പുരാതന ഭാരതം ഋഷിമാരുടെയും രാജാക്കന്മാരുടെയും മാത്രമായിരുന്നുവെന്ന ചിന്ത ശരിയല്ല. ലോകത്ത് സാംസ്‌കാരിക മുന്നേറ്റത്തിനായി ഇത്രയേറെ സംഭാവന ചെയ്ത മറ്റൊരു രാജ്യവുമുണ്ടാവുകയില്ല എന്നതാണ് വസ്തുത. മറ്റു രാജ്യങ്ങളില്‍ സംസ്‌കാരത്തിന്റെ വിത്തുപോലും പാകിയിട്ടില്ലാത്തപ്പോള്‍ അതിവിടെ രൂഢമൂലമായിരുന്നു. 1000 വര്‍ഷങ്ങളോളം അടിമത്തത്തില്‍ കഴിഞ്ഞ നമുക്ക് ധാര്‍മ്മികമായും തത്ത്വചിന്താപരമായുമുണ്ടായിരുന്ന ഔന്നത്യത്തില്‍ ഊറ്റം കൊള്ളാനുള്ള തെളിവുകള്‍ ഏറെയും നഷ്ടമായി; അഥവാ നഷ്ടമാക്കി. വേണ്ട സമയത്ത് നമ്മുടെ മികവ് ലോകത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടില്ല; പ്രത്യക്ഷപ്പെടാന്‍ അനുവദിച്ചില്ല. വേദകാലത്തുനിന്നും ചിന്തിച്ചു തുടങ്ങിയാല്‍ പലതും ബോദ്ധ്യപ്പെടും.
”ശം നോ ഭവതു ദ്വിപദേ/ശം ചതുഷ്പദേ” എന്നും ”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നുമുള്ള വിശാലവീക്ഷണം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുമ്പ് നമുക്കുണ്ടായിരുന്നുവെന്നത് ചെറിയ കാര്യമല്ല. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെല്ലാമൊന്നും നമുക്കറിയില്ല. അറിയാവുന്നതാകട്ടെ സാധാരണക്കാരില്‍ എത്തിയിട്ടുമില്ല. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, സസ്യശാസ്ത്രം മുതലായ ഭൗതികശാസ്ത്രങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ ശക്തിപ്രാപിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. അതുപോലെ അങ്കഗണിതം, ബീജഗണിതം, ജ്യാമിതി, ത്രികോണമിതി മുതലായവയുടെ തുടക്കം ഭാരതത്തിലായിരുന്നു.
വൈദിക വിജ്ഞാനത്തെ ആധാരമാക്കി ഭരദ്വാജ മഹര്‍ഷി 1000 സൂത്രങ്ങളുള്ള ‘അംശുബോധിനി’ രചിച്ചു. ഇതിന് ‘ബോധായനവൃത്തി’ എന്ന പേരില്‍ വ്യാഖ്യാനമുണ്ട്. സൂര്യോര്‍ജ്ജത്തെക്കുറിച്ചുള്ള വിശാലായ കാഴ്ചപ്പാട് ഇതിലുണ്ട്. നിര്‍ഭാഗ്യവശാല്‍ 50 സൂത്രങ്ങളടങ്ങുന്ന ഇതിന്റെ ആദ്യഭാഗം മാത്രമേ ഇന്നു ലഭ്യമായുള്ളൂ. 12 അദ്ധ്യായങ്ങളുള്ളതില്‍ 11ന്റെയും പഠനം നടന്നുകൊണ്ടിരിക്കയാണ്. വേദവിജ്ഞാനത്തെ ലോകത്തിനു പരിചയപ്പെടുത്താനാണിതെഴുതുന്നതെന്നു തുടക്കത്തില്‍ തന്നെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യന് ചൂടും വെളിച്ചവും കൂടാതെ വിദ്യുച്ഛക്തിയുമുണ്ടെന്ന് അദ്ദേഹം അന്നേ പറഞ്ഞുവച്ചു. വിവിധ ഗ്രഹങ്ങളെയും അവയുടെ നിലനില്പിനെയും കുറിച്ച്, യന്ത്രങ്ങള്‍ വഴി സൂര്യകിരണങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ച്, ദൂരെയുള്ള വ്യക്തിയുടെ സംഭാഷണം കേള്‍ക്കുന്നതിനെക്കുറിച്ച്, എല്ലാമെല്ലാമതില്‍ പ്രതിപാദിക്കുന്നുണ്ട്.
വൈമാനികശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഭരദ്വാജ മഹര്‍ഷിയാണ്. അതിന്റെ സൂത്രങ്ങള്‍ ‘ബോധായനവൃത്ത’ത്തില്‍ കാണാവുന്നതാണ്. വിവിധയിനം വിമാനങ്ങളുടെ നിര്‍മ്മാണം അതിനുവേണ്ട ലോഹങ്ങള്‍, ൈവമാനിക പരിശീലനം തുടങ്ങിയവ വിവരിക്കുന്നതു കൂടാതെ മൂന്നു നിലകളുള്ള വിമാനം എങ്ങനെ നിര്‍മ്മിക്കാമെന്നുവരെ വിവരിക്കുന്നു.
ഈ കൃതിയില്‍ വിവരിച്ച പ്രകാരം മുംബൈയിലെ ”താല്‍പ്പാഡെ’ എന്ന ശാസ്തജ്ഞദമ്പതികള്‍ ‘മരുത്സവ’ എന വിമാനം നിര്‍മ്മിക്കുകയുണ്ടായി. ഈ സംഭവം നടന്നത് 1865-ല്‍ ആണ്. പക്ഷെ ആദ്യമായി വിമാനം പര്യവേഷണം നടന്നതിന്റെ ശ്രേയസ്സ് റൈറ്റ് സഹോദരന്മാര്‍ക്കാണ്. എങ്കിലും സത്യം അറിയുന്ന നമ്മള്‍ക്കഭിമാനിക്കാം.

ഗണിതത്തിലേക്കുവന്നാല്‍ ഒന്നു മുതല്‍ ഒമ്പതു വരെയുള്ള അക്കങ്ങളും പൂജ്യവുമാണ് സംഖ്യകളെ നിര്‍ണ്ണയിക്കുന്നതും ദശാംശത്തിനാധാരവും. അക്കങ്ങളുടെ സ്ഥാനം മാറുമ്പോള്‍ വിലയും മാറുന്നു.
ബി.സി. 300-ല്‍ ബ്രാഹ്മി ലിഖിതങ്ങളില്‍ ഈ സമ്പ്രദായം ഉണ്ട്. എ.ഡി. 870-ല്‍ ഗ്വാളിയോര്‍ ലിഖിതങ്ങളിലുണ്ട്. എ.ഡി. 1100ലെ ദേവനാഗരി ലിഖിതങ്ങളിലും ഇതുണ്ട്.
അറബികള്‍ക്കോ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കോ ഒന്‍പതാം നൂറ്റാണ്ടുവരെ ഈ സമ്പ്രദായത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. എ.ഡി 780-850നും ഇടയില്‍ ജീവിച്ച ‘അല്‍ഖാവാറിജ്മി’ എന്ന അറബി ഗണിതശാസ്ത്രജ്ഞന്‍ തന്റെ പുസ്തകത്തില്‍ ഹിന്ദു അക്കങ്ങളും സ്ഥാനക്രമവും ചില ഗണിത ശാസ്ത്ര സമവാക്യങ്ങളും ഉപയോഗപ്പെടുത്തി മൂല്യനിര്‍ണ്ണയം നടത്തിയിരുന്നു. അതിനുശേഷമാണ് ഈ സമ്പ്രദായം ലോകത്ത് പ്രചാരത്തില്‍ വന്നത്. ഗണിതം, ജ്യാമിതി തുടങ്ങിയ സ്വതന്ത്ര വിഷയങ്ങളില്‍ അന്യരാജ്യങ്ങള്‍ ഭാരതത്തെയാണ് പിന്തുടര്‍ന്നിരുന്നത്. ഇല്ലായ്മയെ സൂചിപ്പിക്കുന്ന ‘പൂജ്യം’ എന്ന സംസ്‌കൃതപദം അറബി, ലാറ്റിന്‍ എന്നീ ഭാഷകളിലെ പദാവലിയിലേക്കു കടന്നപ്പോള്‍ ‘സീറോ’, ‘സിഫയര്‍’, ‘സൈഫര്‍’ എന്നിങ്ങനെ മാറിയെന്നു മാത്രം.
