പ്രാരംഭകാലം തൊട്ടിന്നേക്ക് അസംഖ്യം പ്രതിഭാശാലികളുടെ വൈയക്തിക ശക്തിചൈതന്യങ്ങളുടെ അന്തഃസത്ത സംഘപ്രവര്‍ത്തനത്തില്‍ വിലയം പ്രാപിച്ചിട്ടുണ്ട്. വിഖ്യാതരും അവിജ്ഞാതരുമായ പലരുടെയും സാരസര്‍വസ്വാര്‍പ്പണങ്ങള്‍ കൊണ്ട് പവിത്രമാണ് സംഘചരിത്രം. ഈ ചൈതന്യസംയോജനമാണ് സംഘത്തിന്റെ കരുത്തെന്ന് മുന്‍ പ്രാന്ത ബൗദ്ധിക് പ്രമുഖ് ടി.ആര്‍. സോമശേഖരന്‍ യുക്തിയുക്തം ശാസ്ത്രരൂപേണ നിബന്ധിച്ചിട്ടുണ്ട്. ‘സംഹതാ കാര്യശക്തി’യെന്ന സിനര്‍ജിയാണ് ഈ ചൈതന്യസത്ത, എന്നദ്ദേഹം ‘കേശവഹൃദയം’ എന്ന പ്രബന്ധത്തില്‍ സൈദ്ധാന്തീകരിക്കുന്നു. കഴിവുകള്‍ വ്യക്തിപരമായി ഉപയോഗിക്കുന്നതിനു പകരം അവ സംഘടനയിലൂടെ സമാജത്തിനുപകരിക്കുന്ന തരത്തില്‍ വിനിയോഗിക്കുക. ഇതിനായി നമ്മെ പരിശീലിപ്പിച്ചത് സംഘമാണ്. ഈ പരമ്പരയ്ക്ക് തുടക്കം കുറിച്ചത് ഡോക്ടര്‍ജിയും. ഇത്തരത്തില്‍ പതിനഞ്ചാം വയസില്‍ സംഘത്തിലേക്കാകര്‍ഷിക്കപ്പെട്ട്, പതിനെട്ടാം വയസ്സില്‍ സംഘത്തിന് സമര്‍പ്പിക്കപ്പെട്ട്, നാല്‍പ്പത്തൊമ്പതാമത്തെ വയസ്സില്‍ സംഘചരിത്രത്തില്‍ വിലയം പ്രാപിച്ച ഒരസാമാന്യ സാഹിത്യപ്രതിഭയായിരുന്നു നാരായണ ഹരി പാല്‍ക്കര്‍ എന്ന നാനാപാല്‍ക്കര്‍. സംഘചരിത്രം പഠിക്കുന്ന ഓരോ വ്യക്തിക്കും ഒഴിവാക്കാന്‍ പറ്റാത്ത ‘ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചരിത്ര്’’എന്ന പേരിലുള്ള ജീവചരിത്രഗ്രന്ഥത്തിന്റെ രചയിതാവ്. 2018 ല്‍ മാ.സേതുവേട്ടന്‍ ആ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചതോടെ മലയാളികള്‍ക്കും നാനാപാല്‍ക്കര്‍ സുപരിചിതനായി.
1918 ആഗസ്റ്റ് 26 ന് പൂണെയില്‍ ജനിച്ചു. അവിടുത്തെ നൂതന്‍ മറാഠി’ വിദ്യാലയത്തില്‍ പഠനം പൂര്‍ത്തിയാക്കി. നിരന്തരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനാല്‍ കോളേജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. കുട്ടിക്കാലത്തു തന്നെ പഠനത്തിലും സാഹിത്യരംഗത്തും സാമര്‍ത്ഥ്യം തെളിയിച്ചിരുന്നു. അതോടൊപ്പം ദേശീയകാര്യങ്ങളിലും സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളിലും അദ്ദേഹം താത്പര്യം കാണിച്ചു. ദേശഭക്തനായ ഏതൊരു മറാഠി യുവാവിനെയുംപോലെ ഛത്രപതി ശിവജിയും വീരസാവര്‍ക്കറും അദ്ദേഹത്തെയും ആകര്‍ഷിച്ചു. ഈ ദേശഭക്തിയുടെ പ്രഭാവലയവും സാഹിത്യാഭിരുചിയുടെ മായികവലയവും കൂടിച്ചേര്‍ന്നപ്പോള്‍ ചെറുപ്പകാലത്തുതന്നെ എഴുത്തുകാരനായും പ്രഭാഷകനായും അറിയപ്പെടാന്‍ തുടങ്ങി. ഇതേ കാലഘട്ടത്തില്‍, 1930 കളില്‍ പൂണെയില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ കൗമാരക്കാരനായ നാനാജി സ്വാഭാവികമായും അതിലേക്കാകര്‍ഷിക്കപ്പെട്ടു.
