രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ലോകക്രമങ്ങളില്‍ രാജ്യങ്ങള്‍ രണ്ടു ചേരികളിലായി ഏറ്റുമുട്ടിയപ്പോള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങള്‍ ദര്‍ശിച്ചത് അഭൂതപൂര്‍വമായ കുതിച്ച് ചാട്ടമായിരുന്നു. മുതലാളിത്ത ചേരിയെന്നും സോഷ്യലിസ്റ്റ് ചേരിയെന്നും തിരിഞ്ഞു ഈ നീലഗ്രഹത്തില്‍ പോര്‍വിളികളുയര്‍ന്ന അരനൂറ്റാണ്ട് മാനവ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ മാറ്റങ്ങള്‍ക്കും പുരോഗതികള്‍ക്കുമാണ് വഴിമരുന്നിട്ടത്. എല്ലാ ശാസ്ത്രനേട്ടങ്ങള്‍ക്കും യുദ്ധത്തിന്റെയും മരണത്തിന്റെയും ഗന്ധമുണ്ടായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നു എങ്കിലും ആ മത്സരം ഭാവിതലമുറകള്‍ക്ക് നല്‍കിയ സംഭാവനകള്‍ അളക്കാനാവാത്തതാണ്.
ശീതസമരക്കാലത്തെ ശാക്തിക മത്സരങ്ങളില്‍ നിര്‍ണായക സ്ഥാനം തന്നെ വഹിച്ചിരുന്നത് അന്തര്‍വാഹിനികളാണ്. പ്രത്യേകിച്ച് ആണവ അന്തര്‍വാഹിനികള്‍. ഭൂഖണ്ഡാന്തര ആണവ മിസൈലുകളും വഹിച്ച് മാസങ്ങളോളം മുങ്ങിക്കിടക്കാന്‍ കഴിയുന്ന ഈ കടല്‍ഭീമന്മാരിലാണ് രണ്ടു വന്‍ശക്തികളുടെയും സുരക്ഷ ഒളിപ്പിച്ച് വെച്ചിരുന്നത് എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഇരു ശക്തികളും ഭൂമിയിലെവിടെയൊക്കെ ആണവ അന്തര്‍വാഹിനികളെ വിന്യസിപ്പിച്ചിരുന്നു എന്നത് ഇന്നും അജ്ഞാതമാണ്. ഇതിലുള്ള ശ്രദ്ധകൊണ്ടുതന്നെ, ഇരു രാജ്യങ്ങളും ആണവ അന്തര്‍വാഹിനി സാങ്കേതികതയില്‍, എഴുപതുകളില്‍ തന്നെ അഗ്രഗണ്യരായിരുന്നു. അതില്‍ത്തന്നെ ,ഏറ്റവും കുറ്റമറ്റതായി കണക്കാക്കിയിരുന്നതാണ് സോവിയറ്റു യൂണിയന്റെ ഓസ്‌കാര്‍ ക്‌ളാസ്സിലുള്ള ആണവ അന്തര്‍വാഹിനി ‘കുര്‍സ്‌ക്’.
എണ്‍പതുകളുടെ അവസാനം സോവിയറ്റു യൂണിയന്‍ എന്ന സോഷ്യലിസ്റ്റു ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞതോടെ, അഞ്ചു പതിറ്റാണ്ട് ലോകം മുള്‍മുനയില്‍ നിന്ന ശീതയുദ്ധം അവസാനിച്ചു. മുഴുവന്‍ വിഭവശേഷിയും പ്രതിരോധ, ബഹിരാകാശരംഗങ്ങളിലേക്ക് വഴിതിരിച്ച് വിട്ടപ്പോള്‍, തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിയ സോവിയറ്റു സാമൂഹ്യാവസ്ഥ ലോകസമൂഹത്തെ നോക്കി പല്ലിളിച്ചു. സോവിയറ്റു യൂണിയന് പുറമെ കിഴക്കന്‍ യൂറോപ്പ് മുഴുവന്‍ തകര്‍ന്ന് വീണപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് സോവിയറ്റു പ്രതിരോധ രംഗമാണ്.