ഗണിതത്തില്‍ വര്‍ഗ്ഗമൂലവും ഘനമൂലവും കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗം പ്രാവര്‍ത്തികമാക്കിയത് ആര്യഭടനാണ്. 1613 എ.ഡി വരെ ഈ രീതി പാശ്ചാത്യര്‍ക്കറിയുമായിരുന്നില്ല. ഭാരതത്തിന്റെ ഈ നേട്ടത്തെ അവഗണിച്ചുള്ള പ്രചാരമാണ് നടന്നത്. ആര്യഭടന്റെ വരികള്‍ നോക്കുക.
”ഭാഗം ഹരേത് വര്‍ഗ്ഗാത് നിത്യം ദ്വിഗുണേന വര്‍ഗ്ഗമൂലേന
വര്‍ഗ്ഗാദ് വര്‍ഗ്ഗേ ശുദ്ധേ ലബ്ധം സ്ഥാനാന്തരേ മൂലം”
പൈതഗോറസ് തിയറിയെന്ന് പ്രചരിച്ച സിദ്ധാന്തം അദ്ദേഹത്തിനും 1000 വര്‍ഷങ്ങള്‍മുമ്പ് ബോധായനന്‍, കാത്വായനന്‍ എന്നിവര്‍ക്കറിയാമായിരുന്നു. ബോധായനന്റെ കുറിപ്പുനോക്കൂ
‘ദീര്‍ഘചതുരസ്യാക്ഷ്ണയാ രജ്ജു പാര്‍ശ്വമാനീ തിര്യഗ്മാനി ച
യത് പൃഥക് ഭൂതേ കുരുതസ്തദുഭയം കരോതി.’
പൈ-യുടെ വില ആര്യഭടന്‍ നിര്‍ണ്ണയിച്ചിരുന്ന് 3.1416 എന്നായിരുന്നെങ്കില്‍ ആധുനിക ഗണിതത്തില്‍ 3.1416926 എന്നാണ്. അദ്ദേഹം അതെങ്ങനെയാണ് സ്പഷ്ടമാക്കിയിരിക്കുന്നതെന്നു നോക്കുക.
‘ചതുരധികം ശതമഷ്ടഗുണം ദ്വിഷഷ്ടിസ്തഥാ സഹസ്രാണാം
അയുതദ്വയവിഷ്‌കമഭസ്യാന്നോ വൃത്ത പരിണാഹഃ’
വിജ്ഞാനത്തില്‍ ഭാരതം ഏറെ മുമ്പിലായിരുന്നു. അടുത്ത കാലം വരെ അണു അഭാജ്യവും വസ്തുവിന്റെ സൂക്ഷ്മവുമായ ഘടകവുമായിരുന്നു. ഇലക്ട്രോണും ന്യൂട്രോണുമെല്ലാം കണ്ടുപിടിച്ചപ്പോള്‍ അതെല്ലാം തെറ്റായി. നമ്മുടെ ജൈന ദര്‍ശനം പരമാണുക്കളെപ്പറ്റിയും നിരവധി പരമാണുകകള്‍ കൂടിച്ചേര്‍ന്ന തന്മാത്രയെപ്പറ്റിയുമെല്ലാം സൂചിപ്പിച്ചിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ അതേ കാഴ്ചപ്പാടുകള്‍ തന്നെയാണ് ജൈനദര്‍ശനത്തില്‍ നിലനിന്നിരുന്നത്. ആകര്‍ഷണവികര്‍ഷണത്തെപ്പറ്റിയുമെല്ലാം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ പഠിച്ചിരുന്നുവെന്നത് ആശ്ചര്യം തന്നെയാണ്. ജൈന ഗ്രന്ഥങ്ങളായ ‘ഗോമതസാരവും’ ‘തത്ത്വാര്‍ത്ഥ സൂത്ര’വും വായിച്ചാല്‍ ഇതെല്ലാം വെളിവാകും. കണാദന്റെ വൈദേശികദര്‍ശനത്തിലും ഈ സിദ്ധാന്തത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
മറ്റൊരു രാഷ്ട്രത്തിലെയും ദാര്‍ശനികര്‍ക്ക് പറയാന്‍ കഴിഞ്ഞിട്ടില്ലാത്ത തത്ത്വങ്ങള്‍ കൃത്യതയോടെ പറയാന്‍ ഭാരതീയ ഋഷിമാര്‍ക്കും ആചാര്യന്മാര്‍ക്കും കഴിഞ്ഞിരുന്നു. പാശ്ചാത്യര്‍ക്ക് സമയത്തിന്റെ ഏറ്റവും ചെറിയ ഘടകം ‘സെക്കന്‍ഡ്’ ആയിരുന്നു. എന്നാല്‍ ഒരു സെക്കന്‍ഡിന്റെ 33750-ല്‍ അംശമാണ് ത്രുടി (1/33750 സെക്കന്‍ഡ്).
