ഡോക്ടര്‍ജിയോടുള്ള ഇതേ നിഷ്ഠതന്നെയായിരുന്നു തന്നെക്കാള്‍ പ്രായം കുറഞ്ഞ സര്‍സംഘചാലകന്‍മാരായിരുന്ന ഗുരുജിയോടും ദേവറസ്ജിയോടും ആപ്‌ടെജി വെച്ചുപുലര്‍ത്തിയിരുന്നത്. ഒരിക്കല്‍ നാഗ്പൂരില്‍ വെച്ച് പ്രാന്തപ്രചാരകന്‍മാരുടെ ബൈഠക്കിനിടയില്‍ ചായ സമയത്ത് ചില മുതിര്‍ന്ന പ്രചാരകന്മാര്‍ കുസൃതിയോടെ ആപ്‌ടെജിയെ ചായക്ക് ക്ഷണിച്ചു. ആപ്‌ടെജിക്ക് ചായ കുടിക്കുന്ന ശീലമില്ല എന്നവര്‍ക്കറിയാമായിരുന്നു. തൊട്ടടുത്ത് ഗുരുജി നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ആരുമത് ശ്രദ്ധിച്ചിരുന്നില്ല. കൂട്ടത്തിലൊരാള്‍ ഇത്തിരി ആവേശം കൂടി തമാശ കടുപ്പിച്ചു. ‘ഗുരുജിയൊക്കെ ചായ കുടിക്കാറുണ്ടല്ലോ, പിന്നെന്താണ് പ്രശ്‌നം. ഗുരുജി നല്‍കിയാല്‍ അങ്ങ് ചായ കുടിക്കില്ലേ’ എന്ന ചോദ്യവുമുയര്‍ത്തി. ഇതു കേട്ടയുടനെ വികാരഭരിതനായ ആപ്‌ടെജി, ”ഗുരുജി നല്‍കിയാല്‍ ചായ മാത്രമല്ല, വിഷവും കുടിക്കും, കാരണം അദ്ദേഹം സര്‍സംഘചാലകനാണ്” എന്ന് മറുപടിയും പറഞ്ഞു. ചോദ്യകര്‍ത്താവിനും കേട്ടുനിന്ന സഹപ്രവര്‍ത്തകര്‍ക്കും തൊട്ടടുത്ത് ഉണ്ടായിരുന്ന ഗുരുജിക്കും ഹൃദ്യമായ ഒരനുഭവമായിരുന്നു ഈ സന്ദര്‍ഭം.
പിന്നീടൊരിക്കല്‍ ദക്ഷിണഭാരതത്തില്‍ അഖിലഭാരതീയ ബൈഠക്കിനിടയില്‍ കാര്യകര്‍ത്താക്കള്‍ രാമേശ്വരം ക്ഷേത്രദര്‍ശനത്തിന് പുറപ്പെട്ടു. കൂട്ടത്തില്‍ മുതിര്‍ന്നയാള്‍ പൂജാസമയത്ത് യജമാനഭാഗം നിര്‍വ്വഹിക്കണമെന്ന് പുരോഹിതന്‍ ആവശ്യപ്പെട്ടു. എല്ലാവരും ചേര്‍ന്ന് ആപ്‌ടെജിയുടെ നേരെ നോക്കിയപ്പോള്‍, കര്‍ക്കശഭാവത്തോടെ ആപ്‌ടെജി ദേവറസ്ജിയുടെ നേരെ തിരിഞ്ഞു. ”വ്യക്തി പ്രായം കൊണ്ട് മുതിര്‍ന്നതാണെങ്കിലും സംഘടനയെക്കാള്‍ ചെറുതാണ്. അതുകൊണ്ട് സര്‍കാര്യവാഹ് എന്ന നിലയില്‍ അങ്ങ് തന്നെയാണ് ഇതു ചെയ്യേണ്ടത്” എന്ന് പറഞ്ഞു ആപ്‌ടെജി ദേവറസ്ജിയെ അതിനായി നിയോഗിച്ചു. ദര്‍ശനം കഴിഞ്ഞു മടങ്ങവേ കൂടെയുണ്ടായിരുന്ന പ്രായം കുറഞ്ഞ ഒരു സഹപ്രവര്‍ത്തകനോട് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. ‘ഗുണാഃ പൂജാസ്ഥാനം ഗുണിഷ്ഠ ന ച ലിംഗം ന ച വയഃ’. ഗുണങ്ങള്‍ക്കാണ് പൂജായോഗ്യത. അവിടെ വയസ്സും ലിംഗവും മുഖ്യമല്ല. ഇത്തരത്തിലായിരുന്നു ആപ്‌ടെജിയുടെ ജ്ഞാനസ്വാംശീകരണവും പ്രയോഗവും. നിഷ്ഠയുള്ള സ്വയംസേവകന്‍ സ്വത്വം മറന്ന് പ്രായഭേദെമന്യേ സംഘടനാചുമതലകളെ എത്രമാത്രം ഭക്തിയോടും ഗൗരവത്തോടും സമീപിക്കണം എന്നതാണ് ഇവിടെ ലഭിക്കുന്ന സന്ദേശം.
