ഭാരതത്തിന്റെ ദേശീയ ഗാനത്തിലൂടെ നാം നമ്മുടെ മനസ്സില്‍ പാടി നിറച്ച വംഗദേശംഎന്ന ബംഗാള്‍ ഇന്ന് ആര്‍ത്ത നാദങ്ങളാല്‍ മുഖരിതമാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായതിന്, ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്, വിശ്വസിച്ച പ്രസ്ഥാനത്തിന് വോട്ടു ചെയ്തതിന്, ജിഹാദിഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടവരുടെ നിലയ്ക്കാത്ത വിലാപമാണ് പശ്ചിമബംഗാളില്‍ എങ്ങും ഉയര്‍ന്നുകേള്‍ക്കുന്നത്. നിയമസഭാതിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേ ദിവസം മുതല്‍ ആരംഭിച്ച സംഘടിതമായ ആക്രമണങ്ങള്‍ ഇതെഴുതുമ്പോഴും നിലച്ചിട്ടില്ല. മമതാ ബാനര്‍ജി പോറ്റിവളര്‍ത്തുന്ന തൃണമുല്‍ ജിഹാദിഗുണ്ടകളുടെ ആക്രമണത്തില്‍ ഇതുവരെ പത്തിലധികം ബി.ജെ.പി. പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത് ഇന്ത്യന്‍ജനാധിപത്യത്തിനേല്‍ക്കുന്ന ഏറ്റവും വലിയ ആഘാതമായിരിക്കും എന്നു പറഞ്ഞ ചില വരേണ്യ ബുദ്ധിജീവികള്‍ കേരളത്തിലുണ്ടായിരുന്നു. നരേന്ദ്രമോദിക്കെതിരെയുള്ള ഏക പ്രതിപക്ഷ ശബ്ദമായിരുന്നത്രെ മമതാ ബാനര്‍ജി. ഇത്തരക്കാര്‍ സൃഷ്ടിച്ച ഒരു ജനാധിപത്യ പൊയ്കുതിര മാത്രമാണ് മമതയെന്ന് പ്രവര്‍ത്തികൊണ്ട് അവര്‍ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ഒരുദശകം പിന്നിട്ട മമതയുടെ ഏകാധിപത്യഭരണത്തിന് ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കായി എന്നതാണ് മമതയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ ഏകാധിപത്യ അഴിമതി ഭരണത്തെ ചോദ്യം ചെയ്യാന്‍ ഒരു കൈയ്യും ഉയരാന്‍ പാടില്ലെന്ന തിട്ടൂരമാണ് അവര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മുപ്പത്തിനാലു വര്‍ഷം ബംഗാള്‍ അടക്കിവാണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പ്രതിപക്ഷ പാര്‍ട്ടിയേയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരെ തോല്‍പ്പിച്ച് അധികാരത്തില്‍ വന്ന മമതയും പിന്നീട് അതേപാതയില്‍ സഞ്ചരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കായി. മുപ്പത്തൊമ്പത് ശതമാനത്തിനു മേലെ വോട്ട് നേടിയ ബി.ജെ.പി. എഴുപത്തേഴ് സീറ്റുകളോടെ മുഖ്യ പ്രതിപക്ഷമായി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 18 എം.പിമാരും ബി.ജെ.പിക്ക് ബംഗാളില്‍ നിന്നുമുണ്ട്. തന്റെ സിംഹാസനം ഇളകിത്തുടങ്ങി എന്നു മനസ്സിലാക്കിയ മമതാ ബാനര്‍ജി അധികാരം നിലനിര്‍ത്താന്‍ വളര്‍ത്തിയെടുത്ത ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരായ ജിഹാദികളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിട്ടിരിക്കുകയാണ്.
മുപ്പത്തിനാല് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അടക്കിവാണ ബംഗാളിന് അതിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സംഭാവന ചെറുതല്ല. 1977 മുതല്‍ 2011 വരെയുള്ള കമ്മ്യൂണിസ്റ്റ് ഭീകരവാഴ്ചയില്‍ ഒരു ലക്ഷത്തിലേറെ ദളിതരെയാണ് കൊന്നു തള്ളിയത്. മരിഝാപി, ബിജോണ്‍ സേതു, നന്ദിഗ്രാം, സിംഗൂര്‍ തുടങ്ങി നിരവധി കൂട്ടക്കൊലകള്‍ക്ക് നേതൃത്വംകൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീകരവാഴ്ചയില്‍ മനംമടുത്ത ബംഗാളികള്‍ തിരഞ്ഞെടുത്ത മമതാ ബാനര്‍ജി ഇന്ന് മറ്റൊരു കൊലയാളി സംഘത്തിന്റെ നേതാവായി മാറിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്നും ഇസ്ലാമിക മതമൗലികവാദികളെ നിര്‍ബാധം നുഴഞ്ഞുകയറാന്‍ അനുവദിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവര്‍ക്ക് ഇലക്ഷന്‍ ഐഡിയും റേഷന്‍ കാര്‍ഡും വരെ ഉണ്ടാക്കി നല്‍കി തങ്ങളുടെ അധികാരം നിലനിര്‍ത്തുന്ന വോട്ട് ബാങ്കുകള്‍ സൃഷ്ടിച്ചു. ഇതോടെ മുസ്ലീം ഭൂരിപക്ഷമായി മാറിയ ബംഗാളിലെ അതിര്‍ത്തി ജില്ലകള്‍ രാഷ്ട്രസുരക്ഷക്കുതന്നെ ഭീഷണി ആയി മാറിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ ബംഗാളിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയം ഏതുവിധേനയും അട്ടിമറിക്കാനുള്ള ശ്രമം മമതയുടെ തൃണമൂല്‍ ആസൂത്രണം ചെയ്തു തുടങ്ങി. