കേരളീയ സമൂഹത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതികളെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങള്‍ നമ്മുടെ മാധ്യമങ്ങളില്‍ കാര്യമായി കാണാറില്ല. ഉപരിപ്ലവവും തികച്ചും കാലികവുമായ ചില ചെറിയ കാര്യങ്ങളില്‍ മലയാളിയുടെ ബുദ്ധിയെ തളച്ചിടാനാണ് അവ എപ്പോഴും ശ്രമിക്കാറുള്ളത്. നമ്പര്‍ വണ്‍ എന്നു പൊങ്ങച്ചം പറയുന്ന കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്. ഈയിടെ സ്വര്‍ണ്ണക്കടത്ത്, കവര്‍ച്ചകള്‍, തട്ടിക്കൊണ്ടുപോകല്‍, സ്‌ഫോടനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നപ്പോഴും മാധ്യമങ്ങളുടെ മുഖ്യചര്‍ച്ച കേരളത്തിലെ ഏറ്റവും വലിയ ഗുണ്ട ഭരണപക്ഷത്താണോ, പ്രതിപക്ഷത്താണോ എന്നതായിരുന്നു. മാഫിയകള്‍ ജില്ലകള്‍ തോറും പിടിമുറുക്കിക്കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായി. ഇതിനു പുറമെയാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടങ്ങള്‍. വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്തുകള്‍ തുടര്‍ക്കഥയാണ്. സ്വര്‍ണ്ണം കടത്താന്‍ ചിലര്‍, അവരില്‍ നിന്നും തട്ടിയെടുക്കാന്‍ മറ്റു ചിലര്‍ – ആവശ്യാനുസരണം സേവനം നല്‍കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ എന്നിങ്ങനെ സ്വര്‍ണ്ണക്കടത്ത് പുരോഗമിക്കുകയാണ്. ഇവയുമായി ചില തീവ്രവാദ സംഘടനകള്‍ക്കും അവരുടെ സഹായം തേടുന്ന ഭരണകക്ഷിയായ സി.പി.എമ്മിനുമുള്ള ബന്ധം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരുടെ ചെയ്തികളില്‍ ചിലതു മാത്രമേ പുറംലോകം അറിയുന്നുള്ളൂ. കേരളത്തില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തന്നെ പറഞ്ഞിരിക്കുകയാണ്. ഐ.എസ്സിന്റെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ നിന്നടക്കം കേരളത്തില്‍ പഠിക്കാനായി 1042 വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച സംഭവവും ഗൗരവമേറിയതാണ്.
കോഴിക്കോട് രാമനാട്ടുകരയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ചുപേര്‍ മരിച്ച സംഭവത്തോടെയാണ് സ്വര്‍ണ്ണക്കടത്തിന്റെയും കവര്‍ച്ചയുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെ ഏറ്റമുട്ടലിന്റെയും വാര്‍ത്തകള്‍ പുറത്തുവരുന്നത്. സംഭവത്തിനു തൊട്ടുമുമ്പ് ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന 2.33 കി.ഗ്രാം സ്വര്‍ണ്ണം എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം തേടി കരിപ്പൂരിലെത്തിയത് മൂന്ന് സംഘങ്ങളാണെന്നും ഇതില്‍ ഒരു സംഘം കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടത്തു സംഘമാണെന്നും രണ്ടാമതെ സംഘം കണ്ണൂരില്‍ നിന്ന് സ്വര്‍ണ്ണം കവരാനെത്തിയ സംഘമാണെന്നും മൂന്നാമത്തെ സംഘം കവര്‍ച്ച തടയാന്‍ 3 വാഹനത്തില്‍ എത്തിയ ചെര്‍പ്പുളശ്ശേരിയിലെ ക്വട്ടേഷന്‍ സംഘമാണെന്നും പോലീസ് കണ്ടെത്തി. ഇവര്‍ തമ്മില്‍ ഏറ്റുമുട്ടലും വെടിവെയ്പും ഉണ്ടായി. സ്വര്‍ണ്ണക്കവര്‍ച്ച പതിവായതോടെയാണത്രെ കള്ളക്കടത്തുകാര്‍ ക്വട്ടേഷന്‍ നല്‍കിയത്. അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് കണ്ണൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിലാണ്. സി.പി.എം. പ്രവര്‍ത്തകനായ അഴീക്കലിലെ അര്‍ജുന്‍ ആയങ്കിയാണ് ഇതിനു നേതൃത്വം നല്‍കിയത്. അയാള്‍ ഉപയോഗിച്ച കാര്‍ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖലാ സെക്രട്ടറി സി.സജേഷിന്റേത് ആണ്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ സ്വര്‍ണ്ണം കവര്‍ന്നെടുക്കുന്ന ‘പൊട്ടിക്കല്‍’ വിദഗ്ദ്ധനാണ് അര്‍ജുന്‍ ആയങ്കി. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളടക്കം 44,186 പേരാണ് ഫെയ്‌സ്ബുക്കില്‍ അയാളെ ഫോളോ ചെയ്യുന്നത്. അര്‍ജുനന്റെ സഹപ്രവര്‍ത്തകനും ഷുഹൈബ് കൊലക്കേസില്‍ പ്രതിയുമായ ആകാശ് തില്ലങ്കേരിക്ക് 58,643 ഫോളോവേഴ്‌സാണ് ഫെയ്‌സ്ബുക്കിലുള്ളത്. ജനപ്രതിനിധികളടക്കമുള്ള സി.പി.എമ്മുകാരാണ് ഇവരില്‍ ഏറെയും. സംസ്ഥാനത്തെ ഭരണകക്ഷി തന്നെ ക്വട്ടേഷന്‍ സംഘങ്ങളെ നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ പോലീസിന് നിഷ്പക്ഷമായി നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
തൃശ്ശൂര്‍ ജില്ലയില്‍ മുള്ളൂര്‍ക്കരയിലെ ക്വാറിയില്‍ നടന്ന സ്‌ഫോടനത്തിനു പിന്നിലും സി.പി.എമ്മിന്റെയും തീവ്രവാദ സംഘടനകളുടെയും കൈകളുള്ളതായി സംശയിക്കുന്നുണ്ട്. ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ പുറത്തുനിന്നു കൊണ്ടുവന്ന് ഇവിടെവെച്ച് പൊട്ടിക്കുകയായിരുന്നു. സിപിഎം നേതാവും മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അബ്ദുള്‍ സലാമിന്റെയും സഹോദരന്മാരുടെയും ഉടമസ്ഥയിലുള്ളതാണ് ഈ ക്വാറി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാകാം സ്‌ഫോടനമെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം. രണ്ടു വര്‍ഷമായി പ്രവര്‍ത്തനമില്ലാത്ത ഈ ക്വാറിയില്‍ എന്തിനാണ് ഇത്രയധികം സ്‌ഫോടകവസ്തു ശേഖരം എത്തിച്ചത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
കൊല്ലംജില്ലയിലെ പത്തനാപുരത്ത് പാടം വനമേഖലയില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവവും ആശങ്കാജനകമാണ്. ഇതേ സ്ഥലത്തുവെച്ച് പണമിടപാടു തര്‍ക്കത്തിന്റെ പേരില്‍ എസ്.ഡി.പി.ഐക്കാര്‍ പരസ്പരം ബോംബെറിഞ്ഞതായും വാര്‍ത്തയുണ്ട്. സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് ഇരുപത്തിനാലു മണിക്കൂറും പോലീസ് നിരീക്ഷണം ഉള്ള സ്ഥലത്താണ് ബോംബേറുണ്ടായതെന്നത് അത്യന്തം ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എട്ടുമാസം മുമ്പ് രാഹുല്‍ എന്ന പതിനേഴുകാരനെ കാണാതായ സംഭവവും ഇതേ പ്രദേശത്താണ്. വനമേഖല കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടന്നതായി തമിഴ്‌നാട് പോലീസ് കേരളാപോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഗമണ്‍ ക്യാമ്പിന്റെ മാതൃകയിലാണ് ഇവിടെയും തീവ്രവാദി പരിശീലനം നടന്നത് എന്നാണ് പോലീസ് കരുതുന്നത്. പരിശീലനം നടത്തുന്നത് രാഹുല്‍ കണ്ടിരിക്കാമെന്നും അങ്ങനെ രഹസ്യം പുറത്തുപോകാതിരിക്കാന്‍ അയാളെ അപായപ്പെടുത്തിയിരിക്കാമെന്നും നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.
ഇപ്പോള്‍ പുറത്തുവരുന്ന പല സംഭവങ്ങളും മഞ്ഞുമലയുടെ ഒരറ്റമാണെന്നും കേരളം അനുദിനം തീവ്രവാദികളുടെ ഹബ്ബ് ആയി മാറുകയാണെന്നും വേണം വിചാരിക്കാന്‍. ഇസ്ലാമിക തീവ്രവാദി സംഘടനകളോട് സി.പി.എം കാണിക്കുന്ന മൃദുസമീപനം അവര്‍ക്കു വളരാനും നിര്‍ബാധം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം നടത്താനുമുള്ള ലൈസന്‍സാണ് നല്‍കിയിരിക്കുന്നത്. ഐ.എസില്‍ ചേരാന്‍ പോയ നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന പോസ്റ്റിട്ട പ്രവര്‍ത്തകനെ ഡി.വൈ.എഫ്. ഐയും കുടുംബത്തെ മതംമാറ്റിയതിനെ ചോദ്യംചെയ്ത പ്രവര്‍ത്തകനെ സി.പി.എമ്മും പുറത്താക്കിയത് അവരുടെ കൂറ് ആരോടാണ് എന്നതിന്റെ സൂചനയാണ്. ഇസ്ലാമിക ഭീകര സംഘടനകളെ വളര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ അതിനു കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും എന്നേ പറയാനുള്ളൂ.