സംഘത്തിന്റെ ശൈശവദശയില്‍ സംഘപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സമയവും കൂടുതല്‍ പ്രയത്‌നവും കൂടുതല്‍ മനക്കരുത്തും വേണമായിരുന്നു. സംഘത്തില്‍ പരിസ്ഥിതി നിരപേക്ഷമായി ഓരോ പ്രവര്‍ത്തകനും ഇതിനുവേണ്ടി തയ്യാറെടുക്കണമെന്നു നിഷ്‌കര്‍ഷിച്ചു സ്വയം നടപ്പിലാക്കിയത് ആപ്‌ടെജിയായിരുന്നു. സൈക്കിള്‍ ഓടിക്കാന്‍ അറിയാത്ത അദ്ദേഹം സംഘകാര്യത്തിനായി ദിവസേന 10-15 മൈലുകള്‍ കാല്‍നടയായി യാത്ര ചെയ്യാന്‍ തുടങ്ങി. ക്രമേണ അതൊരു ശീലമായി മാറി. പട്ടിണിയും ക്ഷീണവും യാത്രാക്ലേശങ്ങളുമൊന്നും സംഘപ്രവര്‍ത്തനത്തിന് ഒരു തടസ്സമല്ലാതായി. സ്വയം മാതൃകയായിക്കൊണ്ടു പ്രതിസന്ധികളെ പുഞ്ചിരിച്ചു തള്ളിമാറ്റി മുന്നോട്ടു പോകുന്ന ഒരു പ്രവര്‍ത്തകനിര സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിഞ്ചുകുട്ടികളെ നടക്കാന്‍ പഠിപ്പിക്കുന്നത് ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ കൊണ്ടല്ല. അവരുടെ കൈ പിടിച്ചു നടത്തിക്കുകയാണ് ശരിയായ രീതി. ഇതേ മാതൃകയിലാണ് ആപ്‌ടെജി പ്രാരംഭകാലത്ത് ശാഖാകാര്യത്തെ കൈ പിടിച്ചുയര്‍ത്തി നിയമിതവും സംസ്‌കാരയുക്തവുമാക്കിയതെന്ന് ബാളാസാഹബ് ദേവറസ്ജി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആദ്യകാലത്ത് സംഘപ്രവര്‍ത്തനത്തിന് വേണ്ട ചെറിയ ചെറിയ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ആപ്‌ടെജി മുഖ്യ പങ്കുവഹിച്ചു. അന്നദേഹം 25 രൂപ വേതനത്തില്‍ ഭീമ എന്ന കമ്പനിയില്‍ ടൈപ്പിസ്റ്റ് ആയിരുന്നു. ആപ്‌ടെജി കാശു നല്‍കി തയ്യാറാക്കികൊടുത്ത ഗണവേഷമാണ് താന്‍ ആദ്യമായി ധരിച്ചതെന്ന് യാദവ്‌റാവു ജോഷിജി പറഞ്ഞിട്ടുണ്ട്. 1926ല്‍ ആദ്യത്തെ ഘോഷുപകരണമായ ശംഖു വാങ്ങിച്ചത് ആപ്‌ടെജിയുടെയും ദാദാറാവുവിന്റെയും കൃഷ്ണറാവുവിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ താത്കാലിക ജോലിക്ക് പോയി സമ്പാദിച്ച പണം കൊണ്ടാണ്. നാഗ്പൂരില്‍ കരംജ്കര്‍ എന്നയാളുടെ വാടക വീട്ടിലാണ് ആപ്‌ടെജിയും ബര്‍വ്വേജിയും താമസിച്ചിരുന്നത്. 1927 നു ശേഷം മറ്റു പൊതുകാര്യങ്ങളില്‍ നിന്ന് ചെറുതായി പിന്‍വാങ്ങി സംഘകാര്യത്തിനായി നാഗ്പൂരില്‍ കൂടുതല്‍ സമയം നല്‍കാന്‍ ഡോക്ടര്‍ജി ശ്രദ്ധിച്ചു. ഈ സമയത്ത് ആപ്‌ടെജിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അവിടെ സ്വയംസേവകരോടൊപ്പം ഭക്ഷണം ഉണ്ടാക്കി