1936 ല്‍ മെട്രിക്കുലേഷന്‍ ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായി. അപ്പോഴേക്കും സംഘത്തിന്റെ ആശയങ്ങള്‍ക്ക് ദേശീയധാരയുമായുള്ള ഉള്‍ച്ചേര്‍ച്ച അദ്ദേഹം മനസ്സിലാക്കി കഴിഞ്ഞിരുന്നു. അനാരോഗ്യം കാരണം ഉപരിപഠനം ഉപേക്ഷിച്ചപ്പോള്‍ സംഘപ്രവര്‍ത്തനവും സാഹിത്യരചനയുമായിരുന്നു അദ്ദേഹത്തിന് ആശ്രയം. മാറാരോഗം കാരണം അകാലത്തില്‍ മരണം വരിക്കുന്നതുവരെയും ഇവ രണ്ടും അദ്ദേഹം കൈവെടിഞ്ഞില്ല. മരണംവരെ അവിവാഹിതനായിരുന്നു.
സംഘത്തില്‍ സജീവമായതിനുശേഷം ഡോക്ടര്‍ജിയുമായുണ്ടായ സമ്പര്‍ക്കം അദ്ദേഹത്തിന്റെ മനസ്സിനെ നേര്‍ദിശയിലേക്ക് നയിച്ചു. 1942 ല്‍ 24-ാം വയസ്സില്‍ അദ്ദേഹം പ്രചാരകനായി പ്രവര്‍ത്തനമാരംഭിച്ചു. വ്യത്യസ്ത സാമൂഹിക കാരണങ്ങളാല്‍ സംഘപ്രവര്‍ത്തനം അത്ര എളുപ്പമല്ലാതിരുന്ന മേഖലയായ സത്താറയിലായിരുന്നു അദ്ദേഹം ഹരിശ്രീ കുറിച്ചത്. പിന്നീട് ഠാണയിലും, ശേഷം പൂണെയുടെ വിഭാഗ് പ്രചാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇക്കാലയളവിലൊക്കെയും ഒഴുക്കിനെതിരെ നീന്തിക്കൊണ്ടു പ്രവര്‍ത്തിക്കേണ്ട സാഹചര്യമായിരുന്നു ഈ പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്നത്.
കരുണാര്‍ദ്രമായ ഹൃദയവും സേവനസന്നദ്ധമായ കരങ്ങളും കൊണ്ട് അദ്ദേഹം ആ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ വിജയിച്ചു. ഠക്കര്‍ ബാപ്പയുടെയും ആചാര്യ വിനോബഭാവെയുടെയും ജീവിതങ്ങള്‍ പഠിച്ച അദ്ദേഹം സമാജത്തിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രചാരകനായിരിക്കെ തന്നെയാണ് അദ്ദേഹത്തിന്റെ ശ്രദ്ധയും താത്പര്യവും പ്രത്യക്ഷ സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഇദ്ദേഹത്തിന്റെ ഈ മനോഭാവത്തോടുള്ള ആദരസൂചകമായിട്ടാണ് 1968 ല്‍ ആരോഗ്യരംഗത്ത് സേവനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിന് അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ അവിടുത്തെ സ്വയംസേവകര്‍ തീരുമാനിച്ചത്. ഇപ്പോള്‍ 50 വര്‍ഷം പിന്നിടുന്ന നാനാപാല്‍ക്കല്‍ സ്മൃതി സമിതി(NPSS) ആരോഗ്യരംഗത്ത് ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഒരു വിഖ്യാതമായ സ്ഥാപനമായി മാറിക്കഴിഞ്ഞു.