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രവര്‍ത്തകരെ കായികമായി നേരിടാനും ശാരീരികമായി ഉന്മൂലനം ചെയ്യാനുമാരംഭിച്ചു. ഹേമതാബാദിലെ ബി.ജെ.പി. എം.എല്‍.എ. അടക്കം നൂറ്റി അമ്പതോളം പ്രവര്‍ത്തകരെയാണ് ഇതുവരെ മമതയും സംഘവും കൊലപ്പെടുത്തിയത്. അങ്ങേയറ്റം ഹിന്ദു വിരുദ്ധമായ നിലപാടുകളിലൂടെ ജിഹാദികളെ പ്രീണിപ്പിച്ച് തന്റെ ഒപ്പം നിര്‍ത്തുക എന്ന നയത്തിന്റെ ഭാഗമായിട്ടായിരുന്ന ദുര്‍ഗ്ഗാപൂജയെ വരെ അവര്‍ എതിര്‍ത്തത്. ജയ് ശ്രീറാം എന്ന ഘോഷം മമതയ്ക്ക് അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്ന ശബ്ദമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇത്തരം നടപടികളെല്ലാം ബംഗാളില്‍ ബി.ജെ.പിയെ പ്രതിദിനം വളര്‍ത്തുകയാണുണ്ടായത്. അവസാനം ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ മുഖ്യ പ്രതിപക്ഷമായി മാറിയ ബി.ജെ.പിയെ ഏതുവിധേനയും തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ മമത ആസൂത്രണം ചെയ്ത് നടത്തുന്ന വംശഹത്യയാണ് കുറച്ച് ദിവസങ്ങളായി ബംഗാളില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്.
വിഭജന കാലത്തെ നവഖാലിയിലെ ഹിന്ദു കൂട്ടക്കൊലയെ അനുസ്മരിപ്പിക്കും വിധമുള്ള സംഭവങ്ങള്‍ ബംഗാളില്‍ നടന്നിട്ടും ഭാരതത്തിലെ പ്രഖ്യാപിത മനുഷ്യാവകാശവാദികളോ മാധ്യമങ്ങളോ പാലിക്കുന്ന നിശബ്ദത സംശയമുണര്‍ത്തുന്നതാണ്. ‘ബംഗാളില്‍ കൊല്ലപ്പെടുന്നത് സംഘികളല്ലേ, ആ വാര്‍ത്ത ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ക്ക് സൗകര്യമില്ല’- എന്നാണ് മലയാളത്തിലെ ഒരു പ്രമുഖചാനല്‍ ഫോണ്‍ വിളിച്ച പ്രേക്ഷകയോട് പറഞ്ഞത്. ആഗോള ജിഹാദി സംഘങ്ങളുടെ പെട്രോ ഡോളര്‍ കൊണ്ട് ചാനല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ രാഷ്ട്രവിരുദ്ധത വിളമ്പുന്ന ചില മാധ്യമങ്ങള്‍ക്കും ബംഗാള്‍ കൂട്ടക്കൊലയില്‍ ചെറുതല്ലാത്ത പങ്കുണ്ട്.അവരുടെ നിശബ്ദതയ്ക്കു പോലും പ്രതിഫലം കിട്ടുന്നതായി സംശയിക്കേണ്ടി ഇരിക്കുന്നു. 2.28കോടി ജനങ്ങളാണ് ബംഗാളില്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. അവര്‍ക്ക് ഇനിമേല്‍ മനുഷ്യാവകാശങ്ങളില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് അക്രമം നടത്തുന്ന ‘മമതാ ബീഗം’ തന്റെ തന്നെ ശവക്കുഴിയാണ് തോണ്ടുന്നത്. നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരിയെ വരെ ആക്രമിച്ചു എന്നു പറയുമ്പോള്‍ ബംഗാളില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തിന്റെ ഭീകരത വ്യക്തമാവും. ഇതിനോടകം നൂറില്‍പരം ബി.ജെ.പി. ഓഫീസുകളും നാലായിരത്തിലധികം വീടുകളുമാണ് മമതയുടെ ജിഹാദി ഗുണ്ടകള്‍ ആക്രമിച്ച് തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. എം.എല്‍.എ.മാരുടെ വീടുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പി.യുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിരവധി വനിതകള്‍ കൂട്ടബലാല്‍സംഗത്തിനിരയായി എന്നത് ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളങ്കമായിമാറിയിരിക്കുകയാണ്. ഇരകളുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനേയും സംഘത്തെയും വരെ മമതയുടെ ഗുണ്ടകള്‍ ആക്രമിച്ചു എന്നു പറയുമ്പോള്‍ ബംഗാള്‍ കടന്നുപോകുന്ന ഭീകരാവസ്ഥ എന്താണെന്ന് ഊഹിക്കാന്‍ കഴിയും.
എന്തായാലും രവീന്ദ്രസംഗീതത്തിന്റെയും വന്ദേമാതരത്തിന്റെയും നാടിനെ ഒരു പറ്റം രാഷ്ട്രവിരുദ്ധ ജിഹാദിസംഘത്തിന്റെ അഴിഞ്ഞാട്ട വേദിയാക്കി മാറ്റിയ മമതാ ബീഗം ചരിത്രത്തിന്റെ കോടതിയില്‍ വിചാരണ ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.