1960 കളിലാണ് മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം തുടങ്ങുന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിച്ചു നടത്തിയ ആകാശപ്പോരാട്ടങ്ങളുടെ ഫലമായി ബഹിരാകാശ സാങ്കേതിക രംഗം കുതിച്ചത് അദ്ഭുതകരമായ വേഗതയിലാണ്. പക്ഷേ അങ്ങേയറ്റത്തെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍, അപകട സാധ്യതകള്‍, പണച്ചിലവ് എല്ലാം കൂടിയായപ്പോള്‍ ബഹിരാകാശം എന്നത് വളരെ കുറച്ചു പേര്‍ക്ക് മാത്രം പ്രാപ്യമായ മേഖലയായി. ബഹിരാകാശത്തും അന്യഗോളങ്ങളിലുമൊക്കെ പോയി വരുന്നവര്‍ സയന്‍സ് ഫിക്ഷനുകളിലും സിനിമകളിലും മാത്രമുള്ള കഥാപാത്രങ്ങളായി.
എന്നാല്‍ അക്കാലം മുതല്‍ തന്നെ ഒരു വിമാനത്തിലെന്നപോലെ ബഹിരാകാശത്ത് പോയിവരുക. ഭാരമില്ലായ്മ എന്ന അവസ്ഥയില്‍, ഒരു തൂവല്‍ പോലെ ഒഴുകുക, ജനിച്ചു വളര്‍ന്ന നീലഗ്രഹത്തെ അതിന്റെ സമസ്ത സൗന്ദര്യത്തോടെയും രാജ്യാതിര്‍ത്തികളുടെ ഭേദമില്ലാതെ ആസ്വദിക്കുക എന്ന സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ബഹിരാകാശത്തേക്ക് ആദ്യചുവടുവെച്ച പതിറ്റാണ്ടുകളില്‍ തന്നെ തുടങ്ങിയിരുന്നു.
അതിലെ ആദ്യവിജയമാണ് സ്പേസ് ഷട്ടിലുകള്‍. പുനരുപയോഗിക്കാവുന്ന ഒരു ബഹിരാകാശയാനം എന്നത് അസാധ്യമായിരുന്ന സമയത്താണ് റോക്കറ്റു പോലെ കുതിച്ചുയര്‍ന്ന് വിമാനം പോലെ പറന്നിറങ്ങുന്ന സ്പേസ് ഷട്ടിലുകളിലൂടെ നാസ ബഹിരാകാശ സാങ്കേതികതയുടെ വ്യാകരണം തന്നെ മാറ്റിയെഴുതിയത്. നാസ നിര്‍മ്മിച്ച നാല് സ്പേസ് ഷട്ടിലുകള്‍ ഉപയോഗിച്ച് നടന്ന നൂറു കണക്കിന് ദൗത്യങ്ങളിലൂടെ മാനവരാശി കൈവരിച്ച നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.
പക്ഷേ അപ്പോഴും സാങ്കേതിക സങ്കീര്‍ണ്ണതകള്‍ ഇല്ലാതെ, ഒരു മാള്‍ കയറാന്‍ ആവശ്യമായ ആരോഗ്യസ്ഥിതിയുള്ള ഒരു വ്യക്തിക്ക് ബഹിരാകാശത്ത് ഒന്ന് പോയി വരുക എന്നത് സ്വപ്‌നമായിത്തന്നെ അവശേഷിച്ചു .
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ബഹിരാകാശ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ കടന്നു വരാന്‍ തുടങ്ങി. എലോണ്‍ മാസ്‌കിന്റെ സ്പേസ് എക്‌സ് അങ്ങനെയൊന്നാണ്. നിരവധി വെല്ലുവിളികളും പരാജയങ്ങളും സംഭവിച്ചെങ്കിലും സ്പേസ് എക്‌സ് ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബഹിരാകാശ ഏജന്‍സിയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ നാസ പ്രധാനമായും ആശ്രയിക്കുന്നത് സ്പേസ് എക്‌സിനെയാണ്. സ്പേസ് ടൂറിസം എന്ന ലക്ഷ്യത്തിലേക്ക് അവരും എത്തിക്കൊണ്ടിരിക്കുകയാണ്.
പതിനേഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രിട്ടീഷ് ശതകോടീശ്വരനായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ സ്ഥാപിച്ച വിര്‍ജിന്‍ ഗാലക്റ്റിക്ക സ്പേസ് ടൂറിസം എന്ന വന്യസ്വപനത്തിലേക്ക് കാല്‍ കുത്തുന്നത്. അതുവരെയുള്ള ബഹിരാകാശ യാത്രാ സങ്കല്പങ്ങളെ മുഴുവന്‍ മാറ്റിമറിച്ച്, മുക്കാലും വിമാനം തന്നെയായ ഒരു യാനത്തില്‍ ബഹിരാകാശത്ത് പോയിവരുക എന്നത് തന്നെയായിരുന്നു അവരുടെ പദ്ധതി. അതാണ് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായത്.
ഒരു വലിയ റോക്കറ്റില്‍ ഘടിപ്പിച്ച പേടകത്തില്‍, മുകളിലേക്ക് കുതിച്ച് ബഹിരാകാശത്തേക്ക് എത്തുക എന്നതല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
രണ്ടു വിമാനങ്ങള്‍ സമാന്തരമായി ഒരുമിച്ചു ചേര്‍ത്ത ഒരു ആകാശ ചങ്ങാടത്തില്‍, നടുവിലായി മറ്റൊരു ചെറുവിമാനം ഘടിപ്പിച്ച രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വിമാനമായി തന്നെ പറന്നുയര്‍ന്ന് ഏകദേശം നാല്പതിനായിരം അടി മുകളിലെത്തുമ്പോള്‍, യാത്രക്കാര്‍ കയറിയ നടുവിലെ ചെറുവിമാനം വേര്‍പെടും. അതിനുശേഷം അതിലുള്ള അതിശക്തമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് മുകളിലേക്ക് കുതിച്ച്, അന്തരീക്ഷത്തിനു പുറത്ത്, 85 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തി ഭൂമിയെ വലം വെയ്ക്കും. ഈ അവസ്ഥയില്‍ പേടകത്തിനുള്ളില്‍ ഭാരം അനുഭവപ്പെടുകയില്ല. യാത്രികര്‍ക്ക് ഒരു തൂവല്‍ പോലെ പേടകത്തിനുള്ളില്‍ ഒഴുകി നടക്കാം. ദൗത്യം അവസാനിച്ച്, അന്തരീക്ഷത്തില്‍ പ്രവേശിച്ച് ഒരു വിമാനമായി തന്നെ പറന്ന് നിശ്ചിത റണ്‍വേയില്‍ ഇറങ്ങുന്നു.
പത്തു വര്‍ഷം മുമ്പ് പോലും ഇതൊരു വന്യസ്വപ്‌നം മാത്രമായിരുന്നു. അതാണ് എഴുപതുകാരനായ റിച്ചാര്‍ഡ് ബാന്‍സണ്‍ തിരുത്തിയത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ മനോഹരദൃശ്യം കണ്ടുകൊണ്ടിരുന്നപ്പോള്‍, പേടകത്തിലെ വായുവില്‍ കുട്ടിക്കരണം മറിഞ്ഞപ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ അവര്‍ ആര്‍ത്തുചിരിക്കുന്നത് ലോകം കണ്ടത് ഒരു കിനാവിലെന്നവണ്ണമാണ്.
നൂറു കണക്കിന് ആള്‍ക്കാര്‍ ഈ യാത്രക്ക് ബുക്ക് ചെയ്തു കഴിഞ്ഞു. രണ്ടരലക്ഷം ഡോളര്‍ അതായത് ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപയാണ് ഒരു മണിക്കൂര്‍ യാത്രക്ക് ഇപ്പോള്‍ ചെലവ്. വന്‍ പണക്കാര്‍ക്ക് മാത്രം താങ്ങാനാവുന്നതാണ് ഇതിപ്പോള്‍. ഏത് പുതിയ കാര്യവും അങ്ങനെയാണല്ലോ. ടെലഫോണ്‍, കാര്‍, മൊബൈല്‍ ഫോണ്‍, വിമാനയാത്ര ഒക്കെ തുടക്കത്തില്‍ സാധാരണക്കാരന് അപ്രാപ്യമായിരുന്നു. എന്നാല്‍ ഇപ്പോഴോ? സാങ്കേതിക വിദ്യയുടെ ജനകീയവല്‍ക്കരണം വ്യാപകമാകുമ്പോള്‍ ഏത് വലിയ കാര്യവും മണ്ണിലേക്ക് ഇറങ്ങി വരിക തന്നെ ചെയ്യും എന്നാണ് ചരിത്രം തെളിയിക്കുന്ന വസ്തുത.