ഒരുമിച്ചിരുന്ന് കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. വിദ്യാര്‍ഥിയായിരുന്ന യാദവ് റാവു ജോഷിയും അവിടെയായിരുന്നു താമസിച്ചിരുന്നത്. ആപ്‌ടെജി ഉണ്ടാക്കുന്ന പ്രത്യേക ഭക്ഷണത്തെ ഡോക്ടര്‍ജി ടോണിക്ക് എന്നാണ് വിളിച്ചിരുന്നത്. അവിടെ നടന്നിരുന്ന ചര്‍ച്ചകളിലും മറ്റുമുള്ള അദ്ദേഹത്തിന്റെ വൈചാരിക നൈപുണ്യവും പക്വതയും മനസ്സിലാക്കിയതിനു ശേഷം ഡോക്ടര്‍ജി തന്നെയാണ് ചെറുപ്പക്കാരനായിരുന്ന ഉമാകാന്തിനെ ബാബാ സാഹേബ് എന്ന് വിളിച്ചാദരിച്ചത്. അക്ഷരങ്ങളെ വാശിയോടെ കീഴ്‌പ്പെടുത്തി പുസ്തകത്തെ മലര്‍ത്തിയടിക്കുന്ന പോരാളി എന്ന അര്‍ത്ഥത്തില്‍ അക്ഷരശത്രുവെന്നാണ് ഡോക്ടര്‍ജി അദ്ദേഹത്തിന് നല്‍കിയ വിളിപ്പേര്.
1931-ല്‍ ഡോക്ടര്‍ജി വനസത്യഗ്രഹസമയത്ത് ലക്ഷ്മണ്‍ പരംജ്‌പേയെ സര്‍സംഘചാലക് ചുമതല ഏല്‍പ്പിച്ചിരുന്നു. അപ്പാജിയും ദാദാറാവുജിയും മാര്‍ത്തണ്ഡറാവുജിയും ഭയ്യാജി ദാണിയും ജയിലില്‍ ആയിരുന്നു. ഈ സമയത്ത് കൃഷ്ണറാവു മൊഹരീല്‍ ആപ്‌ടെജിയെക്കണ്ട് തങ്ങളും ഡോക്ടര്‍ജിയോടൊപ്പം ജയിലില്‍ പോകേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് സംസാരിച്ചു. ഡോക്ടര്‍ജി ജയിലില്‍ കിടക്കുമ്പോള്‍ നാമിങ്ങനെ പുറത്തു ജീവിക്കുന്നത് ശരിയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ സാത്വിക സംശയം. ആപ്‌ടെജി വളരെ സമാധാനത്തോടെ അദ്ദേഹത്തോട് 50 സഞ്ചികള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഉടനെ തന്നെ ഈ സഞ്ചികള്‍ 50 ശാഖകളിലേക്ക് കൊടുത്തയച്ച് അവരവരുടെ ധ്വജം ഇതില്‍ നിക്ഷേപിച്ചു തിരിച്ചു വരാന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന എല്ലാ ശാഖകളും അവസാനിപ്പിച്ചിട്ടു മതി ജയില്‍വാസം എന്നായി. കൃഷ്ണറാവുവിന് കാര്യം മനസ്സിലായി. ആപ്‌ടെജി കൂട്ടിച്ചേര്‍ത്തു, ഡോക്ടര്‍ജി ജയിലില്‍ ആയിരിക്കുമ്പോഴും അദ്ദേഹം ജീവനുതുല്യം സ്‌നേഹിക്കുന്ന ശാഖകള്‍ നിലനിര്‍ത്തുക എന്നതാണ് നമ്മെ ഏല്‍പ്പിച്ച ചുമതല. അതാണ് നമ്മുടെ കടമയും. അതു നിര്‍വഹിക്കുന്നതിനിടയില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല. ആറുവര്‍ഷം പ്രായമായിരുന്ന സംഘത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ മതിയായ പ്രാവീണ്യം ഇല്ലാതിരുന്നിട്ടും സംഘപ്രവര്‍ത്തനം അനായാസം മുന്നോട്ടു കൊണ്ട് പോകാന്‍ പരാംജ്‌പേജിയെ സഹായിച്ച ആപ്‌ടെജിയുടെ സംഘാടനമികവിന് സാക്ഷ്യം വഹിക്കുകയായിരുന്നു ആ സമയത്ത് നാഗ്പൂരും സംഘവും.