ഏതൊരു സൈന്യത്തെയും സജ്ജമാക്കി നിര്‍ത്തുന്നത് നിരന്തരമായ പരിശീലനവും സൈനികാഭ്യാസങ്ങളും റിഹേഴ്സലുകളുമാണ്. അതിലൂടെ ലഭിക്കുന്ന അനുഭവപരിജ്ഞാനമാണ് അവര്‍ക്ക് യഥാര്‍ത്ഥ പോര്‍മുഖത്ത് മുതല്‍ക്കൂട്ടാകുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഈ കാര്യം സോവിയറ്റു യൂണിയന്‍ അവസാനം നടത്തിയത് 1989 ല്‍ ആയിരുന്നു. സോവിയറ്റു യൂണിയന്‍ തകര്‍ന്നതിനു ശേഷം, ആ ആയുധസമ്പത്തിന്റെ ഉടമകളായ റഷ്യയുടെ സാമ്പത്തിക സ്ഥിതി, സൈനികര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കാന്‍ പോലും കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അപ്പോള്‍ വന്‍തോതിലുള്ള ഒരു സൈനിക അഭ്യാസത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇത് റഷ്യന്‍ സേനയുടെ, പ്രത്യേകിച്ച് നാവികസേനയുടെ ശേഷിയെ അന്‍പത് ശതമാനത്തിലധികം കുറച്ചു. കപ്പലുകള്‍ വാര്‍ഫുകളില്‍ കിടന്ന് തുരുമ്പെടുക്കാന്‍ തുടങ്ങി. മനോവീര്യം നഷ്ടപ്പെട്ട സൈനികര്‍ വോഡ്കയുടെ ലഹരിയും നിശാക്‌ളബ്ബുകളുമായി സമയം കളഞ്ഞു. കാലാവധി കഴിയാറായ ആയുധങ്ങള്‍ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി.
പ്രശ്‌നം ഗൗരവമാകാന്‍ തുടങ്ങുന്നത് മനസ്സിലാക്കാന്‍ മുന്‍ കെ ജി ബി തലവന്‍ കൂടിയായ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനു ബുദ്ധിമുട്ടുണ്ടായില്ല. അങ്ങിനെ, താറുമാറായ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ തന്നെ പത്ത് വര്‍ഷത്തിനുശേഷം റഷ്യയുടെ ഏറ്റവും വലിയ നാവിക അഭ്യാസത്തിനു അദ്ദേഹം അനുമതി നല്‍കി. അന്‍പത് കപ്പലുകള്‍, രണ്ട് വിമാനവാഹിനികള്‍, പന്ത്രണ്ട് അന്തര്‍വാഹിനികള്‍, നൂറിലധികം വിമാനങ്ങള്‍ എല്ലാം ചേര്‍ന്ന് പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വന്‍ നാവികാഭ്യാസമായിരുന്നു അത്. അതിനു നെടുനായകത്വം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ആണവ അന്തര്‍വാഹിനിയായിരുന്നു ‘കുര്‍സ്‌ക്’.
രണ്ടു ജംബോ ജെറ്റ് വിമാനങ്ങളുടെ നീളവും, മൂന്നര മീറ്റര്‍ വ്യത്യാസത്തില്‍ രണ്ടു ഹള്ളുകളുമുള്ള കുര്‍സ്‌ക്, അന്ന് ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും വലിയ മുങ്ങിക്കപ്പലായിരുന്നു. ഒരിക്കലും തകരാത്ത കപ്പല്‍ എന്നുകൂടിയായിരുന്നു അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കുര്‍സ്‌ക് അറിയപ്പെട്ടിരുന്നത് (ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്ന് ‘ടൈറ്റാനിക്’ കരുതപ്പെട്ടിരുന്നത് പോലെ). അതുകൊണ്ടു തന്നെ കുര്‍സ്‌കിനു ഏറ്റവും സംഹാരശേഷിയുള്ള ആണവ മിസൈലുകള്‍ എപ്പോഴും സൂക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു.