കണാദന്‍, ഉദയനന്‍, വാത്സ്യായനന്‍, ഉദ്യോതകരന്‍, വാചസ്പതി തുടങ്ങിയവര്‍ താപം, ഇരുളും വെളിച്ചവുമെന്ന അഗ്നിയുടെ ഇരുവശങ്ങള്‍, ഊര്‍ജ്ജ സ്രോതസ്സെന്ന നിലയില്‍ സൂര്യന്റെ പ്രഭാവം, ശബ്ദം, സ്വരങ്ങള്‍ ഇവയെക്കുറിച്ചെല്ലാം വിശദമായി വിശകലനം ചെയ്തവരാണ്.
ലോഹങ്ങള്‍, സങ്കരലോഹങ്ങള്‍ എന്നിവയില്‍ ഭാരതീയരുടെ അവഗാഹം പ്രശസ്തമായിരുന്നു. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് മുതലായവയെക്കുറിച്ച് വ്യക്തമാക്കുന്ന ധാരാളം കൃതികള്‍ നമുക്കുണ്ട്. വേദകാലത്ത് സങ്കരലോഹങ്ങളായ ഓടും പിച്ചളയുമൊക്കെ പ്രചാരത്തിലുണ്ടായിരുന്നു. അക്കാലത്തെ ബിംബങ്ങള്‍ അതിനു തെളിവുകളാണ്. െചമ്പിന്റെ നിര്‍മ്മാണത്തില്‍ നമുക്കുണ്ടായിരുന്ന കഴിവിന്റെ തെളിവാണ് ബീഹാറില്‍ സുല്‍ത്താന്‍ഗഞ്ചില്‍ നിന്നു കിട്ടിയ ഏഴരയടി പൊക്കമുള്ള ബുദ്ധപ്രതിമ. ഡല്‍ഹിയിലെ മെഹ്‌റോളിയിലുള്ള സ്തൂപം ഇരുമ്പുരുക്കു നിര്‍മ്മാണത്തില്‍ നമുക്കുണ്ടായിരുന്ന അറിവ് തെളിയിക്കുന്നു. ധാതുക്കളില്‍നിന്ന് നാകം തിരിച്ചെടുക്കുന്ന വിദ്യ 18-ാം നൂറ്റാണ്ടുവരെ പാശ്ചാത്യര്‍ക്കറിയുമായിരുന്നില്ല. 1748-ല്‍ വില്യം പോണ്ടിയര്‍ ആണ് സാധാരണ ഉപയോഗത്തിന് ഈ വിദ്യ കൊണ്ടുവന്നത്. എന്നാല്‍ എ.ഡി. 400ലേതെന്നു കരുതാവുന്ന ഒരു നാക ഖനി രാജസ്ഥാനിലെ ഝാര്‍വെക്ടറില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
കാന്തികതയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ശങ്കരമിത്രന്‍ പറഞ്ഞുവച്ചിട്ടുണ്ട്. കാന്തമുപയോഗിച്ച് ശരീരത്തില്‍നിന്ന് നഖമോ ഇരുമ്പുകഷണമോ നീക്കം ചെയ്യാനാവുമെന്ന് ശുശ്രുതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍ത്ഥശാസ്ത്രത്തില്‍ കൗടില്യനും കാന്തികഗുണങ്ങളെപ്പറ്റി പറയുന്നുണ്ട്. എ.ഡി. 1050-ല്‍ േഭാജ രാജാവ് ട്രോജന്‍ കപ്പലുകളുടെ അടിത്തട്ട് ലോഹം കൊണ്ടാവരുതെന്ന് കല്പന പുറപ്പെടുവിച്ചിട്ടുണ്ട്. പ്രൊഫ. ആര്‍.കെ. മുഖര്‍ജി എഴുതിയിരിക്കുന്നതു ശ്രദ്ധിച്ചുനോക്കാം. ‘ജലാന്തര്‍ഭാഗത്ത് പാറകളുടെ കാന്തികതയേറിയ ഭാഗങ്ങളില്‍ അവയിലേക്കാകര്‍ഷിച്ച് കപ്പലപകടങ്ങള്‍ വരുത്തിവയ്ക്കുമെന്ന് രാജാഭോജന്‍ കരുതിയിരുന്നു.’
