍ക്കുണ്ടായിരുന്നു. ഖിലാഫത്ത് നേതാവ് യൂക്കൂബ് ഹസന്‍ 1921 ഫെബ്രുവരി പതിനഞ്ചിന് കോഴിക്കോട് എത്തിയതുമുതല്‍ മതത്തിന്റെ വിളിയും സെയ്ദ് വാദവും സജീവമായി. കോണ്‍ഗ്രസ് മുസ്ലീം മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദിവ്യനാകുവാന്‍ പ്രവാചകനെ പ്രാപിക്കുവാന്‍ രക്തം ചിന്തണമെന്ന ആശയമാണ് വാസ്തവത്തില്‍ ഖിലാഫത്തിന്റെ പരിണതഫലം. സമാധാനത്തിനുവേണ്ടി കൊണ്ടുവന്ന ആശയം രക്തച്ചൊരിച്ചിലില്‍ അവസാനിക്കാന്‍ ഇടയാക്കിയത് ഈ ആത്മീയ നിര്‍വൃതിക്കുവേണ്ടിതന്നെയായിരുന്നുവെന്ന് ചരിത്രത്താളുകള്‍ കൂലങ്കഷമായി പരിശോധിച്ചാല്‍ കാണാം.
വിനോബാഭാവെയുടെ കാലം മുതല്‍ക്കാണ് കൃഷിഭൂമി കര്‍ഷകനെന്ന ആശയം പ്രബലമാകുന്നത്. അതിന് രണ്ട് വ്യാഴവട്ടത്തിനുമുമ്പ് നടന്നത് കര്‍ഷകകലാപമല്ല, ഭൂസമരമല്ല മറിച്ച് മറ്റെന്തോ നേടാന്‍ വേണ്ടിയുള്ള കൂട്ടക്കൊലതന്നെയെന്ന് നിസ്സംശയം പറയാം. ഹിന്ദു ജന്മിമാരെ ബ്രിട്ടീഷുകാര്‍ പിന്തുണച്ചതാണ് അവരെ മുസ്ലീങ്ങള്‍ ശത്രുപക്ഷത്താക്കുന്നതിന് കാരണമായത്.
ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളില്‍ ആദ്യം യൂറോപ്യന്‍ ഉദ്യോഗസ്ഥരോടും അവരുടെ സൈനികരോടും അത് കഴിഞ്ഞ് ഹിന്ദുജന്മിമാരോടും മുസ്ലീങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായി എന്ന് സി.ഗോപാലന്‍നായര്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയാനുള്ള അടിസ്ഥാന കാരണം ഇദ്ദേഹം നടത്തിയ ദൃക്‌സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. 1921 ആഗസ്റ്റ് 31 ന് ആലിമുസലിയാരെ അറസ്റ്റ് ചെയ്തത് കലാപകാരികളെ സാരമായി ചൊടിപ്പിച്ചു. ചെമ്പ്രാശ്ശേരി സീതിക്കോയ തങ്ങള്‍മാര്‍ കീഴടങ്ങിയ ബ്രിട്ടീഷ് പട്ടാളത്തിനുമുമ്പില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മൊയ്തീന്‍ ഹാജി, കൊണ്ണറ തങ്ങള്‍ എന്നിവര്‍ (സുബേദാര്‍ ഗോപാലമേനോനും ചോക്കാട് ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യര്‍ക്കും മുമ്പില്‍) ഹാജരായത് അവരുടെ ശേഷിക്കുറവാണ് വെളിവാക്കിയത്. കാരണം ശക്തമായൊരു പോരാട്ടത്തിന് അവര്‍ തയ്യാറെടുത്തിരുന്നില്ല. അതൊരു കൂട്ടക്കൊലയ്ക്കുള്ള എടുത്തുചാട്ടമായിരുന്നു.
97 മാപ്പിളമാരും മൂന്ന് ഹിന്ദുക്കളുമടങ്ങുന്ന വാഗണ്‍ തിരൂരില്‍നിന്നും കോയമ്പത്തൂര്‍ക്ക് 1921 നവംബര്‍ 19ന് പോയതും നൂറില്‍ 70 പേര്‍ ശ്വാസംമുട്ടിമരിച്ചതുമായ വാഗണ്‍ട്രാജഡി പോരാട്ടത്തിന്റെ വീര്യം വര്‍ദ്ധിപ്പിച്ചു. അതനുസരിച്ച് ഹിന്ദുക്കളുടെ രക്തവും വാര്‍ന്ന് ഒഴുകി. ഇതെല്ലാം തമസ്‌ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് വാടക എഴുത്തുകാര്‍ – ഇടതു ബുദ്ധിരാക്ഷസന്മാര്‍ – നടത്തിവരുന്നത്. ഇതൊന്നും അധികം ചര്‍ച്ചചെയ്യേണ്ടതില്ല. പഴയ ഗ്രന്ഥങ്ങള്‍ ഈ ബുദ്ധിജീവിസമൂഹം വായിച്ചുനോക്കട്ടെയെന്നാണ് എന്റെ വിനീതമായ അഭിപ്രായം. വായിക്കാതെ വായിച്ചുവെന്ന പ്രചാരണം കൊണ്ട് അവര്‍ക്ക് താത്കാലിക നേട്ടം മാത്രമേ ഉണ്ടാവുകയുള്ളൂ.