Service to sick is service to God- എന്ന തലവാചകം യഥാര്‍ത്ഥത്തില്‍ നാനാപാല്‍ക്കറിന്റെ ജീവിതത്തിന്റെ രത്‌നച്ചുരുക്കമാണ്.
സേവാമനോഭാവത്തോടൊപ്പം തന്നെ, അദ്ദേഹത്തിന്റെ മറ്റു വാസനകളും വളര്‍ന്നുകൊണ്ടേയിരുന്നു. ജന്മസിദ്ധമായിരുന്ന കാവ്യബോധവും പ്രഭാഷണചാതുര്യവും പൂര്‍ണ്ണമായും സംഘവേദിയിലര്‍പ്പിച്ചിട്ടാണ് അദ്ദേഹം പ്രചാരകജീവിതം ആരംഭിച്ചത്. 21-ാം വയസ്സില്‍ പ്രഭാഷണമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. മഹിളകളുടെ വിദ്യാഭ്യാസം എന്നതായിരുന്നു വിഷയം. ഇത് സഹ്യാദ്രി’ മാസികയില്‍ അച്ചടിച്ചു വരികയും ചെയ്തു. കുട്ടിക്കാലത്തുതന്നെ കവിയെന്നുകൂടി പേരുകേട്ട അദ്ദേഹം തന്റെ തൂലികയും ജിഹ്വയും അവയ്ക്കുപിന്നിലെ മേധയും മനസ്സും സംഘത്തിനു സമര്‍പ്പിച്ചു.
ദേശീയ ചിന്താധാരയുടെ അപാരഖനികളില്‍ നിന്നുള്ള അമൂല്യരത്‌നങ്ങള്‍ കണ്ടെടുത്ത് പഠിച്ച് വികസിപ്പിച്ച് സംഘാനുകൂലമാക്കി ബൗദ്ധിക്കുകളില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രമിച്ചു. രാമായണത്തിലെ ഹനുമാനെ സമര്‍ത്ഥ രാംദാസ് സ്വാമികള്‍ രണ്ടു മാനങ്ങളില്‍ അവതരിപ്പിച്ചത് അദ്ദേഹം പഠിച്ചിരുന്നു. ആ ചിന്തയെ വികസിപ്പിച്ച് സംഘാനുകൂലമാക്കി മാറ്റി, ദാസമാരുതി, വീരമാരുതി എന്നീ സങ്കല്പങ്ങള്‍ സ്വയംസേവകന്റെ ഗുണങ്ങളുമായി സാമ്യപ്പെടുത്തി. ഒരേ സമയം വീരനായും ദാസനായും രാമസേവ ചെയ്യുന്ന ഹനുമാന്റെ സിദ്ധിയും ശുദ്ധിയും സ്വയംസേവകര്‍ കൈവരിക്കണമെന്ന് അദ്ദേഹം ലളിതവ്യാഖ്യാനം നടത്തി.