2000 ആഗസ്ത് 12ന് രാവിലെ, സൈനിക അഭ്യാസങ്ങള്‍ പുരോഗമിക്കുമ്പോള്‍, കപ്പലിലെ ടോര്‍പിഡോ ടെസ്റ്റിംഗിന് അനുമതി ചോദിച്ചു. വൈകാതെ അനുമതിയും ലഭിച്ചു. ഉപരിതലത്തില്‍ ചലിക്കുന്ന കപ്പലുകളെ തകര്‍ക്കാന്‍ അന്തര്‍വാഹിനിയില്‍ നിന്നും പ്രയോഗിക്കുന്ന ചെറു റോക്കറ്റാണ് ടോര്‍പിഡോ. അതിനു വേണ്ട ഒരുക്കങ്ങള്‍ കപ്പലില്‍ പുരോഗമിച്ചു.
11.29 ന് അഭ്യാസം നടക്കുന്ന ബാരണ്‍ട് കടലില്‍ നിന്നുള്ള ഒരു സ്‌ഫോടനം നോര്‍വേയിലെ ഭൂകമ്പമാപിനികള്‍ രേഖപ്പെടുത്തി. സമീപത്ത് ഉണ്ടായിരുന്ന അന്തര്‍വാഹിനികളിലും സ്‌ഫോടനം അറിഞ്ഞു. പക്ഷെ ആരും അത് ഗൗരവമായെടുത്തില്ല. പരിശീലനത്തിന്റെ ഭാഗമായ സ്‌ഫോടനമാണ് എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .നിമിഷങ്ങള്‍ക്ക് ശേഷം ഏതാണ്ട് രണ്ടുകിലോ ടണ്‍ ശേഷിയുള്ള ഭീകരമായ ഒരു സ്‌ഫോടനം ഭൂകമ്പമാപിനികള്‍ രേഖപ്പെടുത്തിയത് 4.5 ആയിരുന്നു. ആദ്യത്തേതിന്റെ ഇരുനൂറിരട്ടിയിലുള്ള സ്‌ഫോടനത്തിനു സാമാന്യം നല്ല ഒരു ഭൂകമ്പത്തിന്റെ ശേഷിതന്നെയുണ്ടായിരുന്നു. യൂറോപ്പ് മുഴുവന്‍ കടന്ന് അകലെയുള്ള അലാസ്‌കയില്‍ വരെ അത് പ്രതിധ്വനിച്ചു. സ്‌ഫോടനങ്ങളുടെ പ്രഭവകേന്ദ്രം ഒന്നുതന്നെയാണെന്നു തിരിച്ചറിഞ്ഞിരുന്നങ്കിലും യഥാര്‍ത്ഥ അപകടം മനസ്സിലാക്കാന്‍ അപ്പോഴും റഷ്യന്‍ നാവികസേനക്കോ വിദഗ്ദ്ധര്‍ക്കോ കഴിഞ്ഞില്ല.
കുര്‍സ്‌കില്‍ നിന്നുള്ള ടോര്‍പിഡോയുടെ ലക്ഷ്യസ്ഥാനമാകേണ്ട പീറ്റര്‍ വില്‍കി കപ്പലിന്റെ മേധാവി, സമയം കഴിഞ്ഞിട്ടും ടോര്‍പിഡോ കാണാതിരുന്നതിനാലും, അസാധാരണമായ സ്‌ഫോടനവും ഹെഡ് ക്വാര്‍ട്ടറിലേക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു. ചുരുക്കത്തില്‍, കാര്യത്തിന്റെ ഗൗരവം വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കി വന്നപ്പോഴേക്ക് 115 നാവികരുമായി കുര്‍സ്‌ക് കടലിന്റെ അടിത്തട്ടില്‍ നിത്യനിദ്രയിലായിരുന്നു. കുര്‍സ്‌ക് തകര്‍ന്നു എന്ന് മനസ്സിലാക്കിയ നേവി അധികൃതര്‍ വിപുലമായ തെരച്ചില്‍ ആരംഭിച്ചങ്കിലും കണ്ടെത്താനായില്ല. ആദ്യം കരുതിയത്, പുറം കവചം തകര്‍ന്നപ്പോള്‍ ഭാരം നഷ്ടപ്പെട്ട കപ്പല്‍ നിയന്ത്രണം വിട്ട് കടല്‍പ്പരപ്പിലെവിടെയെങ്കിലും ഒഴുകിനടക്കുന്നുണ്ടാകും എന്നാണ്. കുര്‍സ്‌കിന്റെ ഇരട്ട ഹള്ളിനെ അത്രയേറെ വിശ്വാസമായിരുന്നു അവര്‍ക്ക്. അപ്പോഴും കടല്‍ത്തട്ടില്‍ പൂര്‍ണമായി തകരാത്ത കപ്പലിന്റെ അവസാനത്തെ മൂന്ന് അറകളില്‍ നൂറോളം നാവികര്‍ മരണവുമായി വിലപേശുകയായിരുന്നു. അപ്പോഴെങ്കിലും വാസ്തവം തിരിച്ചറിഞ്ഞിരുന്നങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യതയെങ്കിലുമുണ്ടായിരുന്നു. ദുരന്തത്തിന്റെ ആഴം തിരിച്ചറിഞ്ഞപ്പോഴേക്കും വിലപ്പെട്ട ആറുമണിക്കൂര്‍ നഷ്ടപ്പെട്ടു.
