അമ്പത് പേരുടെ സാമ്പിള്‍ അയച്ചിരുന്നു. രണ്ട് പേര്‍ പോസിറ്റീവ്. ബാക്കിയെല്ലാം നെഗറ്റീവ്..
അടുത്ത കാലത്തായി നാം സ്ഥിരം കേള്‍ക്കുന്ന ചില പദങ്ങള്‍ ആണിത്. പകര്‍ച്ചവ്യാധിക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്. എന്താണീ സംഭവം, ഇതെങ്ങനെയാണ് നടക്കുന്നത്. പലരും ചോദിക്കുന്നു.
വളരെ സങ്കീര്‍ണ്ണമായ കാര്യങ്ങളാണ്. കഴിയുന്നത്ര ലളിതമായി പറയാന്‍ ശ്രമിക്കാം.
അതിസൂക്ഷ്മജീവിയായ വൈറസിന്റെ സാന്നിധ്യം ഉണ്ടോ, ഇല്ലയോ എന്നറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ് ലാബ് ടെസ്റ്റുകള്‍… എന്നാല്‍, ഒരുതരത്തിലും കാണാന്‍ കഴിയാത്ത ഇവനെ എങ്ങനെ കണ്ടെത്തും… നേരിട്ട് കാണാന്‍ കഴിയില്ല, അപ്പോള്‍ അവന്റെ സാന്നിധ്യം മറ്റുമാര്‍ഗ്ഗങ്ങളിലൂടെ ഉറപ്പിക്കുക തന്നെ.
മഴ പെയ്യാന്‍ പോകുന്നു എന്ന് നാമെങ്ങനെയാണ് അറിയുക. അന്തരീക്ഷം ഇരുളും, മാനത്ത് കാറും കോളും നിറയും. അപ്പോള്‍ തന്നെ നമുക്കറിയാം, ദാ ഇപ്പോള്‍ പെയ്യും എന്ന്. കുടയെടുത്തോ, ഇറങ്ങേണ്ട നനയും. മഴക്ക് മുമ്പേ മഴയുടെ സാന്നിധ്യം നാം അറിഞ്ഞു കഴിഞ്ഞു.
ഏതാണ്ടിതുപോലെയാണ് വൈറസിന്റെ സാന്നിധ്യവും ഉറപ്പിക്കുന്നതും. indirect ആയി അവനെ കണ്ടെത്തുക. അതിനു പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് നമ്മള്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ (Immune system ) ചെറുതായി മനസ്സിലാക്കണം.
നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു പ്രതിരോധ സംവിധാനം ഉണ്ട്. പുറത്ത് നിന്ന് എന്ത് രോഗാണു അഥവാ Antigen പ്രവേശിച്ചാലും ഉടന്‍ അത് പ്രതികരിക്കും. അതാണ് പനിയും ജലദോഷവും ഒക്കെ ആകുന്നത്. അതിനപ്പുറം, ആ ആന്റിജനെ ഓടിച്ചിട്ട് പിടിക്കാന്‍ അവനു പറ്റിയ ഒരു Antibody കൂടി ശരീരം ഉണ്ടാക്കും. ഈ ആന്റിബോഡി ശരീരത്തില്‍ ഉണ്ടങ്കില്‍ മറ്റവന്‍ അഥവാ ആന്റിജന്‍ അഥവാ ആ രോഗാണു ഉണ്ടന്ന് ഉറപ്പിക്കാമല്ലോ. ഈ ആന്റിബോഡിയെ ആണ് ടെസ്റ്റുകള്‍ തിരയുന്നത്.എന്നാല്‍ പിന്നേ ആന്റിജനെ നേരിട്ടങ് പിടിച്ചൂടേ. ബുദ്ധിമുട്ടാണ്. ആന്റിജന്‍ തീരെ ചെറുതാണ്. അങ്ങനെ പിടി തരില്ല.
ശരീരത്തില്‍ നടക്കുന്ന ഈ Antigen -Antibody യുദ്ധം, പുറത്ത് പുനഃസൃഷ്ടിച്ചാണ് ഈ ടെസ്റ്റുകള്‍ ചെയ്യുന്നത്. കണ്ടെത്തേണ്ട വൈറസിനെ (Antigen എന്ന് സാങ്കേതിക പദം) പൂശിയ ഒരു പ്രതലത്തിലേക്ക് (solid face എന്നാണ് പറയുക ) സാമ്പിള്‍ ഒഴിക്കുന്നു. സാമ്പിളില്‍ ആന്റിബോഡി ഉണ്ടങ്കില്‍ അത് solid face ലെ ആന്റിജനുമായി പ്രവര്‍ത്തിച്ച് ഒരു Antigen Antibodi binding ഉണ്ടാകും. ഈ ബൈന്‍ഡിങ്ങില്‍ നിന്നും ഉണ്ടാക്കുന്ന സിഗ്‌നലുകള്‍ നിരീക്ഷിച്ച് ആണ് ആന്റിജന്‍ സാന്നിധ്യം ഉറപ്പിക്കുന്നത്. ആന്റിജന്‍ ഉണ്ടെങ്കിലേ ആന്റിബോഡി ഉണ്ടാകൂ. solid face ല്‍ Antigen-Antibody binding ഉണ്ടാകൂ. ഈ binding ഉണ്ടെങ്കിലേ സിഗ്‌നല്‍ ഉണ്ടാകൂ.