പൗരാണിക വിഷയങ്ങള്‍ മാത്രമല്ല, ആധുനിക വിഷയങ്ങളും തത്കാലീന ലോകചരിത്ര വിഷയങ്ങളും ആഴത്തില്‍ പഠിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവയൊക്കെയും സ്വയംസേവകര്‍ക്കു മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ സന്ദര്‍ഭോചിതമായി അവതരിപ്പിച്ച് അവരുടെ അറിവിന്റെ തലവും സംസ്‌കാരത്തിന്റെ തരവും വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം പരിശ്രമിച്ചു. രണ്ടാം ലോകമഹായുദ്ധം, അദ്ദേഹം സ്വയംസേവകസമക്ഷം അവതരിപ്പിക്കാറുണ്ടായിരുന്നു. ഇസ്ലാമിക മതമൗലികവാദം ഭാവിയില്‍ ആഗോള ഭീകരവാദമായി പരിണമിക്കുമെന്ന് അദ്ദേഹം അക്കാലത്തുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ധിഷണാശക്തിയും ഉള്‍ക്കാഴ്ചയുടെ വ്യാപ്തിയും ദ്യോതിപ്പിക്കുന്ന പ്രവചനമായിരുന്നു ഇത്. ഈ പഠനരീതിയുടെയും മനന ശൈലിയുടെയും പരിണതഫലമെന്നോണമായിരിക്കണം ഇസ്രായേലിനെക്കുറിച്ചുള്ള പുസ്തകം അദ്ദേഹം രചിച്ചത്. ‘ഇസ്രായേല്‍ – തളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്’”എന്ന പേരിലുള്ള ആ പുസ്തകം ഇസ്രായേലി ദേശവാസികള്‍ക്കിടയില്‍ നിന്നും അഭിനന്ദനങ്ങള്‍ക്കര്‍ഹമായി. അദ്ദേഹത്തോടുള്ള ആദരണാര്‍ത്ഥം ഇസ്രയേലുകാര്‍ 1965 ല്‍ അവിടുത്തെ ഒരു റോഡിന് അദ്ദേഹത്തിന്റെ പേരു നല്‍കി. കൊടുങ്ങല്ലൂര്‍, കൊച്ചി, മാള, എറണാകുളം മുതലായ സ്ഥലങ്ങളില്‍ ജൂതന്മാര്‍ ഉണ്ടായിരുന്നത് പോലെ ബോംബെയിലും പരിസര പ്രദേശങ്ങളിലും കൂടിയുണ്ടായിരുന്നു. ആ മഹാരാഷ്ട്രീയ ജൂതന്മാരാണ് ഇദ്ദേഹത്തിന്റെ ഗ്രന്ഥം ഇസ്രായേല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
1948 ലെ നിരോധനകാലത്ത് അദ്ദേഹം പ്രചാരകനായിരുന്നു. ആ കാലയളവില്‍ പ്രവര്‍ത്തിച്ച എല്ലാവരുമെന്നപോലെ അദ്ദേഹവും സഹപ്രവര്‍ത്തകരെ സംഘടിപ്പിച്ച് സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. 1952 ല്‍ അദ്ദേഹം പൂണെ വിഭാഗ് പ്രചാരകായി നിയോഗിക്കപ്പെട്ടു. ആറു വര്‍ഷം ആ ചുമതലയില്‍ പ്രവര്‍ത്തിച്ചതിനുശേഷം, അനാരോഗ്യം ചുമതലാ നിര്‍വഹണത്തിനു തടസ്സമായപ്പോള്‍ അദ്ദേഹം തിരിച്ചുപോയി. പത്തു വര്‍ഷത്തിനുശേഷം പ്രചാരകനിവൃത്തനായെങ്കിലും അദ്ദേഹം കാര്യനിവൃത്തനായില്ല. അനാരോഗ്യം അവഗണിച്ച് തന്നാലാവുന്ന വിധം വീണ്ടും സംഘകാര്യമഗ്നനായി. ദൈനിക് ഭാരത്”എന്ന പത്രത്തിന്റെ എഡിറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1962 മുതല്‍ 3 വര്‍ഷക്കാലം മഹാരാഷ്ട്ര പ്രാന്തത്തിന്റെ ബൗദ്ധിക് പ്രമുഖായും അതിനുശേഷം രണ്ടു വര്‍ഷം പ്രാന്തകാര്യവാഹായും അദ്ദേഹം പ്രവര്‍ത്തിച്ചു.