ഇത് തങ്ങളുടെ മാത്രം കൈയ്യില്‍ നില്‍ക്കുന്ന വിഷയമല്ലന്നു മനസ്സിലാക്കിയ പുടിന്‍, വിദേശ രാജ്യങ്ങളുടെ സഹായം തേടി. കടലിന്റെയടിയില്‍ നീന്തിപ്പറക്കുന്ന ‘മുങ്ങിക്കോപ്റ്ററുമായി’ കടല്‍ സാങ്കേതികതയിലെ മുടിചൂടാമന്നന്മാരായ സ്വീഡനും ഇംഗ്ലണ്ടും നോര്‍വെയുമെല്ലാം ബാരണ്‍ട് കടല്‍ ഉഴുതുമറിച്ചു. അങ്ങിനെ ദിവസങ്ങള്‍ക്കകം 400 മീറ്ററോളം ആഴത്തില്‍ ജലസമാധിയിലാണ്ട കുര്‍സ്‌കിന്റെ സമീപത്തേക്ക് മുങ്ങല്‍ വിദഗ്ദ്ധര്‍ നീന്തിയെത്തി.
കപ്പലിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിരുന്നു. എങ്കിലും വെള്ളം കയറാത്ത അറകളിലെവിടെയെങ്കിലും നാവികര്‍ സുരക്ഷിതമായുണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരിക്കലും തകരാത്ത കുര്‍സ്‌കിന്റെ എല്ലാ അറകളിലും പൂര്‍ണമായി വെള്ളം കയറിയിരുന്നു.
അങ്ങിനെ എല്ലാ സാധ്യതകളും കൈവിട്ടതോടെ കുര്‍സ്‌ക് തകര്‍ന്നതായും അഞ്ച് ഓഫീസര്‍മാരടക്കം 115 നാവികരും കൊല്ലപ്പെട്ടതായും റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അപകട കാരണം അറിയണമെങ്കില്‍ എങ്ങിനെയും കപ്പലിനെ പൊക്കിയെടുക്കണമായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാലഹരണപ്പെട്ട റഷ്യന്‍ സാങ്കേതിക വിദ്യകള്‍ക്കു ചെളിയില്‍ പൂണ്ടു കിടന്ന കുര്‍സ്‌കിനെ ഉയര്‍ത്താനായില്ല. ഗത്യന്തരമില്ലാതെ ഒരു വര്‍ഷത്തിന് ശേഷം കപ്പലിനെ ഉയര്‍ത്താനുള്ള കരാര്‍ ഡച്ച് കമ്പനിയായ സ്മിത് ഇന്റെര്‍ നാഷനലിനു നല്‍കി. വാക്വം ഹൈഡ്രോളിക് സംവിധാനങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് അവര്‍ കുര്‍സ്‌കിനെ ഉയര്‍ത്തുക തന്നെ ചെയ്തു. സാവധാനം ഡ്രൈ ഡോക്കിലെത്തിച്ച കുര്‍സ്‌കിനെ പരിശോധിച്ചറിഞ്ഞ വിവരങ്ങള്‍ അത്യന്തം ഞെട്ടിക്കുന്നതായിരുന്നു.