ജാവായില്‍ കോളണികള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സമുദ്രയാത്ര ചെയ്ത ഹിന്ദുക്കള്‍ ദിശ അറിയുന്നതിനുവേണ്ടി ‘മത്സ്യയന്ത്രം’ എന്ന പേരില്‍ കാന്തസൂചി ഉപയോഗിച്ചിരുന്നു.
ഭൂമിയുടെ ഗോളാകാരത്തെപ്പറ്റി ‘സിദ്ധാന്തശിരോമണി’ എന്ന ഗ്രന്ഥത്തില്‍ ഭാസ്‌കരാചാര്യര്‍ എഴുതിവച്ചിരിക്കുന്നതു ഇപ്രകാരമണാണ്. ”ഭൂമി പരന്നതാണെങ്കില്‍ പൊക്കമുള്ളതും സ്വര്‍ണ്ണമയമായതുമായ മേരുപര്‍വ്വതം നമ്മള്‍ നില്‍ക്കുന്നിടത്തുനിന്നുതന്നെ കാണാമായിരുന്നു.”
പുരാതന ഭാരതത്തിലെ വാസ്തുവിദ്യയിലെ അദ്ഭുതങ്ങള്‍ ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. 216 അടി പൊക്കമുള്ള തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിന്റെ താഴികക്കുടത്തിന്റെ വ്യാസം 25 അടിയും അതിന്റെ ഭാരം 85 ടണ്ണുമാണ്. രാഷ്ട്രകൂട രാജാവായ കൃഷ്ണയുടെ കാലത്ത് പാറയില്‍ കൊത്തിയെടുത്ത രണ്ടുനിലകളുള്ള കൈലാസമന്ദിരം പണികഴിപ്പിച്ചു. 13 ലക്ഷം ഘനയടി വ്യാപ്തിയുള്ള ഒരു പാറ അവിടെയെത്തിച്ച് ഉളിയും ചുറ്റികയും മാത്രമുപയോഗിച്ച് നിര്‍മ്മിച്ച ക്ഷേത്രം ആരെയാണ് വിസ്മയിപ്പിക്കാത്തത്. അതുപോലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം അതിശയിപ്പിക്കുന്നു. സിന്ധുനദീതട സംസ്‌കാരം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതു വിസ്തരിക്കുന്നില്ല. മോഹന്‍ജദാരോവിലെ പൊതുകുളിസ്ഥലം, അഴുക്കുചാല്‍ പദ്ധതി, റോഡുകള്‍, ധാന്യഅറകള്‍, ലോത്തല്‍ എന്ന സ്ഥലത്തു പണികഴിപ്പിച്ചിരുന്ന കപ്പലുകള്‍, 5000 വര്‍ഷങ്ങളിലധികം പഴക്കം കല്‍പ്പിക്കുന്ന ആഭരണങ്ങള്‍, അശോകന്റെ കാലത്തുള്ള സ്തൂപങ്ങള്‍, 1000 വര്‍ഷങ്ങളോളം ഉപയോഗത്തിലിരുന്ന ഗുജറാത്തിലെ സുദര്‍ശന ഡാം (ശിലാലിഖിതങ്ങളില്‍ കാണുന്നുണ്ട്) എന്നിവയെല്ലാം ശാസ്ത്രവും വാസ്തുവിദ്യയും ഭാരതത്തില്‍ എത്രത്തോളം പുരോഗമിച്ചിരുന്നു എന്നതിന് മതിയായ തെളിവുകളാണ്.