എയര്‍ബസ് പുതിയ ഒരു സൂപ്പര്‍സോണിക് യാത്രാ വിമാനത്തിന്റെ പണിപ്പുരയിലാണ് എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്, കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ് തന്റെ പംക്തിയിലെഴുതിയ ഒരുഅനുഭവക്കുറിപ്പ് ഓര്‍മ്മ വന്നത്.
അദ്ദേഹം ഹോങ്കോങ്ങില്‍, ഫാര്‍ ഈസ്റ്റെന്‍ എക്കണോമിക് റിവ്യൂവിന്റെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരിക്കുന്ന കാലം. ഒരു അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനം കവര്‍ ചെയ്യാന്‍ അടിയന്തിരമായി ന്യൂയോര്‍ക്കില്‍ എത്താന്‍ മേധാവിയുടെ സുഗ്രീവാജ്ഞ. ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിങ്ങുകളുമെല്ലാം മിന്നല്‍ വേഗത്തില്‍ നടന്നു. ഹോങ്കോങ്ങില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ, അവിടെനിന്ന് ആറു മണിക്കൂറിനു ശേഷം ബ്രിട്ടീഷ് എയര്‍വേസില്‍ ന്യൂയോര്‍ക്ക്. പല പ്രാവശ്യം പറന്ന റൂട്ടായതിനാലും പത്രപ്രവര്‍ത്തകന്റെ ജീവിതം ആകസ്മികതകളാല്‍ നിറഞ്ഞതായതിനാലും അദ്ദേഹത്തിനു പുതുമയൊന്നും തോന്നിയില്ല.
പത്ത് മണിക്കൂറോളം നീണ്ട ഫ്‌ളൈറ്റിനൊടുവില്‍ ലോകത്തിലെ ഏറ്റവും വലിയ ഹബ്ബായ ഹീത്രൂവില്‍. ഒന്ന് വിശ്രമിക്കാന്‍ സമയമുണ്ട്. ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് ഒന്നുകൂടി ഉറപ്പിക്കാന്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ കൗണ്ടറിലെത്തിയ ജോര്‍ജ്ജിനെ അവിടെയിരുന്ന തരുണീമണി അത്ഭുതാദരങ്ങളോടെ നോക്കി.
‘സര്‍ ഇത് കോണ്‍കോര്‍ഡ് ടിക്കറ്റാണ്’.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കോണ്‍കോര്‍ഡ് യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ആഡംബര പൂര്‍ണമായ ലോഞ്ചിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു. സെവന്‍സ്റ്റാര്‍ സൗകര്യങ്ങളുള്ള ലോഞ്ച്. ഓരോ യാത്രക്കാര്‍ക്കും പ്രത്യേക പരിചാരകര്‍. സ്പാ… അങ്ങിനെയങ്ങിനെ …ജോര്‍ജ് പെട്ടെന്ന് ഒരു ആലീസിന്റെ അത്ഭുതലോകത്തെത്തി. അതിസമ്പന്നര്‍ക്ക് മാത്രം കഴിയുന്ന കോണ്‍കോര്‍ഡ് ടിക്കറ്റ് എങ്ങിനെ തനിക്ക് കിട്ടി എന്നദ്ദേഹത്തിനു മനസ്സിലായത് പിന്നീടാണ്. ഓഫീസില്‍ ധൃതിയില്‍ ടിക്കറ്റെടുത്തപ്പോള്‍ ക്ലാര്‍ക്കിനു പറ്റിയ അബദ്ധമാണ് ജോര്‍ജിനെ കോണ്‍കോര്‍ഡ് വിവിഐപി ആക്കിയത്. വിമാനത്തിനുള്ളില്‍ വലിയ പ്രത്യേകതയൊന്നുമില്ല. സാധാരണ അന്താരാഷ്ട്ര സര്‍വീസ്സുകളില്‍ ഉള്ളതുപോലെ മൂന്ന് നിര സീറ്റുകളില്ല. രണ്ട് സീറ്റുകള്‍ ഉള്ള രണ്ട് നിര മാത്രം. കഷ്ടിച്ച് 180 സീറ്റ്. ഏഴ് മണിക്കൂര്‍ എടുക്കുന്ന ലണ്ടന്‍-ന്യൂയോര്‍ക്ക് നാല് മണിക്കൂറില്‍ താഴെ. വേഗതക്ക് വ്യവസ്ഥകള്‍ ഉള്ളതിനാല്‍, സൂപ്പര്‍ സോണിക് അഭ്യാസങ്ങള്‍ 20000 അടിക്ക് മുകളില്‍ മാത്രം.