പരിശീലനത്തിന് തയ്യാറെടുത്ത് ടോര്‍പിഡോകള്‍ തൊടുക്കാന്‍ മുന്‍പിലുള്ള ടോര്‍പിഡോ റൂമില്‍ കയറിയ നാവികര്‍ ഒന്ന് രണ്ട് ടോര്‍പിഡോയുടെ ഇന്ധനം ചോര്‍ന്നതറിഞ്ഞില്ല. അത്യന്തം ജ്വലനശേഷിയുള്ള High Text Peroxide (HTP ),ശുദ്ധീകരിക്കപ്പെട്ട മണ്ണെണ്ണ ഇവയാണ് ടോര്‍പിഡോയുടെ ഇന്ധനം. ചോര്‍ച്ച ശ്രദ്ധിക്കാതെ ടോര്‍പിഡോ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടണ്ണം പൊട്ടിത്തെറിച്ചു അവിടെയുണ്ടായിരുന്ന നാവികര്‍ തല്‍ക്ഷണം മരിച്ചു. തീപ്പിടുത്തമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മുറികളിലേക്ക് മറ്റു നാവികര്‍ പിന്‍വാങ്ങുന്നതിനിടയില്‍ ബാക്കിയുണ്ടായിരുന്ന നാല്പതോളം ടോര്‍പിഡോകള്‍ ആയുധങ്ങളടക്കം വന്‍ശക്തിയോടെ പൊട്ടിത്തെറിച്ചു. കപ്പലിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഇതാണ് ഇടവിട്ടുള്ള രണ്ട് സ്‌ഫോടനങ്ങളായി സീസ്മിക് സ്‌കെയിലുകള്‍ രേഖപ്പെടുത്തിയത്. നിയന്ത്രണം വിട്ട കപ്പല്‍ കടലിന്റെ അടിത്തട്ടിലേക്ക് ഇടിച്ചിറങ്ങി.
പിന്നിലെ അറകളിലേക്ക് രക്ഷപ്പെട്ട നാവികരുടെ ഓക്‌സിജന്‍ സെല്ലുകള്‍ ഇതിനിടെ തകര്‍ന്നു കടല്‍വെള്ളവുമായി കലര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം അതിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക് തീപിടിച്ച് വെള്ളം കയറാത്ത അറകള്‍ തകര്‍ന്നു. അതോടെ കപ്പലിന്റെ എല്ലാ അറകളിലേക്കും കടല്‍വെള്ളം ഇരച്ചു കയറി. നൂറിലധികം മനുഷ്യജീവനുകള്‍ അനിവാര്യമായ മരണത്തിലേക്ക് ഊളിയിട്ടു. ഈ സമയം കടല്‍പ്പരപ്പിലെവിടെയോ ഒഴുകി നടക്കുന്ന കുര്‍സ്‌കിനെ തേടി കപ്പലുകളും വിമാനങ്ങളും ലക്ഷ്യബോധമില്ലാതെ അലയുകയായിരുന്നു.
നാവികരുടെ അശ്രദ്ധ, കെടുകാര്യസ്ഥത, സാങ്കേതിക പരിജ്ഞാനക്കുറവ് ഇതൊക്കെയായിരുന്നു ദുരന്തത്തിന് കാരണം. തീപ്പിടുത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ഹൈഡ്രോളിക് സംവിധാനം പ്രവര്‍ത്തിപ്പിച്ചിട്ടുപോലുമില്ലായിരുന്നു. ദീര്‍ഘനാളത്തെ പരിശീലനക്കുറവും അലസതയും ഒരു സന്നിഗ്ദ്ധ ഘട്ടം കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിനെ ഏതാണ്ടില്ലാതാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതെല്ലാം ചേര്‍ത്ത് വളരെ വിശദമായ ഒരു റിപ്പോര്‍ട്ടാണ് റഷ്യ തയ്യാറാക്കിയത്. ഇത് ഇപ്പോള്‍ അന്തര്‍വാഹിനി സുരക്ഷയുടെ ഏറ്റവും വലിയ ഒരു റഫറന്‍സാണ്.