പരംപൂജനീയ ഡോക്ടര്‍ജിയുടെ ജീവചരിത്രമെഴുതാന്‍ ഇദ്ദേഹം ഭാരതത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചു. പ്രസിദ്ധി പരാങ്മുഖനായിരുന്നതിനാല്‍ ഡോക്ടര്‍ജിയെ സംബന്ധിക്കുന്ന വിവരങ്ങളും രേഖകളും കണ്ടെടുക്കുക പ്രയാസകരമായിരുന്നു. നിരോധനകാലത്തെ പോലീസ് കൈയേറ്റങ്ങളിലും മറ്റുമായി പല രേഖകളും നഷ്ടപ്പെട്ടുപോയിരുന്നു. ഒട്ടും കാലവിളംബം വരുത്താതെ സമ്പൂര്‍ണ്ണമായ സമര്‍പ്പിത മനസ്സോടെ, കിട്ടാവുന്നതില്‍പ്പരം വിവരങ്ങള്‍ അദ്ദേഹം സമ്പാദിച്ചു. പറ്റാവുന്നത്രയും ആളുകളെ നേരില്‍കണ്ട് സംസാരിച്ചു. ഡോക്ടര്‍ജിയുടെ മഹനീയ വ്യക്തിത്വത്തിന്റെ മാറ്റു കുറഞ്ഞുപോകാത്ത രീതിയില്‍ സംഭവങ്ങള്‍ ചരിത്രവീക്ഷണത്തോടെയും, യാഥാര്‍ത്ഥ്യബോധത്തോടെയും രേഖപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. സംഘപഥത്തിലെ ഒട്ടനവധി അതികായന്മാരുടെ സഹായത്തോടെ അദ്ദേഹമത് സാധ്യമാക്കി. ഡോക്ടര്‍ജിയുടെ ജീവിതചിത്രം വരച്ചുകാണിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നെങ്കിലും നാനാജിയുടെ തപോധന്യമായ മനസ്സും ജീവിതവും ഈ കര്‍മ്മത്തെ അനായാസം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ഭാരതമെമ്പാടുമുള്ള സ്വയംസേവകര്‍ക്ക് എല്ലാ കാലത്തും വഴികാട്ടിയാവുന്ന ഈ ഗ്രന്ഥരചന ഒരര്‍ത്ഥത്തില്‍ ഒരു പുണ്യപ്രവൃത്തി തന്നെയാണ്. അതിനുള്ള സൗഭാഗ്യം നാനാജിക്കാണ് ലഭിച്ചതെന്നു പറഞ്ഞാല്‍ ഏതു സ്വയംസേവകനും അതിന്റെ അന്തരാര്‍ത്ഥം പിടികിട്ടും. ആ പുസ്തകം അവസാനിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച അവസാന വരികള്‍, അദ്ദേഹത്തിന്റെ വിനയപൂര്‍വ്വമുള്ള കൃതാര്‍ത്ഥഭാവത്തെ സൂചിപ്പിക്കുന്നു.
‘നിന്റെതേജസ്സിലല്പമെങ്ങാന്‍
ഈ മനങ്ങളിലങ്കുരിച്ചാല്‍
കൂരിരുട്ടിലമര്‍ന്ന പാരിന്
കാന്തിയേകാന്‍ പ്രാപ്തര്‍
ഞങ്ങള്‍’”
– എന്നായിരുന്നു ആ വരികള്‍.
ആ ഗ്രന്ഥത്തിന് ശ്രീ ഗുരുജി എഴുതിയ അവതാരിക അതിനെ ആധികാരികമാക്കുകയും ചെയ്യുന്നു. അങ്ങനെ സംഘചരിത്രത്തില്‍ ഡോക്ടര്‍ജിയുടെ ജീവചരിത്രകാരനാവാനുള്ള നിയോഗം അദ്ദേഹം അങ്ങേയറ്റം ഭക്തിയോടെയും ഭവ്യതയോടെയും നിര്‍വഹിച്ചു. മറാഠി ഭാഷയില്‍ രചിച്ച ഈ ഗ്രന്ഥം അതിന്റെ സാഹിത്യമൂല്യത്തിലും വിശകലനശൈലിയിലും വിവര വ്യാപ്തിയിലും ഈ ഗണത്തിലെ ഏതൊരു മറാഠി ഗ്രന്ഥത്തെക്കാളും ഒരു പടി മുകളിലാണെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാന്ദര്‍ഭികമായി സൂചിപ്പിക്കാതെ തരമില്ല. സംഘം ശരണം ഗച്ഛാമി എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പല സംഭവങ്ങളുടെയും വിവരങ്ങളുടെയും സുപ്രധാന സ്രോതസ്സും നിജസ്ഥിതികളുടെ ആധികാരികമായ മാനദണ്ഡവും അദ്ദേഹം രചിച്ച ഡോക്ടര്‍ജി ജീവചരിത്രമാണ്.