പല സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സിഗ്‌നല്‍ ഉണ്ടാക്കുന്നത്.
RIA (Radio Immuno Assay) ഇവിടെ smലേക്ക് ഒരു Radio active വസ്തു ചേര്‍ക്കുന്നു. അവിടെ ntigen Antibody binding ഉണ്ടെങ്കില്‍ റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ ഉണ്ടാകും. ഈ റേഡിയേഷനുകളെ വിശകലനം ചെയ്ത് ആന്റിജന്‍ സാന്നിധ്യം ഉണ്ടോ എന്ന് നോക്കും.
ഈ ടെക്നോളജി ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ റിസ്‌ക്, വൈദഗ്ധ്യം ഉള്ള ടെക്നീഷ്യന്‍, കുറഞ്ഞ ഷെല്‍ഫ് ലൈഫ് ഒക്കെ ഇതിന്റെ കാരണങ്ങളാണ്.
ELISA (Enzyme linked immuno sorbent assay) ബൈന്‍ഡിങ് ഉണ്ട് എന്ന് കരുതപ്പെടുന്ന സോളിഡ് ഫെസിലേക്ക് ഒരു രാസവസ്തു ചേര്‍ക്കുമ്പോള്‍ അവസാനം മഞ്ഞ നിറമുള്ള ലായനി ഉണ്ടാകുന്നു. ഇതിലൂടെ പ്രത്യേക frequency യിലുള്ള പ്രകാശം കടത്തി വിടുന്നു. എത്രമാത്രം പ്രകാശം ആ ലായനി ആഗിരണം ചെയ്യുന്നു എന്ന് വിശകലനം ചെയ്ത് സാമ്പിളിലെ ആന്റിജന്‍ സാന്നിധ്യം തീരുമാനിക്കുന്നു.
ലോകം മുഴുവനും ഇപ്പോഴും ഏറ്റവുമധികം ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് 1971 ല്‍ വന്ന എലീസാ. എലീസക്ക് ശേഷം പല ടെക്‌നോളജികളും വന്നെങ്കിലും ഇതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ബ്ലഡ് ബാങ്കുകളില്‍ ഇന്നും എലീസ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
കഷ്ടിച്ച് ഒരു ലക്ഷം രൂപ വിലയുള്ള ഒരു എലീസ റീഡര്‍, ടെസ്റ്റ് കിറ്റ്, അത്യാവശ്യം പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്‍. ഇത്രയുമുണ്ടെങ്കില്‍ ഏത് ചെറിയ ലാബിലും ചെയ്യാവുന്ന ടെസ്റ്റ് ആണ് എലീസ.
IFA (Immuno Fluorescent Assay) പേരില്‍ തന്നെയുള്ള, പ്രകാശത്തിന്റെ Fluorescence എന്ന പ്രത്യേകത ആണ് ഇവിടെ ഉപയോഗിക്കുന്നത്. ചില പ്രത്യേക രാസവസ്തുക്കള്‍ ഒരു പ്രത്യേക frequency യിലുള്ള റേഡിയേഷന്‍ സ്വീകരിച്ച്, വേറൊരു frequency യിലുള്ള റേഡിയേഷന്‍ പുറത്തുവിടും. നമ്മുടെ വീട്ടിലെ ട്യൂബ് ലൈറ്റുകള്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ട്യൂബിന്റെ ഫിലമെന്റുകള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍, ഉള്ളില്‍ പൂശിയിരിക്കുന്ന വെള്ള രാസവസ്തു സ്വീകരിക്കും, എന്നിട്ട് ശുദ്ധമായ വെള്ള പ്രകാശം പുറത്തു വിടുന്നു. അതുകൊണ്ടാണ് അവയെ ഫ്‌ലൂറസെന്റ് ലൈറ്റ് എന്ന് പറയുന്നത്.
സോളിഡ് ഫെസിലേക്ക് കടത്തിവിടുന്ന റേഡിയേഷന്‍ തിരികെ വരുമ്പോള്‍ frequency യില്‍ കാണുന്ന വ്യത്യാസം വിശകലനം ചെയ്താണ് ഇവിടെ സോളിഡ് ഫേസിലെ ആന്റിബോഡി സാന്നിധ്യം തിരിച്ചറിയുന്നത്..
CLIA (Chemiluminenscense immuno assay)സോളിഡ് ഫെസിലേക്ക് ചില രാസവസ്തുക്കള്‍ ചേര്‍ക്കുമ്പോള്‍, അവിടെ ബൈന്‍ഡിങ് ഉണ്ടങ്കില്‍ പ്രകാശ ഫോട്ടോണുകള്‍ ഉണ്ടാകും. ഈ ഫോട്ടോണുകളെ ഡിറ്റക്റ്ററുകള്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തിയാണ് ഇവിടെ ബൈന്‍ഡിങ് ഉണ്ടോ ഇല്ലയോ എന്നറിയുന്നത്.
IFA, CLIA എന്നിവയാണ് ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍. സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യ, വളരെ ഉയര്‍ന്ന ചെലവ് (പത്തുലക്ഷം മുതല്‍ കോടികള്‍ വരെ) എന്നിവ കാരണം വലിയ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും മാത്രമേ ഇത് താങ്ങാന്‍ കഴിയൂ.
അതായത്. ഇമ്മ്യൂണോ ടെക്‌നോളജികളിലെ ഏറ്റവും ജനകീയനായ രാജാവ് ഇന്നും എലീസ തന്നെയാണ്.