പതഞ്ജലി മൂന്നംഗങ്ങളെ ചേര്‍ത്ത് ക്രിയാ യോഗമെന്ന് വിധിച്ചിരിക്കുന്നു – തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവ. ഇത് യോഗ ദര്‍ശനത്തിന്റെ രണ്ടാമത്തെ പാദത്തിലാണ് വരുന്നത്. ആദ്യത്തെ അധ്യായത്തില്‍ അഭ്യാസ – വൈരാഗ്യങ്ങളാല്‍ ഉള്ള യോഗമാണ് പറഞ്ഞത്. അത് പക്ഷെ നല്ല മനോ നിയന്ത്രണമുള്ള ഉയര്‍ന്ന തരം സാധകര്‍ക്കുള്ളതാണ്. ഇത് ഒരു മധ്യ മാര്‍ഗവും. ഇവിടെ യോഗം ക്രിയകളുടെ അകമ്പടിയോടെയാണ്. കൂടുതല്‍ സാധാരണമായ, പ്രായോഗികമായ, ബഹുജനങ്ങളുടെ മാര്‍ഗമാണ് പിന്നീട് പറയുന്ന അഷ്ടാംഗ യോഗം. അത് നാം അനുഭവത്തില്‍ കാണുന്നുണ്ടല്ലൊ.
യോഗത്തിലേക്ക് ആരോഹണം ചെയ്യുന്നവന് (ആരുരുക്ഷു) കര്‍മം സഹായകമാണ്. എന്നാല്‍ യോഗത്തില്‍ ആരൂഢനായാല്‍ ശമമാണ് വേണ്ടത് എന്ന് ഭഗവദ് ഗീത ( 63) പറയുന്നു.
തപസ്സ്
ശരീര-പ്രാണ-ഇന്ദ്രിയങ്ങളുടെ നിയന്ത്രണം തന്നെയാണ് തപസ്സ്. ഇന്ദ്രിയങ്ങളിലൂടെ അകത്തേക്കെടുക്കുന്ന വിഷയങ്ങളുടെ അളവും, വിളവും, ക്രമവും നിയന്ത്രിക്കുക. മറെറാരു തരത്തില്‍ പറഞ്ഞാല്‍ അവയെ സാത്വികമാക്കുക. രാജസ – താമസ പ്രവണതകളെ തടയിടുക.
ശീതം – ഉഷ്ണം, സുഖം – ദു:ഖം മുതലായ ദ്വന്ദ്വങ്ങളുടെ സഹനമാണ് തപസ്സെന്നും നിര്‍വചനമുണ്ട്. ഇവ വന്നും പോയുമിരിക്കും (ആഗമ – അപായിന:, അനിത്യാ:); സ്ഥിരമല്ല എന്നറിഞ്ഞ് ആവലാതി കൂടാതെ സഹിക്കുക. മനസ്സില്‍ ഇളക്കമുണ്ടാക്കുന്ന അനാദിയായ കര്‍മ – ക്ലേശ – വാസനകളാകുന്ന കറകളെ കഴുകിക്കളയുക. തപസ്സിലൂടെയേ ഇതു സാധ്യമാകൂ.
തപസ്സിനെ മാനസികം, വാചികം, ശാരീരികം (മനസാ വാചാ കര്‍മണാ) എന്നും തിരിക്കാം. വിദ്വജ്ജനങ്ങളെയും മുതിര്‍ന്നവരെയും പൂജിക്കുക, ശൗചം, ബ്രഹ്മചര്യം, അഹിംസ മുതലായവ ശാരീരിക തപസ്സ്; സത്യവും പ്രിയവും ഹിതവുമായ വാക്കുകള്‍, പഠനം, പാഠനം ഇവ വാചിക തപസ്സ് ; മന: പ്രസാദം സൗമ്യത്വം മൗനം മുതലായവ മാനസിക തപസ്സ്. സരളവും ഋജുവുമായി ജീവിതം നയിക്കുക എന്നതു തന്നെ തപസ്സായി ഓഷോ പറഞ്ഞിട്ടുണ്ട്.
സ്വാധ്യായം
മന്ത്ര ജപത്തെയും ശാസ്ത്ര പഠനത്തെയും ആണ് വ്യാസന്‍ സ്വാധ്യായത്തില്‍ പെടുത്തിയിരിക്കുന്നത്. എന്നും ചെയ്യേണ്ട ഒരു അഭ്യാസം തന്നെയാണ് സ്വാധ്യായം. ശാസ്ത്രപഠനത്തില്‍ നിന്ന് യോഗി ജ്ഞാനവും പ്രേരണയും ഉത്സാഹവും നേടുന്നു.
സ്വ – അധ്യായം എന്ന അര്‍ത്ഥത്തിലും ചില വ്യാഖ്യാതാക്കള്‍ ഇതിനെ കാണുന്നുണ്ട്. തന്നെ പഠിക്കുക, താനാര് എന്നാരായുക. നിത്യ- അനിത്യ വസ്തു വിവേകം. അതു തന്നെയാണല്ലൊ തത്വചിന്തയുടെ തുടക്കം.