ഇതിനുശേഷം അദ്ദേഹം മറാഠി ഭാഷയില്‍ തന്നെ ശ്രീ ഗുരുജിയുടെ 1956 വരെയുള്ള ജീവചരിത്രവും രേഖപ്പെടുത്തി. ശ്രീ ഗുരുജി ജീവിതവും കര്‍മ്മവും” എന്നതാണ് ഗ്രന്ഥം. തന്റെ കാലത്തെ പൂജനീയ സര്‍സംഘചാലകന്മാരുടെ ജീവചരിത്രവും പരമപവിത്ര ഭഗവധ്വജമെന്ന ഗുരുവിന്റെ ചരിത്രവും സ്വയംസേവകര്‍ക്കായി രേഖപ്പെടുത്തിക്കൊണ്ട് നാനാപാല്‍ക്കര്‍ ധന്യതപൂകി. പ്രത്യക്ഷ സംഘചരിത്രവും ആശയങ്ങളും പ്രതിപാദിക്കുന്ന പത്തോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. കൂടാതെ ഛത്രപതി ശിവാജി, ഖണ്‌ഡോബെള്ളാള്‍, സന്ത് ഖോപര്‍ഡെ തുടങ്ങിയ മഹാന്മാരുടെ ജീവിതവും ദേശസ്‌നേഹികള്‍ക്കു മുമ്പില്‍ പുസ്തകരൂപേണ അവതരിപ്പിച്ചു. ആനുകാലികങ്ങളിലും ആകാശവാണിയിലുമായി നൂറുകണക്കിന് ദേശഭക്തിഗീതങ്ങള്‍ അദ്ദേഹം രചിച്ചു. അദ്ദേഹം രചിച്ച ഒരുപാട് ഗീതങ്ങള്‍ ഇന്ന് സംഘത്തില്‍ ഗണഗീതമായി ഉപയോഗിക്കുന്നുണ്ട്.
അദ്ദേഹം രചിച്ച ഡോക്ടര്‍ജിയുടെ ജീവചരിത്രഗ്രന്ഥത്തിന് ലഭിച്ച ഏറ്റവും വലിയ സാക്ഷ്യപത്രം വീരസാവര്‍ക്കറുടേതായിരുന്നു. അദ്ദേഹം അതിനെ മുക്തകണ്ഠം പ്രശംസിച്ചു. ”ആദരോക്തിയും അതിശയോക്തിയും കൊണ്ട് മടുപ്പുളവാക്കാത്ത ഉത്കൃഷ്ട ഗ്രന്ഥമാണിത്”എന്നായിരുന്നു വീരസാവര്‍ക്കര്‍ പറഞ്ഞത്. അന്നും ഇന്നും ഇനിയെക്കാലവും, സംഘമുളള കാലത്തോളം, പരംപൂജനീയ ഡോക്ടര്‍ജിയുടെ ജീവിതധാമത്തിലൂടെ ഒരു തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആശ്രയിക്കാവുന്ന ഒരു സമ്പൂര്‍ണ്ണ ജീവചരിത്രമാണ് നാനാജി നമുക്ക് നല്‍കിയത്.
ഡോക്ടര്‍ജിയുടെ നാമം കേള്‍ക്കുന്നത് നമുക്ക് ആഹ്ലാദജന്യവും, ആ ചിത്രം കാണുന്നത് നമുക്ക് അഭിമാനജനകവുമാണെങ്കില്‍ ആ ഗ്രന്ഥം വായിക്കുന്നത് ആജന്മകാലം പ്രചോദനമേകുന്ന പ്രവൃത്തിയായിരിക്കും. അതു വായിക്കുന്ന നമ്മള്‍ ധന്യരാവുന്നുവെങ്കില്‍ അതെഴുതിയ നാനാജി എത്രമേല്‍ സൗഭാഗ്യവാന്‍! നാല്പത്തിയൊമ്പതാം വയസ്സില്‍ 1967 മാര്‍ച്ച് ഒന്നിന് ദേഹത്യാഗം ചെയ്ത നാരായണ ഹരി പാല്‍ക്കര്‍ എന്ന നാനാ പാല്‍ക്കര്‍ജിക്ക്, ഡോക്ടര്‍ജിയുടെ ജീവചരിത്രഗ്രന്ഥം നമുക്ക് സമ്മാനിച്ചതിനുള്ള കൃതജ്ഞതാപൂര്‍വ്വമായ പ്രണാമങ്ങളര്‍പ്പിക്കുന്നു.