ന്യൂയോര്‍ക്കില്‍ ലാന്‍ഡ് ചെയ്ത്, പാര്‍ക്കിംഗ് ബേയിലെത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ നേരെ കൊണ്ടുപോയത്, അവിടെത്തന്നെയുള്ള ഹെലിപാഡിലേക്ക്. 45 കിലോമീറ്റര്‍ ദൂരമുള്ള, നഗരത്തിലേക്ക് അവരെ ഹെലികോപ്റ്ററിലാണ് കൊണ്ടുപോവുക. ന്യൂയോര്‍ക്കിലെ അംബരചുംബികളെ തഴുകി, ഹെലികോപ്ടര്‍ അവരെ നഗരത്തിലെത്തിച്ചു. സമ്പന്നരായ യാത്രക്കാരെ കാത്ത് ഹെലിപ്പാഡില്‍ കൂറ്റന്‍ കാഡിലാക് കാറുകള്‍. ജോര്‍ജ് തന്റെ ബാഗുമെടുത്ത് പുറത്തെ ബസ്‌സ്റ്റോപ്പിലേക്ക്…
അതെ, അതായിരുന്നു കോണ്‍കോര്‍ഡ് എന്ന വിമാനത്തിന്റെ പ്രത്യേകത. മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതയന്ത്രങ്ങളില്‍, അഗ്രഗണ്യ സ്ഥാനം തന്നെ ഈ യന്ത്രപ്പക്ഷിക്കുണ്ട്
രണ്ടാം ലോകമഹായുദ്ധാനന്തരം, അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ആരംഭിച്ച ശീതയുദ്ധത്തിന്റെ ഫലമായി വന്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ അരങ്ങ് തകര്‍ക്കാന്‍ തുടങ്ങിയ കാലമായിരുന്നു 1950കള്‍. ബഹിരാകാശത്തും ആണവരംഗത്തും ദിവസമെന്നോണം അത്ഭുതങ്ങള്‍ രചിക്കപ്പെട്ട കാലം. നൂറ്റാണ്ടുകളോളം, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലൂടെ ഭൂഗോളം അടക്കിവാണ ബ്രിട്ടന്റെയും നവോത്ഥാനത്തിന്റെ സന്ദേശം ഉറവപൊട്ടിയ ഫ്രാന്‍സിന്റെയും അപ്രമാദിത്വം അപ്പോഴേക്കും ചരിത്രമായിക്കഴിഞ്ഞിരുന്നു. പണവും വിഭവശേഷിയും വാരിയെറിഞ്ഞുള്ള വന്‍ശക്തികളുടെ കളിയില്‍ തങ്ങള്‍ പിന്തള്ളപ്പെട്ടു പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ്, ബദ്ധവൈരികളായ ബ്രിട്ടനും ഫ്രാന്‍സും ലോകത്തിന്റെ മുന്‍പില്‍ തങ്ങളുടെ കരുത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ തീരുമാനിച്ചത്. ആ അഭിമാന ബോധത്തില്‍ നിന്നാണ് ഒരു ശബ്ദാതിവേഗ യാത്രാ വിമാനം എന്ന എക്കാലത്തെയും വലിയ സാങ്കേതിക പ്രോജക്ടുകളില്‍ ഒന്ന് ജന്മമെടുത്തത്.
