പത്മാസനത്തിലിരുന്നു ധ്യാനം ചെയ്യുന്ന യോഗിയുടെ ചിത്രം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. വൈദികവും താന്ത്രികവുമായ പാരമ്പര്യം അതിനുണ്ട്. രണ്ടും മൂന്നും മണിക്കൂര്‍ പത്മാസനത്തിലിരുന്നാലും കാലു തരിക്കില്ല. ആത്മാന്വേഷണത്തിന്ന് അത് അനിവാര്യവുമാണ്.
പത്മാസനം കമിഴ്ന്നു വരുമ്പോഴാണ് ഗുപ്ത പത്മാസനമാവുന്നത്. പത്മാസനത്തില്‍ വഴക്കം വരാന്‍ ഇത്തരം വൈവിധ്യങ്ങള്‍ ഉപകരിക്കും.
ചെയ്യുന്ന വിധം
പത്മാസനത്തിലിരിക്കുക. കൈകള്‍ കാല്‍മുട്ടിനടുത്ത് പതിച്ചു വെച്ച് മുന്നോട്ടു ചാഞ്ഞ് പൃഷ്ഠം ഉയര്‍ത്തി കാല്‍ മുട്ടില്‍ നില്‍ക്കുക. സാവധാനത്തില്‍ കമിഴ്ന്നു കിടക്കുക. താടി നീട്ടി നിലത്തു പതിച്ചു വെക്കുക. കൈകള്‍ പിറകില്‍ കഴിയുന്നത്ര തലയോടടുപ്പിച്ച് തൊഴുത അവസ്ഥയില്‍. കണ്ണുകള്‍ അടച്ച് ശരീരം പൂര്‍ണമായും തളര്‍ത്തിയിടുക.
ഗുണങ്ങള്‍
നട്ടെല്ലിന്റെ ഘടനയിലുള്ള വിഷമങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായകരമാവും. അതുകൊണ്ടു തന്നെ ധ്യാനാസനങ്ങളില്‍ നട്ടെല്ല് വേണ്ടതുപോലെ നിര്‍ത്താന്‍ ഗുണകരമാവും. ഇത് ഒരു വിശ്രമാസനമായും പരിഗണിക്കാവുന്നതാണ്. ശാന്തതയും സ്ഥിരതയും വൈകാരിക സന്തുലനവും ലഭിക്കും.