ശരീരത്തിലെ സര്‍വ അംഗങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന ആസനമാണിത്. ഇതു ചെയ്താല്‍ ശീര്‍ഷാസനം ചെയ്ത ഗുണവും ലഭിക്കും. ഹലാസനത്തിനു മുമ്പ് ചെയ്യുന്ന ആസനമാണിത്.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കാലുകള്‍ ചേര്‍ത്തു വെക്കണം കൈകള്‍ വശങ്ങളില്‍. കൈപ്പത്തി കമിഴ്ത്തി നിലത്തു പതിച്ചു വെക്കുക. ശ്വാസമെടുത്തു കൊണ്ട് കാലുകള്‍ ലംബമായി ഉയര്‍ത്തുക. ഉദരപേശികള്‍ സങ്കോചിപ്പിച്ചു കൊണ്ട് അതിന്റെ ബലത്തിലും കൈകള്‍ നിലത്ത് അമര്‍ത്തിക്കൊണ്ടും ശരീരം ഉയര്‍ത്തുക. പിന്നെ കൈകള്‍ മടക്കി വാരിയെല്ലിന്റെ പിന്‍ഭാഗത്ത് (നട്ടെല്ലില്‍ നിന്ന് മാറി) താങ്ങു കൊടുക്കുക. കൈമുട്ടുകള്‍ തമ്മില്‍ ചുമലിന്റെ അകലം ആവാം. നെഞ്ച് മുന്നോട്ട് തള്ളി താടി നെഞ്ചില്‍ ചേര്‍ക്കുക. ശരീരം കുത്തനെയായിരിക്കും. ശരീരഭാരം ചുമല്‍, കഴുത്ത്, തലയുടെ പിന്‍ഭാഗം ഇവയിലായിരിക്കും. കാലുകളില്‍ ബലം പിടുത്തമില്ല. കണ്ണടച്ച് ദേഹത്തിന് ശാന്തത നല്കുക. സ്വസ്ഥമായി സാധാരണ ശ്വാസത്തില്‍ (ഉദരശ്വാസം) സാധിക്കുന്നത്ര സമയം നിന്ന ശേഷം തിരിച്ചു വരിക. ശ്വാസമെടുത്തുകൊണ്ട്, കാലുകള്‍ മുട്ടുമടങ്ങാതെ അല്പം തലയുടെ ഭാഗത്തേക്ക് മടക്കി കൈകള്‍ വിടര്‍ത്തി നിലത്ത് പതിച്ച് വെച്ച് അതിന്റെയും ഉദരപേശികളുടെയും ബലത്തില്‍ സാവധാനത്തില്‍ കിടക്കുന്ന അവസ്ഥയിലേക്കു വരിക. ഉയരുന്നതും താഴുന്നതുമൊക്കെ നിയന്ത്രണം വിടാതെയാവണം.
ഗുണങ്ങള്‍
കഴുത്ത് ഞെരുങ്ങുന്നതിനാല്‍ തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് തടവല്‍ സുഖം കിട്ടും. ശരീരത്തിലെ ദഹനം, ശ്വസനം മുതലായ സിസ്റ്റങ്ങള്‍ക്കെല്ലാം ബാലന്‍സ് കിട്ടും. മനസ്സിന്റെ പിരിമുറുക്കം അയയും. മനസ്സ് ശാന്തമാവും. രക്തചംക്രമണത്തിന് സഹായകരമാവും.