താരതമ്യേന വളരെ ചെറിയ യുദ്ധവിമാനങ്ങള്‍ പോലും പ്രൊപ്പല്ലര്‍ യുഗത്തില്‍ നിന്നും ജെറ്റ് യുഗത്തിലേക്ക് മാറുന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്ധനം, ചിറകുകളുടെ ഡിസൈന്‍, എഞ്ചിന്‍, ഉയര്‍ന്ന വേഗത ഉയര്‍ത്തുന്ന പ്രതിരോധം അങ്ങിനെയങ്ങിനെ നൂറു നൂറു വെല്ലുവിളികള്‍ അതിജീവിക്കേണ്ടിയിരുന്നു. ഇതില്‍ തന്നെ, ചിറകുകളായിരുന്നു ഏറ്റവും പ്രധാനം. ഒടുവില്‍ ദൈതൃക് ക്യുച്ച്മാന്‍ സമര്‍പ്പിച്ച ഡിസൈന്‍ അംഗീകരിക്കപ്പെട്ടു.
ഇതിനിടയില്‍ ബ്രിട്ടനിലും ഫ്രാന്‍സിലും ഈ പദ്ധതിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വന്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബില്യണുകള്‍ പമ്പ് ചെയ്യുന്ന ഈ പദ്ധതി ഇരുരാജ്യങ്ങള്‍ക്കും ഭീകരമായ ബാധ്യത മാത്രമേ വരുത്തൂ. എല്ലാംകൊണ്ടും തകര്‍ന്നടിഞ്ഞ യുദ്ധാനന്തര അവസ്ഥയില്‍ ഇതൊരിക്കലും താങ്ങാനാവുന്നതല്ല എന്ന ശക്തമായ വിമര്‍ശനം അവഗണിക്കാന്‍ തന്നയായിരുന്നു ഇരു ഗവണ്‍മെന്റുകളുടെയും തീരുമാനം. ഇതിനിടയില്‍ ആദ്യ ട്രയലുകള്‍ പരാജയപ്പെട്ടു. സൂപ്പര്‍ സോണിക് വേഗത കൈവരിക്കാന്‍ എഞ്ചിനിലും ഫ്യൂസലെജിലും തുടര്‍ച്ചയായ മാറ്റങ്ങള്‍ വേണ്ടിവന്നു. അതിനിടിയല്‍ എയര്‍ ഇന്ത്യയടക്കം ലോകത്തിലെ പ്രധാന എയര്‍ ലൈനുകള്‍ നല്‍കിയ ഓര്‍ഡറുകള്‍ റദ്ദു ചെയ്യപ്പെട്ടു. 1975 നകം കൊടുത്തുതീര്‍ക്കേണ്ട 170 വിമാനങ്ങളുടെ ഓര്‍ഡറുകളാണ് റദ്ദായത്. വമ്പിച്ച സാമ്പത്തിക ചെലവ്, വിമാനമുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു പ്രധാനകാരണം. ഒടുവില്‍ കസ്റ്റമെഴ്‌സായി അവശേഷിച്ചത് ബ്രിട്ടീഷ് എയര്‍വേസും ഫ്രഞ്ച് എയറും മാത്രം. 1979 വരെ മുന്നൂറോളം വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട പ്രോജക്റ്റിനു ഫലത്തില്‍ ലഭിച്ചത് 20 വിമാനങ്ങളുടെ കരാര്‍ മാത്രം. പ്രൊജക്റ്റ് അപ്പോഴേക്കും ഒരുപാട് മുന്നേറിക്കഴിഞ്ഞിരുന്നു. ഇത് സാമ്പത്തികമായി നഷ്ടം തന്നെ ആയിരിക്കും എന്ന പൂര്‍ണ ബോധ്യത്തോടുകൂടി തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അങ്ങിനെ 1969 നവംബര്‍ 29 നു കോണ്‍കോര്‍ഡ് ശബ്ദാതിവേഗം കൈവരിച്ചു.