ഈശ്വരപ്രണിധാനം
സാധകന്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങളും കര്‍മഫലങ്ങളും ഈശ്വരനില്‍ അര്‍പ്പിക്കുകയാണിവിടെ. കര്‍മങ്ങള്‍ സ്വാര്‍ഥപരമാവാതെ ഈശ്വരാര്‍പ്പണമാക്കുക. ‘കരോമി യദ് യദ് സകലം പരസ്‌മൈ നാരായണായേതി സമര്‍പ്പയാമി’, ഞാന്‍ എന്തൊക്കെ ചെയ്യുന്നുവോ അതെല്ലാം നാരായണനില്‍ അര്‍പിക്കുന്നു എന്ന ബോധം വരണം. അനന്യമായ ഭക്തിയുണ്ടാവുക. ഈശ്വരനില്‍ പരമമായ പ്രേമമുണ്ടാവുക. മറ്റൊന്നിനെയും ആശ്രയിക്കാതിരിക്കുക.
വിശേഷ ചിന്ത
യോഗദര്‍ശനത്തില്‍ പതഞ്ജലി ‘തപ: സ്വാധ്യായ ഈശ്വരപ്രണിധാനാനി’ എന്ന് രണ്ടിടത്ത് പ്രയോഗിക്കുന്നുണ്ട് – ക്രിയാ യോഗത്തിലും നിയമത്തിലും. സൂത്രങ്ങളായതിനാല്‍ ആവര്‍ത്തനത്തിന് സാധ്യതയില്ല എന്ന് ചില വ്യാഖ്യാതാക്കള്‍ അനുമാനിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിഭിന്ന അര്‍ത്ഥത്തിലാവും പ്രയോഗമെന്നും. മേലെ കൊടുത്ത അര്‍ഥവിചാരം പൊതുവാണ്; രണ്ടിടത്തും യോജിക്കും. എന്നാല്‍ നിയമത്തില്‍ വ്യക്തിപരമായ ഒരാചരണമായി ഇതിനെ എടുക്കണം.
ക്രിയാ യോഗത്തില്‍ തപസ്സിനെ കര്‍മ്മയോഗമെന്നും സ്വാധ്യായത്തെ ജ്ഞാനയോഗമെന്നും ഈശ്വരപ്രണിധാനത്തെ ഭക്തിയോഗമെന്നും കണ്ട് വിഭിന്ന മനോനിലയുള്ളവര്‍ക്കുള്ള വിവിധ യോഗമാര്‍ഗ്ഗങ്ങളായി ഇവയെ കാണണമെന്നുമാണ് വിവക്ഷ. ശാരീരികമായ കര്‍മങ്ങളില്‍ കൂടുതല്‍ താല്പര്യമുള്ളവര്‍ക്ക് കര്‍മയോഗവും ബുദ്ധിപരമായ ശ്രദ്ധ കൂടുതലുള്ളവര്‍ക്ക് കര്‍മയോഗവും മാനസിക – വൈകാരിക ഭാവങ്ങളില്‍ ലീനര്‍ക്ക് ഭക്തിയോഗവും അതാത് ഭാവങ്ങളെ ഉദാത്തമാക്കാന്‍, സമാധിക്കനുകൂലമാക്കാന്‍ സഹായിക്കും. മൂന്നും ചേര്‍ന്നാല്‍ ഒരു സമഗ്രമായ വ്യക്തിത്വ വികാസവും സാധ്യമാവും. അങ്ങിനെ വരുമ്പോള്‍ ഉന്നതശ്രേണിയിലുളളവര്‍ക്ക് അഭ്യാസ – വൈരാഗ്യങ്ങളും മധ്യമാധികാരികള്‍ക്ക് ഗുണ വിഭാഗ മനുസരിച്ച് ജ്ഞാന – കര്‍മ – ഭക്തിയോഗങ്ങളും സാധാരണക്കാര്‍ക്ക് അഷ്ടാംഗയോഗവും എന്നു കിട്ടും.
ഉദ്ദേശ്യം
അടുത്ത സൂത്രത്തില്‍ ക്രിയാ യോഗത്തിന്റെ ഉദ്ദേശ്യം, ഫലം വ്യക്തമാക്കുന്നുണ്ട്. ഒന്ന്, സമാധിയിലേക്കടുക്കും (സമാധി ഭാവനാര്‍ഥ:). രണ്ട്, ക്ലേശങ്ങള്‍ കുറഞ്ഞു വരും (ക്ലേശ തനൂകരണാര്‍ഥ:). ‘പ്രയോജനം അനുദ്ദിശ്യ ന മന്ദോപി പ്രവര്‍ത്തതെ’ എന്തെങ്കിലും ഫലം കിട്ടാതെ വിഡ്ഢികളും കൂടി പ്രവര്‍ത്തിക്കില്ല എന്നാണല്ലോ.
യോഗം കൊണ്ട് യോഗത്തെ അറിയണം. യോഗം കൊണ്ട് യോഗമുണ്ടാവണം-
‘യോഗേന യോഗ: ജ്ഞാതവ്യ:
യോഗാത് യോഗ: പ്രവര്‍ത്തതേ’.
Comments