1931-ല്‍ ജോലി ഉപേക്ഷിച്ചതു മുതല്‍ ഇന്നത്തെ വ്യവസ്ഥയിലെ പ്രചാരകനെപ്പോലെ സംഘപഥത്തില്‍ സക്രിയനായിരുന്ന ആപ്‌ടെജിയെ 1933-ല്‍ ഡോക്ടര്‍ജി യവത്മാളിലേക്ക് അയച്ചു. 1934 ലാണ് ഇന്നത്തെ രീതിയോട് സാമ്യമുള്ള വ്യവസ്ഥാപിത പ്രചാരകവിന്യാസം സംഘത്തില്‍ നടക്കുന്നത്. അന്ന് ആപ്‌ടെജിയെ ഖാന്‍ദേശിലേക്കും ദാദാറാവുവിനെ പൂണെയിലേക്കും ഗോപാല്‍റാവു യെര്‍കുംട്‌വാറിനെ സാംഗ്ലിയിലേക്കും ഡോക്ടര്‍ജി അയച്ചു. അതിനു ശേഷം 1937-ല്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി അയച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ അടുത്ത് പോയി അവരെ സഹായിക്കാനുള്ള ചുമതലയില്‍ ദാദാറാവുജിയോടൊപ്പം ബാബാസാഹബ് ആപ്‌ടെജിയെയും ഡോക്ടര്‍ജി നിയോഗിച്ചിരുന്നു. 1935 മുതല്‍ ഒരു വര്‍ഷം ആപ്‌ടെജി പഞ്ചാബില്‍ പ്രചാരകനായിരുന്നു. ആ വര്‍ഷത്തെ സംഘ ശിക്ഷാവര്‍ഗ്ഗില്‍ പഞ്ചാബില്‍ നിന്നും ആദ്യമായി നാലു സ്വയംസേവകര്‍ പങ്കെടുത്തു.
അസാമാന്യമായ ആകര്‍ഷണീയതയോടെ കഥ പറയുന്ന ശൈലി ആപ്‌ടെജിക്കുണ്ടായിരുന്നു. 1929-ല്‍ നടന്ന സംഘത്തിന്റെ ഒരു പ്രതിജ്ഞാപരിപാടിയില്‍ അദ്ദേഹമായിരുന്നു പ്രഭാഷണം നടത്തിയത്. 1927-ല്‍ സംഘത്തിന്റെ ആദ്യശിബിരം നടന്നപ്പോള്‍ രണ്ടര മാസം താമസിച്ചു കൊണ്ട് ശിബിരത്തിലെ ബൗദ്ധിക് വിഭാഗത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റിയത് ആപ്‌ടെജിയായിരുന്നു. സ്വയം ഒരു ശിബിരം പോലും പൂര്‍ത്തിയാക്കാതിരുന്ന അദ്ദേഹത്തിന് ഡോക്ടര്‍ജി ശിബിരം പൂര്‍ത്തിയാക്കിയതിന്റെ സാക്ഷ്യപത്രം നല്‍കി. ഒരര്‍ത്ഥത്തില്‍ സംഘത്തിലെ ആദ്യത്തെ അപ്രഖ്യാപിത ബൗദ്ധിക് പ്രമുഖ്. സ്വയംസേവകരുടെ ബൗദ്ധികമായ വികാസം അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനായി സ്വയം എന്തു കഠിനപ്രയത്‌നം ചെയ്യാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന യാദവ്‌റാവു ജോഷിജിയുടെ പഠനകാര്യങ്ങളില്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളില്‍, അദ്ദേഹം പ്രത്യേക