പക്ഷെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കോണ്‍കോര്‍ഡ് തങ്ങളുടെ ആകാശത്ത് നിരോധിച്ചു. അതിഭീകരമായ ലാന്‍ഡിംഗ് സ്പീഡ് ഉണ്ടാക്കുന്ന തരംഗങ്ങള്‍ പരിസരത്തെ സര്‍വ കണ്ണാടി ജനലുകളെയും താറുമാറാക്കി. 500 ഡെസിബെല്ലോളം വരുന്ന ശബ്ദം വന്‍ ആരോഗ്യഭീഷണികള്‍ തന്നെ ഉണ്ടാക്കി.ചുരുക്കത്തില്‍ പാരീസ് -ലണ്ടന്‍-ന്യൂയോര്‍ക്ക് റൂട്ടില്‍ മാത്രമായി ഈ സ്വപ്‌നപദ്ധതി ഒതുങ്ങി. അതും, അതിസമ്പന്നര്‍ക്ക് മാത്രം താങ്ങാന്‍ പറ്റുന്ന ചെലവില്‍. എങ്കിലും തങ്ങളുടെ അഭിമാനത്തെ സൂപ്പര്‍ സോണിക്കിലെത്തിച്ച ഈ കൂറ്റന്‍ പറക്കും യന്ത്രത്തെ ബ്രിട്ടനും ഫ്രാന്‍സും നാല്പത് വര്‍ഷത്തോളം കൊണ്ടുനടക്കുക തന്നെ ചെയ്തു.
2000 ജൂലായ് 25 പാരീസിലെ ചാര്‍ള്‍സ് ഇ ഗാര്‍ലെ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനൊരുങ്ങിനില്‍ക്കുന്ന എയര്‍ ഫ്രാന്‍സിന്റെ F-BTSC 4590 വിമാനം. നൂറോളം യാത്രക്കാരും ജീവനക്കാരുമടങ്ങുന്ന സംഘം. വിമാനത്തിനുATC യുടെ ക്ലിയറന്‍സ് ലഭിച്ചു. ഒന്നാം നമ്പര്‍ റണ്‍വേയിലൂടെ കുതിച്ച വിമാനം 450 കിലോമീറ്റര്‍ വേഗത എത്തിയപ്പോള്‍, ഇടത്തെ ഫ്യൂസലെജിന്റെ പിന്നില്‍ അസാധാരണമായ ഒരു തിളക്കം. അത് പെട്ടന്ന് വളര്‍ന്നു.. ATC അപകടം മണത്തപ്പോഴേക്കും മുന്‍ ചക്രങ്ങള്‍ റണ്‍വേയില്‍ നിന്നും ഉയര്‍ന്നിരുന്നു … ഇനി തിരിച്ച് വരാനാവില്ല. സെക്കണ്ടുകള്‍ക്കകം വിമാനം വലിയൊരു തീഗോളമായി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിജയചരിത്രംകുറിച്ച പാരീസിന്റെ മണ്ണില്‍ തന്നെ ആ കരുത്തന്‍ യാത്രക്കാരോടൊപ്പം ചാരമായി. കോണ്‍കോര്‍ഡിന്റെ ചരിത്രത്തിലെ ഒരേയൊരു അപകടം. പക്ഷെ ഇത് വിമാനത്തിന്റെ സാങ്കേതിക പിഴവായിരുന്നില്ല. തൊട്ടുമുന്‍പ് പറന്നുയര്‍ന്ന കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തെറിച്ച് പോയ ഒരു ലോഹക്കഷണം അതിവേഗത്തില്‍ വന്ന കോണ്‍കൊര്‍ഡിന്റെ ടയറിനെ ചിന്നഭിന്നമാക്കി. ടയര്‍ പൊട്ടിയപ്പൊഴുയര്‍ന്ന തീപ്പൊരികള്‍ ഇന്ധനടാങ്കിലേക്ക് പടര്‍ന്നാണ് തീപിടുത്തമുണ്ടായത്.
മൂന്ന് വര്‍ഷങ്ങള്‍ കൂടി കോണ്‍കോര്‍ഡ് വിമാനങ്ങള്‍ യൂറോപ്പിന്റെ ആകാശത്തെ പ്രകമ്പനം കൊള്ളിച്ചു. 2003ല്‍ നാല്പത് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷം വ്യോമയാനങ്ങളിലെ ഈ രാജഹംസത്തിനു വീരോചിതമായ ഒരു റിട്ടയര്‍മന്റ് ജീവിതമാണ് ലോകം നല്‍കിയത്.