ശ്രദ്ധ വെച്ചിരുന്നു. പരീക്ഷക്കാലത്ത് ഒരമ്മയെപ്പോലെ പുലര്‍ച്ചെ എഴുന്നേറ്റു ഭക്ഷണം തയ്യാറാക്കിവെക്കുമായിരുന്നു. ഗുരു സമര്‍ത്ഥരാംദാസിന്റെ ദാസബോധ്, വീരസവര്‍ക്കറുടെ ഗോമന്തക കാവ്യം എന്നിവ പാടികേള്‍പ്പിക്കുകയും പുലര്‍ച്ചെ 3 മണിക്ക് എഴുന്നേറ്റ് കൈയെഴുത്ത് പ്രതി ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വായിക്കാനായി നല്‍കുകയും ചെയ്തിരുന്നു. ആദ്യകാലത്ത് ആശയപരമായ വ്യക്തതക്കുറവ് മികച്ച കാര്യകര്‍ത്താക്കള്‍ക്ക് പോലും ഒരു സമസ്യയായിരുന്നു. ആപ്‌ടെജി ഇതിനൊരു പരിഹാരമായിരുന്നു. സംഘത്തെ സജ്ജനസമക്ഷം അവതരിപ്പിക്കുവാനുള്ള അറിവും ധൈര്യവും താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സ്വായത്തമാക്കിയത് ആപ്‌ടെജിയില്‍ നിന്നാണെന്ന് ഭാവുറാവു ദേവറസ്ജി സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പര്‍ക്കശൈലിയെക്കാള്‍ മനോഹരമായിരുന്നു സംവാദശൈലി. ചിലപ്പോഴൊക്കെ തര്‍ക്കപങ്കാളി പറയുന്നത് മുഴുവനും നിശ്ശബ്ദനായി കേട്ടുകൊണ്ടിരിക്കുന്ന ആപ്‌ടെജിയെക്കണ്ടാല്‍ അദ്ദേഹം ആ വാദങ്ങള്‍ അംഗീകരിച്ചു പിന്‍വാങ്ങുമെന്ന് തോന്നിപ്പോകും. എന്നാല്‍ അവസാനം വിഷയം മാറ്റി സഞ്ചരിച്ചു വീണ്ടും സംഘത്തില്‍ എത്തുമ്പോള്‍ അപ്പുറത്തിരിക്കുന്നയാല്‍ നിസ്സങ്കോചം സംഘത്തെ അംഗീകരിക്കുന്നു എന്നതായിരുന്നു പതിവ്. പത്താംതരം വരെ മാത്രമേ പഠിച്ചുള്ളൂവെങ്കിലും എം.എ ക്കാരുടെ ബുദ്ധിയാണ് അദ്ദേഹത്തിനെന്നു കൃഷ്ണറാവു മൊഹരീല്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ അദ്ദേഹം ഒരു ബുദ്ധിജീവിയായിരുന്നു. എന്നാല്‍ വെറുതെ പുസ്തകം വായിക്കുകയും തര്‍ക്കവിതര്‍ക്ക ലോകങ്ങളില്‍ അലഞ്ഞു തിരിയുകയും ചെയ്തിരുന്ന ഒരു ബുദ്ധിജീവി ആയിരുന്നില്ല. ദിവസേന മൈലുകള്‍ കാല്‍നടയായി നടന്നും പട്ടിണി കിടന്നും മുഖ്യശിക്ഷകന്മാരെയും കാര്യവാഹന്മാരെയും സൃഷ്ടിച്ചുകൊണ്ടിരുന്ന ബുദ്ധിജീവി. കാറ്റിനെയും കോളിനെയും വകവെക്കാതെ മുന്നോട്ടു കുതിച്ച കാര്യകര്‍ത്താവ്..
1942-ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച സമയത്ത് ആപ്‌ടെജി ബീഹാര്‍ പ്രാന്തത്തില്‍ യാത്രയിലായിരുന്നു. അത്യന്തം പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു പ്രവാസം. നാലോളം മുഖ്യപ്രദേശങ്ങളിലെ യാത്ര കാല്‍നടയായിട്ടായിരുന്നു. നിശ്ചയിച്ച ഒരു പരിപാടി പോലും റദ്ദാക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ല. റോഡുമാര്‍ഗ്ഗം യാത്ര തടസ്സപ്പെട്ടപ്പോള്‍ ബെതിയയില്‍ നിന്നും പട്‌നയിലേക്ക് ജലമാര്‍ഗം പോകാന്‍ അദ്ദേഹം നിശ്ചയിച്ചു. ആഗസ്റ്റ് മാസമായതിനാല്‍ നദിയില്‍ വെള്ളം കൂടുതലായിരുന്നു. ഈ സാഹചര്യത്തില്‍ സ്വന്തം ജീവനും കൂടി അപായപ്പെടുത്തി ഇത്രയും ദൂരം പോകാന്‍ ഒരു കടത്തുകാരനും തയ്യാറായില്ല. ആപ്‌ടെജിയുടെ നിര്‍ബന്ധത്തില്‍ സ്വയംസേവകര്‍ പതിനാലു രൂപയെന്ന കൂടിയ പ്രതിഫലത്തിനു ഗുസായിബാബാ എന്ന വൃദ്ധന്റെ തോണി തയ്യാറാക്കി. സഹയാത്രികന്‍ കാശിനാഥ് മിശ്ര യാത്ര തുടങ്ങുന്നതിന്റെ അല്പം മുമ്പുവരെ ആപ്‌ടെജിയെ വിലക്കി. നമുക്കിനിയും ഇതുപോലുള്ള ഒരുപാട് കാറ്റും കോളും തരണം ചെയ്യാനുണ്ട്, അതിനുള്ള പരിശീലനമായി കണക്കാക്കിയാല്‍ മതിയെന്നായിരുന്നു മറുപടി. ഗണ്ഡകിയുടെ ക്ഷോഭത്തെ വകവെക്കാതെ അവര്‍ യാത്ര തുടങ്ങി. ഒരു രാത്രി പിന്നിട്ട് തോണി ഗംഗാനദിയില്‍ പ്രവേശിച്ചു. ഗുസായി ബാബാ തോണി തുഴയുമ്പോള്‍ അദ്ദേഹത്തിന്റെ പത്തു വയസ്സുള്ള മകനും ആപ്‌ടെജിയും കൂടി കളിച്ചു ചിരിച്ചു കൊണ്ട് തോണിയിലെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്ന പണിയില്‍ മുഴുകി. മൂന്നാം ദിവസം തോണി ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആപ്‌ടെജി ഗുസായി ബാബയെ കെട്ടിപ്പിടിച്ചു കൊണ്ട് തന്റെ തലപ്പാവൂരി അദ്ദേഹത്തിന് സമര്‍പ്പിച്ചു. ഗുസായി ബാബയും മകനും അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചു തിരിച്ചു പോയി. ആ വൃദ്ധന്റെ ധീരതയും പത്തു വയസ്സുകാരന്റെ സഹവര്‍ത്തിത്വവും നമുക്ക് മാതൃകയാണെന്ന് പറഞ്ഞ് അദ്ദേഹം പ്രവാസം തുടര്‍ന്നു.
ഇതേ ദൃഡനിശ്ചയവും സ്ഥിരോത്സാഹവും കൊണ്ടാണ് അദ്ദേഹം സിന്ധ് പ്രവിശ്യയിലെ സമ്പന്നനും അറിയപ്പെടുന്ന ബാരിസ്റ്ററുമായ ഖാന്‍ചന്ദ് ഗോപാല്‍ദാസ് എന്ന പ്രമാണിയെ സംഘപഥത്തില്‍ എത്തിച്ചതും. ആരും പോകാന്‍ ഭയപ്പെടുന്ന വലിയ ബംഗ്ലാവില്‍ പോയി അദ്ദേഹത്തെ പരിചയപ്പെട്ടു. ആദ്യസന്ദര്‍ശനത്തില്‍ സംഘത്തെക്കുറിച്ച് മതിപ്പുണ്ടാകാത്തതിനാല്‍ ‘ഐ ആം വെരി സോറി’ എന്നു പറഞ്ഞു ബാരിസ്റ്റര്‍ പിന്മാറി. എന്നിട്ടും പ്രതീക്ഷ കൈവിടാതെ തുടരെത്തുടരെ അദ്ദേഹത്തെ സന്ദര്‍ശിച്ച് വശത്താക്കി. ഒടുവില്‍ അദ്ദേഹം സിന്ധിലെ പ്രാന്ത സംഘചാലകനുമായി.
(തുടരും)